രവീന്ദ്രനാഥ ടാഗോറിൻ്റെ ബംഗാളി ഭാഷയിലുള്ള രചനയാണ്, അത് ഇംഗ്ലീഷിൽ "ദ ബോട്ട് റക്ക്" എന്ന പേരിൽ വിവർത്തനം ചെയ്തിട്ടുമുണ്ട്. രണ്ട് വിവാഹപ്പാർട്ടികൾ സഞ്ചരിക്കുന്ന ബോട്ടുകൾ കൂട്ടിയിടിച്ച് മുങ്ങുകയും, ബന്ധുക്കളൊക്കെ മരണമടയുമ്പോഴും വരനും വധുവും രക്ഷപ്പെടുകയും ചെയ്യുന്ന കഥയാണത്; പക്ഷേ രക്ഷപ്പെട്ടത് ഈ ബോട്ടിലെ വരനും ആ ബോട്ടിലെ വധുവും ആയിരുന്നുവെന്നു മാത്രം!
പരസ്പരം കാണാതെ വിവാഹം കഴിക്കുന്ന അക്കാലത്തെ ആചാരങ്ങളിൽ നായകനായ രമേഷ് വിവാഹവസ്ത്രത്തിൽ കണ്ടെത്തിയ പെൺകുട്ടി തൻ്റെ ഭാര്യയാണെന്ന് ധരിച്ച് കമലയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയും അവർ ദാമ്പത്യജീവിതത്തിൽ ഏർപ്പെടുകയും ചെയ്യുന്നു.
രമേഷ് തൻ്റെ അയൽക്കാരിയും ബാല്യകാലസുഹൃത്തുമായ ഹേമമാലിനിയെ പ്രണയിച്ചിരുന്നു, അവൾ തിരിച്ചും; എന്നാൽ രമേഷിൻ്റെ പിതാവ് അതിനെ എതിർക്കുകയും അദ്ദേഹം മറ്റൊരു പെൺകുട്ടിയുമായി അവൻ്റെ വിവാഹം ഉറപ്പിക്കുകയും ചെയ്തതായിരുന്നു. എന്തായാലും അദ്ദേഹവും ബോട്ടപകടത്തിൽ കൊല്ലപ്പെട്ടു. ഹേമമാലിനി മാനസ്സികമായി തകർന്ന് വിഷാദരോഗിയായി കാശിയിൽ ഡോക്ടർ നളിനാക്ഷൻ്റെ ചികിത്സയിലുമായി.
മൂന്ന് മാസങ്ങൾക്കിപ്പുറം താൻ യഥാർത്ഥത്തിൽ വിവാഹം കഴിച്ച പെൺകുട്ടിയല്ല കമലയെന്ന് രമേഷ് തിരിച്ചറിയുന്നു ഒപ്പം ഹേമമാലിനിയുടെ ദുരവസ്ഥയും. ഒരിക്കലും ദൃഢമായ തീരുമാനമെടുക്കാൻ സാധിക്കാത്ത രമേഷ്, കമലയോട് കടമയാലും ഹേമയോട് പ്രണയത്താലും ബന്ധിക്കപ്പെട്ട അവസ്ഥയിൽ വിവശനാകുന്നു.
ഹേമയ്ക്ക് അവനെഴുതി പോസ്റ്റ് ചെയ്യാത്ത ഒരു കത്തിലൂടെ കമല സത്യമറിയുന്നു, അവൾ രമേഷിനെ ഉപേക്ഷിച്ച് സ്വന്തം ഭർത്താവിനെ കണ്ടെത്തുന്നു. രമേഷ് കമലയുടെ ആത്മഹത്യാക്കുറിപ്പിനെ പിന്തുടർന്ന് കാശിയിൽ അവളുടെ ഭർത്തൃഗൃഹം വരെയെത്തുന്നു. അവനു കമലയെ ഇഷ്ടമാണ് അബദ്ധത്തിലെങ്കിലും സംഭവിച്ച തെറ്റിൻ്റെ പേരിലും, അധികം വിദ്യാഭ്യാസമില്ലെങ്കിലും, സ്നേഹമുള്ള, വീട് നടത്തിക്കൊണ്ടുപോകാൻ അതീവ കഴിവുള്ളതിൻ്റെ പേരിലും, ഉയർന്ന വിദ്യാഭ്യാസവും, മാനസിക നിലവാരമുള്ള ഹേമയെ ആദ്യപ്രണയമെന്ന പേരിലും. രമേഷ് ഹേമയെ വിവാഹം കഴിച്ചിരിക്കാം, അത് അപ്രസക്തമാണ്.
ഈ കഥ തോപ്പിൽഭാസി മലയാളീകരിച്ചതാണ് അഗ്നിപരീക്ഷ എന്ന സിനിമ.ബോട്ടിനു പകരം അഗ്നിപരീക്ഷ സിനിമയിൽ ഒരു ട്രയിനപകടമാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമാകുന്നത്. രമേഷായി നസീറും, നളിനാക്ഷൻ (മോഹൻ) ആയി സത്യനും, ഹേമയായി ശാരദയും, കമലയായി ഷീലയും തകർത്തിട്ടുണ്ട്.
ആ സിനിമയിലെ ഇരട്ടിപ്പുകൾ കൊണ്ട് അതിമധുരം സൃഷ്ടിച്ച ഗാനമാണ്
"ഉറങ്ങിക്കിടന്ന ഹൃദയം നീ ഉമ്മവെച്ചുമ്മവെച്ചുണർത്തി"
ഉമ്മവെച്ചുമ്മവെച്ചു, ചുവക്കെ ചുവക്കെ, ചിലയ്ക്കെ ചിലയ്ക്കെ, തുടിക്കെ തുടിക്കെ...അങ്ങനെ ഇരട്ടിപ്പുകളുടെ ഒരു ഘോഷയാത്രയാണീ ഗാനത്തിൽ.
സിനിമയുടെ കഥാഗതിയിൽ അപരിചിതർ അഥവാ മാറിപ്പോയ ഇണകളിൽ നിരന്തരമായ സാമീപ്യത്താൽ ഉറവയെടുത്ത്, കുത്തൊഴുക്കായി തീരുന്ന പ്രണയം...
അതിൻ്റെ ഘട്ടം ഘട്ടമായ വികാസം.. ഈ വരികളിലൂടെ യാത്ര ചെയ്‌താൽ വ്യക്തമാവും.
ആദ്യചാരണാന്ത്യം തളിരിട്ടു.. രണ്ടാമത്തേതിൽ കതിരിട്ടു...
തളിരിനു ശേഷമെത്തുന്ന പൂവിൽ പരാഗരേണുക്കൾ പതിച്ച് മാത്രമേ കതിരാവൂ...
പ്ലീസ്സ് നോട്ട് യുവർ ഹോണർ!!!
"ഉറങ്ങിക്കിടന്ന ഹൃദയം നീ
ഉമ്മവെച്ചുമ്മവെച്ചുണർത്തി
മനസ്സിൽ പതഞ്ഞ മധുരം നീ
മറ്റൊരു പാത്രത്തിൽ പകർത്തി
മലർക്കെ തുറന്ന മിഴികൾ കൊണ്ടു
മയൂരസന്ദേശമെഴുതി
ചുവക്കെ ചുവക്കെ ചൊടികൾ എത്ര
ചൂടാത്ത പൂവുകൾ നീട്ടി
അടുത്തു അനുരാഗം തളിരിട്ടു
ചിലയ്ക്കെ ചിലയ്ക്കെ മൊഴികൾ നെഞ്ചിൽ
ശൃംഗാര തേൻ കൂടു കൂട്ടി
തുടിക്കെ തുടിക്കെ മോഹം കൂട്ടില്‍
തൂവൽ കിടക്ക നിവർത്തി
അടുത്തു അനുരാഗം കതിരിട്ടു"
ഗാനം ആസ്വദിക്കാം ല്ലേ...
No comments:
Post a Comment