Sunday, November 15, 2020

അപല

അത്രിമഹർഷിയുടെ മകളായിരുന്നു അപല. കൃഷസാവൻ എന്ന അവളുടെ ഭർത്താവ് അവളെ ഉപേക്ഷിച്ചത് ത്വക്കുരോഗത്തെ തുടർന്നായിരുന്നു. പിതാവായ അത്രി മഹർഷി പുത്രിയോട് ഇന്ദ്രനെ തപസ്സു ചെയ്യുവാൻ ആവശ്യപ്പെട്ടു, മഹർഷിമാരായ പിതാക്കൾ പെണ്മക്കളെ ഇന്ദ്രൻ്റെ അടുക്കൽ വിശ്വസിച്ചയച്ചിരുന്നുവെന്നർത്ഥം.ഇന്ദ്രൻ അത്ര മോശക്കാരൻ അല്ലെന്ന് ഇപ്പോൾ മനസിലായിക്കണുമല്ലോ, ഋഷി ഗൗതമൻ്റെയല്ലാതെ മറ്റു മുനിമാരുടെ ഭാര്യമാരെ തേടി പോയിട്ടില്ല, അഹല്യയെ തേടിപ്പോയത് അദ്ദേഹം സ്വയംവരത്തിൽ വിജയിച്ചിട്ടും നാരദർ ഊടായിപ്പു ന്യായം കണ്ടെത്തി ഗൗതമനു നൽകിയതിനാലാണ്.

അപല ബുദ്ധിമതിയായിരുന്നതിനാൽ സോമരസം കൊണ്ടാണ് ഇന്ദ്രനെ ആരാധിച്ചത്, പാവം സുരരാജൻ സുരയുടെ ആസക്തിയിൽ പെട്ടുപോയി, പ്രത്യക്ഷമായി വരങ്ങൾ നൽകി!

3 വരങ്ങൾ, നിസ്വാർത്ഥയും പിതൃ സ്നേഹിയുമായ കുമാരി പിതാവിൻ്റെ വയലുകൾ ഫലഭുയിഷ്ടമാകുവാൻ ആദ്യവരം ചോദിച്ചു. പിതാവിൻ്റെ കഷണ്ടിമാറ്റി നല്ല മുടി വളരാൻ അവൾ രണ്ടാമത്തെ വരം ചോദിച്ചു. മൂന്നാമതായേ അവൾ തൻ്റെ ത്വക്ക് രോഗം മാറ്റാൻ ആവശ്യപ്പെട്ടുള്ളൂ.

ഇന്ദ്രൻ തൻ്റെ ആകാശരഥത്തിൻ്റെ ചക്രങ്ങൾക്കിടയിലൂടെ അപലയെ മൂന്നുവട്ടം കയറ്റിയിറക്കി, ആദ്യവട്ടം അവളുടെ ശരീരം ചർമ്മമുൾപ്പടെ ശുദ്ധമായി, രണ്ടാമത് അവളുടെ ശ്വാസം ശുദ്ധമാക്കി (ഒരുപക്ഷേ വായനാറ്റം കാരണമാകും ഭർത്താവ് ഉപേക്ഷിച്ചത്, ഇന്ദ്രൻ ആളുദാരഹൃദയനാണ്, അറിഞ്ഞു ചെയ്തോളും), മൂന്നാമത് അവളുടെ ആത്മാവിനെത്തന്നെ ശുദ്ധീകരിച്ചു, അങ്ങനെ അവൾ ലോകത്തിലെ ഏറ്റവും വിശിഷ്ടയായ സ്ത്രീയായി മാറി.

ഇന്ദ്രൻ യാതൊന്നും തിരിച്ച് നേടിയില്ല, ഒരു യഥാർത്ഥ ദേവനായി പെരുമാറി തിരിച്ചുപോയി. അപല ഭർത്താവിൻ്റെ അടുത്തേയ്ക്ക് മടങ്ങി, കൃഷസാവൻ ആവേശത്തോടെ അവളെ സ്വീകരിച്ചു, അയാൾക്ക് വേണ്ടത് കിട്ടി.

അത്രിമഹർഷിക്ക് വേണ്ടത് അദ്ദേഹത്തിനും കിട്ടി, പുത്രിക്ക് സന്തോഷകരമായ കുടുംബജീവിതവും, അദ്ദേഹത്തിനു വിളവ് നിറഞ്ഞ വയലും ശിരസ്സിൽ ആകെ ജടയും!

റിഗ്വേദം , മണ്ഡലം 18, സൂക്തം 91 ലും സത്യയാനബ്രാഹ്മണത്തിലും ഈ കഥ കാണാനാവും.

സത്യായനത്തിലെ അപല (പാഠഭേദം)
====================

അപലയെ സത്യായനത്തിൽ മറ്റൊരു രീതിയിലാണു കാണുന്നത്. അക്കാലത്ത് ലോകത്തിൽ ജീവിച്ചിരുന്ന ഏറ്റവും സുന്ദരിയായ സ്ത്രീയായിരുന്നു അപല, എന്നാൽ ത്വക്കുരോഗവും ശ്വസനപ്രശ്നങ്ങളും അവളെ അലട്ടിത്തുടങ്ങിയപ്പോൾ അതുവരെ പ്രാണനാണെന്നു ചൊല്ലി സ്നേഹിച്ച ഭർത്താവ് കൃഷസാവൻ അവളെ വെറുത്തു, ആശ്രമത്തിൽ നിന്നും പുറത്താക്കി.

ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട് പിതാവായ അത്രി മഹർഷിയുടെ ആശ്രമത്തിൽ കഴിഞ്ഞു വന്ന അവൾ ഒരു ദിവസം സോമലത വായിലിട്ട് ചവച്ച് അതിൻ്റെ നീർ വായിൽ നിറച്ചു.

സോമരസത്തിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ദേവേന്ദ്രൻ അവിടെ അർഘ്യം തേടിയെത്തി. കണ്ടത് അപല വായിൽ നിറയെ സോമരസവുമായി അതാസ്വദിക്കുന്ന കാഴ്ച്ചയാണ്. ഇന്ദ്രൻ തിരിഞ്ഞു നടന്നു. അത് ശ്രദ്ധയിൽപ്പെട്ട അപല ചോദിച്ചു

"ദേവേന്ദ്രാ, ഞാൻ സോമരസം നിർമ്മിക്കുകയും അത് ഉപഭോഗം ചെയ്യുകയും ചെയ്തതിനാലാണോ അങ്ങ് തിരിഞ്ഞു നടന്നത്? ഇങ്ങനെ മറ്റുള്ളവർ സമർപ്പിക്കുന്ന സോമരസം കുടിച്ച് നടക്കുകയല്ലാതെ അങ്ങേയ്ക്ക് മറ്റു കർത്തവ്യങ്ങൾ ഒന്നുമില്ലേ?"

ഇന്ദ്രൻ തിരിഞ്ഞു നിന്നവളെ നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. ചർമ്മരോഗത്താൽ വിലക്ഷണയായി, തലമുടി മുഴുവൻ കൊഴിഞ്ഞ്, വിരൂപയായ അവളെ യാതൊരു വ്യത്യാസവുമില്ലാതെ വീക്ഷിച്ചിരുന്നതും, സ്നേഹിച്ചിരുന്നതും, അവളോട് പൂർവ്വാധികം വാത്സല്യം കാട്ടിയതും പിതാവായ അത്രിമഹർഷി മാത്രമായിരുന്നു.

അവൾക്ക് പുരുഷന്മാരിൽ ആകെക്കൂടി സ്നേഹാദരങ്ങൾ ഉണ്ടായിരുന്നതും പിതാവിനോട് മാത്രമായിരുന്നു, ഒരു കാലത്ത് വിശ്വസുന്ദരിയായ അവളെ ആരാധനയോടെ വീക്ഷിച്ച് അവളുടെ ഒരു കാടാക്ഷത്തിനായി കാത്തുനിന്നവർ ഇന്നവളുടെ മങ്ങിയ ദേഹകാന്തിയിൽ മുഖം തിരിക്കുന്ന കാഴ്ച്ചയുടെ ആവർത്തനമായാണിന്ദ്രൻ്റെ നിസംഗതയെ അവൾ കണ്ടത്. അതിനാൽ അപല വീണ്ടും ചോദിച്ചു

"ദേവന്മാർ മറ്റുള്ളവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ അവർക്ക് നന്മയും മേന്മയും ഉണ്ടാകേണ്ടതല്ലേ? ഒന്നും നൽകാതെ സ്വീകരിക്കുക മാത്രമാണോ അങ്ങയുടെ രീതി? ശരി, സോമരസം തേടി വന്നതല്ലേ? അങ്ങ് വരം നൽകുകയോ നൽകാതിരിക്കുകയോ ചെയ്യുക, ഞാൻ എൻ്റെ കർത്തവ്യം നിറവേറ്റാം. അർഘ്യം സ്വീകരിച്ചിട്ട് പോയാൽ മതി"

അപല വീണ്ടും സോമലതകളിൽ കടിച്ച് കവിളുനിറയെ സോമരസവുമായി ഇന്ദ്രൻ്റെ മുന്നിൽ വെല്ലുവിളിപോലെ നിന്നു.

ഇന്ദ്രൻ ഒരു നിമിഷം ആലോചിച്ചുനിന്നു, പിന്നീട് അപലയുടെ അടുത്തേയ്ക്ക് വന്നു, അവളെ കരവലയത്തിലാക്കി, തൻ്റെ ശരീരത്തോട് ചേർത്തുപുണർന്ന്, അവളുടെ ചുണ്ടുകളിൽ നിന്നും വായിൽ നിറഞ്ഞ സോമരസം മുത്തിക്കുടിച്ചു.
വായ്ക്കുള്ളിലെ സോമരസം തീർന്നപ്പോൾ ഇന്ദ്രൻ അവളെ സ്വതന്ത്രയാക്കി, അപ്പോഴേക്കും ചർമ്മരോഗം മാറി, ശുദ്ധമായ ശ്വാസത്തൊടെ, അതിസുന്ദരിയുമായി മാറിയിരുന്നു അപല; ആ സത്യം അവളുടെ മനസ്സിനേയും എല്ലാ ദുഃഖങ്ങളും, അപകർഷതാബോധവും നീക്കി ശുദ്ധമാക്കി. അങ്ങനെ ശരീരവും, ശ്വാസവും, ആത്മാവും ശുദ്ധമായവൾ പൂത്തുലഞ്ഞു നിൽക്കവേ, ഇന്ദ്രൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു

"ചോദിക്കാതെ തന്നെ നീ ആഗ്രഹിച്ച വരം ലഭിച്ചല്ലോ, ഇനിയും എനിക്ക് പോകാമോ?"

അപലയുടെ ചുണ്ടുകളിൽ അമൃതിൻ്റെ മധുരം നിറഞ്ഞു നിന്നിരുന്നു, ഇന്ദ്രനോടൊപ്പം അവളും ആ അധരപാനത്തിൽ അമൃതപാനം ചെയ്ത് അനശ്വരയായി മാറിയിരുന്നു, ആ ഉന്മാദത്തിലും പിതാവിൻ്റെ മുഖം മനസ്സിൽ നിറഞ്ഞപ്പോൾ അവൾ ചോദിച്ചു

"എനിക്കായി ഒന്നും ചോദിക്കാനില്ല പ്രഭോ, എങ്കിലും എന്നെ നിസ്വാർത്ഥമായി സ്നേഹിച്ച ഒരേയൊരു പുരുഷനായ, പിതാവിനു വിളവുള്ള വയലുകളും, കേശമുള്ള ശിരസ്സും നൽകി അനുഗ്രഹിക്കണമെന്ന് അപേക്ഷയുണ്ട്"

ദേവേന്ദ്രൻ സന്തുഷ്ടനായി പറഞ്ഞു

"തഥാസ്തു! ആ പിതാവിൻ്റെ ഉത്തമയായ പുത്രിയാണു നീയെന്ന് ഈ വാക്കുകൾ വിളിച്ചോതുന്നു, ആ സ്നേഹം നിൻ്റെ പേരുപോലെ അർത്ഥവത്താണ്, പലമെന്നാൽ മാംസം ആയതിനാൽ "അപലസ്നേഹം" മാംസരഹിതമായ സ്നേഹം എന്ന് വിശേഷിപ്പിക്കാം, ഇനി ഞാൻ മടങ്ങട്ടേ"

അവളുടെ അനുമതിയോടെ ഇന്ദ്രൻ യാത്രയായി, അതിവിശിഷ്ട തരുണിയായി മാറിയ അപല മാറിച്ചിന്തിച്ചു തുടങ്ങി.

"തൊലിപ്പുറത്തെ അസുഖത്തിലും, ശ്വാസവ്യതിയാനത്തിലും വെറുത്തുപേക്ഷിച്ച ഭർത്താവിനെന്തു വിലയാണുള്ളത്? ഏതവസ്ഥയിലും സ്വീകരിക്കുവാൻ ദേവേന്ദ്രൻ പോലും തയ്യാറുള്ള അമൂല്യമായ സ്ത്രീത്വം എന്നിലുള്ളപ്പോൾ, ഞാനെന്തിനു ആരുടെയെങ്കിലും ഔദാര്യം ഇരക്കണം? ദേവന്മാരോട് സ്ഥിരമായി ഇരക്കുന്ന ഒരു ഋഷി പോയാൽ പകരമാസ്ഥാനത്ത് ദേവന്മാരുടെ രാജാവ് പോലും വരും. ഒരൽപ്പം സോമലത മാത്രം മതി!"

ഉറച്ച മനസ്സോടെ അപല അത്രിമഹർഷിയുടെ പർണ്ണശാലയിലേയ്ക്ക് നടന്നു. മനസ്സുകൊണ്ട് അവൾ ആ ആശ്രമമുറ്റത്ത് പിച്ചവച്ചുനടന്ന പൈതലായി മാറി. തൻ്റെ ദുരവസ്ഥയിൽ ഖേദിക്കുന്ന ആ കണ്ണുകളിലെ ദൈന്യം വെടിഞ്ഞു പുഞ്ചിരി കാണണം, ആ വാത്സല്യത്തിൻ്റെ മടിയിൽ ഒരു കുഞ്ഞായി കിടക്കണം, ഇന്ദ്രൻ അനുഗ്രഹിച്ചതുപോലെ ശിരസ്സിൽ കേശഭാരമെങ്കിൽ ആ ജടയിൽ പിടിച്ചു വലിച്ചു കുഞ്ഞുന്നാളിലെപ്പോലെ കുറുമ്പുകാട്ടണം..

"എവിടെ ആ കള്ളത്താടിക്കാരൻ? നോക്കട്ടെ ഞാൻ ജടലീ മുണ്ഡിയോ ലുഞ്ചിത കേശമോ എന്ന്?"

NB
==

അപലയെ കൂടാതെ ഗാർഗ്ഗി, മൈത്രേയി, ഘോഷ, ലോപമുദ്ര, ഇന്ദ്രാണി, രോമഷ, വാഗംഭ്രണി, ജുഹു, യമി, വിശ്വവര, പൗലോമി, കദ്രു, സാവിത്രി, ദേവയാനി, നോധാ, അക്രിഷ്ടഭാഷ, ശികതനിവാവരി, ഗൗപയാനി അങ്ങനെ നിരവധി വ്യക്തിത്വം നിറഞ്ഞ സ്ത്രീകള്‍ വേദങ്ങളിൽ ഉണ്ട്. ഉപനിഷത്തുകളിലെ പല സൂക്തങ്ങളും രചിച്ചത് ഇവരാണ്.

No comments:

Post a Comment