Sunday, November 15, 2020

സൗഭം

പുഷ്പകം എന്ന് പറഞ്ഞാൽ ഒരുപക്ഷേ ഹിന്ദുക്കളെല്ലാം തന്നെ തിരിച്ചറിയും, അതൊരു വിമാനമാണെന്ന്, അത് വൈശ്രവണൻ്റേതായിരുന്നെന്നും, പിന്നീട് രാവണൻ സ്വന്തമാക്കി, രാവണവധത്തിനുശേഷം രാമനും, വിഭീഷണനും അതിൻ്റെ ശരിയായ ഉടമയായ നളകൂബരനും ഉപയോഗിച്ചുവെന്നും.എന്നാൽ വിമാനങ്ങളുടെ കഥ അവിടെക്കൊണ്ട് അവസാനിക്കുന്നില്ല, ദ്വാപരയുഗത്തിൽ ഉപയോഗിച്ചതായി കാണപ്പെടുന്ന വിമാനമാണ് സൗഭം. നമുക്ക് വ്യാസഭാരതത്തിലൂടെയും ഭാഗവതത്തിലൂടേയും ആ വിമാനത്തിൻ്റെ കഥ തേടിപ്പോകാം, 19 - 20 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റൈറ്റ് സഹോദരന്മാരേക്കാൾ 5000 വർഷം പഴക്കമുള്ള ചില വിമനക്കഥകൾ.

ഇന്നത്തെ പാകിസ്ഥാനിലെ സിയാൽക്കോട്ടിനുമപ്പുറം ഏതാണ്ട് അഫ്ഗാനിസ്ഥാനിലേയ്ക്ക് വ്യാപിച്ചു കിടന്ന സാല്വ രാജ്യത്തെപ്പറ്റിയാണിത്, പാണ്ഡുവിൻ്റെ രണ്ടാം ഭാര്യ മാദ്രിയുടെ ജന്മരാജ്യമായ മാദ്രം ആണ് സിയാൽക്കോട്ട്. സാൽവ്വൻ തീർച്ചയായും മഹാഭാരതത്തിലെ ശ്രീകൃഷ്ണൻ്റെ എതിർചേരിയിൽ നിന്ന രാജാവായിരുന്നു; ശിശുപാലനും, കംസനും, ജരാസന്ധനും, ദന്തവക്രനും, ഏകലവ്യനും ഒപ്പമായിരുന്നു അദ്ദേഹം, അതിനാൽത്തന്നെ ദുര്യോധനനുമായി അടുപ്പത്തിലുമായിരുന്നു.

സാൽവ്വരാജ്യത്തെ നമ്മൾ അറിയപ്പെടുന്നത് സത്യവാൻ്റെയും, യമനെ മറികടന്നു സത്യവാൻ്റെ ജീവൻ നിലനിർത്തിയ സാവിത്രിയുടേയും നാടെന്നുകൂടിയാണ്. ആ രാജ്യത്തിൻ്റെ തലസ്ഥാനമായിരുനു സൗഭം.

ജരാസന്ധ-ശിശുപാല വധങ്ങളിൽ പ്രകോപിതനായ സാല്വൻ പരമശിവനെ തപസ് ചെയ്തു പ്രസാദിപ്പിച്ചു. തനിക്ക് ഉന്നത സാങ്കേതികവിദ്യയിലുള്ള ഒരു ആകാശവാഹനം വേണമെന്ന് ആവശ്യപ്പെട്ടു.

മഹാദേവൻ്റെ നിർദ്ദേശപ്രകാരം അസുരശിൽപ്പിയായ മയൻ ഇരുമ്പിനാൽ ഒരു വിമാനമുണ്ടാക്കി, അത് അതിവേഗത്തിൽ സഞ്ചരിക്കുന്നതും, ഭൂമിയിലും, ആകാശത്തും, പർവ്വതശിഖരങ്ങളിലും, ജലത്തിലും ഇറങ്ങുന്നതുമായിരുന്നു.

സൗഭം എന്നു വിമാനത്തിനു പേരു നൽകിയ സാല്വൻ ആദ്യം ചെയ്തത് ദ്വാരക ആക്രമിക്കുക എന്നതാണ്. ആകാശമാർഗ്ഗമുള്ള ആക്രമണത്താലും, മിസൈലുകൾ ഉപയോഗിച്ചതിനാലും വൃഷ്ണികൾ ഭയചകിതരായി. എന്നാൽ രുഗ്മിണിയുടെ പുത്രനും ധീരനുമായ പ്രദ്യുമ്നൻ അവരെ സാന്തനിപ്പിച്ച്, ധൈര്യം നൽകി, ഏകോപിപ്പിച്ചു യുദ്ധം ചെയ്തു.

സാത്യകിയും, ചാരുദേഷ്ണ, സാംബൻ, അക്രൂരൻ, ഹാർദ്ദിക്യ, ഭാനുവിന്ദൻ, ഗാധൻ, ശുകൻ, സാരണൻ അങ്ങനെ വില്ലേന്തിയ യാദവ പോരാളികൾ സാല്വനെ എതിർത്തു. എങ്കിലും അതിവേഗം സഞ്ചരിച്ച ആ വിമാനത്തെ അവർക്ക് ലക്ഷ്യം വയ്ക്കാൻ കഴിഞ്ഞില്ല.

പ്രദ്യുമ്നൻ സാല്വനെ അസ്ത്രങ്ങളാൽ മുറിവേൽപ്പിക്കുകയും, സേനാനായകനായ ധ്യുമനെ വധിക്കുകയും ചെയ്തെങ്കിലും, സാല്വൻ്റെ ആകാശമാർഗ്ഗമുള്ള മിസൈലാക്രമണത്തിൽ മുറിവേറ്റു, ദാരുകൻ്റെ പുത്രനായ സാരഥി ബുദ്ധിപൂർവ്വം അവനെ യുദ്ധമുഖത്തുനിന്നും മാറ്റിക്കളഞ്ഞു.

തൻ്റെ അനന്തരതലമുറയുടെ യുദ്ധപാടവം ആസ്വദിച്ചുനിന്ന ശ്രീകൃഷ്ണൻ അതോടെ നേരിട്ട് യുദ്ധരംഗത്തെത്തി. കൃഷ്ണൻ്റെ രഥം കണ്ടയുടനെ സാല്വൻ വളരെ ശക്തമായ ഒരു യന്ത്രമുക്ത മിസൈൽ ഉപയോഗിച്ചു, ഭാരതത്തിൽ പറയുന്നത് അത് "ആകാശത്തിലൂടെ ഒരു ഉൽക്കയെപ്പോലെ ജ്വലിച്ചും ഭീകരമായ ഇരമ്പലോടെ പാഞ്ഞുവന്നു" എന്നാണ്. ഭാഗവതം പറയുന്നത് "ആകാശം മുഴുവൻ ജ്വലിപ്പിച്ചുകൊണ്ടത് ഭീകരമായ ശബ്ദത്തോടെ വന്നു" എന്നാണ്.

ശ്രീകൃഷ്ണൻ തൻ്റെ അനേകം പ്രതിരോധ ആയുധങ്ങളാൽ അത് ആകാശത്തുവച്ചുതന്നെ തകർത്തു, പിന്നീട് ആയിരക്കണക്കണക്കിനു യന്ത്രമുക്തമായ മിസൈലുകൾ രഥത്തിൽനിന്നും സൗഭവിമാനത്തിൽ പ്രയോഗിച്ചതിനാൽ അത് തകരാറിലായി, തകർന്നു ദ്വാരകാ ഉൾക്കടലിൽ പതിച്ചു.

വിമാനം തകരാറിലായപ്പോൾ സാല്വൻ പാരച്യൂട്ട് പോലെ ഒരുപകരണത്തിൻ്റെ സഹായത്തോടെ വിമാനത്തിൽ നിന്നും താഴേയ്ക്ക് ചാടി. ദ്വാരകയുടെ മണ്ണിൽ വച്ച് ശ്രീകൃഷ്ണനോട് യുദ്ധം ചെയ്ത സാല്വൻ്റെ കൈകൾ അസ്ത്രങ്ങളാലും, കഴുത്ത് സുദർശ്ശനചക്രത്താലും കൃഷ്ണൻ അരിഞ്ഞുവീഴ്ത്തി.

അതോടെ ശിവദത്തമായ സൗഭം എന്ന വിമാനവും, അതിൻ്റെ ഉടമസ്ഥനും നശിപ്പിക്കപ്പെട്ടു, അത് സംഭവിച്ചില്ലായിരുന്നെങ്കിൽ 17 അക്ഷൗഹിണിപ്പടയ്ക്കു മുകളിൽ ബോംബുകളും മിസൈലുമായി സൗഭം മഹാഭാരതയുദ്ധത്തിൽ പാണ്ഡവപ്പടയെ കഷ്ടപ്പെടുത്തുമായിരുന്നു എന്ന് ദ്രോണപർവ്വത്തിൽ ശ്രീകൃഷ്ണൻ തന്നെ പറയുന്നു.

ഇനി നമുക്ക് ചില ശ്ലോകങ്ങൾ നോക്കാം, മഹാഭാരതത്തിലും ഭാഗവതത്തിലും ഉള്ളവയാണ്, സ്വന്തം പൈതൃകത്തിൽ താൽപ്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കായി തിരയാൻ സഹായകരമാകട്ടേ ...

"സ ലബ്ധാ കാമ-ഗം യാനം
തമോ-ധാമ ദുരാസാദം
യായസ് ദ്വാരവതിം സാല്വോ
വൈരം വൃഷ്ണി-കൃതം സ്മരൺ"

"ഇതി അർധ്യമാന സൗഭേന
കൃഷ്ണായ നഗരീ ഭൃശം
നാഭ്യപാദ്യതാ സം രാജാംസ
ത്രി-പുരേന യതാ മഹീ"

"തം ശസ്ത്ര-പൂഗൈഃ പ്രഹരന്തം ഓജസാ
സല്വം ശരൈഃ ശൗരിർ അമോഘ-വിക്രമാഃ
വിദ്ധ്വാച്ചിനദ്വർമ്മ ധനുഃ ശിരോ-മണിം
സൗഭം ച ശത്രോർ ഗദയാ രുരോജ ഹ"

"തത് കൃഷ്ണ-ഹസ്തേരിതായാ വിചൂർണ്ണിതം
പപാത തോയേ ഗദയാ സഹസ്രധാ
വിസ്രജ്യ തദ് ഭൂ-തലം ആസ്തിതോ ഗദാം
ഉദ്യമ്യ സാല്വോ ച്യുതം അഭ്യഗാദ് ദ്രുതം"

No comments:

Post a Comment