Sunday, November 15, 2020

മുഖ്യാദ്ധ്യാപകൻ

വളരെ നിഷ്ക്കളങ്കമായി, ഈ പാട്ട് പാടിയതിനാണ് എന്നെ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആ ഹെഡുമാസ്റ്റർ ചന്ദ്രൻപിള്ളസർ തല്ലിയത്, അതും നല്ല പഴുക്കച്ചൂരലിനു തുടയിൽ.. ഹൂം..

"റ്റാ..റ്റാ..റ്റാ..റ്റാ
താഴ്വരകളേ താരനിശകളേ
നഗരനിശകളേ
റ്റാ..റ്റാ..റ്റാ..റ്റാ

പച്ചക്കഞ്ചാവിൻ മണമുള്ള കാറ്റ്
പീരുമേട്ടിലെ കാറ്റ് - ഈ
കാറ്റോടും മല കതിരോടും മലമേലേ
കാലും നീട്ടി മലർന്നു കിടന്നാ-
ലതിന്റെ സുഖമൊന്നു വേറെ
ലല്ലല്ല ലല്ലല്ല ലല്ലല്ല....

പീലിപ്പൂ കാട്ടി വിളിക്കുന്ന കാട്
നീലത്തേയിലക്കാട് - ഈ
പൂ നുള്ളാൻ വരും വളയിട്ട കൈകൾ തേടി
ചൂളോം കുത്തിയലഞ്ഞു നടന്നാ-
ലതിന്റെ രസമൊന്നു വേറേ
ലല്ലല്ല ലല്ലല്ല ലല്ലല്ല....

തൊട്ടാൽ പൊട്ടുന്ന തുടമുള്ള പെണ്ണ്
തോടയിട്ടൊരു പെണ്ണ് - ഈ
പെണ്ണിൻ കണ്ണുകൾ പരൽമീൻ
കണ്ണുകൾ നാളേ
പൊന്നും ചൂണ്ടയെറിഞ്ഞു പിടിച്ചാ-
ലതിന്റെ ഗമയൊന്നു വേറേ
ലല്ലല്ല ലല്ലല്ല ലല്ലല്ല...."

ഞാനെന്തിനാണാ പാട്ടുപാടിയത്?

അതാരെങ്കിലും അന്വേഷിച്ചോ?

ആറ്റിൻകരയിൽ കുളിക്കാൻ പോയാൽ അവിടെ ഇഞ്ചന്തറയിലിരിക്കുന്ന ചീട്ടുകളിക്കുന്ന ചേട്ടന്മാർ ... പാഞ്ചായത്ത് കിണറ്റിനരികെ പഞ്ചീസ്സ് കളിക്കുന്ന ചേട്ടന്മാർ... ആൽത്തറയിൽ വെറുതേയിരുന്ന വായിനോക്കുന്ന ചേട്ടന്മാർ എല്ലാവരും ഈ പാട്ട് പാടുമ്പൊൾ ഇതൊരു ഉഗ്രൻ പാട്ടാണെന്നല്ലേ ഞാൻ കരുതിയത്!

എഴുതിയത് വയലാര്‍, സംഗീതം ദേവരാജന്‍ മാസ്റ്റര്‍, പാടിയത് യേശുദാസ്, അഭിനയിച്ചത് പ്രേംനസീര്‍. ഹഅതിനാൽ പാടി, പിന്നീട് പലപ്പോഴും.. അതായത് അതിൻ്റെ അർത്ഥവും അനർത്ഥവും മനസ്സിലായപ്പോൾ ഞാനത് സ്ക്കൂളിലെ സ്റ്റേജിൽ പാടിയത് ശരിയായില്ല എന്ന് തോന്നിയിട്ടുണ്ട്, അതിനോടൊപ്പം ഒരു സഹചോദ്യം മനസിലുയർന്നു...

"മൊട്ടിട്ടു നാളുകളേറെയായി, ഒന്നു പൊട്ടിവിടരുവാൻ ദാഹം"

എന്ന് പാടിയ ഡിവിഷന്‍ സി യിലെ ശ്രീദേവി , പി യെ അങ്ങേരെന്താ കൈവെള്ളയിലെങ്കിലും ഒന്നു തല്ലാതിരുന്നത്? എന്തിനാണ് കയ്യടിച്ചത് പാസ്സാക്കിയത്?

അല്ലേലും ഇതൊക്കെ പക്ഷപാതമാണ്, മാഷ് മാര് ക്രിക്കറ്റിലെ അമ്പയറന്മാരെപ്പോലെ ആകരുത്, കൺസിസ്റ്റൻ്റ് ആവണം, എല്ലാവർക്കും ഒരുപോലെ വിധിക്കണം അല്ലാതെ എ ഡിവിഷൻകാരെ മാത്രം അന്യായമായി പീഡിപ്പിക്കരുത്..ഹൂം...

No comments:

Post a Comment