Friday, December 18, 2015

ദേവന്മാരുടെ അസ്തിത്വം

സനാതനധർമ്മ തത്വങ്ങൾ ശരിയായി വിശകലനം ചെയ്താൽ എല്ലാ നാസ്തികരും ആസ്തികർ ആയി മാറും; ആസ്തികർ നാസ്തികരും!



"അഗോചരഗോചരമായ ബ്രഹ്മത്തെ അറിയാമെന്നു പറയുന്നവൻ അതറിയുന്നില്ല; അറിയില്ല എന്ന് പറയുന്നവൻ അതിനെ പറ്റി കുറച്ചെങ്കിലും അറിയുന്നു"; ദൈവമെന്ന പ്രതിഭാസത്തിൻറ്റെ അസ്തിത്വം തിരിച്ചറിഞ്ഞവൻ, യാതൊന്നിനും അതിനെ സ്വധീനിയ്ക്കുവാനോ, അതിൻറ്റെ ഗതിവിഗതികളിൽ അന്തരം വരുത്തുവാനോ അതിനു പോലും ആവില്ല, അതിനാൽ അങ്ങനെയൊന്നുണ്ടെങ്കിലും അതിനെ ശ്രദ്ധിയ്ക്കേണ്ട, അഥവാ ഇല്ലാത്തതിനു തുല്യമാണെന്ന് ആസ്തികൻ പറയുമ്പോൾ അത് നാസ്തികത ആവുന്നു, നേരേ മറിച്ചും!

ഭൂമിയിൽ വിവിധ രൂപത്തിൽ ജനിച്ചതായി, ജീവിച്ചതായി ആരാധിയ്ക്കപ്പെടുന്ന എല്ലാ ദൈവങ്ങളും വെറും സങ്കൽപ്പങ്ങൾ മാത്രമാണ് അഥവാ അർത്ഥസത്യങ്ങൾ മാത്രമാണ്. സനാതനധർമ്മപ്രകാരം "യാതൊന്നാണോ ഉള്ളത് അത് ദൈവമാണ്". ഗുരുദേവൻ "നീയല്ലോ സൃഷ്ടിയും, സൃഷ്ടാവായതും, സൃഷ്ടിജാലവും,നീയല്ലോ ദൈവമേ സൃഷ്ടിയ്ക്കുള്ള സാമഗ്രിയായതും" എന്ന് അരുൾ ചെയ്തിരിയ്ക്കുന്നതും ഇതു തന്നെ.

അങ്ങനെ ഒരു വീക്ഷണകോണിൽ നിന്നു നിരീക്ഷിച്ചാൽ, വാസുദേവൻ എന്ന ദൈവത്തിനു പിറന്ന ദൈവപുത്രനാണു ശ്രീകൃഷ്ണൻ, സ്വയം ദൈവവും, അനിരുദ്ധൻ, സാംബൻ, തുടങ്ങിയ അനേകം ദൈവങ്ങളുടെ പിതാവും ആണദ്ദേഹം. ദശരഥനെന്ന ദൈവത്തിനു പിറന്ന രാമനും, സ്വയവും, ലവകുശന്മാരാകും ദൈവങ്ങൾക്കു പിതാവും ആണ്.

ഭർത്താവും, ആശാരിയുമായിരുന്ന ജോസഫിനു പ്രായമേറിയതിനാലും, മേരിയെന്ന സ്ത്രീയ്ക്ക് കൃത്യമായി ഒരാളുടെ പേരു പറയാൻ കഴിയാതിരുന്നതിനാൽ "ആരാ എന്ന ചോദ്യത്തിനു ദൈവത്തിനറിയാം, എന്ന മറുപടിയിൽ, യേശുവിനു ദൈവപുത്രനെന്ന ബഹുമതി അന്നേ ലഭിച്ചിരുന്നു. അദ്ദേഹവും സ്വയം ദൈവവും, ഒരു ജനതയെ മുഴുവൻ സ്വന്തം സൗന്ദര്യത്താൽ വ്യഭിചാരം എന്ന പാപം ചെയ്യിച്ചിരുന്ന മദ്ദലനക്കാരി മറിയ എന്ന സ്ത്രീയെ ഭാര്യയാക്കി, മറ്റുള്ളാവരുടെ പാപം സ്വയം ഏറ്റെടുക്കുകയും, അവരെ പാപമുക്തരാക്കുകയും, കാമപാത്രം നഷ്ടപ്പെട്ടവരുടെ കുടിപ്പകയിൽ ഒടുങ്ങും മുമ്പ് ആ പൂർവ്വകാലവേശ്യയിൽ പിറന്ന കുട്ടികളുടെ പിതാവെന്ന നിലയിൽ ദൈവത്തിൻറ്റെ പിതാവും ആണ്. ബുദ്ധനും, നബ്ബിയും, നാനാക്കും, മഹാവീരനുമെല്ലാം ഇതു പോലെ ദൈവമെന്ന വസ്തുവിനാൽ സൃഷ്ടിയ്ക്കപ്പെട്ട ദൈവങ്ങളുടെ പുത്രന്മാരും, അതേ വസ്തുവിനാൽ സൃഷ്ടിയ്ക്കപ്പെട്ടതിനാൽ സ്വയം ദൈവങ്ങളും, പിന്നീട് അതേ വസ്തുവിനാൽ സൃഷ്ടിയ്ക്കപ്പെട്ട കുട്ടികളെ ഉത്പ്പാദിപ്പിച്ച് ദൈവത്തിനു പിതാക്കന്മാരും ആയവരാണ്.

ചുരുക്കിപ്പറഞ്ഞാൽ നാം കാണുന്ന, കേൾക്കുന്ന എല്ലാ ദൈവീകസങ്കൽപ്പങ്ങളും പൂർണ്ണമായി വസ്തുതകൾ പറയാതെ,അവരവരുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് ആവശ്യമുള്ളവ മാത്രം വിളംബരം ചെയ്ത് അടർത്തിമാറ്റി, ഉയർത്തിക്കാട്ടുന്ന ദൈവീകഭാഗങ്ങൾ മാത്രമാണ്. സനാതനം എന്നാൽ എന്നും നിലനിൽക്കുന്നത് എന്നാണന്നിരിയ്ക്കേ ജനിയ്ക്കുകയും മരിയ്ക്കുകയും ചെയ്യുന്ന ദൈവങ്ങളെ അവർ സൃഷ്ടിച്ചു, മരിയ്ക്കുന്ന മനുവും, ഇന്ദ്രനും, ബ്രഹ്മാവും ചേർന്ന് പരബ്രഹ്മത്തിനും അപരബ്രഹ്മത്തിനും, ശക്തിയ്ക്കും പോലും മൃത്യു വിധിച്ചു. അവർ ഇരുളിനാൽ മറച്ച യാഥാർത്ഥ്യങ്ങൾക്കഭിമുഖമായി ഒരു തിരി കൊളുത്തി ഒരു ജനതയ്ക്ക് വസ്തുതകൾ കാട്ടി തന്നു എന്നതാണു ഗുരുദേവൻ ചെയ്ത മഹാപ്രവൃത്തി, അത് കൊണ്ടാണ് നേരാം വഴി കാട്ടിയ ആ മഹാഗുരു ഇവരിൽ നിന്നൊക്കെ അൽപ്പം കൂടുതൽ തെളിഞ്ഞ് നിൽക്കുന്ന ദേവനാകുന്നതും. ഇന്നു ഗുരുദേവനെയും സനാതനധർമ്മത്തേയും തനിക്കാക്കി വെടക്കാക്കാൻ ഇറങ്ങിത്തിരിച്ചിരിയ്ക്കുന്ന അഭിനവമതാനുഭാവികളുടെ ലക്ഷ്യം ആ തിരി കൂടി കെടുത്തുക എന്നത് മാത്രമാണ്.

എന്ന്...

(ഒപ്പ്)

ജീവിച്ചിരിയ്ക്കുന്ന മറ്റൊരു ദൈവം!!!!

No comments:

Post a Comment