Friday, December 25, 2015

വിശുദ്ധിയും അത്ഭുതങ്ങളും

അലഹബാദിലെ ത്രിവേണീ സംഗമം കാണണമെന്ന് മോഹമുണ്ടായപ്പോൾ, കുംഭമേളയുടെ സമയത്താവാം എന്ന് കരുതി. വിവരം അയൽക്കാരും ബന്ധുക്കളും, നാട്ടുകാരും, പരിചയക്കാരും അറിഞ്ഞു. ആവശ്യം ഒന്നേയുള്ളൂ, കുറച്ച് ഗംഗാജലം കൊണ്ട് വന്നു തരണം.


അങ്ങനെ തീർത്ഥയാത്രയായി, കുംഭമേളയുടെ കോലാഹലങ്ങൾ കണ്ടു, അലഹബാദിന്റെ ചൂട് അറിഞ്ഞു, ഒടുവിൽ ഗംഗയിൽ സ്നാനം, പൂക്കളും, ഇലകളും, പൂജാദ്രവ്യങ്ങളും ഒഴികി നീങ്ങുന്ന നദി. മുങ്ങി ഉയർന്നപ്പോൾ എന്തോ ശരീരത്ത് തടഞ്ഞു, എടുത്ത് നോക്കിയപ്പോൾ പാതിവെന്ത മനുഷ്യന്റെ കയ്യ്! പിന്നാലെ ശവശരീരത്തിന്റെ ഭാഗങ്ങൾ എല്ലാം വെന്തതും, കരിഞ്ഞതും! സൂക്ഷിച്ച് നോക്കിയപ്പോൾ പൂക്കൾക്കും ഇലകൾക്കുമൊപ്പം ഒഴുകി നീങ്ങുന്നത്, പാതി വെന്ത ശവശരീരങ്ങൾ, തീരത്ത് പുണ്യം തേടി ശവസംക്കാരം നടത്തുന്ന ചിതകളിലെ വിറകും മറ്റും ലാഭിയ്ക്കാൻ, ബന്ധുക്കൾ സ്ഥലം വിടുമ്പോൾ ചിത കെടുത്തി, ബാക്കി നദിയിൽ തട്ടുന്ന പതിവ് പണ്ടേ ഉണ്ട്, എന്നാൽ ഇന്ന് ജീവിതം വേഗമേറിയതായതിനാൽ ആർക്കും കാത്ത് നിൽക്കാൻ സമയമില്ല, ചിതാഭസ്മം വാങ്ങാൻ എന്ന് വരണം എന്ന ചോദ്യത്തോടെ ചിതയ്ക്ക് തീപടരും മുമ്പേ ബന്ധുക്കൾ പിരിയുന്നു.

എന്തായാലും ഒന്നുറച്ചു, ഈ ശവം നാറുന്ന ജലം എന്റെ ബന്ധുക്കൾക്കും, പരിചയക്കാർക്കും വേണ്ട. അലഹബാദ് റെയില്വേ സ്റ്റേഷനിലെ 7 ആം നമ്പർ പ്ലാറ്റ്ഫോമിൽ ഝാൻസിയ്ക്ക് ട്രയിൻ കാത്തിരിയ്ക്കേ, ലോകപ്രശസ്ത നാസ്തികൻ എ.ടി.കോവൂരിനെ ഓർമ്മ വന്നു, അദ്ദേഹം ഇതേ റയിൽ വേസ്റ്റേഷനിൽ നിന്നും ജലമെടുത്ത് ഗംഗാജലം എന്ന പേരിൽ വിതരണം ചെയ്തത് ഇതേ അനുഭവം കാരണമായിരുന്നു എന്ന് ജീവചരിത്രത്തിൽ എഴുതിയിരുന്നു. എനിയ്ക്കും അത് തന്നെ വഴി!

കോവൂരിന്റെ കൃതി ഇങ്ങനെ പറയുന്നു.

"അലഹബാദ് റയിൽവേസ്റ്റേഷനിൽ നിന്നും സംഭരിച്ച ജലം ബന്ധുക്കൾക്കും, പരിചയക്കാർക്കും ചെറിയ കുപ്പിയിലാക്കി വിതരണം ചെയ്തു, ചിലർ അവിടെ വച്ച് തന്നെ കുടിച്ചു, ചിലർ തലയിൽ ഒഴിച്ചു, മറ്റ് ചിലർ കുപ്പിയെ തൊട്ട് തൊഴുത് പൂജാമുറിയിൽ വയ്ക്കാൻ കൊണ്ട് പോയി. പിന്നീടൊരു വർഷം കഴിഞ്ഞാണ് നാട്ടിലെത്തിയത്, അപ്പോൾ ഗംഗാജലത്തിന്റെ അത്ഭുതകഥകൾ കേട്ട് അമ്പരന്ന് പോയി.

അടുത്ത വീട്ടിലെ കേശവൻ നായർ തന്റെ മച്ചി പശു, എത്രയോ വർഷങ്ങളായി പ്രസവിയ്ക്കാത്തതിനാൽ, അറുക്കാൻ കൊടുക്കാൻ മനസില്ലാതെ കഷ്ടപ്പെട്ടിരുന്നതാണ്, കുറച്ച് ഗംഗാജലം അതിനു കൊടുത്തു, ദാ കൃത്യം 9 മാസം കഴിഞ്ഞപ്പോൾ പശു പെറ്റും, അതും ഇരട്ട!

വിവിധ രോഗങ്ങളാൽ വലഞ്ഞിരുന്ന തെക്കേലെ മൂപ്പീന്നിനു മരണസമയത്ത് അൽപ്പം ഗംഗാജലം കൊടുത്തതിനാൽ സുഖമരണം പ്രാപിച്ചു!

കഴിഞ്ഞ രണ്ട് പ്രസവത്തിനും ഓപ്പറേഷൻ വേണ്ടി വന്ന ജാനുവിന്റെ മകൾക്ക് ഇത്തവണ പ്രസവമടുത്തപ്പോൾ ഇത്തിരി ഗംഗാജലം കൊടുത്തതേയുള്ളൂ, സുഖപ്രസവം, ആശുപത്രിയും വേണ്ടി വന്നില്ല, ഓപ്പറേഷനും, വയറ്റാട്ടി തന്നെ ധാരാളം!

അന്യമതക്കാരുടെ ജലമുപയോഗിച്ച് എടങ്ങേറാകണ്ടാ എന്ന് കരുതിയ കാദറിക്ക, പരീക്ഷണം ശാസ്ത്രീയമാക്കി, പുതിയതായി നട്ട രണ്ട് മാവുകളിൽ ഒന്നിന്റെ ചുവട്ടിൽ ഗംഗാജലവും, മറ്റതിന്റെ ചുവട്ടിൽ കിണറ്റിലെ വെള്ളവും ഒഴിച്ചു, അത്ഭുതം അടുത്ത മഞ്ഞുകാലത്ത് ഗംഗാജലം ഒഴിച്ച് മാവ് പൂത്തു, കായ്ച്ചു! സാധാരണ വെള്ളമൊഴിച്ച മാവിൽ തളിരു പോലും ഉണ്ടായില്ല!

അനുഭവകഥകൾ വീണ്ടും തുടർന്നു; അലഹബാദ് റയിൽവേസ്റ്റേഷനിലെ ടപ്പിലെ "ഗംഗാജല"ത്തിന്റെ അത്ഭുതങ്ങൾ മനുഷ്യരിൽ മാത്രമല്ല, പക്ഷി മൃഗാദി സമ്പൂർണ്ണ ജീവജാലങ്ങളിലും ഫലം കണ്ടിരിയ്ക്കുന്നു."


ഞാനും കുറച്ച് ഇതേ ഗംഗാജലം പരിച്ചയക്കാർക്ക് കൊടുത്തിട്ടുണ്ട്; ഇപ്പോഴത്തെ പേടി അതൊന്നുമല്ല; ഇപ്പോൾ ഇടനിലക്കാർക്ക് വിലയത്രേ!

ദൈവത്തിനു മലയാളം, തമിഴ്, തെലുങ്ക്, എന്തിന് ഇംഗ്ലീഷ് പോലുമറിയാത്തതിനാൽ, ഓരോരുത്തർ പ്രാർത്ഥിയ്ക്കുന്നത്, ദൈവത്തിനെ അങ്ങേർക്കറിയാവുന്ന ഭാഷയിൽ പറഞ്ഞ് മനസ്സിലാക്കി കാര്യങ്ങൾ സാധിപ്പിച്ച് കൊടുക്കുന്ന, മധ്യസ്ഥന്മാരെ ആണാവശ്യം. അങ്ങനെ നോക്കുമ്പോൾ ഗംഗാജലം എന്തെങ്കിലും മേൽപ്പറഞ്ഞ മാതിരി അത്ഭുതം കാട്ടിയാൽ അത് കൊടുത്ത മധ്യസ്ഥനായ ഞാനും വിശുദ്ധനാക്കപ്പെട്ടേയ്ക്കാം.

ഇനി ഞാൻ "വിശുദ്ധ മഹിഷാസുരൻ" വേണമെങ്കിൽ "സെയിന്റ്. മഹിഷാസുര"നെന്നും വിളിയ്ക്കാം!

No comments:

Post a Comment