ശിവനേ സസ്യാഭുക്കുകൾ എണ്ണിയാലൊടുങ്ങില്ല
മാംസാഹാരികളല്ലോ അദ്വൈതസ്വരൂപികൾ!
ഭുജിച്ച മത്സ്യമാംസങ്ങൾ താൻ ഗണം തിരിക്കുന്നു
ഭ്രൂണമുട്ടകൾ വിവിധ ക്ഷീരോത്പന്നങ്ങളും
(Classification by Egg, Meat and Diary)
പഴങ്ങൾ പച്ചില ധാന്യം കിഴങ്ങ് കായ്കനികളും
ഇതൊക്കെമാത്രം എന്നും കഴിക്കുന്നോരാ ശുദ്ധർ
ത്യജിക്കും മത്സ്യം മാംസം അണ്ഡനിർമ്മിതമെല്ലാം
വെടിഞ്ഞീടുന്നു ഇവർ ക്ഷീരോത്പ്പന്നങ്ങൾ പാടേ
(Vegan the pure Vegetarians)
ചിലർക്ക് വേണേൽ മുട്ട കഴിക്കാം ഇഷ്ടമ്പോലെ
ത്യജിക്കവേണം പക്ഷേ മത്സ്യവും മാംസാദിയും
ഇവർക്കും വേണ്ടാ ക്ഷീരോത്പ്പന്നങ്ങൾ തീരെ
അവർക്കിടും പേരല്ലോ ഭ്രൂണസസ്യാഹാരികൾ
(Eggitarians - Ovo Vegetarians)
അടുത്ത കൂട്ടർക്കിനി രുചിച്ചിടാം കേക്കാവോളം
വിധിച്ചതില്ല പക്ഷേ പൊരിച്ച മുട്ടകൾപോലും
പുഴുങ്ങിക്കിട്ടും മുട്ട ത്യജിക്കും ത്യാഗികളെ
പരക്കെയറിഞ്ഞീടും കേക്കുസസ്യാഹാരികൾ
(Caketrarians)
ഒഴിക്കാം ചാറെടുത്ത് കുഴച്ചു കൂട്ടാം പക്ഷേ
കടിച്ചുകൂട അതിൻ കഷണമൊന്നുപോലും
ഇവർക്ക് പാലും മുട്ടേം കഴിക്കാമിഷ്ടമ്പോലെ
രുചികൾ തിരയുന്നോർ ചാറുസസ്യാഹാരികൾ
(Gravitarians - Ovo Lacto Vegetarians)
മികച്ച കൂട്ടരിവർ കഴിക്കും പുറത്തൂന്ന്
ഗൃഹത്തിൽ വച്ചുപക്ഷേ നിനച്ചാൽപ്പോലും ദോഷം
അടിച്ചുവിടുമേതും പുരയ്ക്ക് പുറത്തിവർ
ഗൃഹത്തിൽ അറിയാത്ത വിലക്കുസസ്യാഹാരി
(Restictarians)
വിചിത്ര സ്വഭാവക്കാർ കഴിക്കും സുരയ്ക്കൊപ്പം
കടിച്ചുതിന്നും മാംസം ലഹരിനുണയുമ്പോൾ
കുടിക്കാതിരിക്കിലോ ശുദ്ധസസ്യാഹാരികൾ
ഇവർക്ക് പേരാണത്രേ പച്ചയിൽസസ്യാഹാരി
(Boozytarians)
ക്ഷമിക്കയിവരോട് ബലത്താൽ കഴിച്ചുപോയ്
പരൻ്റെ നിർബന്ധത്താൽ കഴിക്കുമെന്തുമേതും
ഇവർക്ക് പിറവിയാൽ പഥ്യമേ സസ്യാഹാരം
അവർക്ക് പേരാണല്ലോ അബലസസ്യാഹാരി
(Forcitarians)
ജനത്തിൻ ആചാരത്തിൽ ലയിക്കകൊണ്ട് ചൊവ്വ
ശനിക്കും പിന്നെ വ്യാഴം തികച്ചും സസ്യാഹാരം
തരത്തിലെന്തും തട്ടാം ബുധനും വെള്ളീം ഞായർ
അവർക്ക് സർവ്വനാമം കലണ്ടർസസ്യാഹാരി
(Calendarians)
എനിക്ക് പ്രിയങ്കരം കടിച്ചാൽ തിരിച്ചൊന്ന്
കടിക്കാത്തവ ഏതും കഴിക്കും കൂട്ടരെത്താൻ
അവർക്ക് ഭുജിക്കുവാൻ വിലക്കായ് ഒന്നുമില്ല
കടിച്ചുപറിച്ചീടും ശുദ്ധമാംസാഹാരപ്രിയർ
(Non Vegetarians)
No comments:
Post a Comment