Tuesday, June 6, 2017

സരസ്വതീയാമം

1976 ലെ അനാവരണം എന്ന ചലച്ചിത്രത്തിനായി വയലാർ രചിച്ച ഗാനം. കേൾക്കുമ്പോൾ ഒരു ഭക്തിസാന്ദ്രതയൊക്കെ തോന്നും, എന്നാൽ ഇതൊരു സാമൂഹിക രാഷ്ട്രീയ ചരിത്ര ഗാനമാണ്. അതും വിഭജിയ്ക്കപ്പെട്ട കമ്മ്യൂണിസ്റ് പാർട്ടിയിലെ സി.പി.ഐ യുടെ..


ഇതെഴുതുന്നത് 1974 അവസാനം ആണ് , അന്ന് വിഭജിയ്ക്കപ്പട്ട കമ്മ്യൂണിസ്റ് പാർട്ടി സി. അച്ച്യുതമേനോന്റെ നേത്രത്വത്തിൽ അധികാരത്തിലാണ്. എന്നാൽ 4 ഒക്ടോബർ 1970 ൽ അധികാരത്തിലേറിയ സർക്കാർ 5 വർഷം തികയ്ക്കാൻ പോകുന്നു; സി.പി.ഐ യുടെ പ്രഭാവം കുറയുകയും സി.പി.എം. കൂടുതൽ ശക്തി പ്രാപിയ്ക്കുകയും ചെയ്തു കൊണ്ടേ യിരിയ്ക്കുന്ന കാലം. വയലാറിനെ പോലെയുള്ളവർ ഇരു കമ്മ്യൂണിസ്റ്റുപാർട്ടികളും ഒന്നിച്ച് ഒരു പാർട്ടി ആവാൻ ആഗ്രഹിച്ചിരുന്നു. അതിനുള്ള നീക്കങ്ങൾ ശക്തമായ കാലത്താണ് ഇതെഴുതുന്നത്.


സരസ്വതീയാമം കഴിഞ്ഞൂ.. ഉഷസ്സിന്‍
സഹസ്രദളങ്ങള്‍ വിരിഞ്ഞൂ..
വെണ്‍കൊറ്റക്കുട ചൂടും മലയുടെ മടിയില്‍
വെളിച്ചം ചിറകടിച്ചുണര്‍ന്നു...

(സൂര്യോദയത്തിന് ഏഴര നാഴിക (മൂന്ന് മണിക്കൂർ) മുമ്പുള്ള സമയമാണ് സരസ്വതീയാമം ഈ സമയത്ത് പ്രകൃതിയുടെ തമോഗുണം അകലുവാൻ തുടങ്ങുകയും സത്വഗുണം ഉദിക്കുകയും പ്രകൃതി ശാന്തത നിർമ്മലതയും പ്രാപിക്കുന്നു. )

തമ്മിലുള്ള പ്രശ്നങ്ങൾ തീരുന്നു, ഒന്നിച്ച് ഇനിയും ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ ഉള്ള സാധ്യതയും ഇപ്പോഴുള്ള അധികാരം നിലനിർത്താനും സാധ്യത ഉണ്ടായിരിയ്ക്കുന്നു.

അഗ്നികിരീടം ചൂടി 
അശ്വാരൂഢനായി...കാലം
അങ്കം ജയിച്ചുവന്ന തറവാട്ടില്‍...
ഇതുവഴി തേരില്‍ വരും ഉഷസ്സേ..
ഇവിടുത്തെ അസ്ഥിമാടം സ്പന്ദിക്കുമോ...
സ്പന്ദിക്കുമോ...

1957 ലെ തിരഞ്ഞെടുപ്പ് അവിഭക്തപ്പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയവും ഇനി വരാനിരിയ്ക്കുന്ന തിരഞ്ഞെടുപ്പിൽ പഴയ പാർട്ടി തിരിച്ച് വരുമോ?

മുത്തുടവാള്‍മുനയാലേ 
നെറ്റിയില്‍ കുങ്കുമം ചാര്‍ത്തി..
കൈരളി കച്ചമുറുക്കിനിന്ന കളരികളില്‍
നിറകതിര്‍ വാരിത്തൂകും ഉഷസ്സേ...
ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ....
ബാല്യമുണ്ടോ....


വിപ്ലവത്തിലൂടെ രക്തത്തിലകമണിഞ്ഞ് വളർത്തിയ പാർട്ടിയെ തിരഞ്ഞെടുപ്പ് കാത്തിരിയ്ക്കുമ്പോൾ .. "നിറകതിർ" അരിവാളും നെൽക്കതിരും ആണ് സി.പി.ഐ യുടെ ചിഹ്നം. അധികാരത്തിലിരിയ്ക്കുന്ന സി.പി.ഐ യോടാണ് ചോദ്യം ... ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടോ?


ഒറ്റയ്ക്ക് നിന്നാൽ വിജയിയ്ക്കുമോ?

പാർട്ടി ഒന്നായി 1975 സെപ്റ്റംബറിലെ തിരഞ്ഞെടുപ്പ് നേരിടണം അതിന് ഭരണകക്ഷി തന്നെ മുൻകൈ എടുക്കണം എന്നാണ് വയലാർ പറഞ്ഞ് വച്ചത്.


എന്നാൽ സംഭവിച്ചതോ?


1975 ജൂൺ 25 ന് അടിയന്തിരാവസ്ഥ പ്രഖ്യാപിയ്ക്കപ്പെട്ടു, തിരഞ്ഞെടുപ്പ് ഉണ്ടായില്ല. അടിയന്തിരാവസ്ഥ 21 മാർച്ച് 1977 വരെ തുടർന്നു ആ സർക്കാർ 25 മാർച്ച് 1977 വരെയും. വയലാർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് 4 മാസങ്ങൾക്ക് ശേഷം കാലയവനികയിൽ മറഞ്ഞു. 

എങ്കിലും അദ്ദേഹം പ്രവചിച്ചത് പോലെ ഭിന്നിച്ച് മത്സരിച്ച പാർട്ടി കോൺഗ്രസ്സിനെ അധികാരത്തിൽ എത്തിച്ചു. പിന്നീട് പാർട്ടി ഒന്നായില്ലെങ്കിലും ഒരു മുന്നണിയായി അധികാരത്തിലുമെത്തി.

No comments:

Post a Comment