Wednesday, June 1, 2016

നഷ്ടസ്വർഗ്ഗം ( Paradise Lost )

ആദിയിൽ മനുഷ്യൻ ഉണ്ടായിരുന്നു; അമീബ ഉണ്ടാകാമെങ്കിൽ മനുഷ്യനും അത് പോലങ്ങ് ഉണ്ടാകാം, അല്ല പിന്നെ!

മനുഷ്യർ എല്ലാം തികഞ്ഞവർ ആയിരുന്നു, അവനു സൃഷ്ടിയുടെ രഹസ്യം അറിയാമായിരുന്നു. അതിനാൽ അവനു വേണ്ടതെല്ലാം അവൻ സൃഷ്ടിച്ചു. അവയെല്ലാം അവന് ഉപകാരപ്രദമായവ മാത്രം ആയിരുന്നു. അവയെ എല്ലാം അവർക്ക് ചുറ്റും സജ്ജീകരിച്ചപ്പോൾ അതിനെ സ്വർഗ്ഗം എന്ന് വിളിച്ചു.



തുടർന്ന് എല്ലാ മനുഷ്യർക്കും ഒരു പൊതു സേവകനെ വേണമെന്ന് തോന്നി അവർ ദൈവത്തെ സൃഷ്ടിച്ചു. അവർ എല്ലാം ദൈവത്തോട് ആജ്ഞാപിച്ചു. ദൈവം എല്ലാം ചെയ്തു കൊടുത്തു. അങ്ങനെ മനുഷ്യരുടെ പ്രീതി നേടിയ ദൈവത്തെ അവർ സൃഷ്ടിയുടെ രഹസ്യം പഠിപ്പിച്ചു.

പഠിച്ചത് പ്രാക്ടീസ്സ് ചെയ്യാൻ ദൈവത്തിന് അതിയായ ആഗ്രഹം സ്വാഭാവികമായും ഉണ്ടായി; അദ്ദേഹം മറ്റ് ജോലികൾ ഇല്ലാത്തപ്പോൾ കുറേ ദൂരെയൊരിടത്ത് പോയി സൃഷ്ടി തുടങ്ങി. അതാകട്ടെ ഉപദ്രവകരമായ പാറ്റ, പല്ലി, മൂട്ട, കൊതുക്, ഈച്ച ഇങ്ങനെയുള്ളവ ആയിരുന്നു. അവയെയെല്ലാം ഒരിടത്ത് മേയാൻ വിട്ടു; അതിനെ നരകം എന്ന് വിളിച്ചു.

നരകത്തിലെ ക്ഷുദ്രജീവികളുമായുള്ള സംസർഗ്ഗത്താൽ ദൈവം ക്രൂരനും, കുടിലത നിറഞ്ഞവനും ആയി മാറി, മനുഷ്യരെ കുടുക്കാൻ പദ്ധതിയും തയ്യാറാക്കി. സ്വർഗ്ഗത്തിലെ നന്മകൾ ഉപരിതലത്തിലും , ചുറ്റുവട്ടത്തും നിരത്തി അകത്തും ആഴങ്ങളിലും നരകത്തിലെ തിന്മകളും ഒളിപ്പിച്ച് ദൈവം ഭൂമിയെന്ന സ്ഥലമൊരുക്കി .

വിവിധ ആവശ്യങ്ങൾക്കായി തന്നെ വിളിച്ച മനുഷ്യരോട് ഭൂമിയെപ്പറ്റി പുകഴ്ത്തി പറയുകയും അവിടെ ഇതിലും സുഖകരമായ ജീവിതമാണെന്നും മറ്റും പറഞ്ഞ് പ്രലോഭിപ്പിയ്ക്കുകയും ചെയ്തു. ഒടുവിൽ മനുഷ്യർ അതിൽ വീണു; അവർ കൂട്ടമായി സ്വർഗ്ഗം വിട്ട് ഭൂമിയിലെത്തി.

പ്രകൃതിരമണീയതയിൽ അണിയിച്ചൊരുക്കിയ സ്വർഗ്ഗീയ പശ്ചാത്തലവും, സുഖഭോഗങ്ങളും മനുഷ്യരെ അവിടെ തളച്ചിട്ടു. ആ മാസ്മരതയിൽ നരകത്തിലെ ക്ഷുദ്രജീവികളുടെ ദംശനങ്ങൾ അവർ അവഗണിച്ചു, എന്നാൽ ആ ദംശനങ്ങളിലെ പ്രതിലോമശക്തികൾ തങ്ങളിൽ പരിവർത്തനങ്ങൾ വരുത്തുന്നതും, നന്മകൾ നഷ്ടമായതും, അതിരുകളില്ലാത്ത കഴിവുകൾ പോയ് മറഞ്ഞതും അവർ അറിഞ്ഞില്ല.


ക്രമേണ നരക ജീവികളുടെ ആക്രമണം അവരെ അലട്ടിത്തുടങ്ങി. സ്വർഗ്ഗത്തിലേയ്ക്ക് തന്നെ മടങ്ങാൻ അവർ തീരുമാനിച്ചു. എന്നാൽ ദൈവം കാഞ്ഞ ബുദ്ധിയായിരുന്നതിനാൽ അവർക്കതിനു കഴിഞ്ഞില്ല; അദ്ദേഹം സ്വർഗ്ഗത്തിലേയ്ക്കുള്ള വഴി അടച്ച് കഞ്ഞു. 

അവർ ദൈവത്തോട് ആജ്ഞാപിച്ചു, തങ്ങളെ തിരിച്ച് സ്വർഗ്ഗത്തിലെത്തിയ്ക്കാൻ. പക്ഷേ ദൈവം അത്ര മണ്ടനല്ലല്ലോ? അതിനായല്ല ഈ കളിയൊക്കെ കളിച്ചത്! ദൈവം ഇതിനകം തന്നെപ്പോലെ കുറേ ദൈവങ്ങളെ കൂടി സൃഷ്ടിച്ച് സ്വർഗ്ഗം സ്വന്തമാക്കി സുഖിച്ചു.

സ്വന്തം കഴിവുകൾ നഷ്ടമായത് തിരിച്ചറിഞ്ഞ മനുഷ്യർ ആദ്യം ആജ്ഞാപിച്ചു, പിന്നെ അഭ്യർത്ഥിച്ചു ഒടുവിൽ അപേക്ഷിച്ചു. പിന്നീടത് പ്രാർത്ഥനയായി.. 


അവർ അവരിലെ അവശേഷിച്ച കഴിവുകൾ കൂട്ടിച്ചേർത്ത് പുതിയ ഒരു ദൈവത്തെ സൃഷ്ടിച്ചു,  മനുഷ്യരുടെ ആ അവസാന സൃഷ്ടി പക്ഷേ ദൈവമായില്ല, അത് ചെകുത്താൻ ആയിരുന്നു. ചെകുത്താൻ നല്ലവനായതിനാൽ ദൈവത്തെ പോലെ അവരെ ചതിച്ചില്ല, അദ്ദേഹം അവരിലെ മറ്റ് കഴിവുകൾ വികസിപ്പിച്ച് ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിയ്ക്കുവാൻ ശ്രമിച്ച് കൊണ്ടേയിരുന്നു.

എങ്കിലും എന്നെങ്കിലും ദൈവത്തിന് നല്ല ബുദ്ധി തോന്നുമെന്ന പ്രതീക്ഷയിൽ 
മനുഷ്യർ
, അവരെ സ്വർഗ്ഗത്തിലേയ്ക്ക് എത്തിയ്ക്കുവാൻ  പ്രാർത്ഥിച്ചു...    

അതിന്നും തുടരുന്നു...

No comments:

Post a Comment