ഖസാക്കിലെ ഏകവിദ്യാലയത്തിൽ ഏകാന്തവാസം ഏറ്റെടുത്ത്, എല്ലാ ജന്മബന്ധങ്ങളിൽ നിന്നുമകന്ന് ജീവിക്കാൻ രവി തീരുമാനിച്ചതിനു പിന്നിൽ വിധിയാണോ, നിയോഗങ്ങളുടെ കൂമ്പാരമാണോ അതോ വെറും ഭ്രാന്തൻ ചിന്തകളോ? ഏത് സന്മാർഗ്ഗത്തെയാണവൻ പിന്തുടരാൻ ശ്രമിച്ചത്? ഏത് അസാന്മാർഗ്ഗികതയുടെ കുറ്റബോധമാണവനെ ഒറ്റയനാക്കിയത്? ഏതിനെ ഭയന്നവനോടിയോ അതിലേയ്ക്ക് തന്നെ വീണ്ടും വീണ്ടും കൂടുതൽ ആഴത്തിലവൻ മുങ്ങാംകുഴിയിടുകയായിരുന്നു.പരിപൂർണ്ണബോദ്ധ്യത്തോടെ തന്നെ!
വീണ്ടും ഖസാക്കിലെ രവിയുടെ പക്കലെത്തിയപ്പോൾ എൻ്റെ മനസ്സിൽ ടി.പി.ചന്ദ്രശേഖരൻ കടന്നുവന്നു; ഓഞ്ചിയത്തെ തിരുത്തൽ വാദത്തിലൂടെ വിപ്ലവപ്പാർട്ടിക്ക് അനഭിമതനായി മാറിയ അയാൾക്ക് മറുഭാഗത്തുനിന്നും വന്ന സമ്മാനം വളരെ വലുതായിരുന്നു, രാജ്യത്തിൻ്റെ ലോകസഭയിലേയ്ക്ക് ഒരു മത്സരാർത്ഥിത്വം. അയാൾ പുറമേ മാത്രമയിരുന്നില്ല മനസ്സിൽ ആഴത്തിൽ ഇടതുപക്ഷമായിരുന്നു, ഇടതുപക്ഷത്തിന്റെ ഇടതോരംചേർന്ന് യാത്രചെയ്തതിനാൽ വലതിൻ്റെ ആ വാഗ്ദാനം നിരസിച്ചു, ഫലമോ ലോകസഭയിൽ സുരക്ഷിതമായി വിലസേണ്ടയാൾ 51 വെട്ടുകളേറ്റ് വഴിയരുകിലെ മണ്ണിൽ മരിച്ചുകിടന്നു. അതാണ് വിധിയുടെ ഗതി!
മദ്രാസ്സ് കൃസ്ത്യൻ കോളേജിൽ ഊർജ്ജതന്ത്രം ഡിഗ്രിക്ക് പഠിച്ചിരുന്ന രവിയുടെ പ്രധാന താൽപ്പര്യം ആസ്ട്രോഫിസിക്സും ഉപനിഷത്തുക്കളും തമ്മിലുള്ള അന്തർദ്ധാരയെപ്പറ്റി തയ്യാറാക്കുന്ന ഒരു പ്രബന്ധമായിരുന്നു. ഒരുപക്ഷേ ഞാൻ രവിയുമായി താദാത്മ്യം പ്രാപിച്ചുപോകുന്നതും അവിടെയാണ്; വേദ, ഇതിഹാസ, പുരാണ, ഉപനിഷത്തുകളുടെ സത്തയെ, സനാതനധർമ്മത്തിൻ്റെ വഴിയിലൂടെ ആസ്ട്രോണമിയുമായും. ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയുമായും ബന്ധപ്പെടുത്തി ലേഖനമെഴുതുന്നതിനാലാവാം ഞാൻ രവിയിൽ എന്നെ കണ്ടെത്തുന്നത്.
രവിയുടെ പ്രബന്ധം വായിച്ച അമേരിക്കൻ വിസിറ്റിംഗ് പ്രഫസർ, അത് വളരെ വിചിത്രവും, പരിഗണിക്കപ്പെടേണ്ടതുമാണെന്ന അഭിപ്രായം രേഖപ്പെടുത്തുകയും, കാമുകിയായ പദ്മയുടെ പിതാവിനോടും രവിയുടെ പിതാവിനോടും, ഓണേഴ്സ് പരീക്ഷയ്ക്ക് ശേഷം രവിക്ക്, ഈ പ്രബന്ധത്തിൻ്റെ പേരിൽ ഒരു ഫെലോഷിപ്പ് തരപ്പെടുത്താനും തുടർപഠന സൗകര്യം പ്രിൻസ്റ്റണിൽ ചെയ്തുകൊടുക്കാമെന്നും അറിയിക്കുന്നു. പ്രിസ്റ്റണിൽ കാമുകിക്കൊപ്പം ജീവിക്കാനും പഠിക്കാനും ഉദ്യോഗമോ ഗവേഷണമോ നടത്തി സുഖമായി ജീവിക്കാമായിരുന്നയാൾ, പേടിയാൽ പരീക്ഷയെഴുതാൻ നിൽക്കാതെ പരീക്ഷത്തലേന്ന് കോളേജുവിട്ടു. അപ്പോഴവൻ പ്രണയിനിയെ ഓർത്തില്ല.. പ്രണയവുമോർത്തില്ല.
സ്വന്തം വീട്ടിലേയ്ക്ക് അവനു പോകുവാനായിരുന്നില്ല, അവിടെ അവൻ്റെ അമ്മ മരിച്ചതിനുശേഷം അച്ഛൻ വിവാഹം കഴിച്ച അതിസുന്ദരിയും യുവതിയുമായ ഇളയമ്മയുണ്ട്. രോഗത്താൽ കിടപ്പിലായ അച്ഛൻ്റെ ശ്വാസഗതി രവിക്ക് നല്ല തിട്ടമാണ്. അച്ഛൻ ഉറങ്ങിയശേഷം രവിയെത്തേടി വന്ന ആ യൗവ്വനം അവൻ്റെ പുതുയൗവ്വനത്തെ പൊതിഞ്ഞപ്പോൾ രതികേളികളുടെ രാത്രികൾക്ക് തുടക്കമായി. പദ്മയുമായുള്ള ഗാഢപ്രണയം അവന്റെ മുന്നില്‍ ഒരു നിഴലായിപ്പോലും തെളിഞ്ഞതേയില്ല.
രാത്രിയുടെ മറവിൽ ഇളയമ്മയെത്തേടി ചെല്ലാൻ രവിക്ക് കുറ്റബോധമൊന്നും ഉണ്ടായില്ല. എങ്കിലും ഒരു കൂരയ്ക്കടിയിൽ അധികം നാളത് രഹസ്യമായിക്കൊണ്ടുപോകാൻ അവർക്കായില്ല. ഇളയമ്മയുടെ കുറുനിരകൾ നെറ്റിയിലേയ്ക്കുതിർന്നുവീണ, കവിളിൽ കണ്മഴിവിയർത്തുപരന്ന ആ രാത്രിയിൽ, അവൻ്റെ നഗ്നമായ മാറിൽ മുലകളമർത്തി, തോളിൽ ചുണ്ടുകളമർത്തിയവർ കരഞ്ഞരാത്രി, അവനവരുടെ നേരിയപട്ടുരോമങ്ങൾകുരുത്ത മേൽച്ചുണ്ടിൽ ചുണ്ടുകളമർത്തിയിട്ടും നിലക്കാത്ത തേങ്ങലോടെ
"എനിക്കെന്തോ വല്ലായ്മ.. പാപമല്ലേ? .. ഏശ്വരാ.."
എന്നുപറഞ്ഞരാത്രി. അവൻ പറഞ്ഞ മറുപടിയിൽ ആ പ്രായത്തിൽ അവൻ്റെ മനസ്സിലെ ധർമ്മാധർമ്മങ്ങളുടെ ചട്ടക്കൂടു ചപലതയിൽ മുങ്ങിയതിൻ്റെ പ്രതിഫലനമയിരുന്നു.
"എനിക്കൊന്നും തോന്നുന്നില്ല"
പക്ഷേ കുറച്ചുകൂടി മുതിർന്ന ആ സ്ത്രീ "രവീ" എന്ന വിളിയിൽ അത് തിരിച്ചറിയുന്നുണ്ട്. അച്ഛൻ്റെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നതിലെ വ്യത്യാസം ആദ്യം " അച്ഛനു വയ്യ" എന്നാണവൻ അറിയുന്നത്. എന്നാൽ ഉണർവ്വിൻ്റേയും ഉറക്കത്തിൻ്റേയും ആ ശബ്ദവ്യത്യാസം ആണ് ഇളയമ്മയിൽ ആദ്യമായി പാപചിന്ത ഉണർത്തിയതെന്നവൻ തിരിച്ചറിയുന്നു. അതവൻ്റെ മനസ്സിൻ്റെ ആഴങ്ങളിൽ കുറ്റബോധമായി പരിണമിക്കുന്നു.
"ഇളയമ്മേ.. ഞാൻ എൻ്റെ മുറിയിൽ പോയി കിടക്കാം"
നേരിയ കുരുന്നുരോമങ്ങളുള്ള കൈകൾകൊണ്ട് അവർ അവനെ വരിഞ്ഞുകൊണ്ട് പറഞ്ഞു
"പോവരുത്"
പുത്രനായി കാണേണ്ട ഒരുവനുമായി ഉള്ള ബന്ധം, അഗമ്യഗമനമാണെന്ന ചിന്ത അവരിൽ കടന്നുവന്നത് ഭർത്താവിൻ്റെ ശ്വാസഗതിയിലൂടെയാണ്, അതറിഞ്ഞാലും നിസ്സഹായനായ അയാൾക്ക് പ്രതികരിക്കാനാവുമോ? ഒരുമാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല, എങ്കിലും ആദ്യമായി പിടിക്കപ്പെടുന്ന സമയത്ത് കൂട്ടുപ്രതി ഏതൊരാൾക്കും ഒരാശ്വാസമാണ്. അതിനാൽ മനസ്സ് ശാന്തമാകുവോളം ആ ഇണയെ ചേർന്നുകിടക്കാൻ അവരാഗ്രഹിച്ചു, എന്നാൽ രവിക്ക് അച്ഛനറിഞ്ഞുവെങ്കിൽ അദ്ദേഹത്തിനുണ്ടാകുന്ന ദുഃഖമോ, അച്ഛനറിഞ്ഞതിനാൽ ഇളയമ്മയ്ക്കുള്ള വേവലാതിയോ ഒരു പ്രശ്നമായിരുന്നില്ല. അവൻ പറഞ്ഞു
"മതി.. ചിറ്റമ്മ എണീറ്റ് പുടവ ചുറ്റൂ.."
എങ്കിലും രാത്രിയിലെ ഇരുളിൽ രോഗത്തിൻ്റെ നിശ്വാസത്തെ അളന്ന അവന്, വേദനയല്ല.. അക്ഷമയും നീരസവും അതിൽ നിറഞ്ഞുനിൽക്കുന്നതെന്ന് മനസ്സിലായി. അടുത്ത ഒരു പ്രഭാതത്തിൽ, ആ നീരസത്തിൻ്റെ കണ്ടുമുട്ടലുകൾ ഒഴിവാക്കിക്കൊണ്ട് അവൻ രാത്രിയിൽ തന്നെ വീടുവിട്ടിറങ്ങി. ഒറ്റയ്ക്ക് അടുത്ത പ്രഭാതത്തെ, അഗമ്യഗമനത്തിൻ്റെ അവശേഷിപ്പുകളെ നേരിടേണ്ട ചിറ്റമ്മയെ അവൻ കാര്യമാക്കിയതേയില്ല.
കോളേജിൽ നിന്നിറങ്ങിയ രവിയുടെ യാത്രകൾക്ക് ദേശാടനത്തിൻ്റെ സ്വഭാവമായിരുന്നുവെങ്കിലും ഋതുക്കളോടൊപ്പം അവനിലെ ഭോഗാസക്തി മാറിയില്ല. ആശ്രമങ്ങളിൽ അവൻ കണ്ടത് കമ്പം പിടിച്ച വെളുത്തുകൊഴുത്ത അന്തേവാസിനികളെ മാത്രമായിരുന്നു, തെരുവുകളിൽ ഉമിത്തീപോലെ സിഫിലിസ്സ് നീറിപ്പിടിച്ചതും! ആ യാത്രയവസാനിച്ചത് ബോധാനന്ദസ്വാമിയുടെ ആശ്രമത്തിലായിരുന്നു, രവിയുടെ നവയൗവ്വനത്തിനു അവിടേയും ഇണയെക്കിട്ടി, നിവേദിത എന്ന സ്വാമിനി. ഒടുവിൽ നട്ടപ്പാതിരയ്ക്ക് സ്വാമിനിയിലെ നഗ്നതവിട്ടെണീറ്റ് യാത്രയായ രവിക്ക് താൻ വാരിച്ചുറ്റി കടന്നുകളഞ്ഞത് സ്വാമിനിയുടെ കാഷായവേഷമാണെന്ന് നേരം പുലർന്നിട്ടേ മനസ്സിലായുള്ളൂ.
കൂമൻകാവിൽ ബസ്സിറങ്ങിയ രവിക്ക് ആദ്യം ലഭിക്കുന്ന ബഹുമാനവും പ്രണാമങ്ങളും തലേരാത്രിയിൽ സ്വാമിനിയുടെ നഗ്നതയെ മുക്തമാക്കിയ ആ കാഷായവസ്ത്രത്തിൻ്റേതായിരുന്നു, അതോടെ കാവിക്കച്ചയ്ക്ക് കൂട്ടായി ബോധാനന്ദൻ്റെ പുതപ്പുകളിലൊന്നുകൂടി ചൂണ്ടാമായിരുന്നു, ഓർക്കാപ്പുറത്ത് സ്വാമിനിയുടെ കച്ചചുറ്റിക്കടന്നതിനാൽ അതുതരമായില്ലല്ലോ എന്നല്ലതെ തൻ്റെ വസ്ത്രവുമായി ഉറക്കമുണരുന്ന സ്വാമിനി നിവേദിതയുടെ അവസ്ഥ ഓർമ്മയിൽ വന്നതേയില്ല!
അതാണ് രവി, ആ രവിയാണ് ഖസാക്കിലെത്തിയിരിക്കുന്നത്. ..
ആ ഖസാക്കിൽ .. ഒരുകാലത്ത് കരിമ്പനകൾ ചെത്തുകാരനു ചെത്താനായി കുനിഞ്ഞുകൊടുത്തിരുന്ന നാട്ടിൽ.....
ചെത്തുകാരൻ്റെ പെണ്ണ് പിഴച്ചതിനാൽ കുനിയാതായ കരിമ്പനകളുടെ ചുവട്ടിൽ മദിക്കുന്ന ചാരിത്യവതികളെ കൊത്താത്ത വിഷപ്പാമ്പുകളുടെ നാട്ടിൽ.
ഇനിയൽപ്പം പിഴച്ചാലും സർപ്പശിലകളുടെ മുകളിൽ രഹസ്യമായി ഒരു തുളസിയില തെറ്റുവയ്ക്കാം, എല്ലാം കാണുന്ന കരിമ്പനയുടെ ചുവട്ടിലും തെറ്റുവയ്ക്കാം, അങ്ങനെ തെറ്റുചെയ്താലും പരിഹാരമുള്ള നാട്ടിൽ..
പോതിയുടെ പുളിങ്കൊമ്പിൽ കുടിപാർത്ത പണിക്കത്യാരുടെ പ്രേതം ചാരിത്യവതികളുടെ പരദേവതയായ നാട്ടിൽ.
ഇണർപ്പുകളിൽ ഉഗ്രവിഷമുള്ള പാമ്പെറുമ്പുകൾ കൂടുകെട്ടിപ്പാർക്കുന്ന പോതിയുടെ പുളിമരത്തിൽ, ചാരിത്യവതികളുടെ ഭർത്താക്കന്മാർക്ക് മുമ്പിൽ പാമ്പുറുമ്പുകൾ മാറുന്ന, പായൽ വഴുക്കാത്ത ആ പുളിമരത്തിൽ... എന്നിട്ടും ഖസാക്കിലെ ആണുങ്ങളാരും കയറാൻ ധൈര്യപ്പെട്ടില്ല, കെട്ടിയോളുമാരെ അത്രയ്ക്ക് വിശ്വാസമുള്ള പുരുഷന്മാരുടെ നാട്ടിലാണു രവി ചെന്നത്!
രവിയുടെ ഏകാദ്ധ്യാപകവിദ്യാലയത്തിനു എല്ലാ സഹായത്തിനുമെത്തിയത് ശിവരാമൻ നായർ ആയിരുന്നു, അതു മറ്റൊരു പ്രതികാരകാവ്യം.
വിദ്യാലയമാക്കിയത് ഞാറ്റുപുരയായിരുന്നു, ആ ഞാറ്റുപുര വേണ്ടെന്നത് നായരുടെ ആഗ്രഹമാണ്, എന്നാൽ അതിനൊരുവഴിയില്ലാതെ ഇരുന്നപ്പോഴാണ് രവിയുടെ വരവ്.
നായർക്ക് കോടതിയിലും ഹർജ്ജികളിലും കമ്പമുണ്ട്, അല്ലാതേയും പാലക്കാട്ടേയ്ക്ക് പോയി അവിടെ നാലുനാൾ തങ്ങലുണ്ട്. നായർ പാലക്കാട്ട് പോയാൽപ്പിന്നെ കെട്യോൾ നാരായണിയമ്മ ഞാറ്റുപുരയിലാണെപ്പോഴും.
വർഷങ്ങൾക്ക് മുമ്പൊരു നാളിൽ ഈറൻതോർത്ത് മാത്രം ചുറ്റി, മേലാകെ ചന്ദനം പൂശി, മഞ്ഞളിൻ്റെ നിറവും കല്ലൻമുലകളുമുള്ള നാരായണിയമ്മ ഉമ്മറത്ത് ഉലാത്തിയതിൻ്റെ പിറ്റേന്ന്, കാശുമാലയും നീലക്കൽപ്പതക്കവുമിട്ട് ഞാറ്റുപുരയിൽ തനിച്ച്, നായരുടെ വാക്കിനുവിപരീതമായി പോയനാൾ. അന്ന് നായർ ചോദിച്ചു
"നാരായണീ.. അരായിരുന്നു ഞാറ്റുപുരയുടെ മുറ്റത്ത്?"
"കുപ്പു.. പനകയറ്റക്കാരൻ കുപ്പു"
"എന്തിനാ വന്നത്?"
"തീ തരുവോന്ന് ചോദിക്കാൻ"
ശിവരാമൻ നായരുടെ മനസ്സിൽ ഇടിത്തീയായി അവനെത്തി, മാറിലും കൈപ്പടങ്ങളിലും പൊന്നൈരിൻ്റെ തടങ്ങൾപോലെ തഴമ്പുകെട്ടിയ ചെത്തുകാരൻ!
അന്നു തുടങ്ങിയതാണീ പക, ഞാറ്റുപുരയോട്, അതങ്ങനെ ഖസാക്കിലെ ഏകാദ്ധ്യാപകവിദ്യാലയമായി മാറി, അതിനായിഞാറിൻ്റെ മണത്തോടൊപ്പം നായരുടെ പകയും കൂടിയായിരുന്നു ആബിദ കഴുകിക്കളഞ്ഞത്!
No comments:
Post a Comment