Tuesday, August 22, 2017

ബർത്ത്-ഡേ സ്യൂട്ട്

"മാൽക്കം ആദിനാരായണൻ" എന്ന പേര് നിങ്ങളിൽ ആശ്ചര്യം ജനിപ്പിയ്ക്കുന്നുണ്ടോ? ഉണ്ടായിട്ടും കാര്യമൊന്നുമില്ല; ഇങ്ങനെ ചേര-മൂർഖൻ സംയുക്തമായി  ചില പേരുകൾ ഇപ്പോൾ സാധാരണയാണ്. അല്ലെങ്കിലും സാക്ഷാൽ നാരായണന് വെസ്റ്റിൻഡീസ് ഫാസ്റ് ബൗളർ മാൽക്കം മാർഷലിനോട് തോന്നിയ ഒരു കമ്പത്തിന് കുട്ടിനാരായണൻ എങ്ങനെ കുറ്റക്കാരനാകും?  എന്തായാലും നമുക്ക് അയാളുടെ അമ്മ വാത്സല്യത്തോടെ വിളിയ്ക്കുന്ന "ആദി" യിലൊതുക്കാം സംബോധന. പ്രോക്ട്ർ ആൻഡ്‌ ഗാമ്പിളിനോട് എഫ്.എം.സി.ജി സെക്ടറിൽ മത്സരിയ്ക്കാൻ മറ്റൊരു പ്രമുഖ കമ്പനി ( ടിവി യിലെ ന്യൂസ്സ് കണ്ട് ഇപ്പോൾ ഈ "പ്രമുഖ" സ്ഥാനത്തും അസ്ഥാനത്തും കയറി വരുന്നു, ക്ഷമിയ്ക്കണം ) ബോംബെയിൽ നിന്നും കേരളത്തിലേയ്ക്ക് അയച്ച എരിയമാനേജർ ആണ് കക്ഷി. ലാൻഡ് ചെയ്തത് അനന്തപുരിയിൽ; ഭാര്യയും കുട്ടികളുമായി തിരുവനന്തപുരത്തിനു തെക്ക് വെങ്ങനൂരിലെ കുടുംബ വീട്ടിൽ താമസമാക്കി. നഗരത്തിൽ കുട്ടികൾ പഠനമാരംഭിച്ചതോടെ ഡോക്ടറായ ഭാര്യ വീട്ടിനടുത്തുള്ള  ആശുപത്രിയിൽ പ്രാക്ടീസ്സ് ആരംഭിച്ചു.   

എല്ലാം നല്ലനിലയിൽ മുന്നോട്ട് പോകവേ "സാപ്പ്" എന്ന എന്റർപ്രൈസ് സോഫ്ട്‍വെയർ ആദ്യപ്രഹരം ഏൽപ്പിച്ചു; മത്സരത്തിൽ കമ്പനി പിന്നോട്ട് പോയെന്നല്ല, ചില പ്രദേശങ്ങളിൽ സെയിൽസ്സ് ഒട്ടുമില്ല. കൺട്രിമാനേജർ തുടങ്ങി പുലികൾ വരവായി, മീറ്റിങ്, സെമിനാർ, പ്രസന്റേഷൻ, ജഗപൊക എല്ലാം കഴിഞ്ഞപ്പോൾ കട്ടപ്പൊക... വല്യമാനേജരന്മാർ സോണൽ ഓഫീസുകളിൽ പോയി ജോലി ചെയ്യുക, വടക്കും, മദ്ധ്യവും, തെക്കും കൂടാതെ ഒരു പുതിയ മലയോര മേഖലാ ഓഫീസ്സ് കൂടി, അതിന് ചുക്കാൻ പിടിയ്ക്കാൻ മിടുമിടുക്കൻ ആദിയും. മലയോരമെന്ന് കേട്ടപ്പോഴേ തീരുമാനിച്ചു ഓഫീസ്സ് മൂന്നാറിൽ തന്നെ. എന്നാൽ സ്വപ്നങ്ങൾ അട്ടിമറിച്ച് കമ്പനി ലൊക്കേഷൻ അറിയിച്ചു "പൈനാവ്"! 

അങ്ങനെ പൈനാവിൽ ഓഫീസ്സായി, മറ്റു സൗകര്യങ്ങളെല്ലാമായി, ആഴ്ച്ചയിലൊരിയ്ക്കൽ മാത്രം വീട്ടിൽ പോകുമെങ്കിലും, മെയിൻ ഓഫീസ്സ് കാര്യങ്ങൾക്കായി ഒന്നോ രണ്ടോ ദിവസങ്ങൾ കൂടി അനന്തപുരിയിൽ തങ്ങുന്നതിനാൽ പകുതിയിലേറെ ദിവസ്സങ്ങളിൽ വീട്ടിൽ തന്നെ കഴിഞ്ഞു വന്നു. എന്നാൽ വിധി അങ്ങനെ വിടാൻ തയ്യാറായിരുന്നില്ല, അടുത്ത പണി അരുൺ ജെയ്റ്റ്ലിയുടെ രൂപത്തിലും ജി.എസ്സ്.ടി യുടെ ഭാവത്തിലും എത്തി. അതോടെ റ്റാലിയും , സാപ്പും, ജി.എസ്സ്.ടി യുമൊക്കെയായി ആദി പൈനാവിൽ തളയ്ക്കപ്പെട്ടു. കൂനിന്മേൽ കുരു എന്നത് പോലെ മദ്ധ്യമേഖലയുടെ മാനേജർ കൊച്ചിയിലെ കൊതുകുകളാൽ അനുഗ്രഹിയ്ക്കപ്പെട്ട് ഡംഗിയും പിടിച്ച് ആസ്റ്റർ മെഡിസിറ്റിയിൽ അഭയം തേടിയതോടെ ആ ഭാരവും ആദിയ്ക്കായി. 

വീട്ടിലോട്ട് പോകാൻ പോയിട്ട്, ഫോണിൽ സംസാരിയ്ക്കുവാൻ പോലും സമയമില്ലാതായി; ഇടയ്ക്ക് ഞായറാഴ്ച്ച സമയമൊപ്പിച്ച് ഒന്നോടിയെത്തി വീട് കണ്ട് മടങ്ങലായി പതിവ്. അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോൾ ഇളയമകൻ അച്ഛനെ നോക്കി " അമ്മെ ദേ ഞായറാഴ്ച്ച വരുന്ന ആള് വരുന്നുണ്ട്" എന്ന് പറയുന്ന അവസ്ഥയായി. ഒരകൽച്ച ആകെക്കൂടിയില്ലേ? എന്ന് പരാതി ആദിയ്ക്കും ; ആദിയാണ് അകന്ന് പോയതെന്ന് ഭാര്യയ്ക്കും പരാതിയുമുണ്ടായി. എന്നാൽ അതിന്റെ  ശരിയുത്തരം ഇന്നാണാദിയ്ക്ക് ലഭിച്ചത്.

ഇന്ന് ആദിയുടെ പിറന്നാൾ ആണ്; ഒന്ന് പരീക്ഷിയ്ക്കാം എന്ന് കരുതി അവൻ പറയാൻ പോയില്ല, കുടുംബത്തിലുള്ളവർ ആരും അങ്ങനെ ഒന്നോർത്തതിന്റെ ലക്ഷണവും കണ്ടില്ല, ഇന്നലെ രാത്രിവരെ. എങ്കിലും ആദി പ്രതീക്ഷിച്ചിരുന്നു ഈ പ്രഭാതത്തിൽ ഭാര്യയിൽ നിന്നും, മക്കളിൽ നിന്നും പിറന്നാൾ ആശംസകൾ. ഒന്നുമുണ്ടായില്ല, ഫോൺവിളി  ഇല്ലെങ്കിലും മെസ്സേജ്ജ്, വാട്ട്സ്ആപ്പ്, ഇമോ, ഇൻസ്റ്റോഗ്രാം, ഫേസ്‍ബുക്ക് ഒക്കെ മാറിമാറി നോക്കി, ഇവിടെ .. ഒരപ്പ്ഡേറ്റുമില്ല!

ദേഷ്യവും സങ്കടവുമൊക്കെ കലർന്ന ഒരു മാനസികാവസ്ഥയിൽ ഓഫീസിലേയ്ക്ക് കടന്ന് ചെന്ന ആദിയെ സെക്രട്ടറി ആൻമേരി വിഷ് ചെയ്തത് പതിവ് "ഗുഡ്ഡ് മോർണിംഗ്" ആയിരുന്നില്ല... "വെരി ഹാപ്പി ബർത്ത് ഡേ റ്റു യൂ സർ" എന്നായിരുന്നു. സാമാന്യത്തിലധികം സുന്ദരിയായിരുന്നെങ്കിലും ആൻമേരി എന്ന സെക്രട്ടറി ട്രാൻസ്ഫറായി വന്നനാൾ മുതൽ ഗെറ്റ്റ്റുഗതറുകളിലെ മദ്യപൻമാരുടെ കഥകളിൽ അവൾ താരമായി നിറഞ്ഞ് നിന്നെങ്കിലും ഇന്നുവരെ മോശമായി വ്യാഖ്യാനിയ്ക്കാവുന്ന ഒരു വാക്കോ, നോട്ടമോ, ശരീരഭാഷയോ അവളിൽ  അവൻ കണ്ടിരുന്നില്ല. തിരിച്ച്  അവൾക്കാണെങ്കിൽ  തന്റെ പേര് അവന് കൃത്യമായി അറിയാമോ എന്നു പോലും സംശയമായിരുന്നു.  എന്നിട്ടും ഇന്നവന് അവൾ ഒരു ദേവതയെ പോലെ സുന്ദരിയായും ശബ്ദം അതിമധുരമായും അനുഭവപ്പെട്ടു. 

അവൾക്ക് നന്ദി പറഞ്ഞ് തന്റെ റൂമിലേയ്ക്ക് പോകുമ്പോൾ അവനിൽ നിന്ന് ദേഷ്യവും സങ്കടവുമൊക്കെ ഓടിയകന്നിരുന്നു എന്ന് മാത്രമല്ല, അവളുടെ ടേബിളിൽ ഒരു താളവുമടിച്ച് അവൾക്ക് ഒരു പുഞ്ചിരിയും സമ്മാനിച്ചാണവൻ നടന്ന് നീങ്ങിയത്. പൊതുവെ തിരക്ക് കുറവായിരുന്ന ദിവസമായതിനാൽ വീട്ടിൽ വിളിയ്ക്കാൻ പലതവണ ആലോചിച്ച്, വാശിയിൽ വേണ്ടെന്ന് വച്ചു. 



ഏതാണ്ട് 12.30 ആയപ്പോൾ ആൻമേരി വാതിൽ തുറന്നെത്തി ഇങ്ങനെ പറഞ്ഞു 

" ബോസ്സ് ... ഇന്ന് പിറന്നാൾ ആയി അങ്ങൊറ്റയ്ക്ക് ലഞ്ച് കഴിയ്‌ക്കേണ്ട, എന്റെ വക ട്രീറ്റ്, വേണ്ടെന്ന് പറയരുത്, പ്ലീസ്സ് ..."

അവൾ കൂടുതൽ മനോഹരി ആയത് പോലെ അവന് തോന്നി; തലയാട്ടുകയും വികാരഭരിതമായ ഒരു "ഷുവർ" അവന്റെ ചുണ്ടിൽ നിന്നടരുകയും ചെയ്തു.

അൽപ്പമകലെയുള്ള ഒരു മുന്തിയ റസ്റ്റോറന്റിൽ അവർ ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ മുഴുവൻ അവന്റെ ശ്രദ്ധ അവളുടെ മേലായിരുന്നു; എന്നാൽ ഇടയ്ക്കിടയ്ക്കുള്ള പുഞ്ചിരിയും, അവനിഷ്ടപ്പെട്ട വിഭവങ്ങൾ കൂടുതൽ വിളമ്പുന്നതിലും ആയിരുന്നു അവളുടെ ശ്രദ്ധ. ഇടയ്ക്ക് ശരീരം ബോധപൂർവ്വമല്ലാതെ സ്പർശിച്ചപ്പോഴും, കണ്ണുകൾ തമ്മിലിടഞ്ഞപ്പോഴും അവളുടെ കണ്ണുകളിൽ നിറഞ്ഞ ദുരൂഹത വായിച്ചെടുക്കാൻ നന്നേ ശ്രമിച്ചെങ്കിലും അവൻ പരാജയപ്പെട്ടു.

ഓഫീസിലേക്കുള്ള മടക്കയാത്രയിൽ അവന്റെ മനസ്സ് അവന് തന്നെ അന്യമായ നിലയിൽ ആയിരുന്നു അതിനാൽ ഡ്രൈവിംഗിൽ അൽപ്പം പാളിച്ചയും ഒരോട്ടോറിക്ഷാക്കാരന്റെ ഗ്രാമ്യമലയാള ശ്രവണവും അതിന്റെ ചമ്മലും ഒക്കെ കൂട്ടായി വന്നു. എങ്കിലും അവന്റെ എല്ലാ മാനസിക സംഘർഷങ്ങളും തകിടം മറിച്ച് കൊണ്ട് ആ വളവിൽ വച്ചവളുടെ ശബ്ദമുയർന്നു..

" എനിയ്ക്ക് തോന്നുന്നത് ഇന്ന് പിറന്നാൾ ആയിട്ട് ബോസ്സിങ്ങനെ ഓഫീസിൽ പോയി ഇരിയ്ക്കുകയല്ല വേണ്ടത്, ആഘോഷിയ്ക്കണം ഈ നാൾ; ഈ വളവു കഴിഞ്ഞുള്ള പോക്കറ്റ് റോഡിലാണ് എന്റെ അപ്പാർട്ട്മെന്റ്. നമ്മൾക്ക് കുറച്ച് നേരം അവിടെ ചിലവഴിച്ച് കൂടേ?"

മറുപടി ഒന്നുമുണ്ടായില്ല, വളവ് കഴിഞ്ഞ് വാഹനം ഇടവഴിയിലേക്ക് തിരിഞ്ഞു; അത് അവൾ പറഞ്ഞ് കൊടുത്ത അപ്പാർട്ട്മെന്റിന്റെ ബസ്സ്‌മെന്റിൽ പാർക്ക് ചെയ്തു. അവളുടെ അപ്പാർട്ട്മെന്റിൽ എത്തുന്നത് വരെ അവർ പരസ്പരം സംസാരിച്ചില്ല, എങ്കിലും അവളവനെ നോക്കി മധുരമായി പുഞ്ചിരിച്ചു, അവനും നിർലോഭം തിരിച്ച് കൊടുത്തു. 

അകത്ത് കടന്നപ്പോൾ അതിമനോഹരമായി അലങ്കരിച്ച വൃത്തിയുള്ള ഹാളിലെ സോഫയിൽ അവനെ അവൾ ഇരുത്തി ഒപ്പം അവളും ഇരുന്നു; പിന്നെ അവന്റെ കൈകൾ കൂട്ടിപ്പിടിച്ച് വീണ്ടും വിഷ് ചെയ്തു 

" മെനി മെനി റിട്ടേണ്സ്സ് ഓഫ് ദിസ് ഡേ .." 

അവൻ മുന്നോട്ടാഞ്ഞതിനാൽ അവളുടെ ശരീരത്തിൽ നന്നായി സ്പർശിച്ചു അതവളുടെ കണ്ണുകളിൽ പൂത്തിരി കത്തിച്ചു , ബലമായി അവന്റെ കൈകൾ വിടുവിച്ച് അവൾ പുറത്തെ വാതിലിനു നേരെ നടന്ന് അത്  അടച്ച് കുറ്റിയിട്ടു. പിന്നീട് പ്രതീക്ഷാ നിർഭരമായ കണ്ണുകളോടെ അവളെ നോക്കുന്ന അവന്റെ മുന്നിലൂടെ നടന്ന് നീങ്ങവേ.. 

" ഒന്ന് ഫ്രഷ് ആയിപ്പോ വരാം.." 

എന്ന വാക്കുകളിൽ ലജ്ജയുടെ കുളിർമ്മ അവന് അനുഭവപ്പെട്ടു.

കാത്തിരുന്ന ആദിയ്ക്ക് മുന്നിലേയ്ക്ക് ഒരു വലിയ ആരവം ആണെത്തിയത്... ഉയർത്തിപ്പിടിച്ച ഒരു വലിയ കേക്കുമായി ഭാര്യ.. മെഴുകുതിരിയും കത്തിയും ബലൂണുമൊക്കെയായി കുട്ടികൾ... ഏറ്റവും പിന്നിലായി ആൻമേരി...

"വിഷ് യു ഏ വെരി ഹാപ്പി ബർത്ത് ഡേ...." എന്ന കോറസ്സ് മുഴുവനായില്ല, അത് ഇടയ്ക്ക് വച്ച് നിന്നു..

എല്ലാം കണ്ട് മരിച്ചത് പോലെ മരവിച്ച് മാൽക്കം ആദിനാരായണൻ എന്ന ആദി ആ സോഫയുടെ മൂലയിൽ വിഷണ്ണനായി ഇരുന്നു; ഊരിയെറിയാൻ അവശേഷിച്ച അവസാനത്തെ അടിവസ്ത്രവും ധരിച്ച്... അതായത് രമണാ... ബർത്ത്-ഡേ കാരൻ... ബർത്ത്-ഡേ സ്യൂട്ടിൽ!  

No comments:

Post a Comment