"ഇവിടെയാരും തെറ്റ് ചെയ്യുന്നില്ല ഗോപൂ..!!! "
"ങേ.. ഗോപുവോ?"
വിക്രമാദിത്യസാർവ്വഭൗമന്റെ വാക്കുകൾ കേട്ട് വേതാളം ഞെട്ടി.
പിന്നീട് മനസ്സിൽ ഒരു മുഖം തെളിഞ്ഞു. മുരിക്കുമരത്തിൽ തലകീഴായി കിടക്കവേ, രണ്ടുപുരുഷുക്കൾ അതിന്റെ ചുവട്ടില്‍ വന്നിരുന്നു മൊബൈല്‍ ഫോണില്‍ കണ്ട വീഡിയോയിലെ തടിച്ചുകൊഴുത്ത സ്ത്രീയുടെ മുഖം. വേതാളം ചക്രവര്‍ത്തിയുടെ മുഖത്തുനോക്കി ഒന്നു ചിരിച്ചു.. ഒരൂളച്ചിരി.
വേതാളം ചിന്തയിലായി. സമയം പാതിരാത്രിയോടടുത്തപ്പോൾ പതിവുപോലെ ഉജ്ജയിനിയുടെ ചക്രവര്‍ത്തി മുരിക്കുമരത്തിന്റെ ചുവട്ടില്‍ വന്നു ശവം തൂങ്ങിക്കിടക്കുന്ന കൊമ്പിനെ ലക്ഷ്യമാക്കി കയറിത്തുടങ്ങി.
ശവത്തോടൊപ്പം കാറ്റില്‍ ഊഞ്ഞാലാടിക്കിടന്ന വേതാളം അപ്പോൾ വെട്ടിയ ഇടിയുടെ മിന്നലിൽ ചക്രവര്‍ത്തിയെക്കണ്ടു. കർത്തവ്യബോധത്തിന്റെ ദൃഢനിശ്ചയം ആ മുഖത്ത് പ്രതിഫലിച്ചത് തിരിച്ചറിഞ്ഞ വേതാളം സ്വയം പറഞ്ഞു
"ഇതെന്നേം കൊണ്ടേ പോകത്തുള്ളൂ.."
മിന്നലിന്റെ വെളിച്ചത്തില്‍ തൊട്ടടുത്ത മുരിങ്ങമരം നിറയെ പാകത്തിനുള്ള കായകൾ കണ്ട വേതാളത്തിന്റെ ആത്മഗതം തുടർന്നു.
"ഈ ചക്രവര്‍ത്തിക്ക് മുള്ളുകള്‍ നിറഞ്ഞ ഈ മുരുക്കിൽ കയറി, മേലുംപോറി, ആകെനീറി എന്നെ പിടികൂടി കൊണ്ടുപോകുന്നതിനു പകരം ആ മുരിങ്ങയിൽ കയറി കുറച്ചു മുരിങ്ങയ്ക്കാ പറിച്ചുകൊണ്ടു പൊയ്ക്കൂടേ? അതുകഴിച്ചാൽ പിന്നെ അദ്ദേഹം ഉദ്ധരിച്ച നൂൽക്കൊടിയുമായി ഏതെങ്കിലും പേശാമടന്തയേയോ ചെമ്പകവല്ലിയേയോ അഹങ്കാരദീപികയേയോ അന്വേഷിച്ചു പൊയ്ക്കൊള്ളുമായിരുന്നു.. എനിക്കിവിടെ തലകീഴായി കിടന്നു ട്രംമ്പ് അധികാരം കൈമാറുമോ? ബൈഡൻ അദ്ദേഹത്തിന്റെ ആഫ്രോന്ത്യനമേരിക്കൻ വേതാളത്തനെയും തോളിലിട്ടു വെള്ളവീട്ടിൽ ഇടിച്ചുകയറുമോ? എന്നൊക്കെ ചിന്തിച്ചു രസിക്കാമായിരുന്നു.. സമയദോഷത്തിനീ മാസ്ക്കുപോലും നേരേയിരിക്കുന്നില്ല"
വേതാളം വെറുതേ ആശിച്ചതല്ലാതെ ഒന്നും നടന്നില്ല, വിക്രമദിത്യൻ ശവം താഴെയിറക്കി, തോളിലേറ്റി ഭദ്രകാളിക്ഷേത്രം ലക്ഷ്യമാക്കി യാത്രയാരംഭിച്ചു, വഴിയിൽ കിടന്ന പാമ്പിനെ കാലിനാൽ തൂക്കിയെറിഞ്ഞും, ചാടിവീണകുറുക്കനെ വാളുവീശി ഓടിച്ചും നടന്നുനീങ്ങിയ ചക്രവർത്തിക്കൊപ്പം വേതാളവും സഞ്ചരിച്ചുകൊണ്ടിരുന്നു. ഒരു കാട്ടരുവിയുടെ ചോല മുറിച്ചുകടക്കുന്ന ശബ്ദവും കുലുക്കവും ആയപ്പോൾ വേതാളം സംസാരിച്ചുതുടങ്ങി.
"രാജൻ, അങ്ങെന്തിനാണിങ്ങനെ കഷ്ടപ്പെടുന്നത്? ഒരുകാര്യം മനസ്സിലാക്കുക, എനിക്ക് വേണമെങ്കിൽ ശവമില്ലാത്ത സമയത്ത് കിടക്കുന്നതുപോലെ ആ മുരിക്കിങ്കൊമ്പിൽ അങ്ങോട്ടൽപ്പം മാറി തൂങ്ങിക്കിടക്കാവുന്നതേയുള്ളൂ, ശവത്തിൻ്റെ കൂടെ ആടുന്നത് എൻ്റെ ഒരു വിനോദമായതിനാലാണ് ഞാൻ അതിന്മേൽ ഉണ്ടാവുന്നത്. അങ്ങിതുമായി പോകുമ്പോൾ കൂടെവരുന്നത് അങ്ങ് കാട്ടുന്ന പോരാട്ടവീര്യമുണ്ടല്ലോ അതിനു മറുപടിയായി ഒരു കായികമത്സരവീര്യം മാത്രമാണ്."
വിക്രമാദിത്യൻ ഒന്നുമുരിയാടാതെ നടന്നുകൊണ്ടും, വേതാളം പറഞ്ഞുകൊണ്ടുമിരുന്നു
"എന്നെ കൂട്ടിക്കൊണ്ടുപോകാനുള്ള നിബന്ധന അങ്ങ് സംസാരിക്കരുതെന്നതാണ്, അതെന്താണെന്നറിയാമോ? സാധാരണ ഒരു ഭരണാധികാരിയും അവർ പറയുന്നത് മറ്റുള്ളവർ കേൾക്കണമെന്നു ശഠിക്കുകയും മറ്റുള്ളവർ പറയുന്നത് കേൾക്കാൻ തയ്യാറാകാത്തവരുമാണ്. പിന്നെ ചില മരപ്പൊട്ടന്മാരൊക്കെ പത്തുമുപ്പത് പേരെ ഉപദേശിക്കാൻ വയ്ക്കും, ഒരുകാര്യവുമില്ല, പ്രവർത്തി അങ്ങേർക്ക് തോന്നുന്ന വിവരക്കേടാവും! അങ്ങയെ കുറച്ചുസമയം അതിനുവിപരീതമായി ശീലിപ്പിക്കാനാണു ഞാൻ ശ്രമിക്കുന്നത്, അങ്ങെന്നെ കേൾക്കുക, തിരിച്ചു മിണ്ടാനാവാത്ത അവസ്ഥ! ലോകമാസകലമുള്ള പ്രജകൾക്കായി ഭരണവർഗ്ഗത്തോടുള്ള പ്രതീകാത്മക പ്രതിഷേധം!!"
വിക്രമാദിത്യനൽപ്പം ദേഷ്യം വന്നു, ഇവനെ സവം സഹിതം എടുത്തൊരേറു കൊടുത്താലോ എന്നാദ്യം ചിന്തിച്ചു, പിന്നെ സന്യാസിക്കുകൊടുത്ത വാക്കോർത്ത് നിശബ്ദനായി എന്നാൽ തറയിൽ ആഞ്ഞുചവിട്ടി നടന്നുനീങ്ങി. വേതാളത്തിനാ കുലുക്കത്തിൽ നിന്നും കാര്യം പിടികിട്ടി അതിനാൽ കൂടുതൽ ചൊറിയാൻ നിന്നില്ല, സംസാരം തുടർന്നു
"എന്തായാലും ഒരുപാടുദൂരം സഞ്ചരിക്കാനുണ്ട്, നാട്ടുനടപ്പനുസരിച്ച് മിണ്ടീമ്പറഞ്ഞും പോകണം, അങ്ങയ്ക്ക് മിണ്ടാൻ പറ്റില്ല, അതിനാൽ ഞാൻ ഒരു കഥ സൊല്ലട്ടുമാ.. "
ചോദ്യത്തിനൊടുവിൽ വിക്രംവേതയുടെ പശ്ചാത്തലസംഗീതം തുടങ്ങി വേതാളം
"ഥനന നനന നാ... ഥനന നനന നാ... ഥനന നനന നാ..."
വിക്രമാദിത്യനു മനസ്സിൽ "ട്രാൻസ്" സംഭാഷണം ഓർമ്മവന്നു
"പണിവരുന്നുണ്ട് അവറാച്ചാ...."
"കെട്ടിയോൾ അന്നക്കുട്ടി കല്ല്യാണത്തിനുപോയ തക്കംനോക്കി മദ്ധ്യവയസ്ക്കനായ തോമാച്ചായൻ അയലത്തുകാരി കിളുന്നുയുവതി ജാൻസിപ്പെണ്ണിനെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടു പറഞ്ഞു
''ഞാനിന്ന് തോട്ടത്തിൽ പോവുന്നുണ്ടെന്നവളോട് പറഞ്ഞിട്ടുണ്ട്, അവളിനി വൈകിയേവരു...''
വിക്രമാദിത്യൻ മനസ്സിലോർത്തു "ഇതാണ് ശരിയായ രാഷ്ട്രീയം, അവസരങ്ങളുടെ കല! അവസരങ്ങൾ വീണുകിട്ടുമ്പോഴുളള കൃത്യമായ പദ്ധതിയും അതിനനുസരിച്ചുളള ആസുത്രണവും"
"കുറച്ചുനേരം കഴിഞ്ഞപ്പോള്‍ കല്ല്യാണത്തിനുപോയ അന്നക്കുട്ടി അയലത്തുളളവനും തോമാച്ചൻ്റെ സ്ഥിരം ജോലിക്കാരനുമായ കട്ടച്ചെറുപ്പക്കാരൻ സണ്ണിയെ ഫോണിൽവിളിച്ചു..
''എടാ അതിയാനിന്ന് തോട്ടത്തിൽ പോവുന്നുണ്ട്. ഞാനൊറ്റയ്ക്കാണ്, നീ വീട്ടിലോട്ട് വാ''
വിക്രമദിത്യൻ വീണ്ടും ചിന്തിച്ചു "അവസരങ്ങൾ പാഴാക്കാതിരിക്കുന്നതാണ് ശരിയായ രാജ്യതന്ത്രം"
"കല്ല്യാണത്തിനുപോയ അന്നക്കുട്ടി പ്രതീക്ഷിച്ചതിലും നേരത്തെ വീട്ടിലേക്ക് വരുന്നത് ജാലകപ്പഴുതിലൂടെ തോമാച്ചായൻ കണ്ടുവിരണ്ടു. ഉടനെ ജാൻസിപ്പെണ്ണിനെ പിടിച്ചു കട്ടിലിൻെറ കീഴിൽ ഒളിപ്പിച്ചു
വീട്ടിൽ കെട്ടിയോനെക്കണ്ട അന്നക്കുട്ടിയും സാമാന്യം തരക്കേടില്ലാതെ ഞെട്ടി
തോമാച്ചായൻ യാതൊരു ഭാവവൃത്യാസവുമില്ലാതെ ചോദിച്ചു..
''എന്താടിയേ നീ കല്യാണത്തിന് പോയില്ലേ.. ?''
''ഓ... എന്നാ പറയാനാന്നേ? ഇവിടുന്നിറങ്ങിയപ്പോൾ മുതൽ വയറിനൊരു ദീനക്കേട്..'' അന്നമൊഴി
''വയറിന് സുഖമില്ലേൽപ്പിന്നെ കല്ല്യാണത്തിന് പോയിട്ടെന്നാകാര്യമാ? എന്നതാന്നറിയാൻമ്മേല, എനിക്കും രാവിലെ മുതൽ വയറിനൊരു കൊളുത്തിപ്പിടി; അതാ ഞാൻ തോട്ടത്തിൽ കുറച്ചുകഴിഞ്ഞു പോവാന്നുവെച്ചത്"
വിക്രം വീണ്ടും ചിന്തിച്ചു " ഇതാണ്, ആശയവിനിമയമേന്മ! സാഹചര്യങ്ങൾക്കനുസരിച്ച് ആശയവിനിമയം നടത്താനുളള അപാരമായ കഴിവ്"
"തോമാച്ചായൻ ശൗചാലയത്തിലേക്ക് കയറിയതും അയലത്തുകാരൻ സണ്ണിക്കുട്ടി വീട്ടിലേക്കെത്തി. അന്നക്കുട്ടി അയാളെ കട്ടിലിന്‍റെ കീഴിലേക്കാക്കിയിട്ട് പറഞ്ഞു.
''അതിയാൻ കുറച്ചുകഴിഞ്ഞേപോവു. നീ ഇച്ചിരിനേരം ഇവിടെയിരി"
കട്ടിലിന്‍റെ കീഴിലുണ്ടായിരുന്ന അയലത്തുകാരി ജാൻസിപ്പെണ്ണ് പുതിയ കടന്നുവരവിനെ തുറിച്ചുനോക്കി; തൻെറ കെട്ടിയോൻ.. ! സണ്ണിച്ചായൻ... !!
വിക്രം ചിന്തിച്ചു "ഒരേ തെറ്റുകൾ ചെയ്യുന്നവർ പരസ്പരം കുറ്റപെടുത്തുകയില്ല"
തോമാച്ചായൻ തോട്ടത്തിൽ പോവാന്‍ കെട്ടിയോളും , കെട്ടിയോൾ എങ്ങോട്ടേലുമൊന്ന് പോവാന്‍ തോമാച്ചായനും കാത്തിരുന്നു.
അങ്ങനെ കാത്തിരിക്കുന്നവരുടെ വിളിക്കായി കാത്തിരുന്നു മടുത്തപ്പോൾ സണ്ണിച്ചനും ജാൻസിപ്പെണ്ണും കട്ടിലിനടിയിൽ നിന്നും പുറത്തുവന്നു.
സണ്ണിച്ചനെ മുറിയിൽക്കണ്ട് തോമാച്ചായൻ ഞെട്ടി..ജാൻസിപ്പെണ്ണിനെക്കണ്ട് അന്നകുട്ടിയും.
നാലുപേരും പരസ്പരം പിന്നെ നോക്കിയില്ല കുറച്ചുനേരമവിടെ മൗനം പരന്നു.
വിക്രം വീണ്ടും ചിന്തിച്ചു " ഇതാണ്, വളരെയധികം സങ്കീർണ്ണമായൊരു പ്രശ്നത്തെ അഭിമുഖീകരിക്കുമ്പോഴുളള ആത്മനിയന്ത്രണം"
"സമചിത്തത വീണ്ടെടുത്ത തോമാച്ചായൻ അയലത്തുകാരോട് കുശലങ്ങൾ തിരക്കി, അന്നക്കുട്ടി കട്ടനിട്ടുകൊണ്ടുവന്നു., ഇറങ്ങാൻ നേരം തോമാച്ചായൻ സണ്ണിച്ചനോട് പറഞ്ഞു.
*''ഇതിപ്പോൾ നമ്മള്‍ നാലുപേർക്കുമാത്രമേ എല്ലാമറിയത്തൊള്ള്.. അഞ്ചാമതൊരാൾ അറിഞ്ഞാൽ നാറ്റക്കേസാണ്.. അതുകൊണ്ട്, ഒന്നുമറിയാത്തപോലങ്ങ് പോവാം, ല്ല്യോ.''
അന്നക്കുട്ടി ദയനിയമായിചിരിച്ചു.. ജാൻസിയും.."
കഥ പറഞ്ഞവസാനിപ്പിച്ചിട്ട് വേതാളം പതിവുപോലൊരു ചോദ്യം
"ഈ കഥയിൽ ആരാണു തെറ്റു ചെയ്തത്?"
അതിനു മറുപടിയായാണ് വിക്രമാദിത്യൻ ആദ്യം പറഞ്ഞ മറുപടി പറഞ്ഞത്!
എങ്കിലും വേതാളം വിട്ടില്ല
"താത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിച്ചത്!"
അതോടെ വിക്രമാദിത്യൻ പറഞ്ഞുതുടങ്ങി
തോമാച്ചൻ മദ്ധ്യവയസ്ക്കനാണെന്ന് നീ തന്നെ പറഞ്ഞ സ്ഥിതിക്ക് അയാൾക്ക് തൻ്റെ പാനപാത്രത്താടു തോന്നിയ വിരക്തികാരണമാവാം, പുതുമകളോ, യൗവ്വനപ്രസരിപ്പോ തേടി ജാൻസിപ്പെണ്ണിൻ്റെ അടുത്തു പോയിട്ടുണ്ടാകാം. തോമാച്ചനു സ്വന്തം കെട്ട്യോളിൽ താൽപ്പര്യമില്ലാതെ വരികയും അയലത്തെ പുതുയവ്വനത്തിൽ ആശകൂടുകയും ചെയ്തപ്പോൾ അവഗണിക്കപ്പെട്ട അന്നക്കുട്ടിയുടെ യവ്വനം സണ്ണിച്ചനെത്തെടിപ്പോയി അതും തെറ്റുപറയാനൊക്കില്ല. ഒരുകണക്കിനു ആശ്രിതയും ചെറുപ്പക്കാരിയുമായ ജാൻസിപ്പെണ്ണ് തോമാച്ചൻ്റെ ഏതെങ്കിലും വിധത്തിലുള്ള പ്രലോഭനങ്ങളിൽ വീണുപോയതാവാനാണു വഴി, എങ്കിലും അവൾക്ക് വേണ്ടവിധം കാര്യങ്ങൾ നടത്തിനൽകാതെ അന്നക്കുട്ടിയുടെ വിളംബയൗവ്വനം തേടിപ്പോകുന്ന സണ്ണിച്ചനെ കുറ്റപ്പെടുത്തേണ്ടിയിരിക്കുന്നു, അവൻ്റെ അശ്രദ്ധയാണല്ലോ തോമാച്ചൻ്റെ അവസരമായി മാറിയത്?"
മറുപടിയിൽ തൃപ്തനാകാതെ വേതാളം വീണ്ടും ചോദിച്ചു
"അപ്പോൾ സണ്ണിച്ചനാണോ കുറ്റക്കാരൻ? ആദ്യം ഇങ്ങനല്ലല്ലോ പറഞ്ഞത്?"
വിക്രമാദിത്യൻ ചിരിച്ചുകൊണ്ടുപറഞ്ഞു
"ഞാൻ അങ്ങനെ കടകവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല, സണ്ണിച്ചൻ്റെ ഭാഗത്തും ന്യായമുണ്ട്. തോമാച്ചൻ്റെ തൊഴിലാളി എന്ന നിലയിൽ സ്ഥിരമായി ജോലിക്കിടയിൽ വഴക്കും, ചീത്തവിളിയും, പ്രത്യേകിച്ച് അന്നക്കുട്ടിയോ ജാൻസിയോ കൺ വെട്ടത്തുണ്ടെങ്കിൽ കടുപ്പിച്ച് ലഭിക്കുന്ന സണ്ണിയുടെ പ്രതികാരമാണ് മുതലാളിച്ചിയെ കളിച്ചുതീർക്കുന്നത്. ഓരോ പ്രാവശ്യവും അന്നക്കുട്ടിയെ പ്രാപിക്കുമ്പോൾ സണ്ണിക്കുട്ടിയെന്ന തൊഴിലാളി തോമാച്ചനെന്ന മുതലാളിയുടെ മേൽ ആധിപത്യം സ്ഥാപിക്കുക മാത്രമാണ്; അതൊരു വർഗ്ഗസമരമാണ്, അവിടെ വ്യക്തിക്ക് പ്രാധാന്യമില്ല, തെറ്റുമില്ല!"
ശവം വിട്ടു പറന്നുയരാൻ തയ്യാറെടുക്കവേ വേതാളം പറഞ്ഞു
ഉം ഉം മനസിലായി. ജാൻസിപ്പെണ്ണിന്റെ മേലേ തോമാച്ചന്‍ കിടന്നാലത് വൈദേശിക മുതലാളിത്ത അധിനിവേശം... അന്നക്കുട്ടീടെ മേലെ സണ്ണിക്കുട്ടി കിടന്നാൽ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം. ശ്ശോ.. എന്നാലും ഇതൊരുമാതിരി അഞ്ചുവർഷം മാറിമാറി ഭരിച്ചിട്ട്, എല്ലാ കൊള്ളരുതഴികയും ഒന്നിച്ചുചേർന്ന് ഒളിപ്പിച്ചുവക്കുന്ന കേരളത്തിലെ മുന്നണികളെപ്പോലായല്ലോ! ആരുടേം കുറ്റവുമല്ല, അപ്പൊൾപ്പിന്നെ ഈ.ഡി ക്കെന്താണ് കേരളത്തിൽക്കാര്യം?"
(നാണ്വാരുടെ ബാധയാണിന്നു കൂടിയത്, അതിങ്ങനെയായി! കഥ ഒരുപാട് വായിച്ച വാട്ട്സാപ്പ് തമാശ, ആരുടെ സൃഷ്ടിയെന്നറിയില്ല)
No comments:
Post a Comment