Showing posts with label മേഘനാദം. Show all posts
Showing posts with label മേഘനാദം. Show all posts

Friday, March 23, 2018

മേഘനാദം ഭാഗം 5 - മണ്ഡോദരി

അശോകവനത്തിൽ മൈഥിലിയ്ക്കും മകൾ ത്രിജടയ്ക്കും ഒപ്പം കുശലം പറഞ്ഞിരുന്ന സരാമയെ തേടി വന്ന ചാരന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു, ആ തിളക്കത്തിൽ മതിമറന്ന അവൾ, ഇനി ആരേയും ഭയപ്പെടാനില്ല എന്നുറച്ച് ഉറക്കെ തന്നെ ചോദിച്ചു

"ലങ്കേശൻ വധിയ്ക്കപ്പെട്ടോ? രാമസേനവിജയം നേടിയോ? എന്താണ് നിന്റെ സന്ദേശം?"

അവളുടെ അമിതാവേശത്തിന്റെ അലയൊലികൾ പടർന്നപ്പോൾ ജാനകിയും, ത്രിജടയും ആഹ്ളാദത്തോടെ എണീറ്റ് പടയാളിയുടെ വാക്കുകൾക്കായി കാത്ത് നിന്നു.

അരികിലെത്തിയ അവൻ സരാമയ്ക്ക് മറുപടി നൽകി

"ലങ്കേശൻ ഇനിയും വധിയ്ക്കപ്പെട്ടിട്ടില്ല, എന്നാൽ അതിനിനി അധികം സമയമില്ല, ഇന്ന് തന്നെ യുദ്ധം അവസാനിയ്ക്കും എന്ന് അറിയിയ്ക്കാൻ പ്രഭു കൽപ്പിച്ചു, എന്നാൽ മഹാരാജ്ഞി മണ്ഡോദരിയ്ക്ക് എന്തോ ആപത്ത് സംഭവിച്ചിരിയ്ക്കുന്നതിനാൽ എത്രയും പെട്ടെന്ന് അന്തപ്പുരത്തിൽ എത്തി വേണ്ടത് ചെയ്യണമെന്ന കൽപ്പനയറിയ്ക്കുവാൻ ആണ് ഇപ്പോൾ അടിയൻ വന്നത്"

ചാരന്റെ വാക്കുകൾ അവർ മൂവരിലും ഉയർന്നു നിന്ന ആഹ്ളാദത്തിരമാലകൾ അടക്കിയെങ്കിലും, സന്തോഷം അകലെയല്ല എന്ന തോന്നൽ നിലനിന്നു. മൈഥിലി ആ പടിക്കെട്ടിൽ ഇരുന്നപ്പോൾ, തിജട മറ്റ് തോഴികളെ വിളിച്ച് സീതയ്ക്ക് കൂട്ടായി നിൽക്കുവാൻ കൽപ്പിച്ചു. സരാമ മാത്രം തികച്ചും അസ്വസ്ഥയായി അവിടെ നിലകൊണ്ടു. 'എന്താണ് ജേഷ്ഠത്തിയ്ക്ക് പറ്റിയ അപകടം? എന്നതിലേറെ, എന്തിനാണ് തന്റെ ഭർത്താവിനീ കര്യത്തിൽ ഇത്ര താൽപ്പര്യം? എന്നതാണ് അവളെ ആകുലയാക്കിയത്' ഏറെ നാളുകളായി കാത്തിരിയ്ക്കുന്ന ആ മുഹൂർത്തം അരികിലെത്തിയതിന്റെ സന്തോഷം ഒരുന്മാദത്തിന്റെ വക്കോളമെത്തിയതായിരുന്നു, എല്ലാം ഒരു നിമിഷം കൊണ്ട് തകിടം മറിഞ്ഞിരിയ്ക്കുന്നു.

ഇളയരാജാവിന്റെ പത്നിയായ കാലം മുതലുള്ള സ്വപ്നമാണ് ലങ്കയുടെ മഹാരാജാവായ ഭർത്താവും, പട്ടമഹിഷിയായി താനും! ലങ്കേശന്റേയും, മണ്ഡോദരിയുടേയും അധികാരവും, ആഡംബരങ്ങളും എന്നും താൻ അസൂയയോടെയാണ് നോക്കി കണ്ടിരുന്നത്. അതൊക്കെ എന്നെങ്കിലും തനിയ്ക്കും സ്വന്തമാകും എന്ന് കരുതിയിരിയ്ക്കേ ആണ് മേഘനാദൻ യുവരാജാവായി വരുന്നത്, അതോടെ ആ സ്വപ്നങ്ങൾ എല്ലാം കരിഞ്ഞുണങ്ങി. അടുത്ത ലങ്കേശൻ ആയി മേഘനാദൻ പട്ടാഭിഷേകം ചെയ്യപ്പെടുമെന്ന് മൂന്നുലോകവും തിരിച്ചറിഞ്ഞതോടെ തകർന്ന് പോയ ഭർത്താവിനെക്കാൾ ജീവിതം തന്നെ വേറുത്ത് പോയിരുന്നു അവൾ.

ഏറെ വർഷങ്ങൾക്കിപ്പുറം സീതാപഹരണവും, ബാലിവധവും, സുഗ്രീവൻ കിഷ്ക്കിന്ധാപതി അവരോധിയ്ക്കപ്പെട്ടതും വീണ്ടും പ്രതീക്ഷകൾ പൂവണിയിച്ചു. എത്രയോ രാത്രികൾ ഭർത്താവ് ഇതിനെപ്പറ്റി മാത്രം ചർച്ച ചെയ്ത് ഉറങ്ങാതിരുന്നു! പിന്നീട് വിശ്വസ്തരായ ചാരന്മാരെ ലങ്കയിൽ മർമ്മപ്രധാനമായ ഇടങ്ങളിലെല്ലാം വിന്യസിച്ച്, സമുദ്രം താണ്ടി രാമനുമായി സന്ധി ചെയ്ത്, ലങ്കയുടെ ഭാവി മഹാരാജാവായി രാമനാൽ പട്ടം ചാർത്തപ്പെട്ടു. അപ്പോഴും അതൊരു വിദൂരസാദ്ധ്യത മാത്രമായിരുന്നു.

യുദ്ധത്തിന്റെ തലേദിവസം വന്ന സന്ദേശത്തിൽ മുഴുവൻ ഒരാശങ്ക മാത്രമായിരുന്നു നിറഞ്ഞ് നിന്നിരുന്നത്... യുദ്ധത്തിന്റെ നീതീകരണത്തിൽ അച്ഛനും മകനും തമ്മിൽ തർക്കമുണ്ടായി ലങ്കേശൻ മകനെ യുദ്ധത്തിൽ പങ്കെടുപ്പിയ്ക്കതിരുന്നാൽ... ധീരനായ മേഘനാദൻ ജീവിച്ചിരിയ്ക്കുമ്പോൾ പിതാവിനെ യുദ്ധത്തിനയക്കില്ല എങ്കിലും.... പുത്രനെ വിലക്കി യുദ്ധത്തിനെത്തി ലങ്കേശൻ ആദ്യം വധിയ്ക്കപ്പെട്ടാൽ, സുലോചന മൈഥിലിയെ മടക്കി നൽകി യുദ്ധം അവസാനിപ്പിയ്ക്കുവാൻ മേഘനാദനെക്കൊണ്ട് സമ്മതിപ്പിയ്ക്കും എന്നുറപ്പാണ്. പിന്നെന്ത് യുദ്ധം? മേഘനാദൻ ആവും പുതിയ ലങ്കേശൻ.

ആ ആശങ്കകൾക്ക് അധികം ആയുസ്സുണ്ടായില്ല, മേഘനാദൻ തന്നെ യുദ്ധം നയിച്ചു; എന്നാൽ മേഘനാദന്റെ മരണത്തോടെ ഇരു വിഭാഗത്തിൽ ആരു ജയിച്ചാലും ലങ്കയുടെ മഹാരാജാവെന്ന പദവി ഇന്നല്ലെങ്കിൽ നാളെ ലഭിയ്ക്കുമെന്ന് ഉറപ്പായി. ലങ്കേശന്റെ പുത്രന്മാർ ഓരോരുത്തരായി വധിയ്ക്കപ്പെട്ടപ്പോൾ ആ സാദ്ധ്യത കൂടി വരുന്നതായി അറിഞ്ഞു, ഇപ്പോൾ ഇന്നുതന്നെ ലങ്കേശൻ കൂടി വധിയ്ക്കപ്പെടുമെന്ന് അറിയുമ്പോൾ, കയ്യെത്താവുന്ന അകലത്തിൽ ഭർത്താവിനു ലങ്കേശന്റെ സിംഹാസനവും, തനിയ്ക്ക് വാമഭാഗത്ത് മഹാരാജ്ഞിയെന്ന പദവിയും എത്തി നിൽക്കുന്നു. അപ്പോഴാണ് വെള്ളിടി പോലെ മനസ്സിലേയ്ക്ക് ആ സന്ദേഹം കടന്നുവന്നത്!!!

ലങ്കേശൻ സഹോദരപത്നിയായല്ല തന്നെ കണ്ടിരുന്നത്, മേഘനാദനൊപ്പം പിറക്കാതെ പോയ ഒരു പുത്രിയെ പോലെ വാത്സല്യത്തോടെ മാത്രമേ ഇന്നോളം പെരുമാറിയിട്ടുള്ളൂ, അതിനാൽ തന്നെ രാമനോട് സൗഹൃദം തേടിപ്പോയ ഭർത്താവിന്, ഭാര്യയുടേയോ മകളുടെയോ സുരക്ഷിതത്വത്തെപ്പറ്റി യാതൊരു ഉത്കണ്ഠയും ഉണ്ടായിരുന്നില്ല. എന്നാൽ കൊട്ടാരത്തിൽ രാജ്ഞിയായി എല്ലാ സുഖസൗകര്യങ്ങളും തന്ന ലങ്കേശനിൽ നിന്നു വ്യത്യസ്ഥനായി, അശോകവനത്തിലെ സുന്ദരിയ്ക്ക് കാവൽക്കാരിയും ദാസിയുമാക്കുവാനാണ് ഭർത്താവ് ശ്രമിച്ചത്, അത് വരും കാല സ്വാമിനിയോടുള്ള ദാസ്യം ആയിരുന്നു.

പരസ്ത്രീവിഷയത്തിൽ ഭർത്താവിനെ പറ്റി അത്ര നല്ലതൊന്നുമല്ല കേട്ടിരുന്നത്, എങ്കിലും രാജാനോ ബഹുവല്ലഭാഃ എന്ന് സ്മൃതികളിലൂടെ ചിരിച്ച് തള്ളുന്ന പതിയെ നിയന്ത്രിയ്ക്കുവാനും കഴിഞ്ഞിരുന്നില്ല. കിഷ്ക്കിന്ധയിലെ ബാലി മഹാരാജാവിന്റെ ഭാര്യ താരയെ അനുജൻ സുഗ്രീവൻ പട്ടമഹിഷിയാക്കിയ കഥ അറിഞ്ഞപ്പോൾ മനസ്സിൽ ഒരു ചെറുകനൽ വീണിരുന്നു, അണയാതെ കിടന്ന ആ കനൽ ഇതാ ഇപ്പോൾ ആളിക്കത്തുന്നു. മണ്ഡോദരി എന്നും ലങ്കേശന്റെ പട്ടമഹിഷി, സിംഹാസനത്തിലെ ആളുകൾ മാത്രം മാറുന്നു, ഇതുവരെ പരസ്യമായി താൻ മാത്രമായിരുന്നു പത്നി, ഇനി ആ പദവും നഷ്ടമാകുകയാണോ .. ഇനി മേൽ താൻ വെറുമൊരു സപത്നി???

സരാമ മൈഥിലിയ്ക്കരികിൽ തളർന്നിരുന്നു, ത്രിജട ആ കാഴ്ച്ച കണ്ട് അമ്മയ്ക്കരികിലെത്തി തിരക്കി

"അമ്മയെന്താണിവിടെ ഇരിയ്ക്കുന്നത്? വലിയമ്മയ്ക്ക് എന്തോ ആപത്ത് വന്നെന്ന് കേട്ടില്ലേ? അവിടേയ്ക്ക് ആദ്യം ഓടിയെത്തേണ്ട ആളല്ലേ അമ്മ? വരൂ നമുക്ക് ശീഘ്രം പോകാം"

അവളുടെ അമിതാവേശത്തിൽ അമർഷത്തോടെ അമ്മ പ്രതികരിച്ചു

" നീ പോയി വിവരങ്ങൾ തിരക്കി വേണ്ടത് ചെയ്യൂ.. ഞാൻ ഇവിടെ ഇരിയ്ക്കാം, ജാനകിയ്ക്ക് കൂട്ടായി"

ഇത്തവണ സംസാരിച്ചത് ജാനകി ആയിരുന്നു

"ഒരു സ്ത്രീ, അതാരായാലും അപകടത്തിൽ പെട്ടെന്നറിഞ്ഞാൽ സഹായിയ്ക്കേണ്ടേ? പ്രത്യേകിച്ച് ബന്ധുക്കൾ ആവുമ്പോൾ, എന്നെ കാര്യമാക്കേണ്ട, നിങ്ങൾ പോയി എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യുക"

സരാമ വളരെ ശാന്തയായി അതിനു മറുപടി പറഞ്ഞു

"സ്വമിനീ, ഇത് ലങ്കയുടെ മഹാരാജ്ഞിയുടെ കാര്യമാണ്, അതും അവരുടെ അന്തപ്പുരത്തിൽ, അവിടെ ആയിരങ്ങൾ അംഗരക്ഷകരായും, ദാസികളായും ഉണ്ട് സൗഖ്യം ശ്രദ്ധിയ്ക്കുവാൻ, ഞാൻ എന്റെ നാഥൻ എന്നെ ഏൽപ്പിച്ച അവിടുത്തെ സംരക്ഷണം എന്ന ഉത്തരവാദിത്വം നിറവേറ്റട്ടേ, നിർബ്ബന്ധിച്ച് എന്നെ വിവശയാക്കാതിരുന്നാലും."

മൈഥിലിയ്ക്ക് മറുപടി പറയാനിടം കൊടുക്കാതെ അവൾ മകളെ നോക്കി തുടർന്നു

" ത്രിജട.. നീ വേഗം പോയി വേണ്ടത് ചെയ്യൂ..."

ആ വാക്കുകൾ ലങ്കയുടെ പുതിയ മഹാരാജ്ഞിയുടേതായിരുന്നു, ആ ഖനഗംഭീരതയ്ക്ക് മുന്നിൽ മൈഥിലിയും ത്രിജടയും നിശബ്ദരായി.

അന്തപ്പുരത്തിൽ പാഞ്ഞെത്തിയ ത്രിജട കണ്ടത് പൂർണ്ണനഗ്നയായി, രക്തത്തിൽ കുളിച്ച്, ബോധരഹിതയായി കിടക്കയിൽ കിടക്കുന്ന മണ്ഡോദരിയെ ആയിരുന്നു. സ്വന്തം അമ്മയേക്കാൾ അവളെ എന്നും സ്നേഹിച്ചിരുന്ന വലിയമ്മയുടെ ആ അവസ്ഥയിൽ അവൾ ആകെ തകർന്ന് പോയെങ്കിലും വേഗം വസ്ത്രം ധരിപ്പിച്ച് കിടത്തി, മണിയടിച്ച് മറ്റുള്ളവരെ വരുത്തി, വൈദ്യന്റെ സഹായത്തോടെ പ്രജ്ഞ വീണ്ടെടുത്തു. എണീറ്റ് നിൽക്കാൻ ത്രാണിയില്ലാതിരുന്ന വലിയമ്മയെ കുളിപ്പിച്ച്, മുറിവുകളിൽ മരുന്ന് പുരട്ടി, ഉള്ളിൽ കഴിയ്ക്കുവാനുള്ള മരുന്നുകൾ നൽകി, ശയ്യ ഒരുക്കി നിദ്രയുടെ വിശ്രമം നൽകുവാൻ ശ്രമിച്ചു. എന്നാൽ നിദ്ര മണ്ഡോദരിയെ സ്പർശ്ശിയ്ക്കാതെ ഒഴിഞ്ഞു നിന്നു, നടന്ന സംഭവങ്ങൾ ഓർത്ത് അവൾ ഞെട്ടിയുണർന്നു, ത്രിജടയുടെ കൈകളിൽ ഇറുക്കെ പിടിച്ചു, കണ്ണുകൾ നിരന്തരം നിറഞ്ഞൊഴുകി. ആ മനസ്സ് അൽപ്പം ശാന്തയായപ്പോൾ തന്റെ കയ്യിലെ പിടിത്തം അയയുന്നത് ത്രിജട അറിഞ്ഞു, അവളുടെ മനസ്സും അൽപ്പം തണുത്തു, എന്നാൽ അതിനധികം ആയുസ്സുണ്ടായില്ല.

കിടക്കയുടെ ഒരു വശത്ത് ത്രിജടയും, മറുവശത്ത് ധന്യമാലിനിയും, ലങ്കേശന്റെ ഇളയപത്നിയും, മണ്ഡോദരിയെ സമാധാനിപ്പിച്ച് കാവലിരിക്കവേ, അതുവരെ തിരിഞ്ഞ് നോക്കാത്ത സരാമ ആ വാർത്തയുമായി കടന്നു വന്നു 'ലങ്കേശൻ രാമനാൽ വധിയ്ക്കപ്പെട്ടു, യുദ്ധം അവസാനിച്ചു!' അവസരബോധമില്ലാത്ത മാതാവിന്റെ പെരുമാറ്റത്തിൽ അമർഷത്തോടെ നോക്കിയ ത്രിജടയ്ക്ക് കൈകളിൽ ഒരു ഭാരം അനിഭവപ്പെട്ടു, അവളുടെ ചുമലിൽ താങ്ങി എണീറ്റിരിയ്ക്കാൻ വലിയമ്മ നടത്തുന്ന ശ്രമത്തിലേയ്ക്കവളുടെ ശ്രദ്ധ തിരിഞ്ഞു, തന്റെ കവിളോളം എത്തിയ ആ മുഖം അടുത്ത നിമിഷത്തിൽ വീണ്ടും ബോധമറ്റ് കിടക്കയിലേയ്ക്ക് തന്നെ വീണു.

ലങ്കേശന്റെ ജഡം എല്ലാവിധ ആദരവുകളോടും കൂടി സംസ്ക്കരിയ്ക്കപ്പെട്ടു; ഭർത്താവിന്റെ മൃതശരീരത്തിനൊപ്പം സതി അനുഷ്ടിയ്ക്കുവാൻ മണ്ഡോദരി തയ്യാറായി. അതിനെപ്പറ്റി ആ മൂന്ന് പത്നിമാർക്കിടയിൽ വളരെ നേരത്തേ സംവാദം നടന്നു; മറ്റ് രണ്ട് രാജ്ഞിമാരും അവർ സതി അനുഷ്ടിയ്ക്കുമെന്നും മണ്ഡോദരി മേഘനാദന്റേയും, പ്രഹസ്തന്റേയും, ദേവാന്തന്റേയുമൊക്കെ മക്കൾക്ക് തുണയായി ജീവിയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതേ വിഷയത്തിൽ സരാമയ്ക്കും ത്രിജടയ്ക്കും ഇടയിലും തർക്കം ഉടലെടുത്തു; 'മണ്ഡോദരി പട്ടമഹിഷി ആയതിനാൽ സതി അനുഷ്ടിയ്ക്കണമെന്നും, വയോധികയായ ധന്യമാലിനി കുട്ടികളുടെ കാര്യങ്ങൾ നോക്കി ജീവിയ്ക്കട്ടേയെന്നും, താരതമ്യേന യൗവ്വനമായ ഇളയരാജ്ഞിയും ഉടന്തടി അനുഷ്ടിയ്ക്കട്ടേ' എന്നുമുള്ള അമ്മയുടെ കുടിലത നിറഞ്ഞ വാക്കുകൾ ത്രിജടയെ ചൊടിപ്പിച്ചു. അവൾ അമ്മയോട് കലഹിച്ച് വലിയമ്മയുടെ അന്തപ്പുരത്തിൽ എത്തി, അവിടെ നടന്ന സംവാദങ്ങളിൽ പങ്കുചേർന്നു. എണീറ്റ് നിൽക്കാൻ കൂടി ശക്തിഹീനയെങ്കിലും, കളങ്കപ്പെട്ട ശരീരവുമായി ജീവിയ്ക്കാൻ ആഗ്രഹിയ്ക്കാതിരുന്ന മണ്ഡോദരിയെ അവൾ സുലോചനയ്ക്ക് നൽകിയ വാക്കുകൾ ഓർമ്മിപ്പിച്ചു.
"നാളെ ലങ്കയുടെ ഭരണാധികാരി ആവേണ്ടത് ജേഷ്ടൻ മേഘനദന്റെ മകനാണ്, അത് സാധ്യമാകാൻ അവന്റെ അച്ഛന്റേയും അമ്മയുടേയും സ്ഥാനത്ത് വലിയമ്മ ഉണ്ടാവണം. എനിയ്ക്ക് സഹോദരങ്ങളില്ല, അനന്തിരാവകാശിയായി സ്വന്തം രക്തത്തിൽ ഒരു മകൻ പിറക്കാൻ വേണ്ടി അച്ഛൻ ഒരുപക്ഷേ ഇനിയും വിവാഹം കഴിച്ചേയ്ക്കാം, ആ സ്ത്രീയും അവരിലുണ്ടാകുന്ന മക്കളും, ജേഷ്ടന്റെ കുഞ്ഞുങ്ങളെ നശിപ്പിയ്ക്കില്ല എന്നതിൽ എന്താണുറപ്പ്? വലിയമ്മ സുലോചനയ്ക്ക് നൽകിയ വാക്ക് പാലിയ്ക്കുവാൻ ജീവിച്ചിരിയ്കുക തന്നെ വേണം"

ത്രിജടയുടെ സഹായത്തോടെ മണ്ഡോദരിയെ മറ്റ് രാജ്ഞിമാർ അനുനയിപ്പിച്ചു; ലങ്കേശന്റെ ചിതയിൽ അവർ ഇരുവരും സതി അനുഷ്ടിച്ചു. മണ്ഡോദരി മേഘനദന്റെ കുട്ടികളുമായി സമുദ്രത്തിന്റെ കരയിൽ ഉള്ള സ്വന്തം കൊട്ടാരത്തിലേയ്ക്ക് താമസം മാറ്റി. ആ യാത്രയുടെ ആരംഭത്തിൽ തന്നെ അവൾ ഏറ്റവും വെറുക്കുന്ന ആ രണ്ട് രൂപങ്ങളെ വീണ്ടുമൊരിയ്ക്കൽ കൂടി കണ്ടു. ലങ്കയുടെ പുതിയ രാജാവും, സുഹൃത്ത് ആയ വനരനും! അവളെ കണ്ട് അമ്പരന്ന്, കത്തുന്ന ആ കണ്ണുകളെ നേരിടാനാവാതെ തലകുനിച്ച് നിന്ന ആ അപരാധിയുടെ മുന്നിൽ അവളുടെ നിയന്ത്രണം നഷ്ടമായി, വാക്കുകൾ പുറത്തേയ്ക്ക് തെറിച്ചു വീണു

"ഹേ, ദുരാത്മാവേ.. ആർക്ക് വേണ്ടിയാണോ നീ എന്നോട് ഈ കൊടുംക്രൂരത കാട്ടിയത്, അതേ ആളിന്റെ മരണത്തിൽ ദുഃഖിച്ച് നീറി നീറി നീ മരണമില്ലാതെ അലയും, നിന്റെ കളങ്കം പേറി ഞാൻ എപ്രകാരം ജീവിയ്ക്കുന്നുവോ, അതു പോലെ മരണത്തിനായി നീയും കേഴും"

സ്തബ്ധരായ ഭടന്മാർക്ക് നടുവിൽ ഞെട്ടിത്തരിച്ച വിഭീഷണനോടൊപ്പം, കുനിഞ്ഞ ശിരസ്സുമായി ആ രഥം പോയി മറയുന്നത് വരേയും ഹനുമാൻ നിശ്ചേഷ്ടനായി നിലകൊണ്ടു.

"ഒരു സൈനികൻ യുദ്ധത്തിൽ എതിരാളിയെ വധിയ്ക്കുന്നത് ജോലിയുടെ ഭാഗമായാണ്; അല്ലാതെ എന്തെങ്കിലും വ്യക്തിവിരോധം ഉള്ളതിനാലല്ല, ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത വ്യക്തികളെ കടുത്ത ശത്രുതയോടെ പോരാടി വധിയ്ക്കുന്നത് സൈന്യാധിപനോടുള്ള വിധേയത്വത്താലും, രാജാവിനോടുള്ള കടമയാലുമാണ്. അതിൽ ശരി മാത്രമേ ഉള്ളൂ, പാപവും, പുണ്യവുമില്ല, അതിനാൽ തന്നെ ശാപങ്ങളൊന്നും സ്വകർമ്മം അനുഷ്ഠിച്ചവനേൽക്കില്ല!"

വിഷണ്ണനായ ആഞ്ജനേയന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.

ഹനുമാൻറ്റെ ചിന്തകൾ മിന്നൽ വേഗത്തിൽ പുറകോട്ട് സഞ്ചരിച്ചു; ആ യാത്ര സുഗ്രീവാജ്ഞപ്രകാരം മൈഥിലിയെ അന്വേഷിച്ച് സമുദ്രം താണ്ടി, ആദ്യമായി ലങ്കയിൽ എത്തിയ ആ ദിവസത്തിൽ ചെന്ന് നിന്നു. കൊട്ടാരത്തിലെ വിവിധമുറികളിൽ ജാനകിയെ അന്വേഷിച്ച് അലഞ്ഞ തെന്റെ കണ്ണുകളിലേയ്ക്ക് പൊടുന്നനെ ആണാ കാഴ്ച്ച പതിഞ്ഞത്. രാജകീയമായ ശയനമുറിയിൽ ഉറങ്ങിക്കിടക്കുന്ന ഒരു തരുണി, മദ്ധ്യവയസ്സും കടന്ന ആ പ്രായത്തിലും അംഗപ്രത്യംഗസൗന്ദര്യം വഴിഞ്ഞൊഴുകുന്ന അതി സുന്ദരി, ഇങ്ങനേയും സ്ത്രീകൾ ഭൂമിയിലുണ്ടോ? വെറുതേയല്ല മൂന്ന് ലോകങ്ങളിലേയും മികച്ചതെല്ലാം രാവണൻ ലങ്കയിൽ സംഭരിച്ചിരിയ്ക്കുന്നു എന്ന് ശ്രുതിയുള്ളത്! അലസമായ് ഉറക്കത്തിനിടയിൽ വസ്ത്രങ്ങൾക്ക് സ്ഥാനചലനം സംഭവിച്ച് അവളുടെ ശരീരഭാഗങ്ങളുടെ സ്വർണ്ണവർണ്ണവും, തുടിപ്പും, തിളക്കവും കണ്ട് മോഹാന്ധനായ അവൻ സ്തംഭിച്ച് നിന്നു!

ആരുടേയോ കാൽപ്പെരുമാറ്റം കേട്ട അവനു പെട്ടെന്ന് സ്ഥലകാലബോധം വന്നു. ഇത് ഒരു പക്ഷേ മൈഥിലിയെങ്കിൽ, സ്വാമിനിയെ ആ കണ്ണുകളോടെ വീക്ഷിച്ചത് അപരാധമായിപ്പോയി; അവൻ വേഗം മുന്നോട്ട് നടന്നു. പെട്ടെന്ന് അവന്റെ ചിന്തകൾ മറ്റൊരു വഴിയ്ക്ക് തിരിഞ്ഞു.. ശ്രീരാമനെ വേർപെട്ട സീത ഇതുപോലെ ആഡംബരമായി വസ്ത്രങ്ങൾ ധരിച്ച്, പട്ട് മെത്തയിൽ ശയിയ്ക്കുകയില്ല, ഇത് ലങ്കേശന്റെ രാജ്ഞിമാർ ആരോ ആണ്, മറ്റ് മുറികളെ താരതമ്യം ചെയ്യുമ്പോൾ ഉള്ള പ്രൗഢിയിൽ നിന്നും ഇത് പട്ടമഹിഷി മണ്ഡോദരി ആയിരിയ്ക്കണം. അവനെ കാലുകൾ അവനറിയാതെ പിന്നോട്ട് നയിച്ചു, ആ അസുലഭസൗന്ദര്യം ഒരിയ്ക്കൽ കൂടി ദർശ്ശിയ്ക്കുവാൻ, നയനത്താലെങ്കിലും ആസ്വദിയ്ക്കുവാൻ, വീണ്ടു ആ ശയനഗൃഹത്തിലെത്തിയ അവൻ ആ അലസശയനത്തിൽ ഏറെനേരം സീതാന്വേഷണം മറന്നു നിന്നുപോയി!

രാവണനെ വധിയ്ക്കുവാനുള്ള ആ അസ്ത്രം തേടി പോകാൻ വിഭീഷ്ണന്റെ നിർദ്ദേശപ്രകാരം രാമൻ ആജ്ഞാപിച്ചപ്പോൾ മനസ്സിൽ ഒരു പൂത്തിരി കത്തിയിരുന്നില്ലേ? അവളെ ഒരിയ്ക്കൽ കൂടി നേരിട്ട് കാണുവാനുള്ള അവസരം കൈവന്നതിന്റെ സന്തോഷം നിറഞ്ഞതായിരുന്നു ആ യാത്ര. നിസ്സഹായയായി ഒറ്റയ്ക്ക് അവളെ സമീപത്ത് കിട്ടിയപ്പോൾ ഒരിയ്ക്കലെങ്കിലും ആ ത്രിലോകസുന്ദരപുഷ്പത്തിലെ മധു നുകരണമെന്ന് ശക്തമായി ആഗ്രഹിച്ചില്ലേ? അഘോരിയായെത്തി നിർദ്ദേശം നൽകി, തിരസ്ക്കരണിയിലൂടെ വേണമെങ്കിൽ മറഞ്ഞ് നിന്നത് കണ്ടുപിടിയ്ക്കമായിരുന്നിട്ടും, അവളെ കീഴ്പ്പെടുത്തി ആ ഉടലിനെ ആസ്വദിയ്ക്കാൻ ശ്രമിച്ചതും, അവൾ പ്രതീക്ഷിച്ചതിലും ശക്തിയായി പ്രതിരോധിച്ചപ്പോൾ നിർദ്ദയം പിച്ചിച്ചീന്തിയതും യുദ്ധനീതിയോ, ആജ്ഞ അനുസരിയ്ക്കലോ ആയിരുന്നില്ല, ആദ്യദർശ്ശനത്തിൽ തന്നെ മനസ്സിൽ നിറഞ്ഞ ആശയുടെ നിറവേറ്റൽ മാത്രമായിരുന്നു. അതിനാൽ തന്നെ ആ ശാപം തന്നിൽ പതിച്ചിരിയ്ക്കുന്നു, അത് ഫലിയ്ക്കുകയും ചെയ്യുമെന്ന് തിരിച്ചറിയുന്നു.

യുദ്ധാനന്തരം വിഭീഷ്ണൻ ലങ്കയുടെ കൊട്ടാരത്തിൽ പ്രവേശിച്ചു, ലങ്കയുടെ രാജസിംഹാസനത്തിൽ ആരൂഢനായി. സുഗ്രീവനും, മറ്റ് വാനരപ്രമുഖരും കൊട്ടാരത്തിൽ പാർത്തു, രാമൻ പടകുടീരത്തിൽ തന്നെ താമസം തുടർന്നു; ലക്ഷ്മണൻ പകൽ സമയങ്ങളിൽ കൊട്ടാരത്തിലെത്തുകയും, ലങ്കയിലൂടെ സഞ്ചരിച്ച് വിവിധമേഖലകൾ സന്ദർശിയ്ക്കുകയും ചെയ്തു, രാത്രിയിൽ തിരിച്ചെത്തി ജേഷ്ഠനോടൊപ്പം പടകുടീരത്തിൽ കഴിയുകയും ചെയ്തു. സരാമ മഹാരാജ്ഞിയുടെ അധികാരം സ്വയം കയ്യാളി, മണ്ഡോദരിയുടെ അന്തപ്പുരം സ്വന്തമാക്കി, ലങ്കയുടെ സ്വാമിനിയ്ക്ക് ചേർന്ന വിധത്തിൽ പ്രവർത്തിച്ച് തുടങ്ങി.

രാമലക്ഷ്മണന്മാർ മടക്കയാത്രയ്ക്ക് തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ ആ രാത്രിയിൽ, വിഭീഷ്ണൻ യാതൊരു രാജകീയ ആഡംബരങ്ങളുമില്ലാതെ ആ പടകുടീരത്തിലെത്തി. പതിവില്ലാത്ത സമയത്തെ ആ സന്ദർശ്ശനത്താലും, അയാളുടെ മുഖത്തെ ആശങ്കയാലും സംഗതി ഗൗരവമുള്ളതെന്ന് തിരിച്ചറിഞ്ഞ രാമൻ കാരണം തിരക്കി.

"കുറച്ച് കാലം കൂടി നിങ്ങൾ സഹോദരന്മാരും, സുഗ്രീവാദികളും ഇവിടെ എന്റെ അതിഥികളായി തുടരുക, അല്ലെങ്കിൽ എന്നെ കൂടി നിങ്ങളുടെ കൂടെ കൊണ്ടുപോകുക"

വിഭീഷ്ണൻ തന്റെ ആവശ്യം മുഖവുരയില്ലാതെ അവതരിപ്പിച്ചു.

"അതിന്റെ ആവശ്യകത എന്താണ്? എനിയ്ക്ക് വനവാസ കാലാവധി തീരാറായിരിയ്ക്കുന്നു, എത്രയും വേഗം സാകേതത്തിൽ എത്തേണ്ടതുണ്ട്, സുഗ്രീവനും കിഷ്ക്കിന്ധയുടെ ഭരണസാരിഥ്യം വഹിയ്ക്കേണ്ടതുണ്ട്, താങ്കൾക്ക് ഇവിടെ വസിച്ച് ലങ്കയുടെ ഭരണം നിർവ്വഹിയ്ക്കേണ്ടതുമുണ്ട്, പിന്നെ എന്തിനാണിനി അമാന്തം?"

രാമൻ പ്രതിവചിച്ചു.

"എങ്കിൽ അങ്ങ് ഒരു കാര്യം ചെയ്തു തരൂ.. സുഗ്രവനോട് ആജ്ഞാപിച്ചാലും യുദ്ധവിജയികൾ, പരാജയപ്പെട്ട നാട്ടിലെ ജനതയോട് എങ്ങനെ പെരുമാറുന്നുവോ, അത് പോലെ ലങ്കയെ ആക്രമിയ്ക്കുവാൻ... വിജയികളായ സൈനികർ അവരുടെ അർഹ്ഹിയ്ക്കുന്ന അവകാശമായ സുഖഭോഗങ്ങൾ അനുഭവിയ്ക്കട്ടേ.... ലങ്കയുടെ മാറിൽ അവർ മദിച്ച് വിഹരിയ്ക്കട്ടേ.. ധനമുള്ള വീടുകളും, ജീവനുള്ള പുരുഷന്മാരും, മാനഭംഗം ചെയ്യപ്പെടാത്ത സ്ത്രീകളും അവശേഷിയ്ക്കാത്ത ഒരു ലങ്ക എനിയ്ക്കു തരൂ.."

വിഭീഷണന്റെ വാക്കുകൾ കേട്ട് രാമൻ നടുങ്ങി, ലക്ഷ്മണൻ ഇരിപ്പിടത്തിൽ നിന്നും എണീറ്റു. മറ്റ് സദസ്യരും ലങ്കയുടെ രാജാവിന് ഭ്രാന്തായോ? എന്ന സംശയത്തോടെ പരസ്പരം നോക്കി

സമചിത്തത വീണ്ടെടുത്ത രാമൻ തിരക്കി

"വിഭീഷണാ.., അങ്ങെന്താണീ പറയുന്നത്? അങ്ങിപ്പോൾ അതേ നാടിന്റെ അധിപനാണ്, സ്വാമിയാണ്, ആ നാട്ടിലെ പ്രജകളുടെ ക്ഷേമം അങ്ങയുടെ കർത്തവ്യവുമാണ്. സ്വന്തം നാടിനെ കൊള്ളയടിയ്ക്കാൻ, പ്രജകളെ വധിയ്ക്കുവാൻ, മാനഭംപ്പെടുത്തുവാനാൻ ആവശ്യപ്പെടുന്ന തരത്തിൽ എന്താണങ്ങയെ അലട്ടുന്നത്?"

ഖിന്നനായി വിഭീഷണൻ മറുപടി പറഞ്ഞു

" അല്ല, ഞാൻ അവരുടെ സ്വമിയല്ല. ലങ്കേശനായ എന്റെ ജേഷ്ഠനാണിപ്പോഴും അവരുടെ നാഥൻ! ത്രിലോകങ്ങളിലെ മികച്ചതെല്ലാം ലങ്കയ്ക്കായി ശേഖരിച്ചവൻ, മൂന്നു ലോകങ്ങൾക്കും അധിപനായി ലങ്കയെ അതിന്റെ രാജധാനിയാക്കിയവൻ, എല്ലാവരും വണങ്ങിയ ലങ്കേശന്റെ മഹത്വം ഇന്ന് ഞാനും തിരിച്ചറിയുന്നു. ലങ്കയിലെ ജനത അത് എന്നും അറിഞ്ഞിരുന്നു. 

ഞാൻ അങ്ങയുടെ അടിമ, ഒരു സാമന്തരാജൻ, ലങ്കയെ മൂന്ന് ലോകങ്ങളുടേയും ആസ്ഥാനപദവിയിൽ നിന്നും ഒരു സാമന്തരാജ്യമാക്കിയ എനിയ്ക്കെതിരെ രാജ്യത്ത് ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടിരിയ്ക്കുന്നു. നിങ്ങളെല്ലാം ഇവിടെ ഉള്ളതിനാൽ അവർ ശാന്തരാണ്, എങ്കിലും എന്റെ സേവകർക്കോ, സൈനികർക്കോ ഭയരഹിതരായി രാജധാനി വിട്ട് ഗ്രാമങ്ങളിൽ പോകുവാനാകുന്നില്ല, പോയവർ മടങ്ങി വരുന്നില്ല. നിങ്ങളെല്ലാം പോയതിനു ശേഷം ഇവിടെ ഒരു കലാപവും നാഴികകൾക്കുള്ളിൽ വിഭീഷണന്റെ അന്ത്യവും സംഭവിയ്ക്കും. 

അത് ഒഴിവാക്കാൻ പ്രജകളിൽ ഭയം വിതയ്ക്കണം, നിങ്ങൾ പോയാലും അവരിൽ ആ ഭയം നിലനിൽക്കണം, എന്നെ സഹായിയ്ക്കാൻ നിങ്ങൾ മടങ്ങി വരുമെന്നും വീണ്ടും ക്രൂരപീഡനങ്ങൾക്ക് ഇരയാകുമെന്നുമുള്ള ഭയം മാത്രമാണേക പ്രതിവിധി, അതിലൂടെ മാത്രമേ അവർ എനിയ്ക്ക് വിധേയരാകൂ "

രാമൻ എന്ത് പറയണമെന്നറിയാതെ പകച്ച് നിന്നപ്പോൾ ലക്ഷ്മണൻ ഇടപെട്ടു

"ജീവൻ വെടിയുന്ന സമയത്ത് എന്റെ ഗുരു കൂടിയായ ലങ്കേശന് നൽകിയ വാക്കാണ് ഇപ്പോൾ ലംഘിയ്ക്കുവാൻ അങ്ങ് ആവശ്യപ്പെടുന്നത്. അത് ഞാൻ ജീവനോടെയുള്ളപ്പോൾ അനുവദിയ്ക്കുകയില്ല, ജേഷ്ഠനും അതേ വാഗ്ദാനം നൽകിയതുമാണ്, വിഭീഷണാ.. താങ്കൾ മറ്റെന്തെങ്കിലും പോംവഴി പറയൂ"

മടിച്ച് മടിച്ച് വിഭീഷ്ണൻ പറഞ്ഞു

"എങ്കിൽ പ്രജകളിലെ ലങ്കേശനോടുള്ള സ്നേഹം എന്നിൽ വന്നു ചേരണം, അതിന് ഇപ്പോഴും അവരുടെ മനസ്സിൽ രാവണന്റെ പ്രതിരൂപമായി ജീവിച്ചിരിയ്ക്കുന്ന മണ്ഡോദരി എന്നെ വിവാഹം കഴിയ്ക്കണം; അവളോടുള്ള ആദരവും, ഭക്തിയും ജനങ്ങൾ ഭർത്താവായ എന്നോടും പ്രകടിപ്പിയ്ക്കും, മഹാരാജ്ഞിയായി അവൾ നാട് ഭരിയ്ക്കുമ്പോൾ അതിനെതിരെ പ്രജകൾ കലാപത്തിനൊരുങ്ങില്ല"

സുഗ്രീവൻ അനുഭവസ്ഥനായതിനാൽ പെട്ടെന്ന് അതിനെ പിന്തുണച്ചു

"അതിനിപ്പോൾ എന്താണ് കുഴപ്പം, വേഗം അങ്ങനെ ചെയ്യുക; പ്രശ്നം പരിഹരിയ്ക്കപ്പെടട്ടേ, ഞങ്ങൾക്ക് മടങ്ങിപ്പോകാമല്ലോ"

"ഇന്ന് മണ്ഡോദരി ഏറ്റവുമധികം വെറുക്കുന്ന വ്യക്തി ഞാനാണ്, ലങ്കയുടെ കൊട്ടാരം വിട്ട് അവളുടെ സ്വന്തം കൊട്ടാരത്തിൽ ആണിപ്പോൾ താമസം. അവിടെ ലങ്കേശന്റെ അനുഭാവികളും, ആശ്രിതരുമാണ് ചുറ്റുമുള്ളത്; അവിടേയ്ക്ക് ഞാനോ സൈന്യമോ ചെന്നാൽ ആ നിമിഷം ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെടും."

വിഭീഷ്ണൻ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.

"ഇതിലിപ്പോൾ ഞങ്ങൾക്കെന്ത് ചെയ്യാനാവും? നമ്മുടെ സന്ധി പ്രകാരം ഞങ്ങൾ താങ്കൾക്ക് രാജ്യം നൽകി, ഇനിയത് പരിപാലിയ്ക്കേണ്ടത് താങ്കളുടെ കർത്തവ്യം ആണ്"

ലക്ഷ്മണന്റെ ശബ്ദം കടുത്തു.

"ഞാൻ പലരീതിയിൽ ശ്രമിച്ച് നോക്കി, മേഘനാദന്റെ കുട്ടികൾ വിദ്യ അഭ്യസിയ്ക്കുവാൻ പോകുമ്പോൾ മാത്രമാണ് ആ കോട്ടയിൽ നിന്നും പുറത്തേയ്ക്ക് ആരെങ്കിലും വരിക, അപ്പോൾ ആ വാഹനം ആക്രമിയ്ക്കുവാൻ ശ്രമിച്ചു, ആ കുട്ടികളെ കൊട്ടാരത്തിൽ കിട്ടിയാൽ, അവരെ തേടി അവൾ വരുമായിരുന്നു, നിബന്ധനകൾ മുന്നിൽ വയ്ക്കാമായിരുന്നു, എന്നാൽ എന്റെ നിയന്ത്രണത്തിലുള്ള സേനയേക്കാൾ കരുത്തർ പുറത്താണുള്ളത്, അവർ അത് പ്രതിരോധിച്ചു, ലങ്കയുടെ സൈന്യം തോറ്റോടി!!!"

ഒന്ന് നിർത്തിയിട്ട് നിരാശ്ശനായി അയാൾ തുടർന്നു

"അല്ലയോ രാഘുരാമാ, അങ്ങയുടെ വാക്ക് വിശ്വസിച്ചാണ് ഞാനീ വലിയ അബദ്ധം കാട്ടിയത്, അങ്ങെന്നെ ലങ്കയുടെ രാജാവാക്കാമെന്നല്ല, അധിപനാക്കാമെന്നാണ് വാക്ക് തന്നത്. ഞാൻ ആ രാജസിംഹാസനത്തിൽ ഇരിയ്ക്കുന്നുവെന്നേയുള്ളൂ, രാജ്യത്തിന്റെ അധിപനല്ല, അതിനാൽ അങ്ങ് വാക്ക് പാലിച്ചിട്ടുമില്ല, അങ്ങയുടെ അനുജന്റെ മുഖത്ത് ഞാൻ അതിയായ കോപം കാണുന്നു, അദ്ദേഹത്തോട് എന്നെ വധിയ്ക്കുവാൻ ആവശ്യപ്പെട്ടാലും.. അല്ലെങ്കിൽ ലങ്കയുടെ ഭരണാധികാരികൾക്കെല്ലാം അങ്ങയുടെ കയ്യാൽ തന്നെ ആവട്ടേ അന്ത്യം, എന്നെ ശസ്ത്രമെടുത്ത് അങ്ങ് തന്നെ വധിച്ചാലും"

രാമനും ലക്ഷ്മണനും പരസ്പരം നോക്കി, പിന്നീട് അവിടെ കൂടിയിരുന്നവർക്കിടയിൽ പരസ്പര ചർച്ചകൾ നടന്നു, ഒടുവിൽ രാമൻ ഒന്നും പറയാതെ തന്റെ ശയനസ്ഥലത്തേയ്ക്ക് നടന്ന് പോയി. ലക്ഷ്മണൻ കടുത്ത വിഷമത്തോടെ സുഗ്രീവനോടായി പറഞ്ഞു

"നമുക്കധികം സമയമില്ല, വേണ്ടതെന്തായാലും വേഗം തീർക്കണം, നമ്മുടെ ഭാഗത്ത് നിന്ന് ഇനിയും വലിയ ആൾ നാശം വരാതെ ശ്രദ്ധിയ്ക്കണം, വിഭീഷണന്റെ ഇച്ഛ പോലെ എല്ലാം നടക്കട്ടേ..., അത് ലങ്കയുടെ വിധി, മരിച്ച് പോയവരേക്കാൾ ജീവിച്ചിരിയ്ക്കുന്നവരോടുള്ള കടമ നിർവ്വഹിയ്ക്കണമല്ലോ!!!"

ആ വാക്കുകൾ കേട്ട് വിഭീഷണന്റെ മുഖം തെളിഞ്ഞു, ഇതിനോടകം തന്നെ വലിയ സേനാനഷ്ടം സംഭവിച്ച സുഗ്രീവനും, അംഗദനും ചിന്തയിലാണ്ടു; എന്നാൽ വനരസേനയാകെ സന്തോഷം കൊണ്ട് തുള്ളിച്ചാടി, തങ്ങൾ നേരിട്ട കൊടിയ സംഘർഷത്തിന്റെ വലിയ വിജയത്തിലൂറിയ മധുരം നുകരാൻ ഇതാ അനുവാദം ലഭിച്ചിരിയ്ക്കുന്നു, അവരോരോരുത്തരും ലങ്കയുടെ കോട്ടവാതിലിലേയ്ക്ക് ആർത്തിയോടെ നോക്കി, ആ കണ്ണുകൾ വിഭീഷണനെ ഒരേസമയം ആനന്ദിപ്പിയ്ക്കുകയും, ഭയപ്പെടുത്തുകയും ചെയ്തു.

ലങ്കയിലെ വൈദ്യശിരോമണികളുടെ ചികിത്സയിൽ ഇതിനോടകം ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞ മണ്ഡോദരിയും രാത്രിയുടെ ആ രണ്ടാം പകുതിയിൽ ഉണർന്ന് തന്നെയിരിയ്ക്കുകയായിരുന്നു. ലങ്കേശന്റെ വിശ്വസ്തരായ ജനങ്ങൾക്ക് മധ്യത്തിൽ അവരുമായി ചർച്ച ചെയ്തു കൊണ്ടിരുന്ന അവളോടൊപ്പം ത്രിജടയുമുണ്ടായിരുന്നു. മേഘനദന്റെ പുത്രനെ രാജകീയസേന ആക്രമിച്ചതും, ലങ്കേശന്റെ പക്ഷക്കാർ തുരത്തിയതും അമ്മയിൽ നിന്നറിഞ്ഞ്, അപ്പോൾ തന്നെ വന്നതാണവൾ. ആ രാത്രി ലങ്കയുടെ മഹാരാജാവ് രാമസന്നിധിയിൽ പോയപ്പോൾ ചാരന്മാരെ അയയ്ക്കാൻ ലങ്കേശപക്ഷവും മറന്നില്ല. അവിടെ നടന്ന സംവാദങ്ങളും, തീരുമാനങ്ങളും അറിഞ്ഞ മണ്ഡോദരി വളരെ ആകുലചിത്തയായി, തന്റെ കഷ്ടകാലം ഇനിയുമവസാനിച്ചിട്ടില്ലെന്ന് അവൾക്ക് മനസ്സിലായി. ഒരു വശത്ത് തന്റെ അനന്തര തലമുറ, ലങ്കയുടെ ഭാവി രാജാവിന്റെ സുരക്ഷ, മറുവശത്ത് താൻ ഏറ്റവും വെറുക്കുന്ന ആളിന്റെ ഭാര്യാപദവി, ഇവയ്ക്കിടയിൽ അവളുടെ മനസ്സ് ഞെരിഞ്ഞമർന്നു. വാനരസേനയോട് യുദ്ധം ചെയ്യാമെന്ന് ലങ്കേശപക്ഷക്കാർ തറപ്പിച്ചു പറഞ്ഞു, എങ്ങനേയും വിഭീഷണനെ വധിയ്ക്കാം, മേഘനാദന്റെ പുത്രനെ രാജാവാക്കാം, മഹാരാജ്ഞി എല്ലാം നോക്കി ഭരിച്ചാൽ മതി.
അതൊന്നും പ്രായോഗികമല്ലെന്ന് മണ്ഡോദരിയ്ക്ക് അറിയാമായിരുന്നു. തിലോകവിക്രമന്മാരായ ലങ്കേശനും, മേഘനാദനും, പ്രഹസ്തനും, കുംഭകർണ്ണനും, നരാന്തകനും, ദേവാന്തകനുമൊക്കെ പരാജയപ്പെട്ടിടത്ത് നയിക്കാൻ നല്ലൊരു പടനായകൻ പോലുമില്ലാത്ത ചിതറിയ സേന എന്ത് ചെയ്യാൻ? യുദ്ധക്കളത്തിലല്ല ഇനിയുള്ള യുദ്ധം, ഓരോ ഗൃഹങ്ങളിലുമാണവർ ആക്രമിയ്ക്കുക, കൊന്നൊടുക്കുക, കൊള്ളയടിയ്ക്കുക, മാനഭംഗപ്പെടുത്തുക, ഒരു വാനരൻ ഒറ്റയ്ക്ക് നടത്തിയ തീവയ്പ്പ് അവളവരെ ഓർമ്മിപ്പിച്ചു, അതു പോലെ ലങ്കയിലെ വീടുകൾ കത്തിയമരും!പ്രജകളെ രക്ഷിയ്ക്കണം, അതായിരുന്നു മരണസമയത്ത് ലക്ഷമണനോടും രാമനോടും ലങ്കേശൻ ആവശ്യപ്പെട്ടത്... അദ്ദേഹത്തിന്റെ അന്ത്യഭിലാഷം, അതവർ നിർവ്വഹിച്ചില്ലെങ്കിൽ ഭാര്യ എന്ന നിലയിൽ, ലങ്കയുടെ മുൻ മഹരാജ്ഞി എന്ന നിലയിൽ താൻ നടത്തേണ്ടതുണ്ട്.

പുറകിൽ നിന്ന് തന്നെ കെട്ടിപ്പുണർന്ന് നിൽക്കുന്ന ത്രിജടയോട് അവൾ മനസ്സ് തുറന്നു

"മണ്മറഞ്ഞ രണ്ട് പുണ്യാത്മാക്കളുടെ, ലങ്കേശന്റേയും, സുലോചനയുടേയും അന്തിമാഭിലാഷങ്ങൾക്കായി ഹോമിയ്ക്കാം മണ്ഡോദരിയുടെ ഇനിയുള്ള ജീവിതം... പ്രജകൾ സുരക്ഷിതരാവണം, ഒപ്പം ലങ്കയുടെ ഭാവി രാജാവും; മണ്ഡോദരിയുടെ ജന്മം അതിനായി ദ്രവിച്ച് വളമാകട്ടേ..."

തീരുമാനം എടുത്ത് കഴിഞ്ഞ മണ്ഡോദരി തന്റെ പടയാളിയെ രാമന്റെ പടകുടീരത്തിലേയ്ക്ക് അയച്ചു. ഏഴരവെളുപ്പിനേ ഉണർന്ന് ലങ്കയിൽ ആക്രമണം നടത്താൻ തയ്യാറെടുക്കുന്ന സേനയുടെ മദ്ധ്യത്തിലൂടെ ആ ദൂതൻ രാമലക്ഷ്മണന്മാരെ സന്ദർശ്ശിച്ചു. ഇലയ്ക്കും മുള്ളിനും കേടില്ലാതെ ആ ഊരാക്കുടുക്കിന് ഒരു പരിഹാരമുണ്ടാകാനുള്ള സാദ്ധ്യത രാമനേയും, ലക്ഷ്മണനേയും സന്തുഷ്ടരാക്കി, അൽപ്പം പോലും സമയം പാഴാക്കാതെ ദൂതനോടൊപ്പം ലക്ഷ്മണനും സുഗ്രീവനും മണ്ഡോദരിയുടെ കൊട്ടാരത്തിലെത്തി.

കാത്തിരുന്ന മണ്ഡോദരിയോട് ലക്ഷ്മണൻ അവളുടെ ആരോഗ്യത്തെപ്പറ്റി ആദ്യം തിരക്കി, പിന്നീട് സംഭവിച്ച തെറ്റുകൾക്ക് രഘുവംശത്തിന്റെ പേരിൽ മാപ്പ് ചോദിച്ചു. മണ്ഡോദരി ലക്ഷ്മണനെ ആശ്വസിപ്പിച്ചു, പിന്നീട് വിഭീഷ്ണനെ വിവാഹം കഴിയ്ക്കുവാനും, ലങ്കയുടെ മഹാരാജ്ഞിയായി വാഴുവാനുള്ള സമ്മതവും അവരെ അറിയിച്ചു. പ്രജകളുടെ സുരക്ഷിതത്വവും, സുലോചനയുടെ മകന് യുവരാജാവെന്ന പദവിയും അവൾ ആവശ്യപ്പെട്ടപ്പോൾ പുഞ്ചിരിയോടെ ലക്ഷ്മണൻ പറഞ്ഞു

"അതൊക്കെ ഇനിമേൽ ലങ്കയുടെ മഹാരാജ്ഞിയുടെ അധികാരവും, കർത്തവ്യവും ആണല്ലോ?"

"ഈ വിവരങ്ങൾ രാമനേയും അറിയിച്ച് സേനയേയും നിയന്ത്രിയ്ക്കാം"

എന്ന വാക്കുകളോടെ, ഇപ്പോൾ തന്നെ വിധവകൾ നിറഞ്ഞ ഒരു രാജ്യത്തിനുടമയായി മാറിയ സുഗ്രീവൻ, തന്റെ ഭാഗത്തിന് സംഭവിയ്ക്കാവുന്ന കൂടുതൽ നാശം തടയാൻ വേഗം മടങ്ങിപ്പോയി.

ലങ്കേശനും വിഭീഷ്ണനും നൽകിയ വാഗ്ദാനങ്ങൾ ഒരേ സമയം പാലിയ്ക്കാൻ കഴിഞ്ഞതിൽ ലക്ഷ്മണൻ അതീവ സന്തുഷ്ടനായി, മണ്ഡോദരിയോട് അതിന് പ്രത്യേകം നന്ദി പ്രകശിപ്പിച്ച് പിരിഞ്ഞു. ലക്ഷ്മണൻ തന്നെ കൊട്ടാരത്തിലെത്തി വിഭീഷണനെ കാര്യങ്ങൾ ധരിപ്പിച്ചു. അന്ന് ജ്യോതിഷികൾ നിർദ്ദേശിച്ച ശുഭമുഹൂർത്തത്തിൽ രണ്ട് ചടങ്ങുകൾ നടന്നു, ഒന്ന് വിഭീഷ്ണന്റേയും, മണ്ഡോദരിയുടേയും വിവാഹം, മറ്റൊന്ന് മേഘനാദപുത്രൻറ്റെ ലങ്കയുടെ യുവരാജാവായുള്ള അഭിഷേകം. ലങ്ക ഒരിയ്ക്കൽ കൂടി ശന്തമായി, വീരസ്വർഗ്ഗം പൂകിയ അവരുടെ പ്രിയപ്പെട്ട ലങ്കേശന്റെ, ഭാര്യയും ചെറുമകനും ചേർന്ന് നയിക്കുന്ന ഭരണത്തിനു കീഴിൽ, മരണങ്ങളുടെ മുറിവുകൾ ഉണങ്ങി, ആ പ്രജകൾ സന്തോഷത്തിന്റേയും, സമാധാനത്തിന്റേയും ആ പഴയ ജീവിതത്തിലേയ്ക്ക് ക്രമേണ മടങ്ങി വന്നു.

(ലങ്കയുടെ ലങ്കാരാമായണം, കംബോഡിയയുടെ റീംകർ, തായ് ലാണ്ടിന്റെ രാമകീൻ, ജൈനരുടെ പൗമചരിതം, ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മി, രാമരാജന്റെ മേഘനാദം, പെരിയോരുടെ കീമായണം എന്നിവയെ അവലംബിച്ച് രചിച്ച മേഘനാദം ഇവിടെ പൂർണ്ണമാകുന്നു)

Friday, March 16, 2018

മേഘനാദം ഭാഗം 4 - ലങ്കേശൻ

മേഘനാദനും സുലോചനയും ലങ്കയുടെ മണ്ണോട് ചേർന്ന ആ രാത്രി ലങ്കേശനു നിദ്രാവിഹീനമായിരുന്നു; ഏറെ വൈകിയെത്തിയ മണ്ഡോദരിയ്ക്കും രാജാവിൻ്റെ അസ്വസ്തതകൾ അകറ്റി നിദ്ര നൽകാനായില്ല. മേഘനാദൻ്റെ ജീവനറ്റ ശരീരം ആ പിതാവിനെ പുനർചിന്തനങ്ങൾക്ക് ശകതമായി പ്രേരിപ്പിച്ചു. ലങ്കയുടെ അനന്തരാവകാശി, രാവണനു ശേഷം കൂടുതൽ കരുത്തിലേയ്ക്ക്, ത്രിലോക ആധിപത്യത്തിലേയ്ക്ക് ലങ്കയെ നയിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ആ കുലദീപമാണ് അണഞ്ഞിരിയ്ക്കുന്നത്, ഇനിയും ഈ യുദ്ധം തുടർന്നു കൊണ്ട് പോകണോ? പ്രഹസ്തനും, നരാന്തകനും, അതികായനും, ദേവാന്തകനും, മഹോദരനും, വേണമെങ്കിൽ ലവണനും, അഹിരാവണനും, പിന്നെ വിളിച്ചുണർത്താൻ അരികിലായി കുംഭകർണ്ണനുമുള്ളപ്പോൾ യുദ്ധവിജയത്തെപ്പറ്റി യാതൊരു സന്ദേഹവുമില്ല, ഇനി ഇതിനെല്ലാം അപ്പുറമായി ത്രിലോകങ്ങളെ ജയിച്ച രാവണൻ്റെ ഇനിയും ചോരാത്ത കൈക്കരുത്തും കൂട്ടിനുണ്ടല്ലോ. എങ്കിലും രാജാവിനുമപ്പുറം ആ പിതാവിനു മനസ്സിലെ ശോകവും, തേങ്ങലും അടക്കി നിർത്താൻ കഴിഞ്ഞില്ല.

ഭീരു എന്ന തൻ്റെ ആക്രോശത്തിൽ മനം നൊന്ത് തിരിഞ്ഞ് നടന്ന അവൻ്റെ രൂപം മനസ്സിൽ നിന്നും മായുന്നില്ല. ഒരിയ്ക്കൽ കൂടി അവൻ മുന്നിൽ വന്ന് അതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിൽ, പുത്രസ്നേഹത്തിൽ താൻ ഉരുകുമായിരുന്നു, അവൻ്റെ അവശ്യം മാനിയ്ക്കുമായിരുന്നു. അവനിങ്ങനെ ഒരു ദുരന്തം ഉണ്ടാകുമെന്നറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും യുദ്ധം അവസാനിപ്പിയ്ക്കാൻ ലങ്കേശനിലെ പിതാവ് തയ്യാറാകുമായിരുന്നു. തെറ്റുകൾ മുഴുവൻ തൻ്റെ ഭാഗത്താണ്, അവൻ എന്നും മനസ്സു കൊണ്ട് ഒരു സാധുവായിരുന്നു, യാതൊരുവിധ അന്യായവും, അധർമ്മവും പൊറുക്കാത്തവൻ, സ്വന്തക്കാർക്ക് വരുന്ന ചെറിയ ദുരിതത്തിൽ പോലും ഖിന്നനാവുന്നവൻ, അക്ഷയകുമാരൻ്റെ വീരമൃത്യുവിൽ മനം നൊന്ത് ആഹാരം കഴിയ്ക്കാതെ ദിനങ്ങൾ തള്ളിനീക്കിയ അവനെപ്പറ്റി അമ്മയും, ഭാര്യയും പരാതി പറഞ്ഞതും, തന്നിലും വളർന്ന പുത്രനെ സമാധാനിപ്പിച്ച് സ്വന്തം കൈകൾ കൊണ്ട് ഊട്ടിയതും മനസ്സിൽ നിറഞ്ഞപ്പോൾ ദേവലോകം വിറപ്പിച്ച ആ ധീരൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അമ്മയ്ക്ക് സംഭവിച്ച അപമാനത്തിനാലും, നികുംഭിലയിൽ ഹോമം മുടങ്ങിയതിനാലും, അതിഖോരമായി കണക്കാക്കിയ ദിവ്യായുധങ്ങൾ നിഷ്പ്രഭമായതിനാലും, ആശങ്കയാൽ ഉദാസനായി, ഒരാശ്രയമായി എപ്പോഴുമെന്ന പോലെ പിതാവിനെ തേടി വന്ന് അവനെ താൻ ആശ്വസിപ്പിച്ച് ഉത്തേജിതനാക്കുന്നതിനു പകരം, അപമാനിച്ച് കൂടുതൽ ദുർബ്ബലനും, ശത്രുവിനു വധിയ്ക്കുവാൻ പാകത്തിനുമാക്കി തകർത്തെറിഞ്ഞു. ആ പുത്രദ്രോഹം എന്ന ചിന്തയാൽ, ലങ്കേശൻ്റെ മനസ്സിലുയർന്ന തിരമാലകളെ എത്ര തന്നെ ന്യായീകരിച്ചിട്ടും അടക്കുവാൻ സാധിച്ചില്ല. തളർന്നു പോയ മനസ്സിലേയ്ക്ക് പ്രഭാതത്തിൽ വിളിച്ചു ചേർക്കേണ്ട രാജസഭയും, യുദ്ധം അവസാനിപ്പിയ്ക്കുവാൻ വേണ്ട നടപടികളും തെളിഞ്ഞു വന്നപ്പോൾ കണ്ണുകൾ മെല്ലെ കൂമ്പിയടഞ്ഞു.

നാഴികകൾക്കുള്ളിൽ ശിരസ്സറ്റു വീഴുന്ന മേഘനാദൻ്റെ രൂപം സ്വപ്നത്തിൽ കണ്ട് ലങ്കേശൻ ഞെട്ടിയുണർന്നു; മനസ്സ് വല്ലാതെ കലങ്ങി മറഞ്ഞു, ഇപ്പോൾ യുദ്ധം അവസാനിപ്പിച്ചാൽ.... ആ വീരമൃത്യുവിനു എന്താണ് വില? എന്നും മകളായി മാത്രം കണ്ടിരുന്ന ആ പുത്രവധുവിൻ്റെ സതിയ്ക്ക് എന്ത് ന്യായീകരണം ആണുള്ളത്? പുത്രന്മാരുടെ വധത്തിനു പ്രതികാരം ചെയ്യാതിരുന്നാൽ പിന്നെ ത്രിലോകവിക്രമൻ എന്നൊക്കെ വിശേഷിപ്പിയ്ക്കുന്ന രാവണനു എന്ത് യോഗ്യതയാണു ലങ്കേശൻ എന്ന് പോലും വിശേഷിപ്പിയ്ക്കപ്പെടാൻ? യുദ്ധകാര്യ സഭയാണ് പ്രഭാതത്തിൽ നടക്കേണ്ടത്, വിജയത്തിനായി, ശത്രുനിഗ്രഹത്തിനായി, പുത്രബന്ധുമിത്രാദികളുടെ വധത്തിന് ഉപശാന്തിയ്ക്കായി.

രാജസഭയിൽ സാധാരണ വാചാലനാകാറുള്ള പ്രഹസ്തൻ അന്ന് തികച്ചും നിശബ്ദനായി എല്ലാം കേട്ടു കൊണ്ടിരുന്നത് ചർച്ചകളെ പലപ്പോഴും ഗതിമുട്ടിച്ചപ്പോൾ ലങ്കേശൻ അറിഞ്ഞിരുന്നിട്ടും കാരണം തേടി. മേഘനാദൻ പ്രഹസ്തനു സഹോദരൻ മാത്രമായിരുന്നില്ല, പലപ്പോഴും പിതാവും, ഗുരുവും അതിനൊക്കെ അപ്പുറം വീരപുരുഷനും, കൺകണ്ട ദേവനും ആയിരുന്നു. ആ വീരമൃത്യു പ്രഹസ്തനെ ശരിയ്ക്കും പിടിച്ചുലച്ച്, ജീവിതവിരക്തിയുടെ വക്കിലെത്തിച്ചിരുന്നു. എങ്കിലും ജനിച്ച മണ്ണിനോടും, പിതാവിനോടുമുള്ള കടമകൾ അവനെ മുന്നോട്ട് നയിച്ചു. യുദ്ധത്തിൻ്റെ പുതിയ തന്ത്രങ്ങളും, ഇളയച്ഛൻ കുംഭകർണ്ണനെ നിദ്രയിൽ നിന്നും ഉണർത്തുവാനുള്ള തീരുമാനവുമൊക്കെ മൗനമായി സമ്മതിച്ച പ്രഹസ്തൻ ഇത്രമാത്രം പറഞ്ഞു

"മഹാരാജാവേ, ഇന്നലെ 15 മഹാരഥികൾ ഒന്നിച്ച് ആക്രമിച്ച് അതിമഹാരഥിയായ ജേഷ്ഠനെ വധിച്ചപ്പോൾ, യുദ്ധനീതി ഒരു പരിധിവരെ ലംഘിയ്ക്കപ്പെട്ടു. ഏത് നീതി പറഞ്ഞാണോ ജേഷ്ഠൻ്റെ വാക്കുകൾ അങ്ങ് തിരസ്ക്കരിച്ചത്, അത് ഇനി വേണോ? ഓർക്കുന്നുണ്ടോ ശത്രുക്കൾ സമുദ്രത്തെ മുറിച്ച് സേതു ബന്ധിയ്ക്കുന്ന അവസരത്തിൽ മേഘനാദൻ ആവശ്യപ്പെട്ടത്? ശത്രു അസ്ത്രങ്ങൾ എത്തിച്ചേരുന്ന പരിധിയിൽ എത്തിയാൽ യുദ്ധം തുടങ്ങണമെന്ന്!"

ഒരു നിമിഷം നിശബ്ദനായിരുന്നതിനു ശേഷം ലങ്കേശൻ പ്രതിവചിച്ചു

" ഓർക്കുന്നുണ്ട്; ലങ്കയുടെ മണ്ണിൽ മിത്രങ്ങളല്ലാതെ ആരും കാലുകുത്തുന്നത് നിൻ്റെ ജേഷ്ഠനു സഹിയ്ക്കുവാൻ സാധ്യമായിരുന്നില്ല, അതിനാൽ ആണെന്ന് കളിയാക്കിയതും, ശത്രു വരട്ടേ, യുദ്ധനിയമങ്ങൾ പറഞ്ഞുറപ്പിച്ച് യുദ്ധം ചെയ്യാമെന്നും, അതാണ് യുദ്ധനീതിയെന്നും ഞാൻ പറഞ്ഞത് അന്നവനു ബോധ്യമായില്ല"

"പക്ഷേ അതൊരു മികച്ച യുദ്ധതന്ത്രമായിരുന്നു; ആ സേതുവിൻ്റെ മുനമ്പിൽ എത്ര ശത്രുക്കൾക്ക് നിരന്നു നിന്നു യുദ്ധം ചെയ്യുവാനാകുമായിരുന്നു? മുന്നോട്ട് നിർമ്മിയ്ക്കനാവാതെ, പരിമിതമായിട്ടുള്ള സേനയ്ക്ക് മാത്രം യുദ്ധത്തിൽ പങ്കെടുക്കുവാൻ കഴിയുമ്പോൾ അവർ വളരെ വേഗം യുദ്ധത്തിൽ പരാജിതരാകുമായിരുന്നു, കാലപുരി പൂകുമായിരുന്നു. ആ അവസരം നഷ്ടപ്പെടുത്തിയതിൽ പിന്നീടെന്നും ജേഷ്ടൻ അസന്തുഷ്ടൻ ആയിരുന്നു, യുദ്ധധർമ്മം ഒരിയ്ക്കലും ഏകപക്ഷീയമാവരുത്!"

പ്രഹസ്തൻ പറഞ്ഞവസാനിപ്പിച്ചു.

അൽപ്പം ദു:ഖത്തോടെ ലങ്കേശൻ പറഞ്ഞു, ആ പ്രഭാതസഭയിലെ അവസാന വാചകം

" അതേ നീതിയാൽ രണ്ട് പ്രാവശ്യം ചേതനയറ്റ് നിലത്ത് വീണ ശത്രുക്കളുടെ ശിരസ്സുകൾ ഛേദിയ്ക്കുവാൻ അവനും മടികാട്ടിയില്ലെങ്കിൽ ഇന്നലെ ആ അസ്ത്രമയക്കാൻ വനവാസിയുടെ കൈകൾ ഉയരുമായിരുന്നില്ലല്ലോ? ഇനി അവനായുള്ള പ്രതികർമ്മങ്ങൾ മാത്രമാണ് കരണീയമായിട്ടുള്ളത്, അതാണവൻ അർഹ്ഹിയ്ക്കുന്ന ശോകവും, പ്രഹസ്താ നീ അതിമഹാരഥി മേഘനാദൻ്റെ അനുജനാണ്, അതിനു ചേർന്ന രീതിയിൽ യുദ്ധം നയിക്കൂ, വിജയീ ഭവ!"

യുദ്ധം പിന്നേയും പലദിനങ്ങൾ നീണ്ട് പോയി; ശത്രുനിഗ്രഹത്തിനായി ലങ്കേശന്റെ നിർദ്ദേശപ്രകാരം പ്രഹസ്തൻ, കുംഭകർണ്ണനെ നിദ്രയിൽ നിന്നുണർത്തി. യുദ്ധത്തിനിടയാക്കിയ കാരണങ്ങൾ അറിഞ്ഞപ്പോൾ ഒരു സ്ത്രീയ്ക്ക് വേണ്ടിയുള്ള ആ യുദ്ധത്തിൽ അനൗചിത്യം തോന്നിയെങ്കിലും, ശത്രു പടിവാതിൽക്കൽ നിന്നു വെല്ലു വിളിയ്ക്കുമ്പോൾ, ആക്രമിയ്ക്കുമ്പോൾ, ന്യയാന്യായങ്ങളുടെ പരിചിന്തനമല്ല, ശത്രുസംഹാരത്തിനും, രാജ്യരക്ഷയ്ക്കുമാണ് മുൻഗണന എന്ന് മനസ്സിലുറപ്പിച്ച കുംഭകർണ്ണൻ ലങ്കേശനോട് ആവക സംവാദങ്ങൾ ശത്രുവിനെ ജയിച്ച് മടങ്ങി വന്നതിനു ശേഷം ആവാമെന്ന് അറിയിച്ച്, യുദ്ധക്കളത്തിലേയ്ക്ക് പുറപ്പെട്ടു. കുംഭകർണ്ണൻ തന്നോട് ഏറ്റുമുട്ടിയ അനവധി വാനരന്മാരെ വധിച്ചു മുന്നേറുന്നതിൽ നിന്ന് തടയുവാൻ എത്തിയ സുഗ്രീവനെ അടിച്ച് ബോധരഹിതനായി നിലത്തിട്ടു. സുഗ്രീവനെ ബന്ധിച്ച് കൊണ്ടു പോകാനൊരുങ്ങിയപ്പോൾ രാമൻ നേരിട്ട് യുദ്ധം നയിച്ചു, കുംഭകർണ്ണൻ രാമബാണങ്ങളാൽ വധിയ്ക്കപ്പെട്ടു.

തുടർന്നുള്ള ദിനങ്ങളിൽ കുംഭകർണ്ണപുത്രന്മാരായ കുംഭനും, നികുംഭനും, അതികായനും ഹനുമാനാൽ വധിയ്ക്കപ്പെട്ടു. സർവ്വസൈന്യാധിപൻ പ്രഹസ്തൻ വാനരസേനയെ തകർത്ത് തരിപ്പണമാക്കി, ഭയന്നോടിയ സേനയുടെ രക്ഷയ്ക്കെത്തിയ ലക്ഷ്മണൻ പ്രഹസ്തനോട് ഏറ്റുമുട്ടുന്നതിനിടയിൽ ശിലാനിർമ്മാണത്തിൽ വിദഗ്ധനായനായ നീലൻ യുദ്ധത്തിലും ആയുധമായി ശില തന്നെ പ്രയോഗിച്ചു; വലിയ കല്ലാലുള്ള അതിശക്തമായ പ്രഹരത്തിൽ ശിരസ്സ് തകർന്ന് പ്രഹസ്തൻ മരിച്ചു വീണു. ശത്രുക്കളിൽ വലിയ നാശം വിതച്ച നരാന്തകനെ അംഗദനും, ദേവാന്തകനെയും, ഋഷഭൻ, മഹാപാർശ്വൻ, തൃശിരൻ എന്നിവരെ ഹനുമാനും വധിച്ചു. നീലൻ മഹോദരനേയും, ഹനുമാൻ അഹിരാവണനേയും, മഹിരാവണനേയും കൂടി വധിച്ചതോടെ ലങ്കേശൻ ഏകദേശം ഒറ്റപ്പെട്ട നിലയിലായി, യുദ്ധം നേരിട്ട് നയിച്ചു തുടങ്ങി.

യുദ്ധം അതിന്റെ പന്ത്രണ്ടാം ദിനത്തിൽ എത്തിയെങ്കിലും വിജയം നേടാൻ ഇരുപക്ഷത്തിനുമായില്ല എന്നതിനാൽ തന്നെ ആശങ്ക ഒരേപോലെ പരന്നെങ്കിലും, ലങ്കേശൻ്റെ ഭാഗത്ത് നായകർ ഒന്നൊന്നായി വീണത്, ശത്രുപക്ഷത്തിനു ആത്മവിശ്വാസം നൽകി. എങ്കിലും വിഭീഷണൻ മാത്രം സന്തോഷിച്ചിരുന്നില്ല, രാവണൻ വീഴാതെ യുദ്ധം ജയിക്കില്ല എന്ന് അയാൾ രാമലക്ഷ്മണന്മാരെ നിരന്തരം ഓർമ്മിപ്പിച്ച് കൊണ്ടേയിരുന്നു.

രാവണന്റെ പടച്ചട്ടയുടെ പ്രത്യേകതയാൽ ഏതെങ്കിലും അസ്ത്രശസ്ത്രങ്ങൾക്ക് ശരീരത്തിൽ മുറിവുണ്ടാക്കുവാൻ സാധ്യമായിരുന്നില്ല. തീഷ്ണമായ യുദ്ധത്തിലുപയോഗിച്ച എല്ലാ ആയുധങ്ങളും നിഷ്ഫലമായത് കണ്ട് രാമൻ നിരാശനായി, ഇനിയെന്ത്? എന്ന് ശങ്കിച്ചു നിന്നു. ആ സന്ദർഭത്തിൽ വിഭീഷണൻ വീണ്ടും ഉപദേശവുമായെത്തി. അയാൾ രാമനോടും ലക്ഷ്മണനോടും പറഞ്ഞു

"ആ പടച്ചട്ടയെ ഭേദിയ്ക്കാതെ ലങ്കേശനെ വധിയ്ക്കുക സാധ്യമല്ല, അരയ്ക്ക് മുകളിലെ പടച്ചട്ടകളുടെ ബന്ധത്തിലല്ലാതെ അസ്ത്രത്താൽ ഭേദ്യം സാധ്യമല്ല, അതിനു അയാൾ മുന്നിലേയ്ക്ക് നിന്നു യുദ്ധം ചെയ്യണം, അപ്പോഴും അത് സധാരണ അസ്ത്രങ്ങളാൽ ദുഷ്ക്കരം തന്നെയാവും."

അതിലത്ര ശ്രദ്ധ നൽകുകയോ, വിഭീഷണനെ കൂടുതൽ പറയാനനുവദിയ്ക്കുകയോ ചെയ്തില്ലെങ്കിലും അയാൾ പറഞ്ഞത് വളരെ ശരിയാണെന്ന് അന്നത്തെ യുദ്ധം രാമനു ബോദ്ധ്യമാക്കിക്കൊടുത്തു. രാവണനുമായി നിരന്തരമായി യുദ്ധം ചെയ്ത് തളർന്ന് ഇനി മുന്നോട്ട് വയ്യ എന്ന അവസ്ഥയിലെത്തിയപ്പോൾ, ലക്ഷ്മണൻ ഇടപെട്ട് രാമനോട് യുദ്ധം നിർത്തി വിശ്രമിയ്ക്കുവാൻ ആവശ്യപ്പെട്ടു. എന്നാൽ യുദ്ധനീതിയ്ക്ക് അത് ചേരാത്തതിനാൽ രാമൻ വിസമ്മതിച്ചു, സാഹചര്യം മനസ്സിലാക്കിയ ലക്ഷ്മണൻ മേഘനാദവധത്തിനു സമാനമായി എല്ലാ മഹാരഥികളേയും ഒരുമിപ്പിച്ച് രാവണനെ നേരിട്ടപ്പോൾ, ആയുധങ്ങൾ പ്രയോഗിയ്ക്കുവാൻ പോലും ശേഷിയില്ലാതെ തളർന്ന് പോയ രാവണനെ നോക്കി, രാമൻ

"ഹേ, ലങ്കേശാ താങ്കൾ തളർന്നിരിയ്ക്കുന്നു, ഇന്ന് പോയി വിശ്രമിയ്ക്കുക, നാളെ വീണ്ടും വരിക, ഈ സംഗ്രാമഭൂമിയിലേയ്ക്ക്..."

എന്ന് പറഞ്ഞു മടക്കി അയച്ചു. പിന്നീട് അനുജൻ്റെ മടിയിൽ തലവച്ച് ആ യുദ്ധക്കളത്തിൽ വെറും നിലത്ത് കണ്ണുകൾ അടച്ചു കിടന്നു. തേരുതിരിച്ച് ലങ്കയിലെ കൊട്ടാരത്തിലേയ്ക്ക് മടങ്ങുന്ന രാവണൻ ആ കാഴ്ച്ച കണ്ട് നിർനിമേഷനായി അൽപ്പനേരം ദു:ഖിതനായി നിന്നു.

കൊട്ടാരത്തിൽ എത്തിയ ലങ്കേശൻ ആരേയും കാണാൻ കൂട്ടാക്കാതെ സ്വന്തം കൊട്ടാരത്തിൽ എത്തി, നിത്യസൗഹൃദമായ ആ വീണ കയ്യിലേന്തി മനസ്സ് ശാന്തമാക്കാൻ ഇഷ്ടപ്പെട്ട രാഗങ്ങൾ ആലപിച്ചു തുടങ്ങിയെങ്കിലും, അസ്വസ്ഥമായ ആ മനസ്സിന്റെ വിചാരവികാരങ്ങൾ അതിലൂടെ ഒഴുകിയപ്പോൾ ശോകഗാനങ്ങളായവ മാറി. വളരെ നാളുകൾക്ക് ശേഷം രാവണന്റെ മുറിയിൽ നിന്ന് രുദ്രവീണയുടെ നാദം ഉയർന്നപ്പോൾ തന്നെ ആ മനസ്സിന്റെ അസ്വസ്തത തിരിച്ചറിഞ്ഞ മണ്ഡോദരി കാരണം തിരക്കിയപ്പോൾ, ഇന്നോളം കാണാത്ത രീതിയിൽ ദു:ഖിതനായി അദ്ദേഹം ഇടറിയ വാക്കുകളാൽ പ്രതിവചിച്ചു.
" ഞാൻ ആ സഹോദരന്മാരുടെ സ്നേഹവും, ഐക്യവും കണ്ടിട്ടാണ് വരുന്നത്, രാമനു ക്ഷീണം വന്നാൽ പറയാതെ ലക്ഷ്മണനതറിയുന്നു, അവർ പരസ്പരം ഒരാത്മാവായി, പരസ്പരപൂരകങ്ങളായി വർത്തിയ്ക്കുന്നു, അതിനിടയിൽ ഞാൻ എൻ്റെ സഹോദരനെ കണ്ടു, ശത്രുപക്ഷത്ത്, ആ സ്നേഹം എൻ്റെ സഹോദരനില്ലാതെ പോയല്ലോ എന്നോർത്ത് എൻ്റെ മനസ്സ് തളർന്നു. സഹോദരൻ എന്ന നിലയിലും ഞാൻ ഒരു പരാജയാമായിരുന്നോ?"

"അതൊന്നും ഇപ്പോൾ കാര്യമാക്കേണ്ട, യുദ്ധം ചെയ്ത് അങ്ങ് തളർന്നിരിയ്ക്കുന്നു, ഇപ്പോൾ വിശ്രമിയ്ക്കൂ, ശക്തി നേടൂ, നാളെ കൂടുതൽ ശക്തിയായി യുദ്ധം നയിയ്ക്കാൻ.."

മണ്ഡോദാരിയുടെ വാക്കുകൾ കേട്ട് ശയ്യയിൽ ചാരിയിരുന്ന ലങ്കേശൻ കണ്ണുകളടച്ച് കൊണ്ട് പറഞ്ഞു

" അതേ.. വിശ്രമിയ്ക്കണം, അതും ഒരൗദാര്യം, യുദ്ധഭൂമിയിൽ നിന്നാദ്യമായി രാവണനു കിട്ടിയ ദയ, ഇതേ കാര്യം രാമൻ ഇന്നെന്നോട് ആവശ്യപെട്ടു, വിശ്രമിയ്ക്കാൻ... ഇന്നു പോയി നാളെ വരാൻ....."

യുദ്ധത്തിൻ്റെ പതിമൂന്നാം നാൾ ലങ്കേശൻ അതിതീവ്രമായി യുദ്ധം ചെയ്തു, തലേ ദിവസത്തെ പരാജയത്തിൻ്റെ ക്ഷീണം തീർക്കുവാൻ തുനിഞ്ഞിറങ്ങിയ അദ്ദേഹത്തിനു മുന്നിൽ മഹാരഥികൾ ഒന്നൊന്നായി തോറ്റുമടങ്ങി, രാമൻ തികച്ചും പരിക്ഷീണിതനായി, ഇതിനൊരവസാനമില്ലേ? എന്ന ആ ചോദ്യത്തിനു മുന്നിലേയ്ക്ക് വിഭീഷണൻ കടന്നു വന്നു.

"രാവണറ്റെ മർമ്മസ്ഥാനത്ത് അസ്ത്രം തറഞ്ഞെങ്കിൽ മാത്രമേ അയാൾ മരിയ്ക്കുകയുള്ളൂ; ഈ പടച്ചട്ടയിലൂടെ അസ്ത്രം തുളച്ച് കയറാൻ കഴിയുന്നത് അവ തമ്മിൽ ചേരുന്ന പൊക്കിൾകുഴിയുടെ രേഖയിലാണ്, അതാണ് തകർക്കാൻ പറ്റിയ ഏകമർമ്മം. എന്നാൽ അത് സാധാരണ അസ്ത്രത്താൽ തകർക്കുക സാധ്യമല്ല, പ്രത്യേകതരം ലോഹവും വജ്രമുനയും ഉള്ള അസ്ത്രമാണതിനു വേണ്ടത്. ആ തരത്തിലുള്ള ഒരസ്ത്രമേ ഉള്ളൂ, അതുപയോഗിച്ച് ഒരിയ്ക്കൽ ഇന്ദ്രൻ, രാവണനെ മുറിവേൽപ്പിച്ചതാണ്, അത് കൈക്കലാക്കിയ രാവണൻ അത് ലങ്കയുടെ കൊട്ടാരത്തിൽ കൊണ്ടുവന്ന് ഭാര്യ മണ്ഡോദരിയെ ഏൽപ്പിച്ചു. അത് കരസ്ഥമാക്കിയാൽ മാത്രമേ രാവണനെ വധിയ്ക്കുവാൻ സാധിയ്ക്കൂ"

ഉദ്വേഗത്തോടെ രാമൻ ആരാഞ്ഞു

"അതെങ്ങനെ നേടും? രാവണനും രാക്ഷസരും യുദ്ധത്തിലാണെങ്കിലും കോട്ടയ്ക്ക് കാവലുണ്ടാവുമല്ലോ, പ്രത്യേകിച്ച് അന്തപ്പുരത്തിന്."

"വിശ്വാസം, അതിനെ മുതലെടുക്കുക, ശൈവന്മാരായ രാക്ഷസന്മാർ അഘോരിസന്യാസികളെ തടയില്ല, അവർക്ക് കൊട്ടാരത്തിൽ അന്തപുരത്തിൽ പോലും പ്രവേശനം കിട്ടും, കോട്ടയും കൊട്ടാരവും പരിചയമുള്ള ഹനുമാനാണ് അതിനു പറ്റിയ ആൾ"

വിഭീഷണൻ മറുപടി പറഞ്ഞു

"അഘോരിശൈവസന്യാസിയായി ഞാൻ അവിടെ കടക്കാം, പക്ഷേ ആ അസ്ത്രം എങ്ങനെ കണ്ടെത്തും? ആ സ്ത്രീ അത് കാട്ടിത്തരുമോ?"

ഹനുമാൻ സംശയമുന്നയിച്ചു.

ചുണ്ടുകൾ കോട്ടി വികൃതമായ ചിരിയോടെ വിഭീഷണൻ മറുപടി നൽകി

"ഒരു സ്ത്രീയെ കൊണ്ട് വാ തുറപ്പിയ്ക്കാൻ എന്ത് ആയുധമാണ് പ്രയോഗിയ്ക്കേണ്ടത് എന്ന് ഞാൻ പറഞ്ഞ് തരണോ? ഹനുമാന്.."

"പക്ഷേ ഹനുമാൻ നിത്യബ്രഹ്മചാരിയാണല്ലോ?"

ശബ്ദമുയർന്നത് ജാംബവാനെന്ന വൃദ്ധനിൽ നിന്നായിരുന്നു

അൽപ്പം പരിഹാസത്തോടെ വിഭീഷ്ണൻ പറഞ്ഞു

"കഥകൾ അത് രസിയ്ക്കുന്നവരോട് പറഞ്ഞാൽ പോരേ ജാംബവാനേ... ഇത് അതിനുള്ള സമയവുമല്ലല്ലോ, യുദ്ധത്തിൽ മുന്നിൽ നിന്നു പൊരുതുന്ന "മകരധ്വജൻ" എൻ്റെ അറിവിൽ ഹനുമാൻ്റെ പുത്രനാണ്; പിന്നെ ലങ്കയിൽ ആദ്യം കാലുകുത്തിയ ഹനുമാൻ കടലുകടന്ന ക്ഷീണത്താൽ രുചിച്ചത് കുളിർജലമോ, ലങ്കാലക്ഷ്മിയെന്ന സുന്ദരിയായ കാവൽക്കാരിയുടെ അധരങ്ങളും, സ്തനകുംഭങ്ങളുമോ? എന്ന് ഹനുമാൻ തന്നെ പറയട്ടേ.."

ഹനുമാൻ മറുപടി ഒന്നും പറയാതെ ഈർഷ്യയോടെ വിഭീഷണനെ നോക്കി നിന്നതേയുള്ളൂ.

"കൂടുതൽ ആലോചനയുടെ ആവശ്യമില്ല, ഇവിടെ ധർമ്മാധർമ്മങ്ങളും, നീതിശാസ്ത്രവുമല്ല, യുദ്ധതന്ത്രമാണ് വേണ്ടത്, ഹനുമാൻ ഇപ്പോൾ തന്നെ പുറപ്പെടുക, സ്ത്രീവധം കഴിയുമെങ്കിൽ ഒഴിവാക്കണം, അല്ലെങ്കിൽ തന്നെ മാനഭംഗവും വധത്തിനു തുല്യം തന്നെ!"

രാമന്റെ ശബ്ദം കടുത്തിരുന്നു.

തിരസക്കരണിവിദ്യയിലൂടെ ലങ്കൻ സേനയെ മറികടന്ന ഹനുമാൻ അഘോരിസന്യാസിയുടെ രൂപത്തിൽ ലങ്കയുടെ രാജകൊട്ടാരത്തിൽ പ്രവേശിച്ചു. യുദ്ധവിജയത്തിനായി ചില മർമ്മപ്രധാന വിവരങ്ങൾ അറിയിയ്ക്കാനെത്തിയതാണെന്നും മഹാരാജ്ഞിയെ കാണണമെന്നും ആവശ്യപ്പെട്ടപ്പോൾ, സീതാന്വേഷണത്തിൽ ഒരിയ്ക്കൽ കടന്നു പോയ ആ വഴികൾ കടന്ന് മണ്ഡോദരിയുടെ അന്തപ്പുരത്തിലേയ്ക്കും പ്രവേശനം നേടി.

പറയാനുള്ളവ അതീവരഹസ്യമായതിനാലും, കൊട്ടാരത്തിൽ പോലും വിഭീഷ്ണന്റെ ചാരന്മാരുള്ളതിനാലും എല്ലാവരേയും അന്തപ്പുരത്തിൽ നിന്നും അകറ്റി നിർത്തണമെന്ന സന്യാസിയുടെ ആവശ്യം മഹാരാജ്ഞി അംഗീകരിച്ചപ്പോൾ, താൻ അകപ്പെടുന്ന വലിയ അപകടത്തെപ്പറ്റി അവർ അറിഞ്ഞിരുന്നില്ല. എല്ലാം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയ സന്യാസി രാവണനെ വധിയ്ക്കുവാനുള്ള ആ അസ്ത്രം എടുത്ത് തരണമെന്നും അതിൽ തന്റെ കൈവശമുള്ള രക്ഷ കൂടി കെട്ടി പൂജിച്ച് വച്ചില്ലെങ്കിൽ ശക്തി ക്ഷയിച്ച അത് വിഫലമാകുമെന്നും അതിനു പകരമൊന്ന് മറ്റൊരിടത്ത് ഉത്ഭവിയ്ക്കുമെന്നും അറിയിച്ചു. മണ്ഡോദരി വിസമ്മതിച്ചപ്പോൾ ഇപ്പോൾ ഗ്രഹങ്ങളും, സമയവും ലങ്കയ്ക്ക് എതിർദിശയിലാണെന്നും അതിനാലാണ് ലങ്കേശനു പുത്രന്മാരും ബന്ധുക്കളും നഷ്ടമായതെന്നും, തന്റെ പരമഭക്തന്റെ ഈ അവസ്ഥയിൽ ഭഗവാൻ ശ്രീശങ്കരൻ ആകുലനായതിനാൽ തന്നെ അയച്ചതാണെന്നും കൂടി പറഞ്ഞ് നോക്കിയെങ്കിലും ആ അസ്ത്രം കൈമാറാൻ മണ്ഡോദരി തയ്യാറായില്ല.

സമയം നഷ്ടമാകുന്നതിൽ പരിഭ്രാന്തനായ സന്യാസി തന്റെ യഥാർത്ഥരൂപം കൈക്കൊണ്ടു, ഹനുമാനെ കണ്ട് മണ്ഡോദരി നടുങ്ങി, അവൾ അടച്ചിട്ട വാതിലിനെ ലക്ഷ്യമാക്കി പാഞ്ഞെങ്കിലും ഹനുമാന്റെ വേഗതയ്ക്ക് മുന്നിൽ അവൾക്ക് ഒന്നും ചെയ്യാനായില്ല. മുടിയ്ക്ക് കുത്തിപ്പിടിച്ച് ഇരു കവിളുകളിലും മർദ്ദിച്ച് അസ്ത്രം കാട്ടിത്തരാൻ അവനാവശ്യപ്പെട്ടു. അതിരിയ്ക്കുന്ന സ്ഥലം തനിയ്ക്കറിയില്ല, ഉപദ്രവിയ്ക്കരുതെന്നവൾ നിലവിളിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഹനുമാൻ വിഭീഷ്ണൻ പറഞ്ഞ വഴിയിലേയ്ക്ക് തിരിഞ്ഞു.

അവന്റെ കരുത്തിനു മുന്നിൽ ആ വയോവൃദ്ധ നിമിഷങ്ങൾക്കുള്ളിൽ വിവസ്ത്രയാക്കപ്പെട്ടു. ലങ്കയിലെ കൊട്ടാരത്തിൽ, സ്വന്തം അന്തപ്പുരത്തിൽ വച്ച് ത്രിലോകങ്ങൾക്കും മഹാരാജ്ഞിയായവൾ ആ വാനരനാൽ പിച്ചിചീന്തപ്പെട്ടു. അതിക്രൂരമായ ബലാത്സംഗത്തിനു ശേഷം ഭർത്താവ് തന്നെ ഇനി കാണേണ്ട, അതിനാൽ ജീവിച്ചിരിയ്ക്കേണ്ടതില്ല, ഇവനാൽ വധിയ്ക്കപ്പെടട്ടേ എന്ന് അവൾ തീരുമാനിച്ചുറച്ചു. കഴുത്തു ഞെരിച്ചും, വദനനാസികകൾ പൊത്തിപ്പിടുച്ചും ശ്വാസം മുട്ടിച്ച് മരണത്തിന്റെ വക്കോളമെത്തിച്ച അക്രമിയോട് തന്നെ വധിച്ചാൽ പോലും അത് കാട്ടിത്തരികയില്ലെന്ന് തീർത്ത് പറഞ്ഞു.

ശരീരത്തിൽ മുഴുവൻ ക്രൂരമായ ആക്രമണത്തിന്റെ രക്തം പൊടിയുന്ന മുറിവുകളുമായി പൂർണ്ണ നഗ്നയായ അവളെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ട് ഹനുമാൻ പറഞ്ഞു

"നിന്നെ ഈ നിലയിൽ എടുത്ത് കൊണ്ടുപോയി യുദ്ധക്കളത്തിൽ അത്രയും സേനയുടെ മുന്നിൽ, നിന്റെ ഭർത്താവിനു മുന്നിൽ ഞാൻ നിർത്തും, പിന്നെ ഞങ്ങൾക്കയാളെ വധിയ്ക്കേണ്ടി വരില്ല, അഭിമാനിയായ അയാൾ ആത്മഹത്യ ചെയ്തു കൊള്ളും, പിന്നെ ഇപ്പോൾ അതെനിയ്ക്കറിയാം, നീ അറിയാതെ തന്നെ അത് എനിയ്ക്ക് കാട്ടിത്തന്നിരുന്നു, ഇതാ അവിടെ..."

ഹനുമാന്റെ ആ തന്ത്രത്തിൽ മണ്ഡോദരി വീണു, ഭീകരമായ മാനഭംഗത്താൽ പരിക്ഷീണിതയായ അവളുടെ മനസ്സിന്റെ ദൃഢതയും സംയമനവും കൈമോശം വന്നു കഴിഞ്ഞിരുന്നു. അവളുടെ കണ്ണുകൾ അറിയാതെ ആ മുറിയുടെ ഒരു മൂലയിലെത്തി, അതിനെ പിന്തുടർന്ന് ഹനുമാന്റെ കണ്ണുകളും. അവിടെ അവൻ മനോഹരമായി അലങ്കരിച്ച ആ ശിവന്റെ ചിത്രം കണ്ടു, താൻ തേടുന്നത് അതിന്റെ പിന്നിലാണെന്ന് അവനാരും പറഞ്ഞ് കൊടുക്കേണ്ടിയിരുന്നില്ല. മണ്ഡോദരിയെ പ്രജ്ഞ നശിയ്ക്കുന്ന രീതിയിൽ മർദ്ദിച്ച് കിടക്കയിൽ തള്ളി, അവനാ ചിത്രം ഇളക്കി മാറ്റി, അതിന്റെ പിന്നിൽ സൂക്ഷിച്ചിരുന്ന ആ ദിവ്യാസ്ത്രം കൈക്കലാക്കി, രാമന്റെ സമീപത്തേയ്ക്ക് പാഞ്ഞ് പോയി.

ഹനുമാൻ കൊണ്ടുവന്ന ആ അസ്ത്രം ഒന്ന് തൊടാൻ പോലും വിഭീഷ്ണനു ധൈര്യം ഉണ്ടായില്ലെങ്കിലും അത് തന്നെയാണെന്ന് അവൻ ഉറപ്പ് പറഞ്ഞു. രാമൻ ആ അസ്ത്രവുമായി എല്ലാവരേയും പിന്തള്ളി രാവണനു മുന്നിലെത്തി യുദ്ധം ആരംഭിച്ചു. പരസ്പരം നിരവധി അസ്ത്രങ്ങൾ പ്രയോഗിച്ച് തളർന്ന ലങ്കേശൻ മുന്നോട്ടാഞ്ഞ് നിന്ന് രാമനു അരയ്ക്ക് മുകളിൽ പൂർണ്ണമായി കാണാവുന്ന നിലയിലെത്തിയപ്പോൾ ഇതാണവസരം എന്ന് രാമൻ തിരിച്ചറിഞ്ഞു ആ ദിവ്യാസ്ത്രം വില്ലിലെ ഞാൺ ചെവിയ്ക്ക് വളരെ പുറകിലോട്ട് വലിച്ച് ലങ്കേശന്റെ നാഭിയിലേയ്ക്ക് സർവ്വശക്തിയുമെടുത്ത് പ്രയോഗിച്ചു. ആ അസ്ത്രം പടച്ചട്ടകളുടെ സന്ധിബന്ധം തകർത്ത് കയറി, പൊക്കിൾക്കൊടിയിലെ മർമ്മം പിളർന്ന് ലങ്കേശനെ വീഴ്ത്തി. വാനരസേന വിജയാരവം മുഴക്കി, രാക്ഷസസേന ലങ്കയിലെ കോട്ടയിലേയ്ക്ക് ഭയന്നോടി. നിസംഗനായി ലങ്കേശന്റെ തേരിനടുത്ത് നിന്നു കൊണ്ട് രാമൻ ലക്ഷമണനോട് പറഞ്ഞു

"അനുജാ.. ഈ തേർത്തട്ടിൽ വീണുകിടക്കുന്നത് ഈ ലോകത്ത് ഇന്ന് ജീവിച്ചിരിയ്ക്കുന്ന ഏറ്റവും വലിയ രാജ്യതന്ത്രജ്ഞൻ ആണ്. അദ്ദേഹത്തിൽ നിന്നും അതിന്റെ മർമ്മപ്രധാനമായ ഭാഗങ്ങൾ നീ ഗ്രഹിച്ചാലും, സത്യപ്രതിജ്ഞയാൽ ബന്ധിതനായ, രാജ്യഭാരം ഉപേക്ഷിച്ച ഞാൻ അത് ഇപ്പോൾ ഗ്രഹിയ്ക്കുക എന്നത് പ്രതിജ്ഞാലംഘനമാകും. അതിനാൽ സമയം കളയാതെ ശീഘ്രം ലങ്കേശനടുത്തെത്തി ആ ജ്ഞാനം നേടിയാലും"

തേർത്തട്ടിൽ എത്തിയ ലക്ഷ്മണനോട് ലങ്കേശൻ പറഞ്ഞു

"അല്ലയോ രാജകുമാരാ.. എന്നെ ഈ തേർത്തട്ടിൽ നിന്നും താഴെയിറങ്ങാൻ സഹായിച്ചാലും, എനിയ്ക്ക് എന്റെ മണ്ണിൽ കിടന്നു വേണം അന്ത്യശ്വാസം വലിയ്ക്കാൻ, ലങ്ക്യ്ക്കായി ലോകത്തിലെ നല്ലതെല്ലാം സംഭരിച്ച് നൽകിയ രാവണന് അതിനെങ്കിലും അർഹ്ഹതയുണ്ടാകുമല്ലോ, അല്ലേ?"
ലക്ഷ്മണന്റെ സഹായത്തോടെ ലങ്കേശൻ നിലത്തിറങ്ങി; പിന്നെ ലങ്കയുടെ മണ്ണിൽ കിടന്ന് ആദ്യമാ മണ്ണിനെ ചുംബിച്ചു, പിന്നീട് മർമ്മം പിളർന്ന വേദനയിലും ലങ്കേശന്റെ മുഖത്ത് ആശ്വാസത്തിന്റെ ഒരു ചെറുചിരി പരന്നു, അദ്ദേഹം വേദന കടിച്ചമർത്തി, കഴിയുന്നത്ര ശബ്ദത്തിൽ ലക്ഷ്മണനു രാജ്യതന്ത്രത്തിന്റെ മർമ്മം ഉപദേശിച്ചു, ഇനി തന്നിൽ നിന്നും വാക്കുകൾ അടരില്ല എന്ന് ബോധ്യമായതോടെ, അവസാന ശക്തിയും സംഭരിച്ച് ഇത്രയും കൂടി പറഞ്ഞ് തീർത്തു

"ലക്ഷ്മണാ, ഇപ്പോൾ ഞാൻ നിനക്ക് ഗുരു, എന്റെ അവസാന ആഗ്രഹം ഒരു ഗുരുദക്ഷിണയായി ഞാൻ ആവശ്യപ്പെടുന്നു, സാധാരണ യുദ്ധത്തിൽ ജയിച്ചത് പോലെ വാനരസൈന്യം ലങ്കയിൽ കടന്ന് നരനായാട്ടോ, മാനഭംഗങ്ങളോ, കൊള്ളയോ നടത്തരുത്, സ്വന്തം ജനതയെ പോലെ അവശേഷിയ്ക്കുന്ന ലങ്കാനിവാസികളെ കാണണം, വിഭീഷ്ണന്റെ കീഴിൽ സ്വതന്ത്രരാജ്യമായി ലങ്കാനിവാസികൾ.. എന്റെ ജനങ്ങൾ... ഇപ്പോഴത്തെ പോലെ തന്നെ സമ്പന്നരായും, സമാധാനത്തോടേയും, സന്തോഷത്തോടേയും, തുടർന്നും ജീവിയ്ക്കണം, രാമാ ... അതിന് വിജയിയായ അങ്ങും തുണയാവണം..."

ലങ്കേശന്റെ വാക്കുകൾ ശ്രവിച്ചെങ്കിലും ദുഃഖിതനായി തീർന്ന രാമനിൽ നിന്നും ശബ്ദം പുറത്തേയ്ക്ക് വന്നില്ല, വാഗ്ദാനം ഒരു തലകുലുക്കലിലൊതുങ്ങി, പിന്നീട് നിലത്തു മുട്ടുകുത്തി ഇരിയ്ക്കുന്ന ലക്ഷ്മണനോട് ചോദിച്ചു

"ലക്ഷ്മണാ.. നമ്മിലും ശക്തർക്കെതിരെയുള്ള യുദ്ധത്തിന്റെ മഹാസമുദ്രം നമ്മൾ നീന്തിക്കടന്നിരിയ്ക്കുന്നു, ഈ വിജയത്തിന് കാരണമെന്തെന്ന് അറിയുമോ?"

" ജേഷ്ഠാ, അങ്ങയുടെ ക്ഷാത്രതേജസൊന്നു മാത്രമാണതിനു കാരണം"

ചുണ്ടിൽവന്ന ചെറു പുഞ്ചിരിയൊതുക്കി രാമൻ തുടർന്നു

"അല്ലേയല്ല, നമ്മൾ സഹോദരന്മാരുടെ ഇഴപിരിയാത്ത ഐക്യം ആണതിനു കാരണം; ഇവിടെ നാലു ജോടി സഹോദരന്മാർ ഉണ്ടായിരുന്നു. രണ്ട് പിതാക്കന്മാർക്ക് ഒരേ മാതാവിൽ ജനിച്ച ബാലിയും സുഗ്രീവനും, രണ്ട് മാതാക്കളിൽ ഒരേ പിതാവിനു ജനിച്ച മേഘനാദനും ഹനുമാനും, ഒരേ പിതാവിനും മാതാവിനും പിറന്ന രാവണനും വിഭീഷ്ണനും; ആ സഹോദരന്മാർ പരസ്പരം പോരാടി, കൂട്ടത്തിൽ കരുത്തൻ വീരസ്വർഗ്ഗം പ്രാപിച്ചു, ദുർബ്ബലൻ നമുക്ക് ദാസനായി. നമ്മൾ ഒരേ മനസ്സായി ഐക്യത്തോടെ നിന്നു പൊരുതി വിജയിച്ച്, അവർക്കെല്ലാം സ്വാമിമാരായി; ഭിന്നിച്ച് നിൽക്കുന്നവർ വിജയിച്ചാൽ പോലും പരാജിതർ തന്നെ, അതാണ് പരമമായ സത്യം!"

രാമൻ തിരിഞ്ഞ് നിന്ന് ആംഗ്യത്താൽ ക്ഷണിച്ചപ്പോൾ, അപ്പോഴും ദൂരെ തന്നെ ഭയന്ന് നിന്ന സുഗ്രീവ, വിഭീഷ്ണാദികൾ ലങ്കേശനു ചുറ്റും വന്നു നിരന്നു.

ഇന്ദ്രനും ചന്ദ്രനും മുന്നിൽ കുനിയാത്ത ലങ്കേശന്റെ ശിരസ്സ് മെല്ലെ കുനിഞ്ഞ് ജന്മഭൂമിയിൽ സ്പർശ്ശിച്ചു, ഒരിയ്ക്കൽ കൂടി അതുയർന്നു, രാമനു പിന്നിൽ നിന്ന വിഭീഷണന്റെ മുഖത്തേയ്ക്ക് ആ കണ്ണുകൾ പതിഞ്ഞപ്പോൾ അതിലൊരു വാത്സല്യം അപ്പോഴും തുളുമ്പി നിന്നു, പിന്നീടാ ശിരസ്സ് മാതൃഭൂമിയുടെ മടിത്തട്ടിലേയ്ക്ക് പതിച്ചു, ത്രിലോകങ്ങൾക്ക് നാഥനായി വാണ ലങ്കേശന്റെ അവസാനശ്വാസവും നിലച്ചു.

Friday, March 9, 2018

മേഘനാദം ഭാഗം 3 - ഇന്ദ്രജിത്ത്

പ്രഭാതത്തിലെ അസ്വസ്ഥതകളും, പരാക്രമക്ഷീണവും മേഘനാദനെ ഒരേ സമയം തളർത്തുകയും, വർദ്ധിതവീര്യനാക്കുകയും ചെയ്തിരുന്നു. ആ ക്ഷീണം വ്യക്തമായി മനസ്സിലാക്കിയ സുലോചന കുറച്ച് നേരം വിശ്രമിച്ച ശേഷം, ഉച്ചഭക്ഷണസമയത്തിനു ശേഷം മാത്രം യുദ്ധം നയിയ്ക്കാമെന്ന് അവനെ ഉപദേശിച്ചു; എന്നാൽ താൻ ജീവിച്ചിരിയ്ക്കുന്നിടത്തോളം കാലം ലങ്കയുടെ സൈന്യത്തെ മുന്നിൽ നിന്ന് താൻ തന്നെയാവും നയിക്കുകയെന്ന വാക്കുകൾക്കു മുന്നിൽ അവൾ നിസ്സഹായയായി.

അവളുടെ ദൈന്യത നിറഞ്ഞ മുഖത്തിനു മറുപടിയായി, "മാതാവിനുണ്ടായ അപമാനത്തിനു പകരമായി വിഭീഷണനെ വധിച്ച ശേഷം ആവാം വിശ്രമം" എന്ന് സമാശ്വസിപ്പിച്ച് മേഘനാദൻ യുദ്ധഭൂമിയിലേയ്ക്ക് യാത്രയായി, സുലോചന ദു:ഖം വെടിഞ്ഞ്, ചിരിയോടെ ഭർത്താവിനു വിജയമാശംസിച്ച് യാത്രയാക്കി.

യുദ്ധക്കളത്തിൽ ആരെ മേഘനാദൻ തിരഞ്ഞുവോ, അയാളെ കണ്ടെത്താനേ കഴിഞ്ഞില്ല; ഭീരുവായ ആ ശത്രു ലക്ഷ്മണന്റെ പടകുടീരത്തിൽ അഭയം തേടി, പുറത്ത് വന്ന് യുദ്ധത്തിൽ പങ്കെടുക്കാൻ കൂട്ടാക്കിയതേയില്ല. എങ്കിലും ക്രുദ്ധനായ ഘനനാദൻ അതിശക്തമായി ആക്രമിച്ച് വാനരസേനയെ കൂട്ടത്തോടെ കൊന്നൊടുക്കി. അതിനെ പ്രതിരോധിയ്ക്കുവാൻ ഹനുമാൻ മുന്നിലെത്തി, മേഘനാദനെതിരെ യുദ്ധം ചെയ്തു. അതി ഭയങ്കരമായ യുദ്ധമാണാ ലോകൈകവീരന്മാർക്കിടയിൽ നടന്നത്, പരസ്പരം അണുവിട വിട്ടുകൊടുക്കാത്ത ആക്രമണപ്രത്യാക്രമണങ്ങളിൽ ലങ്കയുടെ മണ്ണ് വിറകൊണ്ടു. ഹനുമാനു നേരേ ആക്രമിച്ച് കയറുന്ന മേഘനാദനെ കണ്ട് പരിഭ്രാന്തനായ ലക്ഷമണൻ രാമനു സമീപം എത്തി, അനുജന്റെ മുഖഭാവം വായിച്ച് മനസ്സറിഞ്ഞ് ജേഷ്ഠൻ ആശ്വസിപ്പിച്ചു

"ഇന്ന് ഭൂമിയിൽ ജീവിച്ചിരിയ്ക്കുന്നവരിൽ വച്ച് ഏറ്റവും പരാക്രമികളായ അവരുടെ യുദ്ധം അതിന്റെ മഹത്വത്തിനു ചേർന്നവിധം നടക്കട്ടേ... അത് കാര്യമാക്കേണ്ടത്തില്ല, മഹാദേവന് അഞ്ജനയിലും, മധുരയിലും പിറന്നതെങ്കിലും സഹോദരന്മാരല്ലേ അവർ? ഇരുവരും വധിയ്ക്കപെടില്ല. കൂട്ടത്തിൽ കൂടുതൽ യുദ്ധനിപുണൻ മേഘനാദനായതിനാൽ അവൻ തോൽക്കില്ല, ചിരഞ്ജീവി ആയതിനാൽ ഹനുമാൻ വധിയ്ക്കപ്പെടുകയുമില്ല"

നീണ്ടയുദ്ധത്തിനൊടുവിൽ ഹനുമാൻ പരാജിതനായി പിന്മാറിയപ്പോൾ ഭയന്ന്, ചിതറിയോടിയ വാനരസേനയെ സംരക്ഷിയ്ക്കുവാൻ, രാമനും ലക്ഷ്മണനും ഒന്നിച്ച് ഇന്ദ്രജിത്തിനെ നേരിട്ടു.

പരസ്പരം പുറം കാത്തും, ഒന്നിച്ച് നിന്നും അവർ ഇന്ദ്രജിത്തിന്റെ രഥവേഗത്തെ പ്രതിരോധിച്ചു. വിഭീഷണനെ കണ്ടെത്തി വധിയ്ക്കാൻ ഈ സഹോദർന്മാരെ വീഴ്ത്താതെ സാദ്ധ്യമല്ല എന്നറിഞ്ഞ അവൻ ഒന്നിനു പുറകേ ഒന്നായി ദിവ്യായുധങ്ങൾ പ്രയോഗിച്ച് തുടങ്ങി. ബ്രഹ്മാസ്ത്രവും, വൈഷ്ണവാസ്ത്രവും പ്രയോഗിച്ചെങ്കിലും അവ രാമൻ മുന്നിൽ നിന്നു പ്രതിരോധിച്ചു, ആ സഹോദരന്മാരെ വലം വച്ചദിവ്യാസ്ത്രങ്ങൾ ഒഴിഞ്ഞ് പോകുന്ന കാഴ്ച്ച ശക്രാജിത്തിനെ ചിന്തയിലാഴ്ത്തി, ഇവർ സാധാരണ മനുഷ്യരല്ല എന്നും, ദിവ്യാസ്ത്രങ്ങളെ മുന്നിൽ നിന്നു തടുത്ത രാമൻ ദിവ്യത്വമുള്ള ജന്മമാണെന്ന് അവനു മനസ്സിലായി. അപ്പോഴേയ്ക്കും ഉച്ചഭക്ഷണത്തിനു സമയമായതിനാൽ അവൻ പതിവിനു വിപരീതമായി പടകുടീരത്തിനു പകരം ലങ്കയുടെ കോട്ട താണ്ടി കൊട്ടാരത്തിൽ എത്തിച്ചേർന്നു.
കോട്ടയിൽ കടന്ന മേഘനാദൻ നേരേ പോയത് രാജകൊട്ടാരത്തിൽ ലങ്കേശനെ കാണുവാനായിരുന്നു, യുദ്ധക്കളത്തിൽ നിന്നും പതിവില്ലാത്ത നേരത്ത് വന്ന പുത്രനെ കണ്ട് യുദ്ധം അവസാനിച്ചു എന്ന് കരുതിയ അദ്ദേഹം സന്തോഷത്തോടെ അടുത്തെത്തി ചോദിച്ചു

"വീരനായ പുത്രാ.. വിശദമായി പറയൂ... എങ്ങനെയാണ് ആ വനവാസികളെ നീ വധിച്ചത്? കിഷ്ക്കിന്ധാപതിയും, ലങ്കചുട്ട ആ വാനരനും കൊല്ലപ്പെട്ടോ? വിഭീഷണനും വധിയ്ക്കപ്പെട്ടോ?"

പിതാവിന്റെ കരങ്ങൾ കൂട്ടിപ്പിടിച്ച് മുന്നിൽ മുട്ടുകുത്തി പുത്രൻ പ്രതിവചിച്ചു

"ലങ്കേശൻ വിജയിക്കട്ടേ.... ഞാൻ യുദ്ധം ജയിച്ചല്ല വന്നിരിയ്ക്കുന്നത്, എന്നാൽ ഈ യുദ്ധം അവസാനിപ്പിയ്ക്കുവാൻ തന്നെയാണത്. ത്രിമൂർത്തികളുടെ വരദാനമായ ദിവ്യായുധങ്ങളിൽ പാശുപാസ്ത്രമൊഴികെയെല്ലാം ഞാൻ ആ സഹോദരന്മാരിൽ പ്രയോഗിച്ചു, എന്നാൽ അവർ അതിനെ പ്രതിരോധിച്ചു. അവർ അസാധാരണജന്മങ്ങൾ ആണെന്ന് എനിയ്ക്ക് അതിലൂടെ ബോദ്ധ്യപ്പെട്ടു."

പുത്രനെ നെറുകയിൽ തലോടി, അടുത്തുള്ള സിംഹാസനത്തിൽ ഇരുത്തി അടുത്തിരുന്ന് പിതാവ് ഉപദേശിച്ചു

"എന്ത് കൊണ്ട് നീ പാശുപതാസ്ത്രം അവരിൽ പ്രയോഗിച്ചില്ല, നീ അല്ലേ വൈഷ്ണവയാഗങ്ങൾ എന്റെ അഭാവത്തിലും, എന്നെ ഒളിച്ചും നടത്തിയത്, എന്നിട്ടെന്തായി? ഞാൻ എല്ലായ്പ്പോഴും നിന്നോട് പറഞ്ഞിരുന്നു ബ്രഹ്മാവോ വിഷ്ണുവോ നമ്മുടെ ദൈവങ്ങൾ അല്ല, അവർ നമ്മളിൽ പ്രതിപത്തിയുള്ളവരുമല്ല. ശൈവരായ നമുക്ക് ദൈവം പരമശിവനാണ്; ശൈവായുധമായ ശക്തി പ്രയോഗത്തിലൂടെ നീ ശത്രുക്കളെയാകെ നിലമ്പരിശാക്കിയിരുന്നല്ലോ.. അപ്പോൾ മനസ്സിലായില്ലേ ശൈവർക്ക് ശൈവശക്തികളേ ആധാരമായുള്ളുവെന്ന്? അതിനാൽ നീ പാശുപതാസ്ത്രമാണ് ആദ്യം പ്രയോഗിയ്ക്കേണ്ടിയിരുന്നത്, എങ്കിൽ ആദ്യദിവസം തന്നെ അവരെല്ലാം കാലപുരി പൂകുമായിരുന്നു"

സഭാപരിചാരകൻ നൽകിയ ജലം ആവശ്യത്തിനു കുടിച്ച ശേഷം അവൻ മറുപടി പറഞ്ഞു

"ദിവ്യാസ്ത്രങ്ങൾ സാധാരണമനുഷ്യർക്ക് മേലുപയോഗിയ്ക്കുവാനുള്ളതല്ലല്ലോ, അവർ വ്യത്യസ്തരാണെന്ന് അറിഞ്ഞാണ് പിന്നീട് ഞാൻ അവ ഉപയോഗിച്ചത്, നാഗപാശത്തിൽ നിന്നും, ശക്തിയെന്ന ബ്രഹ്മാണ്ഡാസ്തത്തിൽ നിന്നും അവർ മൃത്യുവിന്റെ മുഖം വരെയെത്തിയശേഷവും രക്ഷപ്പെട്ടു. എന്നാൽ ബ്രഹ്മാസ്ത്രവും, വൈഷ്ണവാസ്ത്രവും അവരെ സ്പർശ്ശിച്ചതേ ഇല്ല. അതിനാൽ ഞാൻ അവിടുത്തോട് അപേക്ഷിയ്ക്കുകയാണ് അശോകവനിയിലെ ആ സ്ത്രീയെ അവളുടെ ഭർത്താവിനു മടക്കി നൽകി ഈ യുദ്ധം അവസാനിപ്പിയ്ക്കുക"

പുത്രന്റെ വാക്കുകൾ കേട്ട് ക്രുദ്ധനായി ഇരിപ്പിടത്തിൽ നിന്നും ചാടിയെണീറ്റ ലങ്കേശൻ ഉറക്കെ പറഞ്ഞു

" ലങ്കയുടെ യുവരാജാവേ, നിനക്ക് ചേർന്ന വാക്കുകളോ ഇത്? യുദ്ധത്തിന്റെ ഏത് ശാസ്ത്രമാണ് നീ ഉദ്ധരിയ്ക്കുന്നത്? ചതുരോപായങ്ങളിൽ സാമമോ, ദാനമോ തന്നേക്കാൾ താണവരോട് ആണ് പ്രയോഗിയ്ക്കുക, നീ തന്നെ പറയുന്നു ശത്രു ശക്തനെന്ന്, അപ്പോൾ അവനോട് യുദ്ധം ചെയ്യുക, ദൗർബല്യം നോക്കി ആക്രമിയ്ക്കുക, ഗുരു ശുക്രാചാര്യർ പഠിപ്പിച്ച പാഠങ്ങൾ നീ മറന്നോ? മഹാബലിയും പ്രഹ്ളാദനും പഠിച്ച ഗുരുകുലത്തിൽ നിന്നെ അഭ്യസിപ്പിച്ചത് ഇതാണോ?"

പിതാവിന്റെ ഭാവമാറ്റത്തിൽ ഖിന്നനായ പുത്രൻ അപേക്ഷ ആവർത്തിച്ചു

" അങ്ങയുടെ മുന്നിൽ അവർ സമന്മാരല്ല, തീർച്ചയായും താഴെ തന്നെയാണ്, അവരുടെ സേനയുടെ പകുതി നശിച്ചും കഴിഞ്ഞു, ഇനി അങ്ങയുടെ കരുണ അവരിൽ പ്രദാനം ചെയ്താലും, മൈഥിലിയെ മടക്കി നൽകി യുദ്ധം അവസാനിപ്പിച്ചാലും മഹാരാജാവേ..."
ലങ്കേശൻ ആദ്യം അട്ടഹസിച്ചു, അതിന്റെ അലകളിൽ ലങ്കയുടെ കൊട്ടാരക്കെട്ടുകൾ വിറച്ചു; പിന്നീട് ദേഷ്യത്തോടെ പുത്രനെ നോക്കി അലറി

" മേഘനാദാ... ഇന്നോളം നിന്നെയോർത്ത് ഞാൻ അഭിമാനിച്ചിരുന്നു, എന്നാൽ ഇന്ന് നിന്നെയോർത്ത് എന്റെ ശിരസ്സ് അപമാനഭാരത്താൽ കുനിയുന്നു, ഇങ്ങനെ ഭീരുവായ ഒരു പുത്രനു ജന്മം നൽകിയതിൽ ഞാൻ ഖേദിയ്ക്കുന്നു. നീ പോകൂ.. കൊട്ടാരത്തിൽ വിശ്രമിയ്ക്കൂ.. മാതാവിന്റെ മടിയിൽ മയങ്ങൂ, അല്ലെങ്കിൽ ഭാര്യയുമായി ഉല്ലസിയ്ക്കൂ.. യുദ്ധം ജയിയ്ക്കാൻ ലങ്കേശനു മറ്റാരുടേയും സഹായം ആവശ്യമില്ല. അല്ലെങ്കിൽ തന്നെ യുദ്ധക്കളം ഭീരുക്കൾക്ക് ചേർന്ന ഇടവുമല്ല"

അതീവ ദുഖിതനായിത്തീർന്ന മേഘനാദൻ വളരെ പതുക്കെ ഇരിപ്പിടത്തിൽ നിന്നും എണീറ്റ് രാജസഭയുടെ പുറത്തേയ്ക്ക് നടന്നു, പകുതി വഴിയിൽ തിരിഞ്ഞ് നിന്ന അവൻ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു

"മഹാരാജാവേ.. മേഘനാദൻ ജീവിച്ചിരിയ്ക്കുമ്പോൾ അങ്ങേയ്ക്ക് യുദ്ധക്കളത്തിൽ പോകേണ്ടി വരില്ല; ദേവദേവനായ പരമശിവനേയും കുലദൈവം പ്രത്യംഗിരാദേവിയേയും സാക്ഷ്യപ്പെടുത്തി ശപഥം ചെയ്യുന്നു അങ്ങയുടെ നേർക്ക് ആദ്യത്തെ ശസ്ത്രം ഉയരും മുമ്പ് മേഘനാദന്റെ പ്രാണൻ വേർപെട്ടിരിയ്ക്കും. ലങ്കേശാ, അങ്ങ് എന്നും വിജയിക്കട്ടേ..."

ഉറച്ച കാൽവയ്പ്പുകളോടെ അതിവേഗം അവൻ നടന്നു മറഞ്ഞു. ആഹാരം കഴിയ്ക്കുവാൻ മേഘനാദൻ വരുന്ന വിവരം അറിഞ്ഞപ്പോൾ വിഭീഷ്ണനെ വധിച്ച ശേഷം മദ്ധ്യാഹ്നത്തിനപ്പുറം വിശ്രമത്തിനവൻ എത്തിയതാണെന്ന് സുലോചന ധരിച്ചു. എന്നാൽ രാജസദസ്സിൽ ഉണ്ടായ സംഭവങ്ങൾ അവളോട് പറഞ്ഞ് മണ്ഡോദരി സങ്കടപ്പെട്ടപ്പോൾ തന്നെ അവൾ ഭക്ഷണത്തിനും, തുടർന്ന് യുദ്ധത്തിൽ പങ്കെടുക്കുവാൻ വേണ്ട ഒരുക്കങ്ങളും ചെയ്തു. അമ്മയും ഭാര്യയും ചേർന്ന് സമാധാനിപ്പിച്ചപ്പോൾ, അത് ശാന്തനായി കേട്ടുകൊണ്ട് തികച്ചും നിശബ്ദനായി ഇരുന്നവൻ ഭക്ഷണം കഴിച്ചു. ഭക്ഷണാനന്തരം വളരെ വേഗം പടാക്കോപ്പുകൾ അണിഞ്ഞ് യുദ്ധത്തിനു സന്നദ്ധനായി. സിന്ദൂരതിലകമണിയിച്ച് വിജയാശംസകളോടെ അവനെ യാത്രയാക്കിയ അവരോട് പുറത്തേയ്ക്ക് കടക്കുന്നതിനിടയിൽ അവൻ പറഞ്ഞു

"എനിയ്ക്ക് ലഭിച്ച വരദാനത്തിലെ നിബന്ധന നിങ്ങൾക്കോർമ്മയുണ്ടോ? ഒരു വ്യാഴവട്ടമായിബ്രഹ്മചാരിയായി കഴിയുന്ന, നിദ്ര ഒഴിവാക്കിയ ഒരുവനു മുന്നിൽ ആ വരബലം ഫലിയ്ക്കില്ല എന്ന്! വനവാസികളിൽ ഇളയകുമാരൻ അങ്ങനെ ഒരുവനാണ്, അവന്റെ ഭാര്യയും സീതയുടെ സഹോദരിയുമായ ഊർമ്മിള എന്ന കുമാരി അവനു പകരം ഉറങ്ങിക്കൊണ്ടേയിരിയ്ക്കുന്നുവത്രേ! ആ വരബലത്താൽ നിദ്രയെ ഈ കുമാരൻ ഒഴിവാക്കിയിരിയ്ക്കുന്നു. ദിവ്യായുധങ്ങൾക്ക് ഇനി കാര്യമായ പ്രസക്തിയില്ലെന്ന് ഞാൻ സ്വയം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി ആയുധകലകളിലെ പ്രാവീണ്യം, കരബലം, കൈയ്യടക്കം എന്നിവ മാത്രമാണ് ആശ്രയം, അതിൽ അവരും മോശമല്ല; എന്തിനും തയ്യാറായി ഇരിയ്ക്കുക"

മണ്ഡോദരി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു

"എന്റെ പുത്രനു പരാജയമില്ല"

തികഞ്ഞ ധൈര്യവതിയായി സുലോചനയും പ്രതിവചിച്ചു

" മേഘനാദനും സുലോചനയും ജീവിതത്തിൽ ഒരുമിച്ചായിരുന്നെങ്കിൽ, മൃത്യുവിലും ഒരുമിച്ചു തന്നെയായിരിയ്ക്കും. അങ്ങയോടൊപ്പം അവസാനത്തെ യാത്രവരേയും ഞാനുണ്ടാവും, ധൈര്യമായി പോയി വരൂ, രാക്ഷസകുലത്തിനും, ലങ്കയ്ക്കും, ലങ്കേശനും എന്നെന്നും അഭിമാനകരമായി ഓർമ്മിയ്ക്കത്തക്ക വിധം വീര്യത്തോടെ പോരാടൂ.. വിജയം അങ്ങേയ്ക്കൊപ്പം നിൽക്കും"

ഒരിയ്ക്കൽ കൂടി തിരിഞ്ഞ് നോക്കാതെ, മേഘനാദൻ നടന്ന് വെളിയിൽ തയ്യാറാക്കിയിട്ടിരുന്ന രഥത്തിലേറി യുദ്ധക്കളത്തിലേയ്ക്ക് യാത്രയായി. അതിഘോരമായ യുദ്ധമാണു പിന്നീട് നടന്നത്, നളനും, നീലനും, ഹനുമാനും, സുഗ്രീവനും, അംഗദനും, മകരധ്വജൻ, ദധിബലൻ എന്നിവർ ഉൾപ്പടെ ഏതാണ്ട് എല്ലാ വീരന്മാരും രാമലക്ഷ്മണന്മാർക്ക് പാർശ്വം കാത്ത് യുദ്ധം ചെയ്തിട്ടും ഇന്ദ്രജിത്തിനെ പരാജയപ്പെടുത്തുവാൻ കഴിഞ്ഞില്ല, എങ്കിലും അവൻ തളർന്ന് തുടങ്ങിയിരുന്നു. അത് മനസ്സിലാക്കിയ രാമൻ ലക്ഷ്മണനോട് പറഞ്ഞു

"ലക്ഷ്മണാ.. വരബലത്താൽ മറ്റാർക്കും അവനെ തോൽപ്പിയ്ക്കാനാവില്ല, മറ്റുള്ളവർ ആക്രമിയ്ക്കുമ്പോൾ അവനിൽ ശക്തി നിറയുന്നത് നീ കാണുന്നില്ലേ? അതിനാൽ നീ മാത്രം അവനെ നേരിടുക, മറ്റുള്ളവർ അവനെ ലക്ഷ്യം വയ്ക്കാതെ ആക്രമിച്ച് അവന്റെ ശ്രദ്ധയും, ഏകാഗ്രതയും നിന്നിൽ നിന്നും വ്യതിചലിയ്ക്കുവാൻ വഴിയൊരുക്കാം."

തന്റെ യഥാർത്ഥ ശത്രു ലക്ഷ്മണനണെന്ന് തിരിച്ചറിഞ്ഞ മേഘനാദൻ ലക്ഷ്മണിൽ അസുരാസ്ത്രം പ്രയോഗിച്ചു. എന്നാൽ അത് മഹേശ്വരാസ്ത്രത്താൽ പ്രതിരോധിയ്ക്കപ്പെട്ടു, ലക്ഷ്മണൻ പ്രയോഗിച്ച യമാസ്ത്രം കുബേരാസ്ത്രത്താലും, തുടർന്ന് വരുണാസ്ത്രം രൗദ്രാസ്ത്രത്താലും, ആഗ്നേയാസ്ത്രം സൗരേശനാസ്ത്രത്താലും പ്രതിരോധിയ്ക്കപ്പെട്ടു. രാമൻ പുതിയ രണനീതിയിലേയ്ക്ക് യുദ്ധതന്ത്രത്തിൽ മാറ്റം വരുത്തി, പലശത്രുക്കൾ പലദിക്കിൽ നിന്നും ആക്രമിച്ചപ്പോൾ മേഘനാദനു ഏകാഗ്രത നഷ്ടമായി. ഏത് ദിക്കിലേയ്ക്ക് ആക്രമിയ്ക്കണമെന്നറിയാതെ പതറിയ ഇന്ദ്രജിത്തിനെ നോക്കി ലക്ഷ്മണൻ പറഞ്ഞു

"ഇന്ദ്രനു ഭീതിമോചനം.... അതിനു ഹേ.. ഇന്ദ്രശത്രൂ.... നിനക്കായി ഇതാ ഇന്ദ്രാസ്ത്രം .."

വളരെ സമീപത്തെത്തിയപ്പൊൾ മാത്രമാണ് തനിയ്ക്ക് നേരേ വരുന്ന ആ അസ്ത്രത്തെ ഇന്ദ്രജിത്ത് കണ്ടത്. പിന്നീട് പ്രതികരിയ്ക്കുവാൻ സമയമുണ്ടായിരുന്നില്ല, ശിരസ്സറ്റ ആ ശരീരം തേർത്തട്ടിൽ വീണു. രാക്ഷസസേന ഭയന്ന് പിന്തിരിഞ്ഞോടി, ആ ശിരസ്സ് കയ്യിലുയർത്തി ഹനുമാൻ ആഘോഷം നൃത്തം ചവുട്ടി. രാമൻ അത് തടഞ്ഞുകൊണ്ട് ദേഷ്യത്തോടെ പറഞ്ഞു

"മൃതശരീരം മഹാദേവസന്നിധിയാണ്, അതിനെ അപമാനിയ്ക്കരുത്. പിന്നെ ഇത്രയ്ക്കങ്ങ് ആഘോഷിയ്ക്കുവാൻ എന്തിരിയ്ക്കുന്നു? ഇത് കേവലം ഭാഗ്യത്താലുള്ള വിജയം മാത്രമാണെന്നുള്ള ഓർമ്മയും വേണം."

സങ്കോചത്തോടെ ഹനുമാൻ മറുപടി പറഞ്ഞു

" മേഘനാദൻ വീണാൽ, ലക്ഷ്മണകുമാരന്റെ പടകുടീരത്തിൽ ഇരുന്ന് കാണാവുന്ന രീതിയിൽ, ആ ശിരസ്സ് ഉയർത്തിപ്പിടിയ്ക്കണമെന്ന് വിഭീഷണൻ ആവശ്യപ്പെട്ടിരുന്നു, അതാണിങ്ങനെ; അദ്ദേഹത്തിന്റെ ഭയം അകറ്റുവാൻ ഈ ശരീരം കൊണ്ട് ചെന്ന് കാണിയ്ക്കാമെന്ന് കിഷ്ക്കിന്ധാപതി സമാധാനിപ്പിച്ചിരുന്നു, അതിനാൽ..."

തികഞ്ഞ ഗൗരവത്തിൽ തന്നെ രാമൻ പ്രതിവചിച്ചു

" അതിമഹാരഥിയെന്നാൽ 12 മാഹാരഥന്മാരെ ഒന്നിച്ച് നേരിടാൻ കഴിവുള്ളവൻ എന്നാണ്, അങ്ങനെ ഒരാളെ മാത്രമേ നമുക്കറിയൂ, അതീ വീണുകിടക്കുന്ന മേഘനാദനാണ്, അതിനാലാണ് നമ്മൾ പതിനഞ്ചോളം മഹാരഥന്മാർ അവനെ നേരിട്ടത്. ഈ വീരന്റെ മൃതശരീരത്തെ ശിരസ്സും ശരീരവും ചേർത്ത് വച്ച് അർഹ്ഹിയ്ക്കുന്ന ബഹുമാനം നൽകി സംരക്ഷിയ്ക്കണം, ഇത് രാമശാസനമാണ് അത് ആരാലും തെറ്റിയ്ക്കാതെ ലക്ഷ്മണാ, നീ കാക്കണം "

കാട്ടുതീ പോലെയാണ് ആ വാർത്ത ലങ്കയിൽ പടർന്നത്, എങ്ങും ശ്മശാനമൂകത പരന്നു. ലങ്കേശൻ വാർത്തയറിഞ്ഞ് നിലത്ത് വീണു, വിശ്വവിജയിയെങ്കിലും ഒരു വെറുംപിതാവായി മാറിയ അദ്ദേഹത്തിന്റെ കണ്ണുകളിൽ അശ്രുപൊടിഞ്ഞു. അദ്ദേഹം സുലോചനയുടെ കൊട്ടാരത്തിലേയ്ക്ക് കടന്നു ചെന്നു; ഒരിയ്ക്കൽ പോലും കടന്നു വന്നിട്ടില്ലാത്ത ആ കൊട്ടാരത്തിലേയ്ക്ക് ശ്രുശുരൻ കടന്നു വന്നപ്പോൾ നിലത്ത് കിടന്ന് വിലപിച്ചിരുന്ന അവൾ എണീറ്റില്ല; അവൾക്കരികിൽ മുട്ടുകുത്തിയിരുന്നു കൊണ്ട് ആ പിതാവ് വെറും സാധാരണക്കാരനെ പോലെ പറഞ്ഞു

"മകളേ.. എന്ത് പറഞ്ഞ് നിന്നെ ആശ്വസിപ്പിയ്ക്കണമെന്ന് എനിയ്ക്കറിയില്ല, അവൻ എനിയ്ക്കും എന്റെ പ്രാണനായിരുന്നു. തലകുനിച്ച് ലങ്കേശനു ശീലമില്ല, അത് മറന്ന് ഞാൻ നിന്റെ കാൽക്കൽ പ്രണമിയ്ക്കുന്നു, കഴിയുമെങ്കിൽ ഈ അച്ഛനു മാപ്പു തരിക നീ.."

പെട്ടെന്ന് എണീറ്റ ആ പിതാവ് തിരിച്ച് ലങ്കേശനായി മാറി, ഗൗരവത്തിൽ ചുറ്റും ഉള്ളവരെ വീക്ഷിച്ച് തിരിച്ച് നടക്കുവാനൊരുങ്ങവേ സുലോചന കിടന്നകിടപ്പിൽ തന്നെ മുഖമുയർത്തി ചോദിച്ചു

"ആ വീരപുത്രന്റെ ദേഹിയറ്റ ദേഹം തിരിച്ച് വാങ്ങുവാൻ അങ്ങെന്താണ് പോകാത്തത്?, എന്തിനായാണ് അങ്ങ് കാത്തിരിയ്ക്കുന്നത്?"

ശാന്തനായി ലങ്കേശൻ പ്രതിവചിച്ചു

"യുദ്ധനിയമപ്രകാരം മൃതശരീരങ്ങൾ അവിടെ തന്നെ ഉപേക്ഷിയ്ക്കുകയും സ്വന്തം പക്ഷം അത് ഏറ്റെടുക്കുകയുമാണ് ഇന്നുവരെ ഉണ്ടായത്, എന്നാൽ ഇത് അവന്റെ ഇളയച്ഛന്റെ നിർദ്ദേശപ്രകാരം അവർ അയാളുടെ അടുത്തേയ്ക്ക് കൊണ്ടു പോയി എന്നാണറിഞ്ഞത്. എത്രയായാലും അവൻ എന്റെ സഹോദരനല്ലേ? അതവന്റെ പുത്രനല്ലേ? താമസിയാതെ സബഹുമാനം മൃതശരീരം ഇവിടെയെത്തിയ്ക്കുമെന്ന് ഞാൻ വിശ്വസിയ്ക്കുന്നു"

നിലത്ത് നിന്ന് എണീറ്റ് കണ്ണുനീർ തുടച്ചുകൊണ്ട് സുലോചന ആവശ്യപ്പെട്ടു

"മഹാരാജാവേ അങ്ങയുടെ പുത്രവധുവായല്ല, ലങ്കയിലെ ഒരു സാധാരണ സേനാനിയുടെ വിധവയായി ഞാൻ, രാമന്റെ പടകുടീരത്തിലേയ്ക്ക് സ്വയം പോകുവാനും വീരമൃത്യു വരിച്ച എന്റെ ഭർത്താവിന്റെ ദേഹം സ്വീകരിച്ച് കൊണ്ടുവരുവാനുമുള്ള അനുമതി അങ്ങയോട് ആവശ്യപ്പെടുന്നു"

തിരിഞ്ഞ് നിന്ന് അവളുടെ മുഖത്ത് നോക്കി അദ്ദേഹം മറുപടി പറഞ്ഞു

" കാത്തിരിയ്ക്കണം എന്നാണ് രാജാവെന്ന നിലയിൽ എനിയ്ക്ക് പറയുവാനുള്ളത്, പുത്രവധു എന്ന നിലയിൽ നിന്നെ ഞാൻ തടയുന്നതുമില്ല; നിനക്ക് ഉചിതം എന്ന് തോന്നുന്നത് ചെയ്യാം, ഞാൻ എതിരല്ല, മനസ്സും ശരീരവും തളർന്നിരിയ്ക്കുന്നു, ഒന്ന് വിശ്രമിയ്ക്കണം; എന്തിനും നിനക്ക് തുണയായി പ്രഹസ്തൻ ഉണ്ടാവും."

സുലോചന, പ്രഹസ്തൻ ഒരുക്കിയ രഥത്തിൽ രാമന്റെ പടകുടീരത്തിൽ എത്തി, ഭർത്താവിന്റെ മൃതശരീരം ദർശിച്ചു. ഒരു കുലവധുവിനു ചേർന്ന രീതിയിൽ അവളും, അവളോടു രാമനും പെരുമാറി. പ്രിയന്റെ മൃതശരീരം കണ്ട് മനസ്സ് പൊട്ടിത്തകർന്നിട്ടും ആ ശത്രു സൈന്യത്തിനു നടുവിൽ നിന്ന അവളുടെ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊടിഞ്ഞില്ല. ഒരു രാജ്യത്തിന്റെ പ്രതിനിധിയെന്നപോലെ അവൾ ആഢ്യത്തത്തോടെ ശവശരീരം ഏറ്റുവാങ്ങി, രാമനു നന്ദി പറഞ്ഞു, കോട്ടയിലേയ്ക്ക് മടങ്ങി. 

അവളുടെ കണ്ണുകളിൽ അപ്പോഴും അവിടെ കണ്ട കോടിയ മുഖവും, വഷളൻ ചിരിയും, കത്തുന്നപകയുള്ള കണ്ണുകളുമുള്ള ഒരു മുഖം തെളിഞ്ഞു വന്നു. ശത്രുക്കളായ രാമനും ലക്ഷ്മണനും പോലും ദുഖത്തിന്റെ ഛായയിൽ നിൽക്കുമ്പോഴും, സ്ത്രീയുടെ മാംസളമായ അംഗങ്ങളിൽ മാത്രം കണ്ണുകൾ പതിപ്പിയ്ക്കുന്ന ആ പിതൃസ്ഥാനീയന്റെ ദുർമുഖം! അതിനെ മറികടന്ന് വിഷ്ണുക്ഷേത്രത്തിലെ ഭജനമഠത്തിലേയ്ക്ക് കടന്നുവന്ന ആ ഭീമാകാരനായ വീരപുരുഷന്റെ സുന്ദരമുഖവും!

ഭർത്താവിന്റെ ചിതയൊരുക്കി അതിൽ സതി അനുഷ്ടിയ്ക്കുവാനുള്ള സുലോചനയുടെ തീരുമാനം അന്തപ്പുരങ്ങളെ നടുക്കി, അവളെ പിന്തിരിപ്പിയ്ക്കുവാൻ മണ്ഡോദരിയും, ധന്യമാലിനിയും, സരാമയും, തൃജടയുമൊക്കെ വളരെയധികം പരിശ്രമിച്ചു.

മണ്ഡോദരിയുമായി അടച്ചിട്ട മുറിയിൽ അവൾ വളരെയധികം സമയം അതേപ്പറ്റി തർക്കിച്ചു. വിഷയത്തിന്റെ കാഠിന്യമേറിയപ്പോൾ കുട്ടികളെ മണ്ഡോദരിയെ സംരക്ഷിയ്ക്കുവാൻ ഏൽപ്പിച്ച്, അവരെ ധന്യമാലിനിയുടെ കൂടെ അയച്ചിട്ട് അവൾ പറഞ്ഞു

"എനിയ്ക്കറിയില്ല അമ്മേ, ഇവരുടെ ഭാവിയെന്താകുമെന്ന്, ലങ്കേശനോ അവിടുന്നോ ജീവിച്ചിരിയ്ക്കുമ്പോൾ ഇവർ സുരക്ഷിതരാണെന്ന് എനിയ്ക്കറിയാം, പക്ഷേ വിധി മറിച്ചായാൽ... ഇളയച്ഛനു കീഴിൽ ഇവരുടെ ജീവിതം എന്താകും?"

മണ്ഡോദരി മറുപടി പറഞ്ഞു

"അതാണു ഞാൻ പറയുന്നത്, നീ ഈ തീരുമാനത്തിൽ നിന്നും പിന്തിരിയുക, കുട്ടികൾക്ക് വേണ്ടിയെങ്കിലും ജീവിയ്ക്കുക, ഞാൻ ജീവനോടെ ഉള്ള കാലം ഇവരാണെന്റെ നിധി, ഈ ലങ്കയുടെ ഭാവി, അത് ഞാൻ നിനക്ക് ഉറപ്പ് തരുന്നു"

സുലോചന ഉറച്ച ശബ്ദത്തിൽ മറുപടി നൽകി

"അമ്മ എന്നെ ഇന്നുവരെ പുത്രവധുവായി കണ്ടിട്ടില്ല, എന്നും സ്വന്തം പുത്രിയായി മാത്രമേ കരുതിയിട്ടുള്ളൂ; അതെന്നോടും മറ്റുള്ളവരോടും പറഞ്ഞിട്ടുമുണ്ട്,, എന്നും പ്രവൃത്തിയിൽ അതെനിയ്ക്ക് അനുഭവപ്പെട്ടിട്ടുമുണ്ട്. അതിനാൽ തന്നെ ഞാൻ അവിടുത്തെ മുന്നിൽ മനസ്സ് തുറക്കട്ടേ, ഈ യുദ്ധം ലങ്കേശൻ പരാജയപ്പെടുമെന്ന് ഞാൻ ഭയപ്പെടുന്നു, അതിനു ശേഷം അധികാരത്തിലെത്തുന്ന ഇളയച്ഛൻ, പഴയദുസ്വഭാവത്തിനൊപ്പം കിഷ്ക്കിന്ധയിലെ പുതിയ സൗഹൃദങ്ങളുടെ സംസ്ക്കാരവും കൂടിക്കലർന്ന് മഹാആഭാസനായി, മാതൃസ്ഥാനീയരോടും പുത്രിസ്ഥാനീയരോടും എത്ര മൃഗീയമായി ആയിരിയ്ക്കും പെറ്റുമാറുക എന്നത് ഇന്നലെ നികുംഭിലയുടെ ഉള്ളീൽ നടന്ന സംഭവങ്ങളിൽ നിന്നും, ഇന്ന് രാമന്റെ പടകുടീരത്തിൽ പന്തങ്ങളുടെ മങ്ങിയ വെളിച്ചത്തിൽ കണ്ട ആ മുഖത്ത് നിന്നും ഞാൻ മനസ്സിലാക്കുന്നു."

അവൾ ഇടയ്ക്ക് നിർത്തിയപ്പോൾ മണ്ഡോദരി ഇടപെട്ടു

"അതൊക്കെ സംഭവിയ്ക്കാവുന്ന സാധ്യതകൾ മാത്രമല്ലേ? നീ വിശ്രമിയ്ക്കൂ.. പിന്നീട് തെളിഞ്ഞ മനസ്സോടെ പുനരാലോചിയ്ക്കൂ, നല്ല തീരുമാനമെടുക്കൂ..."

സുലോചനയുടെ ശബ്ദം കൂടുതൽ ദൃഢമായി, തുടർന്നു പറഞ്ഞു

" അമ്മയ്ക്ക് ഓർമ്മയുണ്ടോ.. അക്ഷയകുമാരന്റെ ഭാര്യ കുഞ്ഞിനു മുലയൂട്ടുന്ന സമയത്ത് ഇളയച്ഛന്റെ കണ്ണുകൾ ശല്യം ചെയ്യുന്നു എന്ന് പരാതി പറഞ്ഞത്?ആ വഷളൻ കണ്ണുകളിൽ നിന്നും രക്ഷപ്പെടാൻ അവിടെനിന്നും നടന്നു നീങ്ങിയാൽ ഗതിയിൽ തുളുമ്പുന്ന സ്ത്രീയുടെ പിൻഭാഗത്ത് തറച്ചിരിയ്ക്കുന്ന ആർത്തിപൂണ്ട കണ്ണുകളെപ്പറ്റി... അതേ പരാതി എന്റെ കുഞ്ഞുങ്ങൾ ശിശുക്കളായിരുന്നപ്പോൾ എനിയ്ക്കുമുണ്ടായിരുന്നു, ഞാൻ അത് പറഞ്ഞില്ലെന്ന് മാത്രം, കഴിവതും ആ സാഹചര്യങ്ങൾ ഒഴിവാക്കാൻ ഭർതൃമതിയായ എനിയ്ക്ക് കഴിഞ്ഞു, നവയൗവ്വനത്തിൽ വിധവയായ അവൾക്കതിനു കഴിയാതെ വന്നതിനാൽ അമ്മയോട് പരാതി പറഞ്ഞുവെന്ന് മാത്രം! ലങ്കേശൻ ഒരിയ്ക്കലും പുത്രവധുമാരുടെ അന്തപ്പുരങ്ങളിൽ കടന്നു വന്നിട്ടില്ല, ഇളയച്ഛനു അനുവാദം വാങ്ങുന്ന ശീലം പോലുമില്ലായിരുന്നു! അതി കഠിനമായ ആ സ്നേഹപ്രകടനങ്ങൾ പലപ്പോഴും വെറുപ്പുളവാക്കിയിരുന്നു; അതിനാൽ എന്റെ തീരുമാനം ഉറച്ചതാണ്, ഞാൻ എന്റെ ഭർത്താവിനു നൽകിയ വാക്കാണ്, ഞങ്ങൾ ഒന്നായി ഈ മണ്ണിൽ വെണ്ണീറാകും"

മണ്ഡോദരി ആ ശബ്ദത്തിലെ ഉറപ്പിനു മുന്നിൽ പതറി, എങ്കിലും ഒരവസാനശ്രമം കൂടി നടത്തി

"അങ്ങനെ ഒരു സന്ദർഭം വന്നാൽ തന്നെ സരാമയ്ക്ക് പോലും നിന്നോട് പുത്രിയോടുള്ള സ്നേഹമാണല്ലോ ഉള്ളത്, പിന്നെന്തിനാണ് ഇങ്ങനെ ഒരു കടുത്ത തീരുമാനം?"

ഇത്തവണ സുലോചനയുടെ ശബ്ദം മറ്റാരുടേതോ പോലെ മണ്ഡോദരിയ്ക്ക് തോന്നി

"അമ്മേ, അവിടുത്തേയ്ക്ക് ശുദ്ധമനസ്സാണ്, ആളുകളെ തിരിച്ചറിയാനുള്ള കഴിവില്ല, ലങ്കേശൻ ചതിയനായ അനുജന്റെ ഭാര്യയേയും മകളേയും സ്വന്തം പുത്രിമാരെ പോലെ പരിരക്ഷിയ്ക്കുന്നു, പക്ഷേ അവർ അവരുടെ ഭർത്താവിന്റെ സ്വാമിനി മൈഥിലിയ്ക്ക് വേണ്ടിയാണ് ഇവിടെ തുടരുന്നതും, പ്രവൃത്തിയ്ക്കുന്നതും. വിഭീഷണന്റെ രാജ്യഭരണത്തിൽ പട്ടമഹിഷി പദവിയ്ക്കായി നിങ്ങൾ എന്നോട് മത്സരിയ്ക്കേണ്ടി വരുന്ന അവസ്ഥയേക്കാൾ എനിയ്ക്ക് സ്വീകാര്യം ഈ സതിയാണ്"

നികുംഭിലയ്ക്കരികിലായി ഉയർത്തിയ ചിതയിൽ മേഘനാദന്റെ മൃതശരീരം കിടത്തി, പ്രത്യംഗിരാദേവിയുടെ മുന്നിലെ കെടാവിളക്കിൽ നിന്നും പകർന്ന അഗ്നിജ്വാല ആ ചിത ഏറ്റുവാങ്ങി. ആകാശം മുട്ടെ ഉയർന്ന ആ അഗ്നികുണ്ഡത്തിലേയ്ക്ക് ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി സുലോചന നടന്നു കയറി. ആ അഗ്നി ആദിശേഷന്റെ പുത്രിയെ സഹർഷം സ്വീകരിച്ചു, നാഴികകൾക്കുള്ളിൽ വിശ്വം ദർശ്ശിച്ച എക്കാലത്തേയും ഏറ്റവും വലിയ വീരനും, പോരാളിയുമായ ആ അതിമഹാരഥിയും സഹധർമ്മിണിയും ലങ്കയുടെ മണ്ണിൽ അലിഞ്ഞ് ചേരാനുള്ള കുറച്ച് വെണ്ണീർ മാത്രമായി മാറി.

Sunday, March 4, 2018

മേഘനാദം ഭാഗം 2 - നികുംഭില

ലങ്കയിൽ യുദ്ധം ആരംഭിയ്കുന്നു എന്നറിഞ്ഞ്, സഹായം എന്തെങ്കിലും ആവശ്യമുണ്ടോ? എന്ന് തിരക്കി ആദ്യമെത്തിയത് മഥുരയുടെ മഹാറാണിയും ലങ്കേശന്റെ സഹോദരിയുമായ കുംഭിനി ആയിരുന്നു ഒപ്പം മകൻ ലവണനും. ഇതിനു മുമ്പ് പലപ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും കുംഭിനീദേവിയെ കണ്ണെടുക്കാതെ നോക്കിയിരുന്നു സുലോചന. മണ്ഡോദരിയോടും, ലങ്കേശന്റെ മറ്റൊരു ഭര്യയായ ധന്യമാലിനിയോടുമൊപ്പം ഇരിയ്ക്കുന്ന മഥുരമഹാരാജാവും, മഹാവിഷ്ണുവിനാൽ വധിയ്ക്കപ്പെട്ടവനുമായ മധുവിന്റെ വിധവയേക്കാൾ സുന്ദരിയായ ഒരു സ്ത്രീയെ അവൾ അന്നോളം കണ്ടിട്ടുണ്ടായിരുന്നില്ല, മഹാറാണിയോ, മൈഥിലിയോ അവരുടെ ഈ പ്രായത്തിൽ പോലുമുള്ള സൗന്ദര്യത്തിന്റെ അടുത്തെത്തുകയില്ല. അവർ മടങ്ങുകയാണു മഥുരയിലേയ്ക്ക്, ഇത്രയും ചെറിയ ഒരു യുദ്ധത്തിൽ ആവശ്യമില്ലാതെ അവരെ ബുദ്ധിമുട്ടിയ്ക്കാൻ ആഗ്രഹിയ്ക്കുന്നില്ല എന്ന് ലങ്കേശൻ അറിയിച്ചുവത്രേ! പാതാളരാജാവ് മഹിരാവണനും, മരുമകൻ അഹിരവനും അവിടെ നിന്നയച്ച സേനാനായകനോടും ഇതേ മറുപടിയാണ് രാജാവിനു നൽകുവാനുണ്ടായിരുന്നത്.

ലങ്കയുടെ സൈന്യത്തെ നയിക്കുന്നത് ധന്യമാലിനിയിൽ ലങ്കേശനു പിറന്ന പ്രഹസ്തൻ ആയിരുന്നു, രാജ്യരക്ഷാകാര്യമന്ത്രിയെന്ന നിലയിൽ അതദ്ദേഹത്തിന്റെ കടമയുമായിരുന്നു. ഉപസൈന്യാധിപന്മാർ മണ്ഡോദരീപുത്രൻ നരാന്തകനും, അതികായനും. ആയുധങ്ങളും, രഥങ്ങളും സജ്ജീകരിയ്ക്കുന്നത് ദേവാന്തകനും, മാതുലൻ മഹോദരനും. അവരുടെ നേതൃത്വത്തിൽ നടന്ന തയ്യറെടുപ്പുകളിൽ ലങ്കയുടെ സൈന്യം പരിപൂർണ്ണ സജ്ജമായിക്കഴിഞ്ഞിരുന്നു.

യുദ്ധം ആരംഭിച്ച ആ ദിനത്തിൽ ലങ്കേശന്റെ നേതൃത്വത്തിൽ ശൈവപൂജയും, പ്രത്യംഗിരാദേവിയ്ക്ക് പ്രത്യേക പൂജയും നടത്തി, പിന്നീട് വളരെ ആഹ്ളാദത്തോടെ സൈനികരും സേനാനായകരും പടക്കളത്തിലേയ്ക്ക് യാത്രയായി, പരിശീലനങ്ങൾക്കപ്പുറം ആയുധപ്രയോഗങ്ങൾക്ക് ഒരവസരം വന്നതിന്റെ ആവേശത്തിലായിരുന്നു എല്ലാവരും.യുദ്ധത്തിന്റെ വാർത്തകൾ വന്നുകൊണ്ടിരുന്നു, അതിലേറെയും മേഘനാദന്റെ പരാക്രമങ്ങളിൽ ചിഹ്നഭിന്നമായിപ്പോകുന്ന വാനരസേനയെപ്പറ്റി ആയിരുന്നു.

ആ സയഹ്നം സുലോചനയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒന്നായിരുന്നു. രാമനേയും ലക്ഷ്മണനേയും പരാജയപ്പെടുത്തി വന്ന മേഘനാദൻ നേരേ കടന്നു വന്നത് സുലോചനയുടെ അടുത്തേയ്ക്കായിരുന്നു. അവളെ മാറോട് ചേർന്ന് പുണർന്നു കൊണ്ട് അവൻ പറഞ്ഞു

"സുലോചനാ, ഞാൻ ശത്രുക്കളെ മരണത്തിന്റെ ആഴത്തിലേയ്ക്ക് ചവുട്ടിത്താഴ്ത്തിയിട്ടാണ് വന്നിരിയ്ക്കുന്നത്. അത് നിന്റെ വിജയമാണ്, നിന്നിലൂടെ എനിയ്ക്ക് ലഭിച്ച നാഗവംശത്തിന്റെ വിനാശകരമയ നാഗപാശമാണ് ഞാൻ അവരിൽ പ്രയോഗിച്ചത്, ലക്ഷക്കണക്കിനു വിഷമാഗങ്ങളാൽ വരിഞ്ഞ് മുറുക്കപ്പെട്ട് മൃത്യുവിന്റെ കയങ്ങളിലേയ്ക്ക് വീണ ആ വനവാസിസഹോദർന്മാരെ കണ്ട് വാവിട്ട് നിലവിളിയ്ക്കുന്ന ആ വാനരൻ ഹനുമാന്റെ ദൃശ്യം കണ്ടപ്പോൾ അവനാൽ നഷ്ടമായ എന്റെ പ്രിയസഹോദരൻ അക്ഷയകുമാരന്റെ ചിരി വാനവീഥികളിലെവിടെയോ ഞാൻ കേട്ടു."

വർഷങ്ങൾക്ക് ശേഷം ഒരു കൊച്ചുകുട്ടിയെ പോലെ അവളെ എടുത്തുയർത്തി വായുവിൽ വട്ടം ചുട്ടി അവൻ തുടർന്നു

"ലങ്കയുടെ ഭാവി മഹാരാജ്ഞീ.. ഈ വിജയം അടിയൻ നിനക്കു സമർപ്പിയ്ക്കുന്നു"

അടിമുടി പൂത്തുലഞ്ഞ് പോയ ഇതുപോലൊരു നിമിഷം ലങ്കയിലെത്തിയിട്ട് അവളാദ്യമായി അനുഭവിയ്ക്കുകയാണ്, ആ രാത്രി ഒരിയ്ക്കലും അവസാനിയ്ക്കാതിരുന്നെങ്കിൽ എന്നവൾക്ക് തോന്നി. നാഴികകൾ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ പറക്കുകയായിരുന്നു, എങ്കിലുമത് ഏഴരനാഴികയ്ക്കപ്പുറം കടന്നില്ല. പുറത്തെ മണി തുടരെ ശബ്ദിച്ചു, കാവൽക്കാർ ആരുമായോ സംസാരിയ്ക്കുന്ന ശബ്ദം കേട്ടപ്പോൾ തന്നെ എന്തോ അത്യാവശ്യമാണെന്ന് മനസ്സിലായി. കിടക്കയിൽ എണീറ്റിരുന്ന അവളെ പിടിച്ച് കിടത്തി ഉറങ്ങിയ്ക്കോളാൻ ആംഗ്യം കാട്ടി മേഘനാദൻ, പുറത്തേയ്ക്ക് പോയി. വരാൻ താമസിച്ചു, വന്നത് കനത്ത മുഖവുമായി, അതും രാജസഭയിലേയ്ക്ക് പോകുകയാണ് എന്ന് പറയുവാനും.

ഹനുമാൻ ഗരുഢനാൽ നാഗങ്ങളെ അകറ്റി, വിഷമിറക്കി രാമലക്ഷ്മണന്മാരെ രക്ഷിച്ചു എന്ന വാർത്തയാണ് അവനിലെ ഭാവമാറ്റത്തിനു കാരണമെന്ന് പിന്നീട് മനസ്സിലായി. അവസനിച്ചുവെന്ന് തോന്നിയ യുദ്ധം രണ്ടാം ദിവസത്തേയ്ക്കും തുടരുന്നത് കണ്ടാണ് പ്രഭാതം വിരിഞ്ഞത്. രണ്ടാംദിവസത്തെ യുദ്ധത്തിന്റെ അവസാനത്തോടടുക്കുമ്പോൾ വാനരസേനയുടെ പകുതിയോളം ഇന്ദ്രജിത്തിനാൽ നശിപ്പിയ്ക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഭയന്നോടുന്ന വാനരന്മാരെ അടക്കിനിർത്താൻ രാമനും ലക്ഷ്മണനും ഒന്നിച്ച് മേഘനാദനെ എതിർത്തു. രഥവേഗത്താൽ വാനർസേനയിൽ കടന്നുകയറി രാമനും ലക്ഷ്മണനും മുന്നിലും പിന്നിലുമായി ചുറ്റി ആക്രമിച്ച ഘനനാദനു മുന്നിൽ രാമലക്ഷ്മണന്മാർ വട്ടം ചുറ്റി. എങ്കിലും പരസ്പരം പുറകുകാത്ത് യുദ്ധം ചെയ്ത ആ സഹോദർന്മാർ രണ്ട് മുഖമുള്ള ഒരു ശരീരം പോലെ നിലകൊണ്ടപ്പോൾ ലോകം ഇന്നോളം കണ്ട ഏറ്റവും ഭീകരമായ ആയുധമായ ബ്രഹ്മാണ്ഡാസ്ത്രം ശക്രാജിത്തുപയോഗിച്ചു. രാമലക്ഷ്മണന്മാരും മുഴുവൻ വാനരസേനയും ബോധരഹിതരായി നിലമ്പതിച്ചു, ജീവനറ്റു വീണ അവരെ പടക്കളത്തിൽ ഉപേക്ഷിച്ച് യുദ്ധം ജയിച്ച് അവൻ കോട്ടയിലേയ്ക്ക് മടങ്ങി. ലങ്കയിലെ കോട്ടയുടെ മുകളിൽ നിന്നും പടക്കളത്തിൽ ശത്രുക്കൾ മുഴുവൻ മരിച്ച് കിടക്കുന്ന കാഴ്ച്ച കണ്ട് ആനന്ദിച്ച് ലങ്കേശൻ പുത്രനു വിജയിയുടെ വരവേൽപ്പ് നൽകി കൊട്ടാരത്തിലേയ്ക്ക് ആനയിച്ചു.

പിന്നീട് നടന്നത് നാടകീയ മുഹൂർത്തങ്ങൾ ആയിരുന്നു. ഒരു വശത്ത് പടക്കളത്തിലെ ആ ശവശരീരങ്ങൾ എങ്ങനെ സംസ്ക്കരിയ്ക്കും എന്ന ആലോചനകൾ നടക്കുമ്പോഴും, സീതയെ കാണിയ്ക്കുവാൻ രാമന്റെ ശിരസ്സ് അറുത്തുകൊണ്ട് വരാമായിരുന്നു എന്ന ലങ്കേശന്റെ പരാമർശം പുത്രനിൽ ദേഷ്യം ഉണർത്തി. ശസ്ത്രം കയ്യിലില്ലാത്തവനെ വധിച്ചോ, കൊല്ലപ്പെട്ട പോരാളിയുടെ ശവത്തിൽ അതിക്രമം കാണിയ്ക്കുന്നതോ ധർമ്മമാണോ? ശൈവർക്ക് ശവത്തെ അപമാനിയ്ക്കുന്നത് ചിതമോ? എന്നിങ്ങനെ ആദ്യമായി പുത്രൻ പിതാവിനെ ചോദ്യം ചെയ്തു. എന്നാൽ അത് അടുത്ത ദിനത്തിൽ ഇതിലും രൂക്ഷമായി വീണ്ടും ആവർത്തിയ്ക്കപ്പെടും എന്നാരും കരുതിയില്ല.

യുദ്ധവിജയത്തിന്റെ ആഹ്ളാദപ്രകടനങ്ങളും ആഘോഷങ്ങളും ലങ്കയുടെ രാജകീയ വീഥികളിൽ അരങ്ങ് തകർക്കവേ പെട്ടെന്നാണ് ആ വാർത്ത പരന്നത്. ലങ്കയുടെ കോട്ടമുകളിൽ നിരന്നവർ കണ്ടത് അകലെ പടക്കളത്തിൽ എരിയുന്ന ആയിരക്കണക്കിനു പന്തങ്ങൾ ആണ്. താമസ്സിയാതെ ചാരന്മാർ വിവരവുമായി എത്തി; ഹനുമാൻ വീണ്ടും വിജയത്തിനു വിലങ്ങുതടിയായി. അവൻ തേടി കൊണ്ടുവന്ന മൃതസഞ്ജീവനി എന്ന മരുന്ന് കൊടുത്ത് ജാംബവാൻ എന്ന വൃദ്ധൻ രാമലക്ഷ്മണന്മാരേയും, വാനരസേനയേയും പുനർജ്ജീവിപ്പിച്ചിരിയ്ക്കുന്നു.

ദേവതകളെ തോൽപ്പിച്ച നാഗപാശവും, ബ്രഹ്മാണ്ഡാസ്ത്രവും പരാജയപ്പെട്ട നിലയ്ക്ക് ശത്രുക്കൾ ഉദ്ദേശിച്ചത് പോലെ നിസ്സാരന്മാരല്ല എന്ന് തിരിച്ചറിഞ്ഞ മേഘനാദൻ അടുത്ത പ്രഭാതത്തിൽ യുദ്ധവിജയത്തിനായി തന്റെ കുലദേവതയും, ശക്തികേന്ദ്രവുമായ പ്രത്യംഗിരാദേവിയുടെ ആലയമായ നികുംഭിലയിൽ യാഗം ചെയ്യുവാൻ പുറപ്പെട്ടു. ഉറക്കത്തിൽ മേഘനാദനു നേരേ ഓളിയമ്പെയ്ത് മുറിവേൽപ്പിയ്ക്കുന്ന വിഭീഷ്ണന്റെ ക്രൂരമായ മുഖം സ്വപ്നം കണ്ട്, ഭീതി മനസ്സിൽ നിറഞ്ഞ മണ്ഡോദരി ആകുലചിത്തയായി, ആയുധമില്ലാതെ നുകുംഭിലയിൽ യാഗത്തിനു പോകുന്ന പുത്രനു അപ്കടമുണ്ടാകുമെന്ന തോന്നൽ ശക്തമായപ്പോൾ ആ മാതാവ് അവൻ ഒരായുധമെങ്കിലും കൂടെ കൊണ്ട് പോകണമെന്ന് ശഠിച്ചു, ബ്രഹ്മമുഹൂർത്തത്തിൽ പുത്രനോടൊപ്പം നികുംഭിലയിലേയ്ക്ക് കൂട്ട് പോയി, അവൻ നികുംഭിലയിൽ യാഗം നടത്തുമ്പോൾ ആ മാതാവ് അവനുള്ള ആയുധവുമായി പുറത്ത് കാവൽ നിന്നു.


വിഭീഷണന്റെ ചാരന്മാർ ലങ്കയുടെ കോട്ടയിൽ നിന്നും ആ വാർത്ത അയാളെ ധരിപ്പിച്ചു; ഇന്ദ്രജിത്ത് നികുംഭിലയിൽ യാഗം നടത്തുന്നു. വിഭീഷണൻ ഓടുകയായിരുന്നു രാമന്റെ പടകുടീരത്തിലേയ്ക്ക്, അവിടെയെത്തി അയാൾ രാമലക്ഷ്മണന്മാരെ വിളിച്ചു ആ രഹസ്യം അറിയിച്ചു.

" ഇന്ദ്രജിത്തിന്റെ വിശ്വവിജയരഹസ്യം നികുംഭിലയിലാണുള്ളത്. അവിടെ യാഗം പൂർത്തിയാക്കിയാൽ അവനെ പിന്നീട് വധിയ്ക്കുവാനോ, തോൽപ്പിയ്ക്കുവാനോ സാധ്യമല്ല. എന്നാൽ ആ യാഗം മുടക്കിയാൽ, അവനെ അത് പൂർത്തിയാക്കതെ വെളിയിലെത്തിച്ചാൽ, അവന്റെ വരസിദ്ധിയില്ലാതാകും, നികുംഭിലയിൽ ആയുധങ്ങളുമായി കടക്കാനാവില്ല, അതിനാൽ അവൻ നിരായുധനായിരിയ്ക്കും, അവനെ അവിടെ വച്ച് തന്നെ വധിയ്ക്കാൻ സാധിയ്ക്കും."

രാമനും ലക്ഷ്മണനും പരസ്പരം നോക്കി; രാമൻ പറഞ്ഞു

"യാഗം മുടക്കണമെങ്കിൽ അത് ചെയ്യണം, പക്ഷേ നിരായുധനെ വധിയ്ക്കുന്നത് ഉചിതമല്ല"

അതിനു ഈർഷ്യ നിറഞ്ഞ ശബ്ദത്തിൽ വിഭീഷണൻ മറുപടി പറഞ്ഞു

"മഹാബലവാനായിരുന്ന ബാലിയെ വധിച്ചവൻ, സപ്തസ്സാലങ്ങൾ ഭേദിച്ചവൻ എന്നൊക്കെയുള്ളാ സ്തുതി കേട്ടാണ് ഞാൻ നിങ്ങളെ ആശ്രയിച്ചത്, അത് തെറ്റായിപ്പൊയി എന്ന് തോന്നുന്നു. രണ്ടു തവണ നിങ്ങൾ തോൽപ്പിയ്ക്കപ്പെട്ടു, വധിയ്ക്കപ്പെടാതിരുന്നത് അവൻ ഇപ്പോൾ നിങ്ങൾ പറഞ്ഞ ഇതേ മണ്ടത്തരം കാട്ടിയതിനാലാണ്; ജയിച്ച അവന് ആദർശ്ശങ്ങൾ അവാം, നിങ്ങൾക്കോ? പാശുപതാസ്ത്രവും, വൈഷ്ണവാസ്ത്രവും മത്രമല്ല, എണ്ണമറ്റ വിനാശകരമായ ആയുധങ്ങൾ അവന്റെ കയ്യിലുണ്ട്. നാളെ അവയിൽ ഒന്നോ, അതിൽക്കൂടുതലോ അവൻ പ്രയോഗിയ്ക്കും, ഇനിയൊരിയ്ക്കൽ കൂടി ഹനുമാനു രക്ഷിയ്ക്കാൻ കഴിയുമോ?"

ഹനുമാൻ ഇനിയും തിരിച്ച് വന്നിട്ടില്ല, രാമനും ലക്ഷ്മണനും, ജാംബുവാനേയും സുഗ്രീവനേയും നോക്കി, സുഗ്രീവൻ അംഗദനേയും. അർത്ഥം ഗ്രഹിച്ച രാമൻ അംഗദനെ നോക്കി പ്രതിവചിച്ചു

" അംഗദാ, ലക്ഷ്മണനോടും, വിഭീഷ്ണനോടും ഒപ്പം നീ പോവുക, അധികം ആളുകൾ അവിടെ പോകുവാൻ കഴിയില്ലല്ലോ? എന്ത് സാഹസം തന്നെ വേണ്ടി വന്നാലും നികുംഭിലയിലെ യാഗം മുടക്കുക, ലക്ഷ്മണാ, ഇന്ദ്രജിത്തിനെ വധിയ്ക്കുക"

വിഭീഷണനാൽ നയിക്കപ്പെട്ട് സായുധസജ്ജരായി നികുംഭിലയ്ക്ക് മുന്നിലെത്തിയ ആ മൂവർസംഘം ഗുഹയ്ക്കുള്ളിലേയ്ക്ക് പ്രവേശിച്ചു; ഗുഹയ്ക്കുള്ളിൽ ഗുഹകളും, ഉപഗുഹകളും കണ്ട് അമ്പരന്നു. ഇതിൽ ഏത് വഴിയിലൂടെ പോയാൽ പ്രത്യംഗിരാദേവീ സന്നിധിയിൽ എത്തും? അത് തിരഞ്ഞ് കണ്ടെത്തി യാഗം മുടക്കുക അസദ്ധ്യമായ കാര്യമണെന്ന് മനസ്സിലായ ലക്ഷ്മണൻ, വിഭീഷണനോട് തിരക്കി

"എവിടെയാണീ യാഗപീഠം?"

നിസ്സഹായതയോടെ വിഭീഷണൻ മറുപടി പറഞ്ഞു 

"എനിയ്ക്കറിയില്ല, ഞാൻ ഇതിനു മുമ്പ് നികുംഭിലയിൽ കടന്നിട്ടില്ല, അവർ പിതാവും, പുത്രനും മാത്രമേ അതിനുള്ളിൽ പ്രവേശിയ്ക്കാറുള്ളൂ, അവർക്കേ അതറിയൂ"

ഒരു നിമിഷം പുച്ഛമാർന്ന ഒരു ചിരി ലക്ഷ്മണന്റെ മുഖത്ത് മിന്നി മറഞ്ഞു ഒപ്പം അയാൾ പറഞ്ഞു

" ഞാൻ ഉദ്ദേശിച്ചതിലും ബുദ്ധിമാന്മാരും, വിവേകശാലികളും ആണ് രാവണനും മകനും!"

വിഭീഷ്ണന്റെ മുഖം കവിളത്ത് അടി കിട്ടിയത് പോലെ ചുവന്നു, സ്വന്തം കുടുംബത്തേയും, ജനത്തേയും, രാജ്യത്തേയും ചതിയ്ക്കുന്നവൻ എന്ന പഴി ആ വാക്കുകളിൽ മുഴങ്ങുന്നതായി അയാൾക്ക് അനുഭവപ്പെട്ടു. അയാൾ പുറത്തേയ്ക്ക് നടക്കുന്ന ലക്ഷ്മണനെയും അംഗദനെയും അനുഗമിച്ചു; അവർ നികുംഭിലയ്ക്ക് പുറത്തെത്തി.

എന്തെങ്കിലും പഴുതുകൾ ഉണ്ടോ? എന്ന തിരച്ചിലിനിടായിൽ അവർ ആ കാഴ്ച്ച കണ്ടു; ആയുധവുമായി കാവലിരിയ്ക്കുന്ന ആ വയോവൃദ്ധയെ, ലങ്കയുടെ മഹാരാജ്ഞിയെ!

ലക്ഷ്മണനും, അംഗദനും അമ്പരന്നു, എന്നാൽ വിഭീഷണന്റെ മുഖം കോടി വലിഞ്ഞു മുറുകി, വികൃതമായ മുഖത്തോടും, ആഭാസമായ ചിരിയോടും അയാൾ പറഞ്ഞു

" അംഗദാ, പുറത്തെത്തിയാലും ആ ആയുധങ്ങൾ കയ്യിലേന്തിയ മേഘനാദൻ അവധ്യനാണ്. അത് വാങ്ങി നശിപ്പിയ്ക്കൂ... പിന്നെ ആ സ്ത്രീയെ നികുംഭിലയുടെ ഗുഹയിലേയ്ക്ക് വലിച്ചിഴച്ച് വിവസ്ത്രയാക്കി ഉപദ്രവിയ്ക്കൂ... അവരുടെ നിലവിളിയിൽ നികുംഭിലയുടെ ഓരോ ഗുഹയും ഉപഗുഹയും നടുങ്ങണം... ആ രോദനം അവരുടെ മകന്റെ യാഗം മുടക്കും, അവനെ പുറത്തെത്തിയ്ക്കും"

അംഗദൻ ഒരു നിമിഷം പകച്ചു, ലക്ഷ്മണനെ നോക്കി, അയാൾ നിലത്ത് നോക്കി നിൽക്കുകയാണ്, എങ്കിലുമവൻ പറഞ്ഞു

" എന്റെ അമ്മയും കിഷ്ക്കിന്ധയിലെ മഹാരാജ്ഞിയുമായ താരാദേവിയേക്കാൾ വൃദ്ധയാണവർ, ഞാൻ എങ്ങനെ അവരെ?"

അവനെ ചൊടിപ്പിയ്ക്കാൻ തന്നെ വിഭീഷണൻ തീരുമാനിച്ചു

"സുഗ്രീവൻ ഇന്ദ്രജിത്തിനാൽ കൊല്ലപ്പെട്ടാൽ തിരികെയെത്തി കിഷ്ക്കിന്ധയുടെ രാജാവാകാമെന്നതാണ് നിന്റെ പ്രതീക്ഷ എന്നറിയാം, സുഗ്രീവപുത്രൻ ദധിബലനെ കൂട്ടി വന്നാൽ മതിയായിരുന്നു"

അംഗദൻ ക്രുദ്ധനായി, എങ്കിലും ലക്ഷ്മണനു നേരേ പ്രതീക്ഷയോടെ നോക്കി; ആ നോട്ടം തിരിച്ചറിഞ്ഞ ലക്ഷമണൻ നിലത്തു നിന്നും കണ്ണുകൾ എടുക്കാതെ പറഞ്ഞു

"ശ്രീരാമചന്ദ്രന്റെ ആജ്ഞയായി കണക്കാക്കിയാൽ മതി"

ആ മൂന്നു പേരെ കണ്ട മണ്ഡോദരി എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി, വിഭീഷണന്റെ മുഖത്ത് തെളിഞ്ഞ ക്രൂരത അവരുടെ മനസ്സിൽ തീകോരിയിട്ടു, എങ്കിലും മകനുവേണ്ടി ജീവൻ ത്യജിയ്ക്കാൻ തയ്യാറായി അവൾ നിശ്ചലയായി നിന്നു.

അംഗദൻ അവളുടെ അടുത്തെത്തി, യുവാവിന്റെ കരുത്തിനു മുന്നിൽ ആ വയോവൃദ്ധയുടെ എതിർപ്പുകൾക്ക് യാതൊരു വിലയുമുണ്ടായില്ല, അവൻ ബലമായി ആ ആയുധങ്ങൾ പിടിച്ചു വാങ്ങി. അവളുടെ മുടിയിൽ കുത്തിപ്പിടിച്ച് ഗുഹയുടെ ദ്വാരത്തിലേയ്ക്ക് വലിച്ചിഴച്ചു, ചവിട്ടിവീഴ്ത്തി, പാദങ്ങൾ കൊണ്ട് ഞെരിച്ചമർത്തി നിന്ന് ആയുധങ്ങൾ വിഭീഷണനു നൽകി. അവൾക്ക് നേരേ തിരിഞ്ഞ അവൻ അവളുടെ വസ്ത്രങ്ങൾ വലിച്ചഴിച്ചു, പ്രതിരോധിച്ച അവളുടെ ഇരുകവിളിലും മാറി മാറി മർദ്ദിച്ചു, നഗ്നമായ മാറിടത്തിൽ വിരലുകൾ അമർന്നു, അവന്റെ മാറിടത്തിൽ അവളുടെ അയഞ്ഞ സ്തനങ്ങൾ ഞെരിഞ്ഞമർന്നു. മണ്ഡോദരിയുടെ രോദനത്തിൽ നികുംഭില വിറച്ചു. ലക്ഷ്മണൻ അപ്പോഴും നിലത്ത് നിന്നു കണ്ണെടുത്തില്ല, വിഭീഷണൻ ആ വൃദ്ധയുടെ നഗ്നത പകയോടും കത്തുന്ന കാമത്തിന്റെ ആർത്തിയോടെയും നോക്കി നിന്നാസ്വദിച്ചു.

മേഘനാദൻ യാഗത്തിന്റെ അവസാനത്തോട് അടുക്കുകയയിരുന്നു, ആ രോദനം അവന്റെ കാതുകളിൽ വന്നു വീണു.അത് പെറ്റമ്മയുടേതാണെന്ന് തിരിച്ചറിയാൻ അവനൊട്ടും സമയം വേണ്ടി വന്നില്ല. ജനനിയോ ജന്മഭൂമിയോ? എന്ന ചോദ്യവും അവന്റെ മനസ്സിൽ വന്നില്ല; യാഗം പൂർത്തിയാക്കാതെ സാധകൻ യാഗപീഠം വിട്ടിറങ്ങി. വാനരനാൽ നഗ്നയാക്കപ്പെട്ട, അവന്റെ മാറിൽ ചേർത്ത് പിടിയ്ക്കപ്പെട്ട മാതാവിന്റെ അവസ്ഥ കണ്ട് കോപാകുലനായ മേഘനാദൻ ഗർജ്ജിച്ചു, ഇടിമിന്നൽ പോലെ, അംഗദൻ അത് കേട്ട് പരിഭാന്തനായി മണ്ഡോദരിയെ ഉപേക്ഷിച്ച് പുറത്തേയ്ക്കോടി. തന്നെ കടന്നു പോകുന്ന ആ മകനെ നോക്കി നിലത്ത് കിടന്ന് അവൾ പറഞ്ഞു

"മകനേ, ശത്രുക്കളുടെ കയ്യിൽ ഇനിയും പെടാതെ എന്നെ വധിയ്ക്കൂ, എന്നിട്ട് മടങ്ങിപ്പോയി യാഗം പൂർത്തിയാക്കൂ, അല്ലെങ്കിൽ വേണ്ട, ഞാൻ ആ യാഗാഗ്നിയിൽ സ്വയമർപ്പിയ്ക്കാം, നീ യാഗപീഠത്തിലേയ്ക്ക് മടങ്ങൂ"

പുറത്തെ മൂവർസംഘം ഇന്ദ്രജിത്തിനു നേരേ ആയുധങ്ങൾ പ്രയോഗിയ്ക്കുവാൻ തയ്യാറെടുക്കുകയയിരുന്നു. വിഭീഷണനെ കണ്ട് മേഘനാദൻ പൊട്ടിത്തെറിച്ചു

" വിഭീഷണാ ഇന്നലെ വരെ നീ രാജ്യദ്രോഹിയും, കുലദ്രോഹിയും മാത്രമായിരുന്നു; ഇന്ന് മാതാവിന്റെ സ്ഥാനമുള്ള ജേഷ്ഠത്തിയേയും, മകനായ എന്നോടും... ചതിയും, വഞ്ചനയും നടത്തി.. ഭ്രാതൃദ്രോഹിയും, മാതൃദ്രോഹിയും, പുത്രദ്രോഹിയുമായിരിയ്ക്കുന്നു.. നീ ഇനി ജീവിച്ചിരുന്നു കൂടാ.."

കയ്യിൽ കിട്ടിയ പാറകളും, മരങ്ങളുമുപയോഗിച്ച് വിഭീഷണനെ മേഘനാദൻ ആക്രമിച്ചപ്പോൾ അയാൾ ജീവനും കൊണ്ടോടി, ലക്ഷ്മണൻ അയാളെ രക്ഷിയ്ക്കുന്ന തിരക്കിലായപ്പോൾ, മാതാവിനെ സുരക്ഷിതമായി കൊട്ടരത്തിലേയ്ക്ക് അയച്ച്, മേഘനാദൻ സുലോചനയുടെ കൊട്ടാരത്തിലേയ്ക്ക് പ്രവേശിച്ചു. യാഗം മുടങ്ങിയതിനാലല്ല, എവിടെയോ കിടന്ന ഒരു സ്ത്രീ കാരണം മാതാവിനുണ്ടായ അപമാനത്തിൽ അവന്റെ ഉള്ളുപിടഞ്ഞു. 

മേഘനാദൻ വരുന്നത് കണ്ട് അടുത്തേയ്ക്ക് എത്തിയ സുലോചന അവൻ പുറംതിരിഞ്ഞ് നടക്കുന്ന കഴ്ച്ചയാണ് കണ്ടത്, കാര്യം ഗൗരവം ഉള്ളതെന്ന തോന്നലാൽ അവളും അവനെ അനുഗമിച്ചു, ആ യാത്ര അശോകവനത്തിൽ എത്തി. കാവൽക്കരന്റെ കയ്യിൽ നിന്നും കരവാൾ പിടിച്ചു വാങ്ങി അവൻ സീതയുടെ അടുത്തെത്തി അവളുടെ കണ്ഠം ലക്ഷ്യമാക്കി ആയുധം പ്രയോഗിച്ചു. എന്നാൽ ഒപ്പമെത്തിയ സുലോചന അവനെ പിന്നിൽ നിന്നും ചുറ്റിപ്പിടിച്ചു, അവനു ലക്ഷ്യം തെറ്റി അടുത്ത് നിന്ന തൃജഡയുടെ തോഴി കഴുത്തറ്റ് നിലത്തു വീണു. ആ കാഴ്ച്ച കണ്ട ജാനകി ബോധമറ്റ് വീണു. സുലോചന അവനെ സമാധാനിപ്പിച്ച് അശോകവനത്തിനു പുറത്തേയ്ക്ക് നയിയ്ക്കുമ്പോൾ വിഭീഷണന്റെ മകൾ തൃജടയും, ഭാര്യ സരാമയും ബോധമറ്റ മൈഥിലിയെ ശുശ്രൂഷിയ്ക്കുകയായിരുന്നു.

അശോകവനത്തിലേയ്ക്ക് മേഘനാദൻ വരുന്നത് കണ്ട് വിഭീഷണന്റെ ഭാര്യ വിളിച്ചു വരുത്തിയ ചാരന്മാർ ശിരസ്സറ്റതും, രക്തം ചീറ്റുന്നതും മാത്രമേ കണ്ടിരുന്നുള്ളൂ, അവൻ ആ വിവരം രാമനെ ധരിപ്പിച്ചു 'സീത മേഘനാദനാൽ കൊല്ലപ്പെട്ടു!' രാമൻ പടകുടീരത്തിൽ മൂന്നം തവണ മൂർച്ഛിച്ചു വീണു. തൊട്ട് പിന്നാലെ തൃജട അയച്ച ചരനെത്തി കൊല്ലപ്പെട്ടത് അവളുടെ തോഴിയായിരുന്നെന്നും, മൈഥിലി സുരക്ഷിതയാണെന്നും അറിയിച്ചു; രാമലക്ഷ്മണന്മാർ യുദ്ധത്തിനു സന്നദ്ധരായി.

സംഭവിച്ചതെല്ലാം അറിഞ്ഞ സുലോചന, മേഘനാദനെ സമാശ്വസിപ്പിച്ചു, ഇന്ന് വിഭീഷണനെ വധിയ്ക്കുമെന്ന് ശാപഥം ചെയ്ത അവൻ അവളോട് തിരക്കി

"ആ നീചന്റെ സംരക്ഷണയിൽ ലങ്കാനിവാസികൾ സുരക്ഷിതരായിരിയ്ക്കുമെന്നാണോ നീ പറഞ്ഞത്?"

അവൾക്ക് അതിനു മറുപടി പറയാൻ ജാള്യമുണ്ടായി എങ്കിലും ചില ഓർമ്മകൾ അസ്വസ്ഥയാക്കിയപ്പോൾ അവൾ പറഞ്ഞു

"വെളുത്ത ചർമ്മത്താൽ പൊതിഞ്ഞ കറുത്ത ഹൃദയങ്ങൾ തിരിച്ചറിയുക തുലോം അസാധ്യം തന്നെ, വീരചരമമടഞ്ഞ ഏറ്റവും ഇളയ കുമാരൻ അക്ഷയകുമാരന്റെ വിധവ, ഇളയച്ഛനെപ്പറ്റി ചെറിയമ്മയോട് പരാതി പറഞ്ഞത് ഓർമ്മ വരുന്നു. അവളുടെ മാതാപിതക്കളുടെ കൊട്ടാരത്തിലേയ്ക്ക് സ്ഥിരതാമസമാക്കാനുള്ള സൂത്രമാണേന്നാണ് ഭാര്യയും ഭർത്താവും മകളും അന്ന് പറഞ്ഞു നടന്നത്, എന്നാൽ അതിൽ കഴമ്പുണ്ടെന്ന് ഇപ്പോൾ തോന്നുന്നു, ഏതായാലും യുദ്ധത്തിനു തയ്യറാകൂ, വിജയിച്ച് വരൂ.."