സാമ്യമകന്നോരുദ്യാനമേ...
കല്‍പകോദ്യാനമേ... നിന്റെ
കഥകളിമുദ്രയാം കമലദളത്തിലെന്‍
ദേവിയുണ്ടോ ദേവി...
(സാമ്യമകന്നോരുദ്യാനമേ...)
മഞ്ജുതരയുടെ മഞ്ഞില്‍ മുങ്ങും കുഞ്ജകുടീരങ്ങളില്‍(2)
ലാവണ്യവതികള്‍ ലാളിച്ചു വളര്‍ത്തും ദേവഹംസങ്ങളേ(2)
നിങ്ങള്‍
ദൂതു പോയൊരു മനോരഥത്തിലെന്‍ ദേവിയുണ്ടോ...
ദേവി....
(സാമ്യമകന്നോരുദ്യാനമേ...)
കച്ചമണികള്‍ നൃത്തം വയ്ക്കും വൃശ്ചികരാവുകളില്‍(2)
രാഗേന്ദുമുഖികള്‍ നാണത്തിലൊളിക്കും രോമഹര്‍ഷങ്ങളേ(2)
നിങ്ങള്‍
പൂ വിടര്‍ത്തിയ സരോവരത്തിലെന്‍ ദേവിയുണ്ടോ...
ദേവി...
(സാമ്യമകന്നോരുദ്യാനമേ...)
കല്‍പകോദ്യാനമേ... നിന്റെ
കഥകളിമുദ്രയാം കമലദളത്തിലെന്‍
ദേവിയുണ്ടോ ദേവി...
(സാമ്യമകന്നോരുദ്യാനമേ...)
മഞ്ജുതരയുടെ മഞ്ഞില്‍ മുങ്ങും കുഞ്ജകുടീരങ്ങളില്‍(2)
ലാവണ്യവതികള്‍ ലാളിച്ചു വളര്‍ത്തും ദേവഹംസങ്ങളേ(2)
നിങ്ങള്‍
ദൂതു പോയൊരു മനോരഥത്തിലെന്‍ ദേവിയുണ്ടോ...
ദേവി....
(സാമ്യമകന്നോരുദ്യാനമേ...)
കച്ചമണികള്‍ നൃത്തം വയ്ക്കും വൃശ്ചികരാവുകളില്‍(2)
രാഗേന്ദുമുഖികള്‍ നാണത്തിലൊളിക്കും രോമഹര്‍ഷങ്ങളേ(2)
നിങ്ങള്‍
പൂ വിടര്‍ത്തിയ സരോവരത്തിലെന്‍ ദേവിയുണ്ടോ...
ദേവി...
(സാമ്യമകന്നോരുദ്യാനമേ...)
വയലാറിന്റെ മായാജാലം മനസ്സിലാക്കുക എന്നത് ഏതൊരു മായാജാല പ്രകടനത്തിന്റെയും പിന്നാമ്പുറം അന്വേഷിയ്ക്കുന്നത് പോലെ തന്നെ നിരർത്ഥകമാണെന്ന് തോന്നുന്നു. അരങ്ങിൽ അവതരിപ്പിയ്ക്കുന്ന പ്രത്യക്ഷമായ കൺകെട്ട് വിദ്യയും, അണിയറയിൽ തൂലികയാൽ സൃഷ്ടിയ്ക്കുന്ന മായാജാലവും ഒരു മാന്ത്രികന്റെ കയ്യടക്കത്തിന്റെ വിജയമാണ്.
ഒരു മാന്ത്രികൻ തന്റെ മാന്ത്രികവടിയുടെ ചലനങ്ങളാൽ ... കൈകളുടെ ചലനങ്ങളാൽ.. ചില മനസ്സിലാകാത്ത മന്ത്രങ്ങളുടെ (പി.സി. സർക്കാരിന്റെ "കാളി കാളി കൽക്കട്ടാ വാലീ..." നമ്മുടെ " ഗിലിഗിലിയാം ഭൂമ്..... സട് ഭട്ട് ബഡന്റുബെന്ന തകത്താരീം ധൂം ഒക്കെ പോലെ) ശബ്ദഘോഷത്താൽ നമ്മുടെ ശ്രദ്ധ മറ്റിടങ്ങളിലേയ്ക്ക് തിരിച്ച് വിട്ടിട്ട്, അവർക്ക് ചെയ്യുവാനുള്ള പ്രവൃത്തികൾ സാധിച്ചെടുക്കുന്നു. അരങ്ങത്തെ മാന്ത്രികന് ശബ്ദവും, വെളിച്ചവും, നിറങ്ങളും, നൃത്തവും ഒക്കെ സഹായത്തിനെത്തുമ്പോൾ അണിയറയിലെ കവിയ്ക്ക് ഉദാത്തം എന്ന അലങ്കാരം.. പുരാവൃത്തപരാമർശ്ശനം ആയുധമാകുന്നു. എല്ലാവർക്കും വളരെ പെട്ടെന്ന് മനസ്സിലാകുന്ന ചില ദൃഷ്ടാന്തങ്ങളിലൂടെ ഒരു കാൽപ്പനിക ലോകത്തേയ്ക്ക് അനുവാചകരെ കൊണ്ടെത്തിയ്ക്കുന്നു.
ഇനി സാമ്യമകന്നോരുദ്യാനത്തിലേയ്ക്ക് വരാം...
നളചരിതം 2 ആം ദിവസം കല്പവൃക്ഷങ്ങൾ നിറഞ്ഞ നന്ദനോദ്യാനത്തിൽ ദമയന്തിയുടെ സൗന്ദര്യം നളൻ പുകഴ്ത്തുന്ന ഭാഗം..
“സാമ്യമകന്നോരുദ്യാനം,എത്രയുമഭി
രാമ്യമിതിനുണ്ടതു നൂനം.
ഗ്രാമ്യം നന്ദനവനം,മരമ്യം ചത്രരഥവും,
സാമ്യം നിനക്കുന്നാകില്‍ കാമ്യമല്ലിതു രണ്ടും"
ആദ്യ ഒരു വാക്കിന്റെ പ്രയോഗത്തിലൂടെ നമ്മളെ ഉണ്ണായിവാര്യരുടെ നളചരിതം 2 ആം ദിവസം കഥകളി ആടുന്ന വേദിയിൽ കൊണ്ടെത്തിയ്ക്കുന്നു. ഇവിടെ നളനും, ദമയന്തിയും, ഹംസവും, (വാസ്തവത്തിൽ 1 ആം ദിവസമാണ് ഹംസത്തിന്റെ ദൂത് ) , നിഷധയിലെ ഉദ്യാനവും, തടാകവും, താമരപ്പൂക്കളായി വിടർന്ന ദേവസ്ത്രീകളും ആരും ക്ഷണിയ്ക്കാതെ കടന്ന് വന്ന് രംഗം കൊഴുപ്പിയ്ക്കുന്നു. പിന്നീട് വയലാറിന് അവരെല്ലാം അവിടെ ഉണ്ടെന്ന് ചില പരാമർശ്ശങ്ങളിലൂടെ ഉറപ്പിയ്ക്കുക മാത്രമേ വേണ്ടു.
വേദി കഥകളിയുടേതായതിനാൽ അതൊന്നു കൂടി ഉറപ്പിയ്ക്കാൻ വേണ്ടിയാണോ "മഞ്ജുതര" പ്രയോഗിച്ചത്? "മഞ്ജുതര കുഞ്ജദള കേളീ സദനേ ഇഹ വിലസ രതിരഭസ ഹസിതവദനേ പ്രവിശ രാധേ, മാധവ സമീപം .." എന്നത് ജയദേവകവിയുടെ 21 ആമത്തെ അഷ്ടപദി ആണ്. പിണക്കം വെടിഞ്ഞ് കൃഷ്ണൻ കാത്തിരിയ്ക്കുന്ന മനോഹരമായി തളിരിലകളാൽ അലങ്കരിച്ച ലതാഗൃഹത്തിലേയ്ക്ക് പ്രവേശിയ്ക്കാനൊരുങ്ങുന്ന രാധയുടെ അവശേഷിയ്ക്കുന്ന വൈമുഖ്യം ഇല്ലാതാക്കാൻ സഖി പറയുന്ന പദം. കഥകളി അരങ്ങിൽ പുറപ്പാടിനും ശേഷവും, കഥാരംഭത്തിനു മുമ്പുമായി മഞജുതരയുടെ ആദ്യ പദം ചമ്പതാളത്തിൽ, മോഹനരാഗത്തിൽ പാടുന്നു.. തുടർന്ന് മറ്റു പദങ്ങൾ കല്യാണി, നാട്ടക്കുറിഞ്ഞി, ആരഭി, മധ്യമാവതി എന്നിവയിലും. പല്ലവിയും അനുപല്ലവിയും കഥകളിയിലെ തോടയവും വന്ദനശ്ലോകവും, പുറപ്പാടുമായി കണ്ടുകൊള്ളൂ.. ഇനി കഥാരംഭത്തിനു മുന്നോടിയായി ഞാനിതാ മഞജുതരയും പാടുന്നു എന്നാണോ?
എന്നാൽ മഞജുതര എന്ന പ്രയോഗത്തിൽ അവസാനിപ്പിയ്ക്കാതെ മഞ്ഞിൽ മുങ്ങിയ (മലയസാനുക്കളിൽ വസന്തത്തിന്റെ ആരംഭമായിരുന്നു അഷ്ടപദിയിൽ , മഞ്ഞ് കാണുമോ?) കുഞ്ജകുടീരം എന്ന ലതാഗൃഹത്തിലേയ്ക്ക്.. അതിലൂടെ അഷ്ടപദിയിലേയ്ക്ക് കടന്നത് എന്തിനാണാവോ? ആ യാത്ര പെട്ടെന്നവസാനിപ്പിച്ച് നന്ദനോദ്യാനത്തിലേയ്ക്കും ഹംസങ്ങളുടെ അടുത്തേയ്ക്കും മടങ്ങുകയും ചെയ്യുന്നു. വയലാറെന്ന മാന്ത്രികൻ തൂലികയാകുന്ന മാന്ത്രദണ്ഡിനാൽ ഇവിടെ പ്രേക്ഷകരെ വട്ടം ചുറ്റിയ്ക്കുന്നു.
പക്ഷെ ആ "കഥകളിമുദ്രയാകുന്ന കമലദളം"... അതിനായി നളൻ പറഞ്ഞ വാക്കുകൾ... അത് പ്രശംസയുടെ പാരമ്യത ആണ്.
പ്രശംസയുടെ തുടക്കം ദമയന്തിയിൽ നിന്നാണ് .. കൂപ്പിനിൽക്കുന്ന താമരമലരുകൾ കണ്ടിട്ട് എന്ത് തോന്നുന്നു എന്ന നളന്റെ ചോദ്യത്തിനുത്തരമായി " മഹാരാജാവായ അങ്ങയെ തൊഴുത് നിൽക്കുന്നു" എന്ന് പറയുന്നു.
ഇതിന് നളൻ പറഞ്ഞ മറുപടി ഒരൊന്നൊര മറുപടി ആണ് .
"അങ്ങനെയല്ല, സ്വർഗ്ഗത്തിലെ സുന്ദരിമാർ ബ്രഹ്മാവിനെ സമീപിച്ച് അവർക്കും ദമയന്തിയെപ്പോലെ സൗന്ദര്യം വേണമെന്ന് അപേക്ഷിച്ചു .. അപ്പോൾ ബ്രഹ്മാവ് സൗന്ദര്യം മുഴുവൻ താൻ ദമയന്തിക്കു നൽകിപ്പോയല്ലോ; ഇനി ഒട്ടും തന്നെ ബാക്കി ഇരിപ്പില്ല .. അതുകൊണ്ടു നിങ്ങൾ ദമയന്തിയെ സമീപിച്ചാലും എന്നു പറഞ്ഞു. അതുകേട്ട് ദേവസ്ത്രീകൾ ഉദ്യാനത്തിൽ വന്നു താമരകളായി ജനിച്ച് നിഷധയുടെ മഹാരാജ്ഞിയോട് തൊഴുത് സൗന്ദര്യം യാചിക്കുകയാണ് . ആ പാവങ്ങൾക്ക് അൽപ്പം കൊടുത്ത് കൂടെ?"
വയലാറിൻറെ തൂലികയിലെ വാക്കുകൾ പാർത്ഥന്റെ അസ്ത്രങ്ങൾ പോലെയാണ്; എടുക്കുമ്പോൾ ഒന്നായേ കാണൂ, കൊളളുമ്പോൾ ആയിരം അർത്ഥങ്ങളും!
No comments:
Post a Comment