Friday, December 25, 2015

രാമായണത്തിലെ സീത മദ്യപിച്ചിരുന്നോ?

ലങ്കയിലെ രാക്ഷസരാജാവായ രാവണനു വനതാപസിയായ വേദവതിയിൽ പിറന്ന പുത്രി.



വനമധ്യത്തിലെ പർണ്ണശാലയിൽ വച്ച് തന്നെ ബലാൽക്കാരം ചെയ്ത രാവണൻറ്റെ നാശത്തിനു തൻറ്റെ മകൾ കാരണമാകുമെന്ന് ശാപം നൽകിയ ആത്മാഹൂതി ചെയ്ത വേദവതിയുടെ മകൾ.

തനിയ്ക്ക് അന്ത്യഹേതുവായി പിറന്ന മകളുമായി, അവളെ വധിയ്ക്കുവാനുള്ള അനുവാദം തേടി വന്ന തൃശ്ശിരസ്സിനോടും, ഖരദൂഷണന്മാരോടും, "ഞാനും മരണമില്ലാത്ത മുഹൂർത്തത്തിലല്ല ജനിച്ചത്, ഒരു നാൾ മരണം തേടിയെത്തുക തന്നെ ചെയ്യും, പിന്നെന്തിനു സ്വന്തം കുഞ്ഞിനെ വധിയ്ക്കണം?" എന്ന് പറഞ്ഞ സ്വപിതാവിനാൽ ജീവിതം മടക്കി കിട്ടിയ കുട്ടി.

വധിയ്ക്കാൻ അനുവാദമില്ലത്തതിനാൽ, ഒരു പെട്ടിയിലാക്കി മിഥിലയിലെ വയലിൽ തൃശ്ശിരസ്സിനാൽ കുഴിച്ചിടപ്പെട്ട കുഞ്ഞ്, പുത്രകാമേഷ്ടിയുടെ ഉഴവ് നുകത്തിൽ കുടുങ്ങി ഭൂമിയ്ക്ക് മുകളിൽ എത്തിയ ഭൂമിപുത്രി.

ജനകമാഹാരാജവിനാൽ ദത്തെടുക്കപ്പെട്ട് മിഥിലയ്ക്ക് രാജകുമാരിയായ മൈഥിലി.

യാഗരക്ഷാർത്ഥം രാജർഷി വിശ്വാമിത്രനാൽ വനത്തിലേയ്ക്കും പിന്നീട് മിഥിലയിലേയ്ക്കും കൂട്ടിക്കൊണ്ട് വരപ്പെട്ട അയോദ്ധ്യാ രാജകുമാരൻ ശ്രീരാമനാൽ സ്വയംവര വില്ലൊടിച്ച് വിവാഹിതയായ കുമാരി. വിവാഹദിനത്തിൽ വില്ലൊടിഞ്ഞൊച്ച കേട്ടും, വധൂവരന്മാരുടെ ഘോഷയാത്രയിൽ ഭാർഗ്ഗവരാമനാൽ "ഞാനൊഴിഞ്ഞുണ്ടോ രാമൻ?" എന്ന വെല്ലുവിളിയിലും കുസ്സാതെ നിന്ന അസുരകന്യക.

വനവാസത്തിനു ചിത്രകൂടത്തിൽ എത്തിയ സീതയെ മടിയിരുത്തി ശ്രീരാമൻ മയരേകം എന്ന ഗോതമ്പിൽ നിന്നും വാറ്റിയ ചാരായം മാംസത്തോട് കൂടി കുടിപ്പിയ്ക്കുന്നു. മദ്യം കഴിയ്ക്കാത്തവർ എന്ന "അസുര" കന്യകയെ സുരനായ രാമൻ മദ്യം കുടിപ്പിയ്ക്കുന്നു ശുചിയെ കുകുത്സൻ എന്ന പോലെ എന്ന് വാത്മീകി രാമായണത്തിൽ; നീചസംസർഗ്ഗം എന്നല്ലാതെ എന്ത് പറയാൻ?

ഗംഗ കടക്കുന്ന സീത ഗംഗയിലേയ്ക്ക് നൂറു കണക്കിനു കുടം മദ്യമൊഴുക്കി പൂജ നടത്തുന്നു, ശുഭപര്യവസായി ആയി തിരികെ വന്നാൽ ഇനിയും ആയിരം കുടം മദ്യത്താൽ പൂജ ചെയ്യാം എന്ന് ഗംഗയ്ക്ക് നേർച്ച നേരുന്നു. (അയോദ്ധ്യാകാണ്ഡം, സർഗ്ഗം 52, ശ്ലോകം 89 - "സുധാഘടസഹസ്രേന മാംസഭൂതോതദേന...")

പമ്പാസരസ്സിൽ നല്ല മീനുകൾ ഉണ്ടെന്ന് ലക്ഷ്മണന് അത് നന്നായി പാകം ചെയ്യാനറിയാമെന്നും, പൊതുവേ എല്ലാ മത്സ്യമാംസാദികളും ലക്ഷ്മണൻ രുചികരമായി പാകം ചെയ്യുമെന്നും രാമൻ സാക്ഷ്യപ്പെടുത്തുന്നു.

അശോകവനത്തിൽ സീതയെ കണ്ട ഹനുമാൻ സീതയെ വേർപെട്ട രാമൻ പിന്നീട് മാംസം കഴിയ്ക്കാൻ കൂട്ടാക്കുന്നില്ല എന്ന് പരാതി പറയുന്നു. 



രാമൻ മര്യാദാപുരുഷോത്തമനെങ്കിൽ ഇത് തന്നെയല്ലേ പുരുഷ മര്യാദകൾ?

തുമ്മിയാൽ തെറിയ്ക്കുന്ന മൂക്കുകൾ തെറിച്ച് പോകട്ടേ..

വാത്മീകി സത്യവാനായിരുന്നു, അദ്ദേഹത്തിൻറ്റെ രാമൻ തെറ്റും ശരിയും ചെയ്ത മനുഷ്യനും.... 

അദ്ദേഹത്തെ ദൈവമാക്കിയത് രാമചരിതമാനസം എഴുതിയ തുളസീദാസ്സിനെ പോലെ ഉള്ളവർ ആണ്.....

അന്നും നിർഗുണ നിരാമയ പരബ്രഹ്മത്തെ ഈരടികളിലൂടെ സ്തുതിച്ച് ഒരു കബീർദാസ്സ് ഉണ്ടായിരുന്നു

No comments:

Post a Comment