കല്യാണിരാഗത്തിൽ ഒരു താരാട്ടുപോലെ എം.എസ്സ്. വിശ്വനാഥൻ ചിട്ടപ്പെടുത്തിയ ശ്രീയുടെ വരികൾ, ശ്രീ തന്നെ കഥയും, തിരക്കഥയും, സംഭഷണവും, നിർമ്മാണവും, സംവിധാനവും നിർവ്വഹിച്ച ചന്ത്രകാന്തം സിനിമയിലെ യേശുദാസ്സും, ജാനകിയും ആലപിച്ച "ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍" എന്ന ഗാനമാകാം ഇന്നത്തെ ചിന്തവിഷയം..... ജാനകിക്കും ഏം.എസ്സിനും 1974 ലെ സംസ്ഥാന ഫിലിം അവാർഡ്ഡും ലഭിച്ചു.
ആ നിമിഷം.....
അതിൻ്റെ നിർവ്വൃതി....
അതെന്നെ ഒരു ആവണിപ്പൂന്തെന്നലാക്കി കളഞ്ഞു... എന്താ ആവണിത്തെന്നൽ, അത് നമ്മുടെ പൊന്നുംചിങ്ങമാസത്തിലെ, കർക്കിടകം കഴിഞ്ഞുള്ള, സുഖശീതളമായ, പൂവിൻ്റെ ഗന്ധമുള്ള തെന്നലാണ്, പൂമ്പൊടി പടർത്തുന്ന തെന്നലാണ്..
ആയിരം ഉന്മാദരാത്രികളുടെ ഗന്ധം, രാത്രിക്ക് എന്തൊക്കെ ഗന്ധങ്ങളാണ്, ഇരുട്ടിൽ മധുപനെ ആകർഷിക്കാൻ വിരിയുന്ന വെളുത്ത പൂക്കളൊക്കെയും മധുവിനൊപ്പം മധുരമായ ഗന്ധവും പേറുന്നു... അതിൽ ഉന്മാദഗന്ധം ഇരുട്ടിൽ വിരിഞ്ഞ മറ്റേതെങ്കിലും പൂവിൻ്റേതുമാകാം, അതിനാലാണല്ലോ അത് ആത്മദലത്തിൽ തുളുമ്പി നിന്നത്!!!
നീയുറങ്ങുന്ന ശയ്യ നിരാലംബമായതെങ്ങനെ? എന്തായാലും ആലംബമില്ലാത്തതുപോലെ ഏകാന്തവുമാണല്ലോ... അതിനാൽ നിദ്രാവിഹീനനായി ഞാൻ ഒഴുകിയപ്പോൾ തടസ്സങ്ങൾ ഉണ്ടായില്ല...അനന്തരം രാഗത്തിൻ്റെ പരാഗങ്ങൾ ഉലർത്തിയ ആ തേൻ ചൂടി ആ പൂവിൽ എൻ നാദം മെഴുകി... വളരെ ശ്രദ്ധിക്കേണ്ട പ്രയോഗങ്ങൾ ആണ് ആ ഉലർത്തലും, മെഴുകലും.... പരാഗവും തേനും ഒന്നിച്ചുവരുന്ന സമയത്ത് നാദം സ്വാഭാവികം മാത്രം, അറിയാതെ .. അറിയാതെ തന്നെ "ആ" മുതൽ "അം" വരെ സ്വരങ്ങൾ ഉണർന്നുപോകും സ്വരജതിയായി.....
ആ നിമിഷത്തിൻ്റെ നിർവ്വൃതിയിൽ മനം ആരഭിതൻ പദമായി, ആരഭി ഭക്തിരസവും വീരരസവും ഭാവമായി വരുന്ന രാഗമാണ്, പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം, മാവേലിനാടുവാണീടുങ്കാലം ഒക്കെപ്പോലെ... ഇവിടെ എന്തോ നേടി എന്നല്ല എന്തോ ചെയ്തു എന്ന വീരരസമല്ലേ മനസ്സിൽ വിരിയുന്നത്? ദാഹം നിറഞ്ഞുനിന്ന എൻ്റെ ജീവതന്തുക്കളില്‍ പുതിയതരം ഭാവത്തിൻ്റെ തേൻ തുള്ളികൾ വിതുമ്പി... കവിഞ്ഞൊഴുകിയ ആ തേന്തുള്ളികൾ നിൻ്റെ താഴ്‌വരയിലെ പുഷ്‌പതല്‍പ്പങ്ങളില്‍ താരാട്ടു പാട്ടായൊഴുകി.. പുരുഷനും സ്ത്രീയും ആലപിച്ചിരിക്കുന്ന ഈ ഗനത്തിൽ വാത്സ്യയനൻ്റെ ഏത് രതിനില എന്നത് ആപേക്ഷികമാണ്.... അഭിനിവേശത്തിൻ്റെ കൊടുങ്കാറ്റിൽ അറിയാത്ത ശക്തിക്ഷയം തളർച്ചയുടെ, സുഷുപ്തിയിലേയ്ക്ക് വഴുതിവീഴും... അങ്ങനെ മാറോട് മാറുചേർന്ന് കിടന്നാൽ ... ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്ക് താളം പകര്‍ന്നു നൽകി അലിഞ്ഞലിഞ്ഞ് ഇല്ലാതാകാം....
ഞാൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞിട്ടില്ല..... നിങ്ങൾ സ്വയം അനുഭവിച്ചറിയേണ്ടതാണ് ആ നിമിഷത്തിൻ്റെ നിർവൃതി... ഹോം വർക്ക് അധികമാകുന്നു എന്ന് പരാതിപ്പെടരുത്.... ഇൻ്റേർണൽ മാർക്ക് തരാൻ എനിക്ക് വേറേ മാർഗ്ഗമില്ല... എല്ലാവരും രതിയുടെ പരീക്ഷയിൽ നല്ല മാർക്കോടെ പാസ്സാകണം...
ഗാനം ആസ്വദിക്കുക....
"ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണി തെന്നലായ് മാറി
ആയിരം ഉന്മാദരാത്രികള്‍ തന്‍ ഗന്ധം
ആത്മദളത്തില്‍ തുളുമ്പി
നീയുറങ്ങുന്ന നിരാലംബശയ്യയില്‍
നിര്‍നിദ്രമീ ഞാനൊഴുകീ
രാഗപരാഗമുലര്‍ത്തുമാ തേന്‍ ചൂടി
പൂവിലെന്‍ നാദം മെഴുകി
അറിയാതെ നീയറിയാതെ...
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം
ആരഭി തന്‍ പദമായി
ദാഹിക്കുമെന്‍ ജീവതന്തുക്കളില്‍
നവ്യ ഭാവ മരന്തം വിതുമ്പി
താഴ്‌വരയില്‍ നിന്റെ പുഷ്‌പതല്‍പ്പങ്ങളില്‍
താരാട്ടു പാട്ടായ് ഒഴുകീ
ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
താളം പകര്‍ന്നു ഞാന്‍ നല്‍കീ"
https://www.youtube.com/watch?v=HRt9WWaoQa4
No comments:
Post a Comment