Friday, January 1, 2016

സുയോധനൻറ്റെ ഗുരുപുത്രൻ

പതിനെട്ട് ദിവസങ്ങളിലെ  യുദ്ധത്തിൽ ഒപ്പമുണ്ടായിരുന്ന, യന്ത്രമുക്തസംവിധാനമുള്ള രഥവും, അസ്ത്രശസ്ത്രങ്ങളും, ആവനാഴിയും കുരുക്ഷേത്ര ഭൂമിയിൽ ഉപേക്ഷിച്ച്, സ്യമന്തപഞ്ചകക്കരയിലുള്ള ആ പൊന്തക്കാട്ടിൽ രാത്രിയാവുന്നതും കാത്ത്, വെറും നിലത്ത് കാൽമുട്ടുകളിൽ തലയും താങ്ങിയിരുന്നു സുയോധനന്റെ ഗുരുപുത്രൻ, അശ്വത്ഥാമാവ്. 

അവന്റെ മനസ്സിലൂടെ കഴിഞ്ഞ കാലം ഓർമ്മകളുടെ കുത്തൊഴുക്കായി കടന്ന് പൊയ്ക്കൊണ്ടിരുന്നു. മൂന്ന് പതിറ്റാണ്ടുകളായി ഭാരതഖണ്ഡം പ്രതീക്ഷിച്ചിരുന്ന ആ യുദ്ധം പരിസമാപ്തിയിൽ എത്തിയിരിയ്ക്കുന്നു, ധർമ്മാധർമ്മങ്ങളുടെ കൂട്ടിക്കിഴിയ്ക്കലിൽ താരതമ്യേന കുറച്ച് മാത്രം അധർമ്മം പ്രവർത്തിച്ചവർ പരാജിതരായി എന്നവന് തോന്നി! ഹസ്തിനപുരിയിലെ രാജകുമാരന്മാരിൽ ഒരാളൊഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടിരിയ്ക്കുന്നു, 

യുദ്ധം തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന പതിനൊന്ന് അക്ഷൗഹിണികളിൽ വളരെ കുറച്ച് മാത്രം അവശേഷിച്ചിരിയ്ക്കുന്നു. കൗരവപക്ഷത്ത് മഹാരഥികളായി എണ്ണിയിരുന്നവരിൽ താനും കൃപാചാര്യരും, കൃതവർമ്മാവും, വസുഷേണപുത്രൻ വൃഷകേതുവും മാത്രമേ ഇനി അവശേഷിയ്ക്കുന്നുള്ളൂ എങ്കിലും, അവസാനത്തെ ആ ജീവൻ നിലനിക്കുവോളം ഈ യുദ്ധം തനിയ്ക്  ഇനിയും അവസാനിച്ചിട്ടില്ല.
അശ്വദ്ധമാവിന് പിതാവിനോടുണ്ടായിരുന്നതിലും കവിഞ്ഞ സ്നേഹവും, ആദരവും, വിധേയത്വവും സുയോധനനോടുണ്ട്. പകരം കുരുശ്രേഷ്ഠനും ആ ഗുരുപുത്രനോട്, അയാളുടെ ആത്മമിത്രമായ രാധേയനിൽ നിന്നൊട്ടും കുറയാത്ത സൗഹൃദവും, വിശ്വാസവും, ആത്മാർത്ഥതയും, സ്നേഹവും എന്നും ഉണ്ടായിരുന്നതിനാൽ  തന്നെ ദ്രോണിയ്ക്ക്  അങ്ങനെ ആവാനേ കഴിയുമായിരുന്നുള്ളൂ. സ്വന്തം മനസ്സാക്ഷിയ്ക്ക്  എതിരായി പൊരുതി ഭീക്ഷ്മരും, ദ്രോണരും, ശല്യരും, കൃപരും, മനസ്സില്ലാമനസ്സോടെ കർണ്ണനും, കടമകളുടെ പടവിൽ നിന്ന് യുദ്ധം ചെയ്തപ്പോൾ, അശ്വത്ഥാമാവ് മാത്രമാണ് പൂർണ്ണമനസ്സോടെ സുയോധനനായി പോരാടിയത്! പാണ്ഡവപക്ഷപാതിയായ കൃഷ്ണദ്വൈപായനൻ പോലും സംശയലേശമില്ലാതെ സമ്മതിയ്ക്കുന്ന വിധത്തിൽ സ്വധർമ്മപാലനം നടത്തിയതും അവൻ മാത്രമായിരുന്നു.

ദ്രുപദനാൽ അപമാനിയ്ക്കപ്പെട്ട പിതാവ് ദ്രോണരും, പശുവിൻ പാലെന്ന് കരുതി അരിപ്പൊടി കലക്കിയ വെള്ളം തന്ന് കബളിപ്പിച്ച് പരിഹസിച്ച കളിക്കൂട്ടുകാരും ബാല്യത്തിലെ ദുഃഖമായി മനസ്സിൽ തെളിയുമ്പോൾ ആ അന്ധകാരത്തിൽ ഉദിച്ചുയരുന്ന പ്രൗഢസുന്ദരമായ ഒരു മുഖമുണ്ട്, ഹസ്തിനപുരത്തെ യുവരാജാവിന്റെ, സുയോധനന്റെ മുഖം. പിതാവിന് ഒരു സാമന്തരാജാവിന്റെ അധികാരങ്ങളും രാജകൊട്ടാരവും, മറ്റ് ഭോഗങ്ങളും നൽകിയ ആ പിതാവും, നിതാന്തസൗഹൃദം വാഗ്ദാനത്തിൽ മാത്രമല്ല, ഓരോ നിമിഷവും കാത്ത് സൂക്ഷിച്ച, നിറവേറ്റിയ ആ പുത്രനും മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു. 

അശ്വത്ഥാമാവ് ഏറെ ബഹുമാനിച്ചിരുന്നു പിതാവും ഗുരുവുമായ ആ മഹാരഥിയെ, എങ്കിലും കൗരവപാണ്ഡവ അധുകാര വടംവലിയിൽ ഒരുറച്ച തീരുമാനമെടുക്കാത്ത പിതാവും, കൗരവപക്ഷത്ത് ഉറച്ച് നിന്ന പുത്രനും തമ്മില്ല തർക്കങ്ങൾ പതിവായിരുന്നു. ദയയും, കാരുണ്യവും, ശൂരത്വവും എല്ലാം അന്ധനായ മഹാരജാവിനും നല്ലവനായ സുയോധനനും ആണെന്ന് ഒരിയ്ക്കൽ പറയുന്ന ആചാര്യൻ പെട്ടെന്ന് പ്രിയശിഷ്യൻ ധനഞ്ജയിനിലേയ്ക്ക് വരികയും പാണ്ഡവർക്കാണ് അവകാശം എന്ന് തിരുത്തുകയും ചെയ്യുന്ന രീതിയിൽ ആശയക്കുഴപ്പത്തിൽ ആയിരുന്നു. തനിയ്ക്ക് ലഭിയ്ക്കുന്നതിലേറെ സ്നേഹവും പരിഗണനയും പിതാവിൽ നിന്നും അർജ്ജുനന് ലഭിയ്ക്കുന്നതിൽ മനസ്സിൽ അമർഷവും, പകയും ഉണർന്നിരുന്നു എന്നത് സത്യമാണ്; എന്നാൽ ആചാര്യനായ കൃഷ്ണവർണ്ണ ബ്രാഹ്മണനും അതേ നിറമുള്ളതും, മുഖസാദൃശ്യമുള്ളവനുമായ ശിഷ്യനുമായി ഗുരുശിഷ്യബന്ധത്തിനപ്പുറം എന്തെങ്കിലും ഉണ്ടായിരുന്നോ?

സുയോധനന്റെ നിജസ്ഥിതി വാരണവതത്തിൽ ലാക്ഷാഗൃഹം കത്തിയമർന്നതിന്റെ അടുത്ത ദിവസം യാദൃശ്ചികമായി വെളിപ്പെട്ടു. അതിയായ കോപത്തോടെ ആക്രോശിയ്ക്കുന്ന കർണ്ണനെയാണ് ആദ്യം കണ്ടത് 

"ശത്രുക്കളെ തോൽപ്പിയ്ക്കേണ്ടതും, വധിയ്ക്കേണ്ടതും യുദ്ധത്തിലൂടെയാണ്, അല്ലാതെ ഉറങ്ങിക്കിടക്കുമ്പോൾ ചുട്ടെരിച്ചല്ല, ഇത് ചതിയാണ്, ഇതിന്റെ പങ്ക് കർണ്ണനാവശ്യമില്ല"

തികച്ചും ശാന്തനായാണ് സുയോധനൻ അതിനു മറുപടി പറഞ്ഞത്

"ഒരു കണക്കിന് വാരണാവതത്തിൽ പുരോചനൻ ചെയ്ത പ്രവൃത്തികൾക്ക് ഞാൻ തന്നെയാണുത്തരവാദി, എന്നോടുള്ള  സ്നേഹത്താലും, കരുതലിനാലും, മാതുലൻ സൗബലൻ ചെയ്ത കൃത്യങ്ങളുടെ ദുഷ്പേർ എന്നിൽ വന്നു ചേരുമല്ലോ? എന്നാൽ ഞാൻ ഇത് മനസ്സറിഞ്ഞ് കാര്യമല്ലെന്ന നിങ്ങളെങ്കിലും അറിയണം. പാണ്ഡുപുത്രന്മാരെ ഈ കൊട്ടാരത്തിൽ നിന്നും മാറ്റണമെന്ന് എനിയ്ക്കും ആഗ്രഹമുണ്ടായിരുന്നു എന്നത് ശരിയാണ്, അതിനായി മാതുലൻ അവരെ വാരണാവതത്തിലേയ്ക്ക് അയക്കാൻ ശ്രമിച്ചപ്പോൾ കൂട്ടുനിന്നു എന്നത് മാത്രമാണ് ഞാൻ ചെയ്ത കുറ്റം. നിങ്ങൾക്കറിയാമല്ലോ ഞാൻ പിതാമഹൻ ഭീഷ്മരുടേയോ, ആചാര്യന്മാരായ ദ്രോണർ, കൃപർ, പിന്നെ എല്ലയ്പ്പോഴും ഉപദേശങ്ങൾ കൊണ്ട് വെറുപ്പിയ്ക്കുന്നയാളെങ്കിലും ഇളയച്ഛൻ വിദുരരേയും ഒരു കാര്യത്തിലും ധിക്കരിയ്ക്കുകയോ, എതിർക്കുകയോ ചെയ്യാറില്ലെന്ന്, ആകെ ഞങ്ങൾക്കിടയിലുള്ള കല്ലുകടി ഈ പാണ്ഡുപുത്രന്മാർ എന്ന് അവകാശപ്പെടുന്നവർ മാതമാണ്. അതിനെനിയ്ക്ക് എന്റേതായ കാരണവുമുണ്ട്..."

അൽപ്പനേരം നിശബ്ദനായിരുന്ന ശേഷം സുയോധനൻ അശ്വത്ഥാമാവിനേയും, പ്രിയസോദരൻ സുശാസനനേയും നോക്കി തുടർന്നു

"ഞാൻ ഹസ്തിനപുരത്തെ ഈ കൊട്ടാരത്തിലാണ് പിറന്ന് വീണത്, എനിയ്ക്ക് ഓർമ്മ വച്ച നാൾ മുതൽ എല്ലാവരും എന്നെ യുവരാജാവായും, ഈ രാജ്യത്തിന്റെ ഭാവി മഹാരാജാവായും ആണ് കണ്ടിരുന്നത്. ഞാനും ഈ നഗരത്തിലും, ഗ്രാമപ്രാന്തങ്ങളിലും യുവരാജാവെന്ന നിലയിൽ പ്രജാക്ഷേമം നിലനിർത്തി ബാല്യത്തിലും, കൗമാരത്തിലും തന്നെ പ്രവർത്തിച്ചിരുന്നു, അതിന് പിതാവും, ഇളയച്ഛനും അനുമതിയും തന്നിരുന്നു. എന്നാൽ എനിയ്ക്ക് 15 വയസ്സുള്ള കാലത്ത്, പൊടുന്നനേ ഒരു ദിവസം എന്നേക്കാൾ ശാരീരികമായി ചെറുതും, പ്രായം കൊണ്ട് മുതിർന്നതെന്ന് അവകാശപ്പെട്ട, ക്ഷാത്രവീര്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത, എന്നാൽ ഇളയച്ഛൻ വിദുരരുമായി രൂപത്തിലും, ശരീരഭാഷയിലും സാമ്യമുള്ള ഒരു കുമാരനെ മുന്നിൽ കൊണ്ട് നിർത്തിയിട്ട്  അദ്ദേഹം പറഞ്ഞു "ഇതാണ് പരലോകപ്രാപ്തി പൂകിയ പാണ്ഡുമഹാരാജാവിന്റെ ജേഷ്ഠപുത്രൻ യുധിഷ്ഠിരൻ, നിന്റെ ജേഷ്ഠൻ, ഹസ്തിനപുരിയുടെ യുവരാജാവ്, ഈ രാജ്യത്തിന്റെ വരുംകാല മഹാരാജാവ്!" ഒരു തീപന്തം മനസ്സിൽ ആളിപ്പടർന്നു, പിന്നീടൊരിയ്ക്കലും അതണഞ്ഞിട്ടില്ല, എന്റെയോ യുധിഷ്ഠിരന്റെയോ അവസാനശ്വാസം നിലയ്ക്കും വരെ അത് അവിടെ അണയാതെ  എരിഞ്ഞുകൊണ്ടേയിരിയ്ക്കും."

ആ വാക്കുകളിലെ ആത്മാർത്ഥത അശ്വത്ഥാമാവിനെ സ്പർശിച്ചു, സുയോധനന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് അവൻ വിശ്വസിച്ചു, ഇരുവിഭാഗത്തിനുമിടയിൽ ഒരു യുദ്ധമുണ്ടായാൽ ഏത് ഭാഗത്ത് നിന്നാണ് പൊരുതേണ്ടത്തെന്ന് അന്ന് മനസ്സിൽ ഉറപ്പിച്ചു.

"കാട്ടിൽ പിറന്ന പാണ്ഡുവിന്റേതല്ലാത്ത മക്കൾക്കല്ലല്ലോ ഹസ്തിനപുരത്തിനവകാശം, മഹാരാജാവ് ധൃതരാഷ്ടർക്കും, ഗാന്ധാരിയ്ക്കും പിറന്ന ജേഷ്ഠപുതനായ അവിടുത്തേയ്ക്ക് തന്നെയാണ് ആ ജന്മാവകാശം"

അനുജൻ സുശാസനൻ വിഷണ്ണനായ ജേഷ്ഠനെ സമാധാനിപ്പിച്ചു, അത് മനസ്സിലാക്കിയ കർണ്ണൻ സുഹൃത്തിനോടായി പറഞ്ഞു

"പ്രിയമിത്രമേ, സുയോധനാ, എനിയ്ക്കുണ്ടാകുന്ന പേരുദോഷത്തെ ഞാൻ ഭയക്കുന്നില്ല, എന്റെ സുഹൃത്തിന്റെ പേരിനുണ്ടാകുന്ന കളങ്കത്തിലാണെന്റെ ദുഃഖം. തികഞ്ഞ അവകാശത്തോടെ വേണം അങ്ങീ ഭാരതഖണ്ഡത്തിനുടയോനാകാൻ എന്ന് വസുഷേണൻ ആഗ്രഹിയ്ക്കുന്നു. പിന്നെ മൂപ്പിളപ്പിന്റെ പ്രശ്നമെങ്കിൽ ഈ ഭാരതത്തിനാ പേർ വരുവാനിടയാക്കിയ മഹാപുരുഷൻ, മഹാരാജാവ് ദുഷ്യന്തന്റേയും, അപ്സരപുത്രി ശകുന്തളയുടേയും പുത്രൻ സർവ്വദമനൻ എന്ന ഭരതൻ ആരെയാണ് പിൻ ഗാമിയാക്കിയത്?

തനിയ്ക്ക് ജനിച്ച ഒമ്പത് പുത്രന്മാർക്കും രാജ്യത്തെ നല്ല നിലയിൽ മുന്നോട്ട് നയിയ്ക്കുവാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ ഭരതമഹാരാജൻ രാജ്യത്ത് നിന്നും കഴിവുള്ള ഒരു യുവാവിനെ കണ്ടെത്തി അനന്തിരാവകാശിയായി വാഴിച്ചില്ലേ? അതല്ലേ ചന്ദ്രവംശത്തിന്റെ കീഴ്വഴക്കം? കഴിവുള്ളവൻ അധികാരം കയ്യാളും, ഇവിടെ നിന്നോളം കഴിവുള്ളവർ മറ്റാരും ഇല്ല എന്ന് നീ അറിഞ്ഞാലും പ്രിയ മിത്രമേ... ഈ രാജ്യം എല്ലാനിലയിലും നിനക്കവകാശപ്പെട്ടതാണ്."

സ്യമന്തപഞ്ചകക്കരയിൽ ചതിയിൽ തകർക്കപ്പെട്ട തുടയും, തകർന്ന സന്ധിബന്ധങ്ങളുമായി, മരണം കാത്തു കിടന്ന ആ മഹാ വ്യക്തിത്വത്തെ ഒന്നടുത്തു വന്നു കാണാൻ, ഇരുട്ടു കനക്കും വരെ കാത്തിരിയ്ക്കാൻ മനസ്സിൽ ഏറെ വലുതായിപ്പോയ ശത്രുക്കളുടെ സാന്നിദ്ധ്യം അവനേയും, കൂടെയുള്ള മൂന്നുപേരേയും പ്രേരിപ്പിച്ചു. പല ജന്മമെടുത്താലും  വീട്ടിതീരാത്തത്ര കടപ്പാട് ഒരു ജന്മത്തിൽ ചൊരിഞ്ഞ , ആ യജമാനന് ഒരന്ത്യവന്ദനം അർപ്പിച്ച് താൽക്കാലം വനവാസത്തിനു പോകണം. ശത്രു പരമാവധി ശക്തനായി നിൽക്കുമ്പോൾ അതേ കരണീയമായുള്ളൂ, ദ്രോണീയ്ക്ക്! പിന്നീട് അനുകൂലമായ സമയത്തിനായി ഒരു കാത്തിരിപ്പ്, അന്ധമായ ആ വൃദ്ധനയനങ്ങളിൽ നിന്നും പ്രവഹിയ്ക്കുന്ന അശ്രുവിനോടുള്ള കടമ നിറവേറ്റാൻ, ഒരു വീരമൃത്യുവിന്റെ കടം വീട്ടാൻ.

സന്ധ്യ വന്നണഞ്ഞിരിയ്ക്കുന്നു, ശത്രുക്കളും അവരുടെ ആശ്രിതരും അകന്നിരിയ്ക്കുന്നു; ദ്രോണി മെല്ലെ തടാകക്കരയിലെ ആ ദ്വന്ദയുദ്ധക്കളത്തിലെത്തി. നിശ്ചലമായ ആ ശരീരത്തിൽ നിന്നും പ്രാണൻ പൂർണ്ണമായും നഷ്ടമായിരിയ്ക്കുന്നു എന്നവനു തോന്നി; എന്നാൽ അടുത്തേയ്ക്ക് നടന്നപ്പോൾ ആ മങ്ങിയ വെളിച്ചത്തിലും ഒരനക്കം അവന്റെ ശ്രദ്ധയിൽപ്പെട്ടു. ജീവൻ വെടിഞ്ഞ ശവശരീരത്തെ തേടി വന്ന കുറുനരിയും, കഴുകനും അടുത്തെത്തുമ്പോൾ അവയെ ആട്ടിയോടിയ്ക്കാൻ ആ ഗദയെ ഉയർത്തുവാൻ ശ്രമിയ്ക്കുകയും, അതിനു കഴിയാതെ നിലത്ത് കൂടി ഇഴയ്ക്കുകയും ചെയ്യുന്ന  ബലിഷ്ടമായ കരങ്ങളുടെ ചലനം നിലച്ചിരുന്നില്ല. അടുത്തെത്തിയ ദ്രോണിയും, കൃപരും, കൃതവർമ്മാവും, വൃഷകേതുവും  ആ കാഴ്ച്ച  നിറകണ്ണുകളോടെ നോക്കി നിന്നു.

മാതാവിനും സൗഹൃദത്തിനും മുന്നിലല്ലാതെ മറ്റൊരിടത്തും ഒരിയ്ക്കലും കുനിയാത്ത ആ ശിരസ്സ്, ശത്രു അവന്റെ കാലുകളാൽ നിലത്തമർത്തി കളഞ്ഞിരിയ്ക്കുന്നു; രാജാവെന്നോ? സതീർത്ഥ്യൻ എന്നോ? സുഹൃത്തെന്നോ? എന്ത് സംബോധന ചെയ്യണമെന്ന് സംശയിച്ച് നിന്നു ദ്രോണി. പിന്നീട് ധൈര്യം സംഭരിച്ച്, സങ്കടം വഴിഞ്ഞൊഴുകുന്നകണ്ണുകളും, ഇടറുന്ന സ്വരവുമായി ഇങ്ങനെ പറഞ്ഞു

"മഹാരാജാവേ, അങ്ങയെ നിർഭാഗ്യവാനായ ഗുരുപുത്രൻ വന്ദിയ്ക്കുന്നു, പതിനൊന്ന് അക്ഷൗഹണിപ്പടയുമായി  യുദ്ധംതുടങ്ങിയ അങ്ങയുടെ അവശേഷിയ്ക്കുന്ന സേനയായ, കൃപരും, കൃതവർമ്മാവും, വൃഷകേതുവും ഇതാ എന്നോടൊപ്പം അങ്ങയെ പ്രണമിയ്ക്കുന്നു"

മൃതപ്രയനായി കിടന്ന ശരീരത്തിൽ ചലനം ദൃശ്യമായി, ആ ശിരസ്സ് കഷ്ടപ്പെട്ടുയർത്തി, മെല്ലെ താങ്ങിയെടുത്ത് മടിയിൽ വച്ച ദ്രോണിയുടെ തീരുമാനങ്ങൾ ഒരു നിമിഷം കൊണ്ട് മാറിമറിഞ്ഞു, വർദ്ധിതവീര്യനായ അശ്വദ്ധാമാവ് പറഞ്ഞു

"മഹാരാജാവേ, അങ്ങയുടെ അവസാനത്തെ സേനാനായകൻ ആയി എന്നെ അഭിഷേകം ചെയ്താലും, പിതാമഹൻ ഭീഷ്മരും, ഗുരു ദ്രോണാചാര്യരും, ആത്മമിത്രം കർണ്ണനും നേടാൻ സാധിയ്ക്കാതെ പോയ പാണ്ഡവനിഗ്രഹവും, യുദ്ധവിജയവും അങ്ങേയ്ക്കായി ഞാൻ കൊണ്ടുവരാം, അതിനെനിയ്ക്ക് അക്ഷൗഹിണികൾ അല്ല വേണ്ടത് അങ്ങയുടെ ആജ്ഞയുടെ ശക്തി ഒന്നുമാത്രം മതിയാവും"

സുയോധനൻറ്റെ തകർന്നു കിടന്ന ആ ശരീരത്തിലെ അംഗപ്രത്യംഗങ്ങളിലേയ്ക്ക് ചലനങ്ങൾ വ്യാപിച്ചു, താങ്ങിയിരുത്തിയ ശരീരവും, സ്യമന്തപഞ്ചകത്തിൽ നിന്ന് ഇലക്കുമ്പിളിൽ കോരിയെടുത്ത ജലവും, ശക്തിക്ഷയിച്ച് തുടങ്ങിയ കരങ്ങളും, ചേർന്ന് ആ അഭിഷേകകർമ്മം പൂർത്തിയാക്കി.

വൃഷകേതുവിനെ സുയോധനന് കാവൽ നിർത്തി, കൃപരേയും, കൃതവർമ്മാവിനേയും കൂട്ടി മടങ്ങുന്നതിനിടയിൽ ദ്രോണി തിരിഞ്ഞ് നിന്ന് കൊണ്ട് പറഞ്ഞു

"മഹാരാജാവേ, ഇപ്പോഴത്തെയ്ക്ക് വിട, വിജയവാർത്തയുമായി ശീഘ്രം മടങ്ങി വരാം, അതുവരെ അങ്ങയുടെ പ്രാണനെ പിടിച്ചു നിർത്തിയാലും"

പാണ്ഡവരുടെ വധത്തിനായി ദ്രോണപുത്രൻ എത്തുമെന്നറിയാവുന്ന ശ്രീകൃഷ്ണൻ, അവരഞ്ചുപേരെയും പടകുടീരത്തിൽ നിന്നും വിളിച്ചിറക്കി, നദിയുടെ തീരത്തു കൂടി താഴേയ്ക്ക് കൂട്ടിക്കൊണ്ട് പോയി. കുറേ ദൂരെയെത്തിയപ്പോൾ അദ്ദേഹം അവരോട് പറഞ്ഞു 

" ഇനി നമുക്ക് ഇവിടെ ഈ മണലിൽ അൽപ്പനേരം ഇരിയ്ക്കാം, ഒരു മഹായുദ്ധത്തിലൂടെ നിങ്ങൾ നേടിയ മണ്ണീന്റെ വിരിമാറിൽ നിവർന്ന് കിടക്കാം, ഓർമ്മകൾ അയവിറക്കാം"

കൃഷ്ണന്റെ പലരീതികളും ദുരൂഹമായതിനാൽ, ആശയക്കുഴപ്പത്തിലായ പാണ്ഡവരെയും, അവരുടെ ചിന്തകളെയും,  മേയാൻ വിട്ടിട്ട്, അദ്ദേഹം വീണ്ടും താഴേയ്ക്ക് നടന്നു നീങ്ങി. തൻറ്റെ വംശമായ യാദവർ അധികാരത്തിൽ വരുന്നതിനു പാഞ്ചാലിയുടെ അഞ്ച് മക്കൾ തടസ്സമാണെന്ന് തിരിച്ചറിഞ്ഞ ശ്രീകൃഷ്ണൻ, അവരെ ബലി മൃഗങ്ങളാക്കി അശ്വത്ഥാമാവിന് സമർപ്പിച്ചിരുന്നതിനാൽ തന്നെ ഇനിമേൽ ദ്രൗപതിയുടെ കണ്ണുകളെ എങ്ങനെ നേരിരിടണമെന്ന ചോദ്യത്തിനപ്പുറം  ചിലത് കൂടി ആ മനസ്സിൽ ഉത്തരം തേടിക്കൊണ്ടിരുന്നു.

'ജരാസന്ധനും, ശിശുപാലനും, വക്രദന്തനും, കപോതരോമനും, ശതധന്വനുമൊക്കെ നിരന്തരമായി മഥുരയെ ആക്രമിച്ച സമയത്ത് പ്രതിരോധിയ്ക്കുവാൻ സ്വരൂപിച്ചവയാണ് യാദവരുടെ ആ ഏഴ് അക്ഷൗഹിണിപ്പടകൾ, അവയെപ്പറ്റി അത്ര നല്ല മതിപ്പ് ഒരിയ്ക്കലും കൃഷ്ണനുണ്ടായിരുന്നില്ലെങ്കിലും, രാജാവായ ബലരാമന് അതൊരു ബലമായിരുന്നു. എന്നാൽ ഒന്നൊന്നായി ശത്രുക്കളെ യുദ്ധത്തിന് പുറത്ത് വധിച്ചപ്പോൾ, അവയൊരു ബാധ്യതയായിക്കഴിഞ്ഞിരുന്നു. ഈ യുദ്ധത്തിലൂടെ കുറേ ഒക്കെ നശിച്ചെങ്കിലും ഇനിയുള്ളവരെ ഉപയോഗിച്ച് എന്ത് ചെയ്യുവാൻ? മുമ്പ് കർണ്ണനോടും, സുയോധനോടും ആണ് ഏറ്റുമുട്ടേണ്ടിയിരുന്നതെങ്കിൽ ഇനി രാജ്യവിസ്തൃതി തേടി വരുന്ന പാണ്ഡവരോടാകും ഏറ്റുമുട്ടേണ്ടി വരിക.'

'അതിനാലാണ്  സഹായം തേടി ഒരേ സമയം സഹോദരീഭർത്താവ് അർജ്ജുനനും, മരുമകൾ ലക്ഷണയുടെ പിതാവ് സുയോധനനും വരുന്നതറിഞ്ഞ് ഉറക്കം നടിച്ച് കിടന്നത്. അഭിമാനിയായ സുയോധനൻ തലയ്ക്കടുത്തിട്ട ഇരിപ്പിടത്തിലും, വിനീതനായ അർജ്ജുനൻ കാൽക്കലും നിൽക്കും എന്നറിഞ്ഞ് കൊണ്ട്. ആ അക്ഷൗഹിണിപ്പടകളുടെ ബാധ്യത ഒഴിവാക്കാനായിരുന്നു കൗരവപക്ഷത്തിന് അവ നൽകുവാൻ തീരുമാനം എടുത്തത്; ആ രാജ്യതന്ത്രം നൂറുമേനി വിളഞ്ഞിരിയ്ക്കുന്നു! ഇനി അവശേഷിയ്ക്കുന്നവരിൽ കുറേ അശ്വാത്ഥാമാവിന്റെ മൂന്നംഗസേന കൂടി അവസാനിപ്പിച്ചാൽ, പിന്നെ മഥുരയ്ക്കും ദ്വാരകയ്ക്കും താങ്ങനാവുന്ന ഒരു സേനമാത്രമേ അവശേഷിയ്കൂ..'

'ഒരു രാജകുമാരന്റെ മാറിലെ രക്തത്തിനായി വാശിപിടിച്ച ദ്രൗപതി അതിന്റെ വില നൽകുവാൻ ബാധ്യസ്ഥയാണ്, അത് യുദ്ധക്കളത്തിൽ പിതാവായ പാഞ്ചാലന്റെ മരണമായി മുന്നിലെത്തിയപ്പോൾ തന്നെ അതിബുദ്ധിമതിയായ അവൾക്ക്, വരാനിരിയ്ക്കുന്ന ദുരന്തവും, താൻ അകപ്പെട്ടിരിയ്ക്കുന്ന ചതിയുടെ ചക്രവ്യൂഹവും മനസ്സിലായിക്കഴിഞ്ഞിരുന്നു. ഇന്ന് രാത്രിയോടെ പാഞ്ചാലരുടെ രാജ്യം അനാഥമാകും, കൗരവപക്ഷത്ത് മാറി മാറി മഹാരഥന്മാർ നേനാനായകന്മാർ ആയെങ്കിലും അവരൊരോരുത്തരും കൊല്ലപ്പെട്ടു, പാണ്ഡവപക്ഷത്ത് ഒരേ ഒരു സേനാധിപൻ ധൃഷ്ഠിധ്വിമ്നൻ ആണ് യുദ്ധം നയിച്ച് വിജയിച്ചത്, അങ്ങനെ ഒരു അവകാശി ഈ യുദ്ധത്തിനാവശ്യമില്ല, ഒപ്പം കുശാഗ്രബുദ്ധിയായ ശിഖണ്ഡിയേയും. നാളെ പിതാവും, സഹോദരന്മാരും, പുത്രന്മാരും കൊല്ലപ്പെട്ട് ഒറ്റപ്പെട്ടുപോയ ദ്രൗപതിയ്ക്ക് ഗാന്ധാരിയാവും കൂട്ട്, കൃഷ്ണന് ഇനിയാ മനസ്സിൽ പ്രതിനായകപരിവേഷം അവുമെന്നറിയുമ്പോഴും യാതൊരു നഷ്ടബോധവുമില്ല, കാരണം  രാജ്യതന്ത്രത്തിന്റെ ചതുരംഗപ്പലകയിൽ ഇനി ആ കരുവിനെ യാദവർക്കാവശ്യമില്ലല്ലോ!

പടകുടീരത്തിന് മുന്നിൽ കൃപരേയും, കൃതവർമ്മാവിനേയും കാവൽ നിർത്തി ദ്രോണി അകത്ത് കടന്നു, ആദ്യം ആര്? ധർമ്മപുത്രർ എന്നവകാശപ്പെടുന്ന ആൾ പുലമ്പിയ വ്യാജം മനസ്സ് തകർത്തപ്പോൾ, പുത്രന്റെ മരണവാർത്തകേട്ട് ശസ്ത്രം നിലത്തിട്ട് കണ്ണുകൾ പൊത്തി തേരിൽ തളർന്നിരുന്ന പിതാവിനെ പിന്നിൽ നിന്നും ഗളച്ഛേദം ചെയ്ത പാണ്ഡവസൈന്യാധിപൻ ധൃഷ്ഠിധ്വിമ്മ്നനേയോ? ആ കള്ളം പറഞ്ഞ ജേഷ്ഠപാണ്ഡവനെയോ ആദ്യം തിരയേണ്ടത്? അതോ രാജാവിനെ ഗദായുദ്ധത്തിന്റെ നിയമങ്ങൾ തെറ്റിച്ച് തുടയ്ക്കടിച്ച് വീഴ്ത്തിയ, വീണശത്രുവിനെ നിലത്തിട്ട് ശിരസ്സിൽ ചവുട്ടി മെതിച്ച ആ ഭീമസേനനെയോ?

സ്യമന്തപഞ്ചകക്കരയിലെ ആ മുഖം മനസ്സിൽ വന്ന ദ്രോണിയ്ക്ക് പിന്നീട് സംശയമുണ്ടായില്ല;  ആ സൗഹൃദത്തിന്റെ കടമയാണാദ്യം നിർവ്വഹിയ്ക്കേണ്ടത്, അഞ്ച് ശയ്യകളിൽ കിടന്നുറങ്ങുന്ന പാണ്ഡവരെ ശിവദത്തമായ ആ കരവാളിനാൽ ആഞ്ഞ് വെട്ടുമ്പോൾ ഒരാളുടെ രോദനത്തിൽ മറ്റുള്ളവർ ഉണരാതെ പ്രത്യേകം ശ്രദ്ധിച്ചു, അതിനായി പ്രയോഗിച്ച അമിതബലത്തിൽ, ഗളം മാത്രമല്ല, ശയ്യയും രണ്ടായി പിളർന്ന് വീണു!  രാജാവിനോടുള്ള കടമ നിർവ്വഹിച്ച്, ജീവിച്ചിരിയ്ക്കുന്ന അദ്ദേഹത്തിന്റെ പിതാവിനു രാജ്യം നേടിക്കൊടുത്ത സംതൃപ്തിയോടെ, അവനെ തിരഞ്ഞു. നിരായുധനും, വൃദ്ധനുമായ ഗുരുവിനെ, പുത്രദു;ഖത്തിൽ കണ്ണുകൾ പൊത്തിക്കരയവേ, പിന്നിലൂടെ ചെന്ന് വെട്ടി വീഴ്ത്തിയവനെ, മൂന്നും കൂടിയ കവലയിൽ തൊഴിച്ചു നിഗ്രഹിയ്ക്കുമ്പോൾ, അവൻ അലറിക്കരയുന്നത് ആവർത്തിച്ച് കേട്ട് രസിച്ചു

 "ശസ്ത്രമെടുത്തെന്നെ വധിയ്ക്കൂ" 

എന്ന പാണ്ഡവസേനാനായകൻറ്റെ നിലവിളികൾ ദ്രോണിയ്ക്ക് കർണ്ണാമൃതമായി തോന്നി.

ബദ്ധശത്രുക്കളായ പാഞ്ചാലരിലെ അവശേഷിയ്ക്കുന്ന, ക്രൂരതയുടെ ആൾ രൂപമായ ശിഖണ്ഡിയെ കഷണങ്ങളായി വെട്ടി നുറുക്കുമ്പോൾ, അവൻ രുദ്രനു സമാനമായി അലറിവിളിച്ചു! പിന്നീട് കണ്ണിൽ കണ്ടവരെയെല്ലാം അരിഞ്ഞുവീഴ്ത്തി കൂടാരങ്ങളിൽ നിന്ന് കൂടാരങ്ങളിലേയ്ക്ക് പഞ്ഞു നടന്നു. പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടവരെ, കാത്ത് നിന്ന കൃപരും, കൃതവർമ്മാവും ചേർന്ന് വെട്ടിവീഴ്ത്തി.  മൃതശരീരങ്ങളേയും, മുറിവേറ്റവരേയും ചേർത്ത്  പാണ്ഡവപടകുടീരത്തിനു തീയിടുമ്പോൾ, അങ്ങു സ്യമന്തപഞ്ചകക്കരയിൽ നിന്നും നോക്കിയാൽ അത് ദർശ്ശിയ്ക്കാൻ കഴിയണം എന്നത് മാത്രമായിരുന്നു ദ്രോണിയുടെ മനസ്സിൽ....

പാണ്ഡവരെ വധിച്ചെന്ന വാർത്തയുമായി തിരികെ സ്യമന്തപഞ്ചക കരയിലെത്തിയ അശ്വദ്ധാമാവ് നിലത്തിരുന്ന്, മരണാസന്നനായ സുയോധനന്റെ ശരീരം ഉയർത്തി തന്നിലേയ്ക്ക് ചാരി ഇരുത്തി, വൃഷകേതു ഇലകൾ കുമ്പിളാക്കി കോരിയെടുത്ത സ്യമന്തപഞ്ചകതീർത്ഥം ചുണ്ടിൽ ഇറ്റ് കൊടുത്തപ്പോൾ, അത് ഇറക്കുവാനാകാതെ ശ്വാസം മുട്ടുന്ന ആ ജീവന്, ദ്രോണി കുരുക്ഷേത്രത്തിലെ കത്തിയെരിയുന്ന പാണ്ഡവശിബിരങ്ങളുടെ കാഴ്ച്ച കാട്ടിക്കൊടുത്തു. ശരീരത്തിലെ അവസാന ജീവചൈതന്യവും  നിലയ്ക്കാറായ കൌരവമുഖ്യന്റെ ശരീരത്തിൽ പുതുജീവന്റെ പ്രസരിപ്പ് പടർന്നു. ദ്രോണിയുടെ വാക്കുകൾ ആ കർണ്ണങ്ങളിൽ അമൃതവർഷമായി വന്ന് നിറഞ്ഞു.

"മഹാരാജാവേ... അങ്ങില്ലാത്ത ഈ ഭൂമിയിൽ പാണ്ഡവരുമില്ല എന്നറിഞ്ഞാലും, ഞാൻ ഏകനായി അങ്ങയുടെ ശത്രുക്കളെ കാലപുരിയ്ക്കയച്ച് കഴിഞ്ഞു. പാണ്ഡവസേനയിൽ ഇനിയാരും അവശേഷിപ്പിയ്ക്കാതെ, അങ്ങയുടെ ഈ മൂന്നംഗസേന നശിപ്പിച്ചിരിയ്ക്കുന്നു. ഇത് അങ്ങയുടെ വിജയം.... അങ്ങാണ് മഹാഭാരതയുദ്ധത്തിന്റെ അന്തിമ വിജയി.... അഭിനന്ദനങ്ങൾ.."

ആ ക്ഷാത്രതേജസ്സ് അതിന്റെ കരുത്ത് കാട്ടി, ജലം ബലമായി കുടിച്ചിറക്കി, പുതുജീവന്റെ കരുത്തിൽ ആ കണ്ഠമുണർന്നു..

"ഗുരുപുത്രാ .... പിതാമഹനോ... രാധേയനോ... ഗുരുദ്രോണരോ.. ചെയ്യാത്ത ഉപകാരം നീ എനിയ്ക്കായി ചെയ്തിരിയ്ക്കുന്നു... ഞാൻ രാജാവായി, വിജയിയായി ഇഹലോകവാസം വെടിയുന്നു... ഗുരുപുത്രാ... നിനക്ക്  ... സ്വസ്തി".

വലം കയ്യിൽ മുറുകെ പിടിച്ചിരുന്ന ആ ഗദയിൽ നിന്നും പിടി അയച്ച്.. മെല്ലെയുയർന്ന് അശ്വത്ഥമാവിന്റെ കവിളുകളിൽ തഴുകി.. പിന്നീട് വീണ്ടും ഗദയിലേയ്ക്ക് ... കാലങ്ങളായി സന്തതസഹചാരിയായ ഗദയുടെ പിടിയിൽ രണ്ട് വട്ടം കൂടി  വിരലുകൾ മുറുകി.... ഒന്നയഞ്ഞു.. വീണ്ടും മുറുകി, പിന്നീട് വിരലുകളിൽ നിന്ന് വഴുതി ആ ഘോരായുധം നിലത്തേയ്ക്ക് വീണു.  ആ ശരീരത്തിലെ അവസാന ചൈതന്യവും വാർന്നു പോയി.. എങ്കിലും ഘോരയുദ്ധത്തിലേറ്റ ക്ഷതങ്ങളുടെ കഠിനമായ വേദനയോടെയല്ല.. വിജയിയുടെ തലയെടുപ്പും, സംതൃപ്തിയിൽ തിളങ്ങുന്ന മുഖവും, ഇനിയും കുരുക്ഷേത്രത്തിൽ ഉയരുന്ന തീജ്വാല കണ്ട് കൊതിതീരാത്ത തുറന്നനേത്രങ്ങളുമായി ആ ജഡം ദ്രോണിയുടെ മടിയിൽ കിടന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ആ മിഴികൾ വിരലുകളാൽ തഴുകി അടച്ചു കൊണ്ട് ദ്രോണി പുലമ്പി..

മഹാരാജാവേ .. പ്രിയമിത്രമേ.. അങ്ങേയ്ക്ക് വിട!!!

No comments:

Post a Comment