Thursday, December 24, 2015

ഒരു കുട്ടിക്കഥ - മക്കാവോക്കുട്ടിയുടെ സ്വപ്നങ്ങൾ!

പതിവ് പോലെ ഒരിടത്തൊരിടത്ത് ഒരു കുട്ടി ഉണ്ടായിരുന്നു

കുട്ടി ഒരേ സമയം സമർത്ഥനും മണ്ടനും ആയിരുന്നു! 

അല്ലെങ്കിൽ ആരെങ്കിലും പൊതിച്ചോറും കൊണ്ട് റസ്റ്റോറൻറ്റിൽ പോകുമോ?

പാർട്ടിയിലെ ഭീഷ്മാചാര്യൻറ്റെ മകൻ മക്കാവോയിൽ പോയതിനു ആചാര്യനും മകനും വെള്ളം കുടിച്ച അനുഭവം ഒഴിവാക്കാൻ സംകുടുംബം കുട്ടി മക്കാവോയ്ക്ക് പോയി. ഇനി ആരേലും ചോദിച്ചാലും പറയാല്ലോ, നുമ്മ പോയത് ഫാമിലിയായിട്ടാ! അങ്ങനെ ക്ഷ്ടപ്പെടുത്തിയ സദാചാരക്കാരോട് കുട്ടിയ്ക്ക് പൊറുക്കാനൊക്കുമോ?


മക്കാവോയിൽ ഏതെങ്കിലും ബീച്ച് റിസോർട്ടിൽ ഫാമിലിയെ കുടുക്കി ഒന്ന് അർമ്മാദിയ്ക്കാം എന്ന് കുട്ടി കണക്ക് കൂട്ടി. എന്നാൽ ഇവിടുന്നും, പിന്നെ അവിടുന്നും കാര്യങ്ങൾ മനസ്സിലാക്കിയ ബീവി കുട്ട്യോളെ കൂട്ടി വട്ടം പിടിച്ചു. പിന്നെ അവരുമൊത്തായി കുട്ടി കറക്കം; അതൊടുവിൽ ലൈംഗികൗപകരണക്കടയിൽ വരെയെത്തി. ഓരോന്ന് എടുത്ത് ഇതെന്താ? എന്നുള്ള കുട്ട്യോളുടെ ചോദ്യം കുട്ടിയെ കൊണ്ട് വീണ്ടും സദാചാരക്കാരൻറ്റെ ഫാദറിനു വിളിപ്പിച്ചു.

എന്തെല്ലാം നല്ല നല്ല ഡിഷുകളും, ഡെസേർട്ടുകളും, പാനീയങ്ങളും നിരത്തി വച്ച റസ്റ്റോറൻറ്റിൽ ഇരുന്ന് കുട്ടി അവ നോക്കി വെള്ളമിറക്കി; പിന്നെ പൊതിച്ചോറുണ്ട് തിരിച്ച് പോന്നു. മുതിർന്നവർക്ക് സഹിയ്ക്കാനൊക്കില്ല ഇതൊക്കെ പിന്നാ കുട്ടിയുടെ ഒരു കാര്യം!

ഇങ്ങ് വന്ന് ലഗ്ഗേജ്ജ് തട്ടിയിട്ട് ഒന്നൂടെ പോയിവരാൻ കുട്ടി നോക്കി; പക്ഷേ മക്കാവോയ്ക്കല്ല, മക്കയ്ക്ക് ആയാൽ പോലും "മ" എന്നാകുമ്പോൾ ബീവി ചവിട്ടി ഒതുക്കും; ഓളവിടുത്തെ ചേലൊക്കെ കണ്ടതാണല്ലോ?

ഇനീപ്പോ എന്താ ഒരു വഴി? കുട്ടിയ്ക്കും കിട്ടി ഒരു പുത്തി..

"ഗർഭിണി ആശുപത്രിയിൽ ചെന്നില്ലെങ്കിൽ, ആശുപത്രി ഗർഭിണി ഇരിയ്ക്കുന്ന സ്ഥലത്ത് എത്തണം" പുത്തലീഭായി എന്ന കൊള്ളക്കാരിയുടെ കഥയിലെ മഹത്വാക്യം!

എന്നാലിനി അങ്ങനെ കേരളം അങ്ങ് മക്കാവോ ആക്കിക്കളയാം; അതിനായി ഒന്നെഴുതിക്കളയാം; ചിലപ്പൊൾ ഗേറ്റിൽ പായസ്സം കൊടുത്താലോ?

കുട്ടീടെ വിഷമം കുട്ടിയ്ക്കറിയാം; സദാചാരക്കാരെ... അന്നോടൊന്നും ദൈവം തമ്പുരാൻ പൊറുക്കില്ലെടാ....

(ഇതിനു ജീവിച്ചിരുയ്ക്കുന്നവരോ, മരിച്ചവരോ, ഇനി ജനിയ്ക്കാൻ ഉദ്ദേശിയ്ക്കുന്നവരോ ആയ ആരുമായും ഒരു ബന്ധവുമില്ല)

No comments:

Post a Comment