Monday, June 5, 2017

കാക്കപ്പുലനാൾ പാലരി

വയലാർ നെല്ല് എന്ന ചലച്ചിത്രത്തിനായെഴുതിയ നീലപൊന്മാനേ.. എന്ന ഗാനത്തിലെ "കാക്കപ്പുലനാൾ പാലരി" തലയ്ക്കകത്ത് കിടന്ന് കറങ്ങിത്തുടങ്ങിയിട്ട് വർഷങ്ങളായി.. വയലാർ ആയത് കൊണ്ട് അങ്ങനെ വെറുതെ എഴുതിയതാവാൻ വഴിയുമില്ല, അവാർഡിന് പരിഗണിച്ചവർ വെള്ളിവെയിൽ നെയ്ത പുടവയും, കാക്കപ്പുലനാൾ പാലരിയും ആസ്വദിച്ചാണ് അത് കൊടുത്തതെന്നും കേട്ടിരിയ്ക്കുന്നു. വയലാറിന്റെ രീതി വച്ച് കാനന ജീവിതം വിഷയമായ ചലച്ചിത്രത്തിന് ഗാനമെഴുതാൻ അദ്ദേഹം മനസ്സാ ആദിവാസി ആകും!

നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ 
വെള്ളിവെയിലു നെയ്ത പുടവ വേണോ
പുളിയിലക്കര പുടവ വേണോ
ചോലപ്പൊന്മാനെ

കാക്കപ്പുലനാൾ പാലരി ഇന്ന്
കാവിലെല്ലാം കാവടി
കൊച്ചുകാവളം കാളി
തങ്കത്താലിതീർക്കാറായ്
മനസ്സേ തേൻ കുടിക്കൂ നീ




ആദ്യം പാലരി, അത് തീർച്ചയായും ഒരു നൈവേദ്യമാണ്, മുണ്ടകൻ പാലരി. മുണ്ടകൻ പച്ചയ്ക്ക് കുത്തിയ അരികൊണ്ടുണ്ടാക്കിയ പടച്ചോറ്. 

കാക്കപ്പുലയും മുണ്ടകൻ പാലരിയുമൊക്കെ മണ്മറഞ്ഞ സംസ്ക്കാരത്തിന്റെ സൂചനകൾ. ആദിവാസി വിഭാഗത്തിൻറെ മരണാനന്തര ചടങ്ങുകൾ ഒന്ന് നോക്കാം. 

ശവം എടത്തോട്ട ചരിച്ചകിടത്തി കുഴിച്ചിടും പ്രേതത്തിന് ഭക്ഷണത്തിന അല്പം ചോറ് കുഴിയിൽവെച്ച ഒപ്പം കുഴിമൂടും. 

ഏഴാം ദിവസം കുഴിയുടെ കുറെ അകലെ ചെമ്മി (ജന്മി, പൂജാരി) അല്പം കഞ്ഞികൊണ്ടുപോയിവെച്ച കൈ തട്ടണം. അപ്പോൾ ചുററുമുള്ള ദുർദ്ദേവതകൾ കാക്കരൂപമായി വന്ന് ആഹാരം എടുക്കുന്നു എന്നാണ് വിശ്വാസം. 

ഏഴാം ദിവസം കഴിഞ്ഞാൽ നുമ്പ ("നോമ്പ") അല്ലെങ്കിൽ തൈപുല എന്ന കർമ്മമുണ്ട്, അതിനും മുണ്ടകൻ പാലേരി വേണം. 

പിന്നെ മൂന്ന കൊല്ലം തുടർച്ചയായിട്ട് മകരമാസത്തിൽ "കാക്കപ്പുല" അല്ലെങ്കിൽ കരുവെല്ലി എന്ന കർമ്മം ചെമ്മി ചെയ്യണം. അന്ന് ഒര കോമരമെങ്കിലും മരിച്ചവന്റെ ശേഷക്കാരിൽ ഒരു ആണെങ്കിലും ഉറഞ്ഞ വെളിച്ചപ്പെട്ട അരുളപ്പാട് ഉണ്ടാകും. 

മുണ്ടകൻ പാലരി ആദ്യം ദുർദ്ദേവതകൾക്കും, പിന്നീട് തൈപ്പുലയ്ക്ക് ശേഷം വർഷാവർഷം മകരത്തിലെ കരുവെല്ലിയിൽ ആത്മാക്കൾക്കുമാണ്. ഗുരുസ്‌സി, കുരുതി, ഗുരുബലി ഒക്കെ പിൽക്കാല അവലംബങ്ങൾ മാത്രം. 

ഇനി "കാവളം കാളി" ഇത് പക്ഷി തന്നെ, കാവടിയുള്ള കാവിനെ പറ്റി പറയുന്നതിനാൽ ആ മരമായ കാവളത്തെ പറ്റി നോക്കാം.. 20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ് കാവളം (പീനാറി,തൊണ്ടി) ,ചെറിയ ആപ്പിളിന്റെ വലിപ്പമുള്ള ഫലത്തിൽ ഒന്നു മുതൽ അഞ്ചു വരെ അറകളുണ്ട്, അത് കഴിയ്ക്കാൻ മലയണ്ണാനും, കിളികളും വരും. 



കാവളം കിളി, കാവളം കുയിൽ അങ്ങനെ പല പ്രയോഗങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ കാഹളം മുഴക്കുന്നവൾ "കാളി" എന്ന ആദിവാസി പ്രയോഗം വയലാർ അല്ലാതെ ആരെങ്കിലും ഉപയോഗിച്ചതായി അറിവില്ല. 

കാവിലെ കിളിയ്ക്ക് തങ്കത്താലി തീർക്കുമ്പോൾ കാവളം തന്നെയെടുത്തിടത്താണ് പരിപൂർണ്ണത , കവളത്തിന്റെ തൊലിയിൽ നിന്നാണ് കാട്ടുജാതിക്കാർ നാരുകൾ ഉണ്ടാക്കുന്നത്, അത് മാലപോലെ പൂക്കൾ കോർത്തും അല്ലാതെയും അവർ കഴുത്തിലുമണിയും.

No comments:

Post a Comment