"വിഗ്രഹാരാധനയെ എതിർത്ത ഒരു സാധാരണവ്യക്തി...അദ്ദേഹത്തെ വിഗ്രഹമാക്കി ആരാധിയ്ക്കുന്ന ഒരു ജനത"
ഒരന്യമതക്കാരൻ എഴുതിയ വാക്കുകൾ, അഥവാ ഒരു മതവിശ്വാസി, മതാതീതനായ വിശ്വഗുരുവിനെ കുറിച്ചെഴുതിയ വാക്കുകൾ; ഇതിനു മറുപടി അയാളുടെ തള്ളയ്ക്ക് വിളിയ്ക്കുകയാണോ?
അറിവുള്ളവർ, അറിയിയ്ക്കേണ്ടവർ മൗനം പാലിയ്ക്കുമ്പോൾ ആരെങ്കിലും ഒക്കെ എന്തെങ്കിലും പറയണമല്ലോ? അതിനാൽ ഞാനും എനിയ്ക്ക് പറയാനുള്ളത് പറയുന്നു.
ഒന്നാമത് ഗുരുദേവൻ ഒരു സാധാരണവ്യക്തി ആയിരുന്നില്ല. ഒരു സാധാരണവ്യക്തി ജീവിയ്ക്കുന്ന ജീവിതം അല്ല അദ്ദേഹം നയിച്ചിരുന്നത്. മതാന്ധതയുടെ ആ കാലത്ത് അതിവിശിഷ്ഠ വ്യക്തിത്വങ്ങൾക്കുടമകളായ അനേകായിരം നമ്പൂകധീരന്മാരെന്ന ബുദ്ധസന്യാസിമാരെ മധുരയിൽ പിടിച്ച് കൊണ്ട് പോയി കഴുവേറ്റി തിരുവിഴ ആഘോഷിച്ച്, മൃഗീയമായ ആധിപത്യത്തിൽ നിന്ന ദുഷിച്ച ഒരു രാജഭരണവും, അവരുടെ സവർണ്ണമാടമ്പിമാരും നിറഞ്ഞാടിയിരുന്ന സമൂഹത്തിൽ ഇത്രമേൽ സ്വാധീനം ചെലുത്താൻ, വ്യവസ്ഥിതിയെ തന്നെ തകിടം മറിച്ച അദ്ദേഹം എങ്ങനെയാണൊരു സാധാരണവ്യക്തി ആവുന്നത്?
രണ്ടാമത് രാഷ്ട്രീയം, പിന്നോക്കക്കാർക്ക് എന്നും അനുഗ്രഹമായിരുന്നത് ബ്രിട്ടീഷ് ഭരണം മാത്രമായിരുന്നു എന്ന് ചരിത്രം പഠിച്ചാൽ മനസ്സിലാകും. തിരുവിതാംകൂർ രാജാക്കന്മാർ ധർമ്മരാജാവിനു ശേഷം സവർണ്ണ മാടമ്പിമാരുടെ പിടിയിൽ പിന്നോക്ക ജനവിഭാഗങ്ങൾക്ക് എതിരേ അതിക്രമങ്ങൾ മാത്രമാണു ചെയ്തിരുന്നത്. ഭൂതപ്പാണ്ടിയിലെ സൈന്യത്തിനെയും അവർ അതിനു വാടകയ്ക്കെടുത്തിരുന്നു. ബ്രിട്ടീഷ് സൈന്യവും, അവരുടെ സേനയിലെ പിന്നോക്കക്കാരായ സൈന്യാധിപന്മാരും മാത്രമായിരുന്നു അവരുടെ കണ്ണീലെ കരടും, ഇവിടുത്തെ പിന്നോക്ക ജനവിഭാഗം ഇന്നും നിലനിൽക്കുന്നതിൻറ്റെ കാരണവും. "നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാർ ആണ്" എന്ന ഗുരുദേവവാക്യം ഇതിനു ഉപോത്ബലകം ആണ്.
ഇനി ആത്മീയത; സനാതനധർമ്മ തത്വത്തിൽ പരബ്രഹ്മത്തിൽ നിന്നും പുറപ്പെട്ട ആത്മൻ തിരിച്ച് പരമപദത്തിൽ ലയിയ്ക്കുവാൻ തക്ക ആർജ്ജിത പുണ്യം തലമുറകളിലൂടെ സമ്പാദിച്ച ശേഷം പിറവിയെടുക്കുന്ന ജന്മം. ആ ജന്മാനന്തരം ആ ആത്മൻ പരമപദത്തിൽ അഥവാ പരമാത്മാവിൽ വിലയം പ്രാപിയ്ക്കുന്നു, എന്നാൽ നമുക്ക് പരിചിതമായ, നേരാം വഴി കാട്ടിയ, തിരുവുള്ളേറിയ അൻപ്, നമ്മളെ ആ പരബ്രഹ്മത്തെ ഗുരുദേവരൂപത്തിൽ സങ്കൽപ്പിയ്ക്കാൻ, അത് വഴി കൂടുതൽ സാമീപ്യവും, വിശ്വാസവും മനസ്സിലുറപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നു. മഹാകവി കുമാരനാശാൻ എഴുതിയ "വേദാഗമസരങ്ങളറിഞ്ഞങ്ങൊരുവൻ താൻ ഭേദാദികൾ കൈവിട്ട് ജയിപ്പൂ" എന്ന വരികളിൽ ഇതൊളിഞ്ഞ് കിടപ്പുണ്ട്.
നമ്മുടെ ഒരു നദിയുടെ ഉദാഹരണത്തിലൂടെ നമുക്ക് ഒന്നു വിശകലനം ചെയ്യാം.
അച്ചൻ കോവിലാർ എന്ന് പ്രസിദ്ധമായ പുഴ, ഇത് അച്ചൻ കോവിലിൽ നിന്നുത്ഭവിച്ച് കോന്നി, പന്തളം വഴി വെണ്മണി എത്തുന്നത് വരെ അച്ചൻ കോവിലാർ തന്നെ. എന്നാൽ വെട്ടിയാർ എന്നൊരു പിരിവ് വെണ്മണിയിൽ, വീണ്ടും മാവേലിയ്ക്കര വരെ കാര്യമായ ഭേദമില്ല, അച്ചൻ കോവിലാർ തന്നെ. എന്നാൽ തട്ടാരമ്പലത്തിനു വടക്ക് വലിയപെരുമ്പുഴ എന്നൊരു നാമഭേദം സംഭവിയ്ക്കുന്നു. പിന്നീട് കരിപ്പുഴ ആയി ഒരു ഭാഗം കായകുളം കായൽ വഴി വലിയഴീക്കൽ വച്ച് അറബിക്കടലിൽ ലയിയ്ക്കുന്നു, പ്രധാന ഭാഗം വീയപുരത്ത് വച്ച് പമ്പ ആറുമായി ലയിയ്ക്കുന്നു. പിന്നീടു താഴോട്ട് പായിപ്പാട്ടാറായി, കൊപ്പാറ ആറായി, കരുവാറ്റാ പുത്തനാറായി തോട്ടപ്പള്ളിയിൽ സ്പിൽവ്വെ കടന്ന് അറബിക്കടലിൽ ലയിക്കുന്നു. മറ്റൊന്ന് വെള്ളംകുളങ്ങരയിൽ വച്ച് തന്നെ കായലിൽ ചേർന്ന് വേമ്പനാട്ട് കായലിൻ റ്റെ ഭാഗമായി, മുഹമ്മ, പാതിരാമണൽ, തണ്ണീർമുക്കം വഴി അന്ധകാരനഴിയിൽ അറബിക്കടലിൽ ലയിയ്ക്ക്ന്നു. ഇടത്തോടുകൾ ചിലത് കായംകുളം കായലിലും, അഷ്ടമുടിയിലും വരെ എത്തുന്നു.
ഇനി ഒരേ നദിയിലെ ഒരേ ജലത്തെ നമ്മൾ എന്തെല്ലാം പേരിൽ വിളിയ്ക്കുന്നു, ഓരോ നാട്ടുകാരനും ആ പേരു വിളിയ്ക്കുമ്പോൾ അത് സ്വന്തം നദിയാകുന്നു. അച്ചങ്കോവിൽ ആറെന്ന് പറയുന്നതിലും അഭിമാനത്തോടെ പായിപ്പാട്ടുകാർ അതിനെ പായിപ്പാട്ടാറെന്ന് വിളിയ്ക്കും. അതേ ആറിൻറ്റെ മറുകരക്കാരും അൽപ്പം മത്സരബുദ്ധി വച്ച് പുലർത്തിന്നവരുമായ കാരിച്ചാൽക്കാർ തല്ലിക്കൊന്നാൽ അങ്ങനെ സമ്മതിയ്ക്കുകയുമില്ല, അവർ അതിനെ പമ്പയാറെന്നോ അച്ചങ്കോവിൽ ആറെന്നോ വിളിച്ചാലും പായിപ്പാട്ടാറെന്ന് വിളിയ്ക്കില്ല! ഇനി ഈ നദി കടലിൽ നാലു അഴി മുഖങ്ങളിലൂടേയും, രണ്ട് പൊഴിമുകഹങ്ങളിലൂടേയും ലയിച്ചശേഷവും ആ ഉപ്പുനിറഞ്ഞ സമുദ്രജലം കയ്യിലെടുത്ത് "ഹാ...നമ്മുടെ പുത്തനാറിലെ വെള്ളം" എന്ന് പറഞ്ഞാൽ, അത് ബുദ്ധിശൂന്യതയല്ല, മജ്ജകളിൽ ഘനീഭവിച്ച തന്മയത്വത്തെ, ആത്മാർത്ഥമായ അസ്തിത്വബോധത്തെ ആണു പ്രകടമാക്കുന്നത്.
ഇത് തന്നെയാണു ഏകദൈവമായ ബ്രഹ്മത്തിലെ തമോനിബിഢമായ പരബ്രഹ്മസങ്കൽപ്പത്തിൽ വിലയിച്ച ഗുരുദേവനെ ദൈവമായോ, സക്ഷാൽ പ്രബ്രഹ്മമായോ സങ്കൽപ്പിയ്ക്കുന്ന സാധാരണഭക്തൻറ്റെ മാനസ്സികാവസ്ഥ.
"ആരാദ്ധ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്ന്
നാരായണ മൂർത്തേ ഗുരു നാരായണമൂർത്തേ"
No comments:
Post a Comment