Thursday, April 25, 2019

തെറികാട്ടിടും കഥ

ശീവൊള്ളി നാരായണൻ നമ്പൂരിയെപ്പറ്റി മുമ്പും ഇവിടെ എഴുതിയിട്ടുണ്ട്.... അന്ന് പാർവ്വതീദേവിയുടെ കുഞ്ഞമ്മിഞ്ഞയും ഞഞ്ഞാമിഞ്ഞയും ആയിരുന്നു ഇതിവൃത്തമെങ്കിൽ ഇത്തവണ അൽപ്പം കൂടി കടന്ന് ഭീഷണിയാണ് വിഷയം.

ഭക്തൻ എന്നാൽ ആരാധനയോടെ ആവശ്യപൂരണത്തിനായി അർത്ഥിച്ച് നിൽക്കുന്നവൻ, വിനീതദാസൻ... അങ്ങനെയൊക്കെയാണ് നാട്ടുനടപ്പ്... എന്നാൽ എത്ര പ്രാർത്ഥിച്ചിട്ടും കനിയാത്ത ദേവിയെ ഒന്ന് ഭീഷണിപ്പെടുത്തി കാര്യം നേടാം എന്നാണ് ശീവൊള്ളിയുടെ ഒരു രീതി...

"തീയ്യേന്തും മിഴിയൻ തികഞ്ഞ തിരുവുള്ളം തന്ന പെണ്ണേ, കനി-
ഞ്ഞീയുള്ളോനിലൊരിക്കലും മിഴിതുറന്നീടാതിരുന്നീടുകിൽ
നീയ്യർക്കൻപുലരുംവരേയ്ക്കു പതിതൻനിഞ്ഞത്തു കേറിക്കിട-
ന്നയ്യയ്യേ, തെറികാട്ടിടും കഥവിളിച്ചോതും വെളിച്ചത്തു ഞാൻ"

തീയ്യേന്തും മിഴിയൻ - അത് കാമനെ ദഹിപ്പിച്ച മൂന്നാം കണ്ണുള്ള പരമശിവൻ തന്നെ
തികഞ്ഞ തിരുവുള്ളം തന്ന പെണ്ണേ - ഹൃദയം മുഴുവനായി നൽകിയവളേ, പാർവ്വതീ
കനിഞ്ഞീയുള്ളോനിലൊരിക്കലും - എന്നിലൊരിക്കലും കനിഞ്ഞ്
മിഴിതുറന്നീടാതിരുന്നീടുകിൽ - അനുഗ്രഹം ചൊരിയുന്നില്ലെങ്കിൽ
നീയ്യർക്കൻപുലരുംവരേയ്ക്കു - സൂര്യനുദിക്കുന്നതുവരെ
പതിതൻനിഞ്ഞത്തു കേറിക്കിടന്നയ്യയ്യേ - ഭർത്താവിൻ്റെ നെഞ്ചത്ത് കയറിക്കിടന്ന്, വുമൺ ഓൺ ടോപ്പ്
തെറികാട്ടിടും കഥ - സംഭോഗലീലകളടുന്നതിൻ്റെ വിശദാംശങ്ങൾ
വിളിച്ചോതും വെളിച്ചത്തു ഞാൻ - ഞാൻ നാടാകെ വിളിച്ചു കൂവും

അതാണ് കാര്യം, എന്നെ അനുഗ്രഹിക്കുക അല്ലെങ്കിൽ അപമാനിക്കപ്പെടുക, ഒരു ഭഗവതിയുടെ മുന്നിലുള്ള രണ്ട് മാർഗ്ഗങ്ങളേ.... 

"എന്നെ ബഹുമാനിക്കുന്നതും കാവിലമ്മയെ അപമാനിക്കുന്നതും ഒരുപോലെ" യാണെന്ന് ശീവൊള്ളി പറഞ്ഞിട്ടുണ്ടോ എന്തോ!!!

ഏതായാലും കഠാരയും പെട്രോളുമായി സ്നേഹിക്കാനിറങ്ങുന്ന ആധുനിക കാമുകന്മാരുടെ മുൻ ഗാമിയായിരുന്നു ഭക്തിപ്രസ്ഥാനത്തിൽ ശീവൊള്ളി!!! 

No comments:

Post a Comment