Thursday, December 24, 2015

പൊന്നരിവാളും, ചെമ്പരത്തിപ്പൂവും

"പൊന്നരിവാള്‍ അമ്പിളിയില്" -  കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സി.പി.ഐ) കൊടിയും ചിഹ്നവും നാട്ടിയ നിങ്ങളെന്നെ കമ്മ്യൂണീസ്റ്റാക്കി എന്ന നാടകത്തിലെ ഗാനം.ഒ .എൻ.വി. കുറുപ്പ് എഴുതിയ ഗുപ്തവിപ്ലവഗാനം. 

കൊല്ലം എസ്.എന്‍ കോളജില്‍ 1951ല്‍ 14 എം.പി. മാർക്ക് നേതൃത്വം നല്കി ഇന്ത്യൻ പാർലമെറ്റിലെ ആദ്യ പ്രതിപക്ഷ നേതാവായ എ.കെ.ജി ക്ക് കൊടുത്ത സ്വീകരണത്തില്‍ ആണ് ഈ ഗാനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 

പിന്നീട് കെ.പി.ഏ.സി. ഈ ഗാനം 1952 ഡിസംബര്‍ 6ന് കൊല്ലം ജില്ലയിലെ ചവറയില്‍ അരങ്ങേറിയ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി' എന്ന നാടകത്തില്‍ അവതരിപ്പിക്കുകയായിരുന്നു. 

പൊന്നരിവാള്‍ അമ്പിളിയില് എന്നു തുടങ്ങുന്ന ഗാനം ദേവരാജന്‍ മാസ്റ്ററുടെ ശബ്ദത്തില്‍. അധികാരികളുടെ വേട്ടയാടലിനാൽ "സോമന്‍" എന്ന തൂലികാനാമത്തില്‍ ആണ് തോപ്പില്‍ ഭാസി നാടകം രചിച്ചത്. 

ഗാനങ്ങളിലെ ഗുപ്തവിപ്ലവത്തിനും ഹേതു മറ്റൊന്നല്ല. ആകാശത്തിലെ അമ്പിളിക്കല കാണുന്ന തൊഴിലാളികൾക്കും കർഷകർക്കും അത് പൊന്നരിവാൾ ആയി തോന്നി തുടങ്ങി; ആ അരിവാളിനോട് ഒരു ആത്മബന്ധം ഉണ്ടായി. ജനങ്ങളുടെ മനസ്സിൽ ആ പൊന്നരിവാൾ നന്നായി പതിഞ്ഞു, 1957 ലെ തിരഞ്ഞെടുപ്പില്‍ കേരളം അവരുടെ ഹൃദയരാഗമാല്യം ചാർത്തിയത് ആ പൊന്നരിവാളിനും നെൽക്കതിരിനും ആയിരുന്നു. ബാലറ്റിലൂടെ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണം, ആ വാക്കുകൾ സത്യമാവുകയായിരുന്നു.... "പാട്ടുകാരന്‍ നാളെയുടെ കാട്ടുകാരനല്ലോ കാട്ടുകാരനല്ലോ" 

പൊന്നരിവാള്‍.. അമ്പിളിയില്... കണ്ണെറിയുന്നോളെ...
ആ മരത്തിന്‍...... പൂന്തണലില്...... 
വാടി നില്‍ക്കുന്നോളെ... വാടി നില്‍ക്കുന്നോളെ....

പൊന്നരിവാള്‍ അമ്പിളിയില് കണ്ണെറിയുന്നോളെ
ആ മരത്തിന്‍ പൂന്തണലില് വാടി നില്‍ക്കുന്നോളെ
പൊന്നരിവാള്‍ അമ്പിളിയില് കണ്ണെറിയുന്നോളെ
ആ മരത്തിന്‍ പൂന്തണലില് വാടി നില്‍ക്കുന്നോളെ

പുല്‍ക്കുടിലിന്‍ പോല്‍കതിരാം കൊച്ചു റാണിയാളെ
കണ്‍കുളിരെ നിനക്ക് വേണ്ടി നമ്മളൊന്നു പാടാം.. 
നമ്മളൊന്നു പാടാം

ഓണ നിലാ പാലലകള് ഓടി വരും നേരം,
എന്തിനാണ് നിന്‍ കരളു നൊന്തു പോണെന്‍ കള്ളി
എന്‍ കരളേ.... കണ്‍ കുളിരെ... 
എന്‍ കരളേ.... കണ്‍ കുളിരെ.....
എന്‍ കരളേ, കണ്‍ കുളിരെ... നിന്നെ ഓര്‍ത്തു തന്നെ
പാടുകയാണെന്‍ കരള്‍... 
പോരാടുമെന്‍ കരങ്ങള്‍...... 
പോരാടുമെന്‍ കരങ്ങള്‍.....

ഒത്തു നിന്നീ പൂനിലാവും നെല്‍ക്കതിരും കൊയ്യാന്‍
തോളോടുതോളൊത്തു ചേര്‍ന്നു വാളുയര്‍ത്താന്‍ തന്നെ
പോരുമോ നീ?...... പോരുമോ നീ?......
പോരുമോനീ പോരുമോനീ നേരു നേടും പോരില്‍
എന്‍ കരളിന്‍ പൊന്‍ കുളിരെ, നിന്നെ ഓര്‍ത്തു പാടും.
പാട്ടുകാരന്‍ നാളെയുടെ കാട്ടുകാരനല്ലോ കാട്ടുകാരനല്ലോ


ഓ.എൻ.വി ചിഹ്നത്തെ ജനമനസ്സുകളിൽ ഉറപ്പിച്ചപ്പോൾ, വയലാർ ചെങ്കൊടിയേ അവരോധിച്ചു, ഒപ്പം തിരഞ്ഞെടുപ്പ്  പ്രചാരണവും എല്ലാം  ഗുപ്തവിപ്ലവഗാനത്തിലൂടെ..

അമ്പലപ്പറമ്പിലെയാരാമത്തിലെ
ചെമ്പരത്തിപ്പൂവേ
അങ്കച്ചമയത്തിനണിയാനിത്തിരി
സിന്ദൂരമുണ്ടോ സിന്ദൂരം

ഉദയാസ്തമന പതാകകൾ പറക്കും
രഥവുമായ് നില്പൂ കാലം
പുഷ്പ രഥവുമായ് നില്പൂ കാലം
എതിരേല്പൂ നമ്മെ എതിരേല്പൂ
പുതിയ ഹംസഗാനം

വിഷു സംക്രാന്തി വിളക്കുകൾ കൊളുത്താൻ
ഉഷസ്സെഴുന്നേൽക്കും നേരം പുത്തൻ
ഉഷസ്സെഴുന്നേൽക്കും നേരം
വരുകില്ലേ കോർത്തു തരുകില്ലേ
പുതിയ രാഗമാല്യം

വയലാറിനെ ഗോപ്യതയുടെ ചക്രവർത്തി എന്ന് വിശേഷിപ്പിയ്ക്കുന്നതിൽ ഒരു തെറ്റുമില്ല.

ലൈംഗികതയും ശ്രിംഗാരവും മാത്രമല്ല, രാഷ്ട്രീയവും അവിടെ തിരശീലയ്ക്ക് പിന്നിലെ സുന്ദരകാൽപ്പനികത ആവുന്നു. 

കേൾക്കുമ്പോൾ ഒരു അമ്പലപ്പൂവിനെ വർണ്ണീയ്ക്കുന്നത് പോലെ!

ചെമ്പരത്തിപ്പൂവ്, അങ്കം, സിന്ദൂരം, ഉദയം, അസ്തമയം ഇങ്ങനെ ചുവപ്പിനെ ഏതൊക്കെ രീതിയിൽ ആവാഹിയ്ക്കാമോ അങ്ങനെയെല്ലാം വയലാർ ഈ ഗാനത്തിൽ ഉൾപ്പെടുത്തി കമ്മ്യൂണിസ്റ് പാർട്ടിയെ ജനമനസ്സിൽ അടയാളപ്പെടുത്തി.

വരാനിരിയ്ക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലമാണെന്നും (ഉദയാസ്തമന പതാകകള്‍ പറക്കും രഥവുമായ് നില്‍പ്പൂ കാലം), അടുത്ത വിഷുക്കാലത്തെ തിരഞ്ഞെടുപ്പിൽ പാർട്ടിയ്ക്ക വോട്ട് ചെയ്യണമെന്നും (വരുകില്ലേ കോര്‍ത്തു തരുകില്ലേ ഹൃദയരാഗമാല്യം?) എത്ര വ്യംഗ്യമായി ആണദ്ദേഹം അഭ്യർത്ഥിച്ചത്?


1952 ൽ തുടങ്ങി 53 ൽ നിരോധിച്ച നാടകത്തിലെ ഗാനങ്ങൾ ഓ.എൻ. വി - ദേവരാജൻ ന്റേതായിരുന്നു. 1967 ലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണിതെഴുതുന്നത് അപ്പോഴേയ്ക്കും പാർട്ടി രണ്ടായിരുന്നു; എങ്കിലും 1967 ൽ സി.പി.എം. ഉം ചിത്രം പുറത്ത് വന്ന 70 ൽ സി.പി.ഐ യും അധികാരത്തിലെത്തി.

"രക്തപതാക" എന്ന തീവ്രതയിൽ നിന്നും "ഉദയാസ്തമന പതാക" എന്ന് ചെങ്കൊടിയെ മധുരമായി ജനമനസ്സിലേയ്ക്ക് കടത്തി വിട്ട ഗാനരചയിതാവ്!

No comments:

Post a Comment