ജയശ്രീ എന്ന ഗായികയെപ്പറ്റി പറയുമ്പോൾ ചുമടുതാങ്ങിയിലെ "സ്വപ്നങ്ങൾ അലങ്കരിക്കും നമ്മുടെ വീട് കണ്ടു സ്വർഗ്ഗം നാണിക്കുന്നു" എന്ന ഗാനമാവും ഓർമ്മയിലെത്തുക. അധികം ഗാനങ്ങൾ ആലപിച്ചിട്ടില്ലാത്ത ആ ഗായിക "വഴിവിളക്ക്" എന്ന ചിത്രത്തിനായി ഭാസ്ക്കരന്മാഷുടെ വരികൾ ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ ആലപിച്ച ഗാനമാണിന്ന് നമ്മുടെ വിഷയം.
ഞാൻ പൊതുവേ സ്ത്രീകളെപ്പറ്റിയുള്ള ഗാനങ്ങളാണ് തിരഞ്ഞെടുക്കുന്നതെന്നതിനാൽ ഇന്ന് പുരുഷനെപ്പറ്റി സ്ത്രീ പറയുന്നതാകട്ടേ.... ഇത് ഒരു 35 വയസ്സൊക്കെ കഴിഞ്ഞ പലസ്ത്രീകളും പാടാനാഗ്രഹിക്കുന്നുവെങ്കിലും അപഖ്യാതി ഭയന്ന് പാടുന്നില്ല എന്നും കേൾക്കുന്നു....
സന്ദർഭം അഭിനവദുഷ്യന്തൻ്റേതാണ്, ശകുന്തളയും അരികിലുണ്ട്, എന്നിട്ടും ദുഷ്യന്തനൊരു ശുഷ്ക്കാന്തിയില്ല!!!
"ദ ടൈം, ദ പ്ളേസ്സ്, ദ ഗേൾ" എന്ന സായിപ്പിൻ്റെ രതിസമസ്യ തന്നെയാണിവിടെയും ഒരുവശത്ത് പൂരകമായ സമവാക്യമകുന്നത്. എന്നാൽ സമത്തിനപ്പുറത്ത് ഉത്തരം മറ്റൊരു സമയയാകുന്നു.
സമയം - ചൈത്രമാസത്തിലെ സായംസന്ധ്യ, അതായത് ഇന്നുമുതൽ, ദാ ഇപ്പോൾ തന്നെ
സ്ഥലം - പൂത്തുനിൽക്കുന്ന പൂങ്കാവനം, ഇത്തവണ ചൂടുനേരത്തേ തുടങ്ങിയതിനാൽ പൂക്കളോക്കെ ഒരു വഴിക്കായി, എന്നാലും മേടമെന്ന് തെറ്റിദ്ധരിച്ച ചില കണിക്കൊന്നകൾ അസ്സലായി പൂത്ത് നിൽപ്പുണ്ട്, അതുവച്ച് അങ്ങട് അഡ്ജസ്റ്റ് ചെയ്യാംല്ലേ?
സ്ത്രീ - സുന്ദരിയായ ശകുന്തള , നമ്മുടെ മേനക, അപ്സരസ്സ് വിശ്വാമിത്രൻ്റെ തപസ്സ് ഇളക്കിയ വകയിൽ കിട്ടിയ ബോണസ്സ്, കാളിദാസൻ വർണ്ണിച്ച് പൊലിപ്പിച്ച കണ്വതപോവന കന്യക...
അവൾ അരികിൽ വന്നു നിന്നിട്ടും കണ്ണുമൂടിയിരുപ്പാണത്രേ ദുഷ്യന്തൻ! പല ദുഷ്യന്മാർക്കും ഇന്നീ പ്രശ്നമുണ്ടെന്നാ കേൾവി, താനെന്താടോ ദുഷ്യന്താ നന്നാകാത്തെ?
മാലിനീതീരമാണ് സ്ഥലമെന്ന് പറഞ്ഞല്ലോ, ചൂടായതുകൊണ്ട് നദി വരണ്ടുപോയീന്ന് പറയേണ്ട, ചൈത്രം ആണെങ്കിലും ആഷാഢമാസത്തിലെ പൗർണ്ണമിയുടെ ഒരു അന്തരീക്ഷമാണ്, അതായത് നമ്മുടെ മഴക്കാലത്തിൻ്റെ, ഒരു നിറഞ്ഞപുഴയും, കുളിർകാറ്റുമൊക്കെയായി... അവിടെ ചാരുമുഖിയായവൾ കണ്ണുകളാൽ മാടി മാടി വിളിച്ചിട്ടും മഹർഷിയെപ്പോലെ മാറി മാറി പൊയ്ക്കളയുന്നത്രേ ദുഷ്യന്തൻ!!! മഹർഷിമാരും അത്ര വെടിപ്പായിരുന്നില്ല എങ്കിലും ഒരു ശൈലിക്ക് മാമുനിയെ സ്വീകരിക്കാം...
അപ്പോൾ നമുക്ക് സാക്ഷാൽ ശകുന്തള ലൈൻ അടിച്ചത്, കാളിദാസൻ പറയുന്നതെങ്ങനെയാണ് എന്നൊന്ന് നോക്കാം...
"അഭിമുഖേ മയി സംഹൃതമീക്ഷിതം ഹസിതമന്യനിമിത്തകൃതോദയം
വിനയവാരിതവൃത്തിരതസ്തയാന വിവൃതോ മദനോ ന ച സംവൃതഃ"
അതായത്.. ദുഷ്യന്തൻ നോക്കുമ്പോൾ ശകുന്തള ദൃഷ്ടി മാറ്റിക്കളയും, എന്നാൽ അവളിൽ നോട്ടം വീഴുമ്പോൾ മറ്റെന്തോ കാര്യത്തിനെന്ന മട്ടിൽ മന്ദഹസിക്കും, കുലസ്ത്രീയുടെ മര്യാദ നിലനിർത്താൻ പരിധിവിട്ട് തെളിച്ചങ്ങോട്ട് പ്രകടിപ്പിച്ചില്ല, എന്നാൽ കാമദേവൻ അവളിൽ കാട്ടിക്കൂട്ടിയ വികൃതികൾ മറച്ചതുമില്ല!
നായിക അവളുടെ പ്രായത്തെപ്പറ്റിയാണ് തുടർന്ന് പറയുന്നത്, കാമദേവൻ കവിളിൽ സിന്ദൂരമൊക്കെ വാരിക്കോരി തട്ടിയിട്ടുപോയ നല്ല കരിമ്പ് പരുവം... ആ മുഖസൗന്ദര്യത്തോടെ പഞ്ചാരവാക്കുകൾ പൂപോലെ അവൾ വാരിയെറിഞ്ഞിട്ടും കളരിമുറയിൽ വീതിചുരുക്കി, ഒഴിഞ്ഞുമാറി, തടിതപ്പുന്നു ദുഷ്യന്തൻ... ഈ പഹയനെ ബല്ലാത്ത ദുഷ്യന്തൻ എന്നല്ലാതെ അവൾ എന്തുവിളിക്കാൻ???
ശകുന്തള പക്ഷേ അന്ന് വിട്ടില്ല, അപ്പോഴായിരുന്നു അവളുടെ പ്രസിദ്ധമായ കാലിൽ ദർഭമുനകൊണ്ട വ്യാജേനയുള്ള നിൽപ്പും, തിരിഞ്ഞുനോട്ടവും, ഒരു മാതിരി വയലിൽ കൊറ്റി നിൽക്കുന്നത് പോലെ!!
"ദർഭാങ്കുരേണ ചരണഃ ക്ഷത ഇത്യകാണ്ഡേ
തന്വീ സ്ഥിതാ അതിചിദേവ പദാനി ഗത്വാ"
എന്തായലും അടുത്ത കൂടിക്കാഴ്ച്ചയിൽ സാക്ഷാൽ ദുഷ്യന്തൻ,
"നിന്നെ ആ കാമദേവൻ നീറ്റുന്നതല്ലേയുള്ളൂ, എന്നെയാണെങ്കിൽ ചുട്ടുപോടിക്കുകയാണ്"
എന്ന് ഒരു "സെയിം പിച്ച്" പറയുന്നു!
"തപതി തനുഗാത്രി മദത്വാമനിശം മാം പുനർദഹത്യേവ"
പിന്നീടങ്ങോട്ട് ദുഷ്യന്തൻ ആ കന്യകയെ ഒന്ന് വളച്ചെടുക്കാൻ എന്തെല്ലാം സേവനങ്ങളാണ്.. ഹോ...
"ആലവട്ടം വീശിത്തരണോ? വെൺചാമരം വേണോ? കാലുകൾ മടിയിൽ വച്ച് തടവിത്തരണോ?"
ഒടുവിൽ തിരിച്ച് പോകുന്ന പെണ്ണിനോട് ഒറ്റച്ചോദ്യം, എ.ആറിൻ്റെ പരിഭാഷയിൽ
"മധുരൂഷിതമാം പുതു പ്രസൂനം വിധുരൻ ഭൃംഗകിശോരനെന്നപോലെ
അപരിക്ഷതചാരുശോഭനേ, നിന്നധരം ഞാൻ സദയം നുകർന്നുതീർന്നാൽ"
ഒരു ഫ്രഞ്ച് കിസ്സാ അങ്ങട്ട് അടിച്ചോട്ടേ??? ദേ അത്രേ ഉള്ളൂ കാര്യം!!!
അതായത് ശിഷ്യന്മാരേ... നിങ്ങൾ അണിഞ്ഞൊരുങ്ങി വരുന്ന ശകുന്തളമാരെ കണ്ടില്ലെന്ന് നടിക്കരുത്..
ശകുന്തളമാരേ .. ദുഷ്യന്തന്മാരെ അങ്ങനങ്ങ് വിടരുത്, ശരിപ്പെടുത്തിയെടുക്കണം...
എന്നാൽപ്പിന്നെ നമുക്ക് ഗാനം ആസ്വദിക്കാം അല്ലേ???
"സമയം ചൈത്രസായന്തനം
സ്ഥലമോ പൂത്ത പൂങ്കാവനം
സുന്ദരിയാം ശകുന്തള വന്നരികില്‍ നിന്നിട്ടും
കണ്ണു മൂടിയിരിക്കുന്നു ദുഷ്യന്തന്‍
തന്റെ കണ്ണു മൂടിയിരിക്കുന്നു ദുഷ്യന്തന്‍
ആനന്ദമാലിനിതീരം മനസ്സില്‍
ആഷാഢപഞ്ചമി നേരം
ചാരുമുഖി മിഴികളാല്‍ മാടിമാടിവിളിച്ചിട്ടും
മാറിമാറി നടക്കുന്നു ദുഷ്യന്തന്‍
ഏതോ മാമുനിയാണിന്നെന്റെ ദുഷ്യന്തന്‍
മന്ദാരമലരമ്പനെന്റെ കവിളില്‍
സിന്ദൂരം ചാര്‍ത്തുന്ന പ്രായം
ഓമനവാക്കുകളാല്‍ പൂവാരിയെറിഞ്ഞിട്ടും
ഒഴിയുന്നു മാറുന്നു ദുഷ്യന്തന്‍
വല്ലാത്ത ദുഷ്യന്തൻ"
https://www.youtube.com/watch?v=4J44qLEJXuE
No comments:
Post a Comment