Wednesday, May 24, 2017

ഇടവപ്പാതിയും നല്ലപാതിയും (Monsoon and Better-half)

ഇടവപ്പാതിയിലെ മിന്നലും ഇടിയും ഒരേ സമയം പേടിപ്പിയ്ക്കുന്നതും മോഹിപ്പിയ്ക്കുന്നതുമാണ്. മാനം മൂടിക്കെട്ടിയ മഴക്കാറുകളാൽ ഇരുണ്ട് നിൽക്കെ രജതരേഖകൾ ആയി ആ മേഘപാളികളിൽ ചിത്രപ്പണികൾ ചെയ്യുന്ന മിന്നൽ ഭ്രമിപ്പിയ്ക്കുന്ന കൗതുകമാണ്; എന്നാൽ കൂടെയുള്ള ഇടി ഭയപ്പെടുത്തുന്നു.



ഒരേ പ്രതിഭാസത്തിന്റെ രണ്ട് ഘടകങ്ങളെ ആണ് വേർതിരിച്ച് കാണാൻ ശ്രമിയ്ക്കുന്നത്, പ്രകാശഭാഗത്തെ മിന്നലെന്നും ശബ്ദഭാഗത്തെ ഇടിയെന്നും. നാശനഷ്ടങ്ങൾ സംഭവിയ്ക്കുമ്പോൾ "മിന്നൽ വീശി, വീണു" എന്നോ "ഇടി വെട്ടി" എന്നോ പൂർണ്ണ അർത്ഥത്തിലും പ്രയോഗിയ്ക്കുന്നു. പിണർ, കോടി എന്നീ അനുബന്ധ വാക്കുകൾ ഒരു മേഘത്തിൽ നിന്നും മറ്റൊന്നിലേയ്ക്കും, അല്ലെങ്കിൽ ആകാശത്തിൽ നിന്ന് ഭൂമിയിലേയ്ക്ക് ബന്ധിപ്പിയ്ക്കുന്ന, കൂട്ടിക്കെട്ടുന്ന, വള്ളി എന്നൊക്കെ ആ ദൃശ്യഭംഗിയെ കൂടുതൽ വ്യക്തമാക്കുന്നു.

ശബ്ദത്തിന് ശക്തി ക്ഷയിയ്ക്കാതെ കാഴ്ചക്കാരനിൽ / സ്രോതാവിൽ എത്താവുന്ന ദൂരത്തിൽ സംഭവിയ്ക്കുന്നവ ഇടിയും മിന്നലും ആയി വേർതിരിയ്ക്കുന്നു ; അതിനുമപ്പുറമുള്ളവ മിന്നുന്ന വെറും "കൊള്ളിയാൻ" മാത്രം.


ചലച്ചിത്ര ഗാനങ്ങളിൽ സംഗതി വേറേ ലവലാണ്!

കാഴ്ച്ചയ്ക്ക് കേൾവിയെക്കാൾ ഇന്ദ്രിയങ്ങളിൽ   പ്രഭാവം കൂടുതലായതിനാലോ , പ്രത്യക്ഷത്തിൽ മിന്നലാദ്യവും ഇടി പിന്നീടും അനുഭവപ്പെടുന്നതിനാലോ എന്നറിയില്ല, മിന്നലിനാണ് സാധാരണ പ്രാധാന്യം നൽകുക, ഇടി മിന്നലിന്റെ അനുബന്ധമായ ഗുണമായി മറഞ്ഞിരിയ്ക്കുന്നു.

മിന്നലേ മിന്നലേ താഴെ വരൂ... വരുന്ന മിന്നലിന്റെ പാട്ടാണ് "ഇടി". ( ചിത്രം - വേഷം, രചന - കൈതപ്രം ). 

ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ... മുകിലിന്റെ ചിറകടിശബ്ദമാണ് "ഇടി". ( ചിത്രം - ചാർലി, രചന - റഫീക്ക് അഹമ്മദ് ). 

മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടും മാരിക്കാർമുകിലാളേ പോരൂ ... മഴവില്ലാകുന്ന ഊഞ്ഞാലിൽ ആടുന്ന കാർമുകിലിന്റെ കൈവളകളുടെ കിലുക്കമാണ് "ഇടി". ( ചിത്രം - ഹരികൃഷ്ണൻസ്, രചന - കൈതപ്രം ). (മിന്നല്‍ മുകിലിന്റെ പൊന്നിന്‍ വളയായ്..... ആറ്റിൻ കരയോരത്തെ.. രസതന്ത്രം) 

ഇടവപ്പാതി വരുന്നൂ.. ഇതുവഴി മിന്നൽ തേര് വരുന്നു.... പായുന്ന തേരിന്റെ ശബ്ദമാണ് "ഇടി". ( ചിത്രം - വണ്ടിക്കാരി , രചന - ശ്രീകുമാരൻ തമ്പി ) (മുകിൽ കിനാവിൽ നിന്നും ഇവളീ മണ്ണിലിറങ്ങിയ തൂമിന്നൽ മഴ തേരേറി വരും മിന്നൽ... (ഞാൻ കനവിൽ കണ്ടൊരു..ആഗതൻ))

മിന്നൽ കൊടിയേ വിണ്ണിൻ ചിരിയേ... ചിരിയുടെ ശബ്ദമാണ് "ഇടി". ( ചിത്രം - ഫ്ലാഷ് , രചന - റഫീക്ക് അഹമ്മദ് ). . 

മാനത്താരെ വീശുന്നേ തിളങ്ങും മിന്നൽ വാളാന്നേ... വാൾ വീശുന്ന ശബ്ദമാണ് "ഇടി". ( ചിത്രം - ഗുണ്ട , രചന - ദിൻ നാഥ് പുത്തഞ്ചേരി ). 

പൊന്നിന്‍ പാദസരങ്ങള്‍ പണിഞ്ഞു തരുന്നത് തൂ മിന്നല്‍ തട്ടാന്‍... മിന്നലാകുന്ന തട്ടാന്റെ ആലയിലെ കോലാഹലങ്ങൾ "ഇടി". ( ചിത്രം - എന്റെ വീട് അപ്പൂന്റേം , രചന - ഗിരീഷ് പുത്തഞ്ചേരി ). 

കറുപ്പെഴും മേഘക്കീറിൽ വീഴുന്ന മിന്നൽ ചാലിൽ രാവിന്റെ ശാപം തെല്ലും തീരില്ലെന്നാലും... മേഘവയലിൽ ചാല് കീറുന്ന തൂമ്പയുടെ ശബ്ദമാണ് "ഇടി". (കണ്ണീർക്കായലിലേതോ കടലാസിന്റെ തോണി --- ചിത്രം - റാംജി റാവ് സ്പീക്കിംഗ് , രചന - ബിച്ചു തിരുമല ). 

മിന്നൽ ചിലമ്പിട്ടു തുള്ളി തുളുമ്പുന്ന തെന്നൽ തിടമ്പുകളെ... ചിലമ്പിന്റെ കിലുക്കമാണ് "ഇടി". ( ചിത്രം - അനന്തഭദ്രം , രചന - ഗിരീഷ് പുത്തഞ്ചേരി ). (നൂപുരം കോർത്തു ചാർത്തുവാൻ മിന്നൽ നൂലുമായ്‌ നിൽക്കവേ ---തിരനുരയും ചുരുൾമുടിയിൽ)

മേഘപുരുഷൻ കനിഞ്ഞു മീട്ടും മിന്നൽ പൊൻ‌വീണ...വീണയിലെ നാദമാണ് "ഇടി". ( ഇനിയും വസന്തം പാടുന്നു.. ചിത്രം - എന്റെ നന്ദിനിക്കുട്ടിക്ക് , രചന - ഒ എൻ വി കുറുപ്പ് )





ഇനി ഏറ്റവും മികച്ച ഉപമയിലേയ്ക്ക് ....

വര്‍ഷമേഘ വിരലിലാകാശം 
വജ്രമോതിരം ചാര്‍ത്തുമ്പോള്‍.... 

മിന്നൽ പിണറിനെ കാണുമ്പോൾ മേഘത്തിന്റെ വിരലിൽ ആകാശം വജ്രമോതിരം അണിയിയ്ക്കുന്നതായാണ് തോന്നുന്നത്. ( ഗാനം - അഷ്ടമംഗല്യ സുപ്രഭാതത്തിൽ , ചിത്രം - ചെന്നായ വളര്‍ത്തിയ കുട്ടി , രചന - മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍ )



ശ്ശോ... ഇത്ര മനോഹരമാണ് കാര്യങ്ങൾ എങ്കിൽ വെറുതേ... ഇടിമിന്നലിനെ ഭയന്ന് എത്ര ഇടവപ്പാതി രാതികളിലെ നിശാഭംഗി വിട്ടുകളഞ്ഞു... 

അപ്പോഴും ഇടിമിന്നൽ തന്ന ചില ബോണസ്സുകൾ പറയാതെ പോകുന്നത് നന്ദികേടുമാകും.. "ഇടവപ്പാതിയ്ക്കും വിയർത്തോൾ"ക്കും ഇടിമിന്നൽ ഭയമായതിനാൽ... ഓർമ്മകളിൽ  ഇടവപ്പാതികൾ ഇറുകിയ പരിരംഭണങ്ങളും  അവ ഉയർത്തിയ കൊടുങ്കാറ്റടങ്ങി ഇളംകാറ്റായുറങ്ങിയ രാവുകളുമല്ലോ.. ഇടവപ്പാതിയിൽ തുടങ്ങിയ ചിന്തകൾ നല്ലപാതിയിൽ അവസാനിയ്ക്കുമ്പോൾ.. ശുഭം.

No comments:

Post a Comment