Sunday, November 15, 2020

ഡാവിഞ്ചി കോഡ്

"നമ്മൾ സത്യം എന്നു സങ്കൽപ്പിക്കുന്നതിനെ, ഒരിക്കലും തെളിയിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ സ്വീകരിക്കുന്നതിനെയാണ് വിശ്വാസം" 

എന്നു പറഞ്ഞ ഡാനിയല്‍ ജെറാൾഡ് ബ്രൗണിനെ നീ വായിക്കരുത്... 

ഡാവിഞ്ചി കോഡ് നീ വായിക്കരുത്... 

ഹോളീഗ്രയിൽ യേശുവിന്റെ തോളിൽ ചാരിക്കിടന്ന ഭാര്യ മഗ്ദലനക്കാരി മറിയത്തെ അടർത്തിമാറ്റിയ വിടവാണെന്നറിയരുത്; ആ കപ്പിൽ അവളുടെ അസ്തികൾ ആണെന്നറിയരുത്.

തച്ചന്റെ ഭാര്യ നസ്രേത്തിലെ മറിയയിൽ നിന്നും വേശ്യയായ മഗ്ദലനക്കാരി മറിയയിലേയ്ക്കുള്ള യാത്രയായിരുന്നു ജീസ്സസ്സ് എന്നു നീ അറിയരുത്. 

കുരിശില്‍ കിടന്ന യേശുവിന്റെ അരികിൽ ഡാവിഞ്ചി വരച്ച മൂന്നു മറിയമാരിൽ മഗ്ദലനക്കാരി മറിയം ദൈവത്തിന്റെ പേരക്കിടാവിനെ വയറ്റിൽ ചുമന്നത് നീ അറിയരുത്. 
ഒരു ദേശത്തിന്റെ മുഴുവന്‍ പാപമായിരുന്ന മഗ്ദലനക്കാരി മറിയമായിരുന്നു രക്ഷകൻ ഏറ്റെടുത്ത ആ പാപമെന്ന് നീ അറിയരുത്. 

ആ പാപത്തെ വീണ്ടെടുക്കാനാണ്, പൂർവ്വാധികം പാപം ആസ്വദിക്കാനാണ് പാപികൾ അവനെ കുരിശ്ശിൽ തറച്ചതെന്ന് നീ അറിയരുത്. 

മഗ്ദലനക്കാരി മറിയം ആണാ ഹോളിഗ്രയിലെന്ന പാനപാത്രം എന്നും അതു കഴിയുമെങ്കിൽ തിരിച്ചെടുത്ത് രക്ഷിക്കണമെന്നുമാണവൻ അന്ത്യപ്രലോഭനത്തിൽ ആഗ്രഹിച്ചതെന്ന് നീ അറിയരുത്.. 

അവന്റെ ക്രൂശിതമരണം വ്യർത്ഥമാക്കി വീണ്ടും ദേശത്തിന്റെ പാപമാകാതെ അവൾ ഒഴിഞ്ഞു പോയതും ദൈവത്തിന്റെ പേരക്കിടാവിനു ജന്മം നൽകി രക്തരേഖ നിലനിര്‍ത്തിയെന്ന് നീയറിയരുത്, ക്ലെഫ് ഡി വോട്ട് നീയറിയരുത്... 

ആണികൾ തറച്ച വീതിയുള്ള സിലീസ് എന്ന തുകൽബെൽറ്റ് നീയും ധരിക്കുക. 

ഓപ്പസ് ദേയിയിലെ യഥാർത്ഥഭക്തരെപ്പൊലെ അതുധരിക്കുമ്പോൾ തുകൽച്ചട്ടയിലെ അസംഖ്യം കൂർത്ത ആണികൾ നിൻ്റെ തുടയിലെ മാംസത്തിലേക്ക് ആഴത്തിൽ തറഞ്ഞിരിക്കണം. 

ക്രിസ്തു കുരിശിൽ അനുഭവിച്ച വേദന എല്ലാദിവസവും ഒരു യഥാർത്ഥ ക്രിസ്തുമതവിശ്വാസി അറിഞ്ഞിരിക്കണം, അതിനായി സിലീസ് എപ്പോഴും നിൻ്റെ തുടയിൽ അമർന്നുചേർന്നു തുടയിലെ കൊഴുത്ത മാംസത്തിലേക്ക് തറഞ്ഞിരിക്കുന്ന ആണികൾതരുന്ന അസഹനീയമായ വേദന നീ സംഗീതം പോലെ ആസ്വദിക്കണം.. .

യേശുവിനായല്ലെങ്കിലും സഭയ്ക്കായി നീ ചെയ്യുന്ന സേവനമായതറിഞ്ഞ് അഭിമാനിക്കുക.. 

ചാട്ടയടിയേൽക്കാൻ അതിലൂടെ ചെയ്ത പാപങ്ങൾക്കുള്ള പ്രായശ്ചിത്തം, ഇന്നത്തെ പാപങ്ങളിൽ നിന്നും നിൻ്റെ ആത്മാവിനെ മുക്തമാക്കണം.

അലമാരയിൽ നിന്ന് ആണികളും ലോഹമുള്ളുകളും തറച്ച നീണ്ട ചാട്ടസൈലസ്സ് കയ്യിലെടുക്കുക, കറുത്ത ശിരോവസ്ത്രവും അടിവസ്ത്രങ്ങളും ഊരിമാറ്റി, പൂർണ്ണ നഗ്നതയോടെ നീ നിൽക്കുക

തുടയിൽ അമർത്തിക്കെട്ടിയ ആണികൾ തറച്ച തുകൽച്ചട്ടയിലേക്ക് നോക്കി, ചാട്ട ചുഴറ്റി, സർവ്വശക്തിയുമെടുത്ത് സ്വയം ആഞ്ഞടിക്കുക.

ലോഹമുള്ളുകളും ആണികളും പാകിയ ചാട്ട ദേഹത്തെ, മാംസത്തെ തുളച്ചകത്തേക്ക് തറഞ്ഞു, വലിച്ചൂരുമ്പോൾ മാംസശകലങ്ങൾ മുള്ളുകളിൽ കൊളുത്തി വലിഞ്ഞു ഇളകുമ്പോൾ...

“ആഹ്…ഓഹ്ഹ്….അമ്മേ….അയ്യോ”

എന്ന് അസഹ്യവേദനയിൽ നീ അലറി കരയണം, എങ്കിലും ചാട്ട വീണ്ടും വീണ്ടും ദേഹത്ത് ആഞ്ഞു പതിപ്പിച്ച്, നിലത്തേക്ക് ചോര നീർച്ചാലുകൾ പോലെയൊഴുക്കണം.

ഒരിക്കലും കയ്യിൽനിന്നും ചാട്ട നിലത്ത് വീഴരുത്, ഓരോ അടി ദേഹത്ത് പതിക്കുമ്പോഴും നീ നിശബ്ദമായി പറയണം

“പാപത്തെ നീക്കുന്ന വേദന എത്ര നല്ലതാണ്! ദുഃഖദിനം എന്നു നീ പറയരുത്, ശുഭദിനം "ഗുഡ് ഡേ" എന്നു നീ പറയണം!!

അല്ലെങ്കിൽ നിനക്ക് പനിക്കും

No comments:

Post a Comment