Friday, April 27, 2018

രാജതന്ത്രത്തിന്റെ കുരുതിക്കളങ്ങൾ ഭാഗം 2 - ദ്യൂതസഭ

മഹാരാജാവ് ധൃതരാഷ്ട്രരുടെ നിർദ്ദേശപ്രകാരം പാണ്ഡവരും, പട്ടമഹിഷി ദ്രൗപദിയും ഹസ്തിനപുരിയിലേയ്ക്ക് പുറപ്പെട്ടതിന് പിന്നാലെതന്നെ സുഭദ്രയും ദ്വാരകയിലേയ്ക്ക് യാത്രയായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ദ്രപ്രസ്ഥത്തിലെ ഭരണസംവിധാനവും, ഭടന്മാരുമെല്ലാം മാറുകയും, കോട്ടയുടെ മുകളിലെ പതാകയിലേയ്ക്ക് വരെ ആ മാറ്റം പടരുകയും ചെയ്തു. ആ മാറ്റങ്ങളോടൊപ്പം, ഒരിക്കൽക്കൂടി  സഹോദരൻ സത്യകിയും, പുത്രൻ യുയുധനനും ദേവികയെ ശൈനേശത്തേയ്ക്ക് കൊണ്ടുപോകുവാൻ എത്തി.

ഇത്തവണ ബലന്ധരയെ കൂട്ടിക്കൊണ്ടുപോകാൻ കാശിയിൽ നിന്നും, കരേണുമതിയെ തേടി ചേദിയിൽ നിന്നും, വിജയയ്ക്കായി മാദ്രത്തിൽ നിന്നും രഥങ്ങൾ എത്തിയിരുന്നു. 

ഒട്ടും തന്നെ ശുദ്ധരക്തം ചിന്താതെ, ഒരായുധം പോലും പ്രയോഗിക്കപ്പെടാതെ,  യുദ്ധമുണ്ടാകാതെ തന്നെ, ഒരു രാജ്യത്തിന്റെ പരാജയവും, പരാജിതന്റെ പടിയിറക്കവും,    ഒഴിഞ്ഞു പോകലും സംഭവിക്കുകയായിരുന്നു. 

ഒരു സ്ത്രീയുടെ ആർത്തവരക്തം ചിതറി വീണ രാജസഭയുടെ നടുത്തളത്തിൽ, ചൂതിന്റെ പലകയിൽ പകിടകൾ ഏറ്റുമുട്ടിയപ്പോൾ  സാമ്രാജ്യങ്ങളുടെ തലവിധി മാറ്റിമറിക്കപ്പെട്ടു.

ദ്രൗപദി ഒഴികെയുള്ള പാണ്ഡവഭാര്യമാർക്ക്,  ധൃതരാഷ്ട്രർ അദ്ദേഹത്തിന്റെ പുത്രവധുക്കളെന്ന നിലയിൽ ഇന്ദ്രപ്രസ്ഥത്തിൽ തന്നെ ജീവിക്കാൻ ഉള്ള അനുമതി നൽകിയിരുന്നതിനാലും, അവർക്കാർക്കും യാതൊരു വിധ അസൗകര്യങ്ങളുമുണ്ടാക്കരുതെന്ന് യുവരാജാവ് ദുര്യോധനൻ കർശ്ശനമായി നിർദ്ദേശിച്ചതിനാലും, ആർക്കും യാത്രയ്ക്കായി വലിയ ധൃതിയൊന്നുമുണ്ടായിരുന്നില്ല.  കൗമാരക്കാരായ ഭീമസേനപുത്രൻ സർവ്വഗനോ, നകുലപുത്രൻ നിരമിത്രനോ, സഹദേവപുത്രൻ സുഹോത്രനോ അവിടം വിട്ടുപോകാൻ തെല്ലും മനസുണ്ടായിരുന്നുമില്ല. 

ദ്യൂതസഭയിൽ നടന്ന കാര്യങ്ങൾ വിശദമായി യൗദ്ധേയൻ അമ്മയെ പറഞ്ഞ് കേൾപ്പിച്ചു.   

അപമാനിതനായി ഹസ്തിനപുരിയിലെത്തിയ ദുര്യോധനൻ, ജീവിതവിരക്തി വന്നവനെപ്പോലെ പെരുമാറി. അവന്റെ  അവസ്ഥയിൽ പരിതപിച്ച കർണ്ണൻ ഇന്ദ്രപ്രസ്ഥം ആക്രമിച്ച് കീഴടക്കി പ്രതികാരം ചെയ്യണമെന്നും, ഏത് വിധേനയും ദ്രൗപദിയെ അടിമയാക്കി കൊണ്ടുവരണമെന്ന് ദുശ്ശാസനനും, നേരിട്ടുള്ള യുദ്ധത്തെക്കാൽ ബുദ്ധിപൂർവ്വമുള്ള നീക്കമാണ് നല്ലതെന്ന് ശകുനിയും അഭിപ്രായപ്പെട്ടു. യുദ്ധത്തിൽ പാണ്ഡവർ പരാജിതരായാൽ ദ്രൗപദി പാഞ്ചാലദേശത്തേയ്ക്ക് പോവുകയല്ലാതെ, കൗരവരുടെ അടിമയാകുകയില്ല, അതിന് തന്റെ വഴി പിന്തുടരുക എന്ന ശകുനിയുടെ ഉപദേശത്തിൽ; ഒടുവിൽ ദ്യൂതസഭയൊരുങ്ങി.

ചൂതുകളിയിൽ വലിയ ഭ്രമമുണ്ടായിരുന്ന യുധിഷ്ഠിരൻ, ചൂതുകളിയിലെ അതിവിദഗ്ദ്ധനായ ശകുനിയുടെ വെല്ലുവിളി അതിയായ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. രഥവേഗത്തിലും, കുന്തം കൊണ്ടുള്ള യുദ്ധത്തിലും വൈദഗ്ദ്ധ്യം ഉണ്ടായിരുന്നെങ്കിലും അനുജന്മാരുടെ മുന്നിൽ നിറം മങ്ങിപ്പോയ യുധിഷ്ഠിരന് തന്റെ കൈവിരുത് കാട്ടാൻ കിട്ടിയ സുവർണ്ണാവസരം ആയിരുന്നു അത്. 

എന്നാൽ ഏതൊരു ചൂതുകളിക്കാരനേയും പോലെ, വാത് വച്ചുള്ള കളിയിൽ ആദ്യമാദ്യം ശകുനി അറിഞ്ഞ് കൊണ്ട് നൽകിയ വിജയങ്ങൾ യുധിഷ്ഠിരനെ ലഹരിയിൽ ആഴ്ത്തിക്കളഞ്ഞു. അതിനാൽ തന്നെ വാതുവയ്ക്കുന്ന സമ്പത്തിന്റെ വലിപ്പം വർദ്ധിച്ച്, അത് ബ്രിഹത്തായ രാജ്യം തന്നെ ആയത് അയാൾ അറിഞ്ഞതേയില്ല. ഓരോ തോൽവ്വിയിലും അടുത്ത ഒരു വിജയത്തിൽ എല്ലാം മടക്കി ലഭിയ്ക്കും എന്ന പ്രലോഭനം നൽകി വാത് കെട്ടിയ ദുര്യോധനനും ശകുനിയും, ലഹരിയിൽ മുങ്ങിയ യുധിഷ്ഠിരനെ മറ്റൊന്നും ചിന്തിക്കുവാൻ അനുവദിച്ചതുമില്ല. 

ഒടുവിൽ രാജ്യം നഷ്ടപ്പെട്ട രാജാവ്, അനുജൻ സഹദേവനെ പണയം വച്ചായി ചൂത്! ഇത്തവണയും, വിജയിച്ചാൽ എല്ലാം മടക്കിക്കിട്ടും എന്ന  വാഗ്ദാനത്തിൽ യുധിഷ്ഠിരൻ മുന്നോട്ട് തന്നെ നീങ്ങി, പരാജിതനായി. തുടർന്ന് നകുലനും, അർജ്ജുനനും, ഭീമനും പണയവസ്തുക്കളായി ചൂതാട്ടപ്പലകയിലെത്തി, അല്ലെങ്കിൽ ശകുനി എത്തിച്ചു. അപ്പോഴൊന്നും യുധിഷ്ഠിരൻ അടിമയായിരുന്നില്ല, സ്വതന്ത്രനായിരുന്നു, വേണമെങ്കിൽ ശകുനിയുടെ വാഗ്ദാനം നിരസിക്കാമായിരുന്നു, എങ്കിലും അടുത്ത ഒരു കളിയിൽ, ഒരൊറ്റ വിജയത്തോടെ, ഇതുവരെ നഷ്ടമായതെല്ലാം തിരിച്ചെടുക്കാമെന്ന പ്രതീക്ഷ  അദ്ദേഹത്തെ ചൂതിന്റെ ഉന്മാദത്തിലൂടെ നയിച്ചു. 

"ഇനി സ്വയം പണയം വച്ച് ചൂതാടിയാലും.. വിജയിച്ച് എല്ലാം തിരികെ നേടൂ... രാജാവായ പന്തയവസ്തുവിന്റെ ഐശ്വര്യമൊന്നു മതിയല്ലോ വിജയം സുനിശ്ചിതമാക്കാൻ.." 

ശകുനിയുടെ പുകഴ്ത്തലിന് അപ്പോഴും യാതൊരു കുറവുമുണ്ടായിരുന്നില്ല. എന്നാൽ ദുര്യോധനനും, ദുശ്ശാസനനുമിടയിൽ ചില സ്വകാര്യചർച്ചകൾ അപ്പോഴും തുടരുന്നുണ്ടായിരുന്നു. 

"ദ്രൗപദിയെ എപ്പോഴാണ് പണയപ്പണ്ടമാക്കുന്നത്? അവളുടെ ഭർത്താക്കന്മാരിൽ നാലുപേർ ഇപ്പോൾ നമ്മുടെ അടിമകൾ ആണ്, ഇയാൾ കൂടി അടിമയായാൽ പിന്നെ എങ്ങനെ അവളെ പണയം വയ്ക്കും? ഇപ്പോൾത്തന്നെ, ഇയാൾക്കധീനരായ നാലു സഹോദരന്മാരെ പണയം വച്ചത് പോലെ, ദ്രപദിയേയും പണയം വച്ച് കളിക്കുകയല്ലേ വേണ്ടത്? രാജ്യവും, ഈ പാണ്ഡവരും ഒരു പ്രശ്നമല്ല, യുദ്ധത്തിൽ ഇവരെ തോൽപ്പിച്ച് രാജ്യവും പിടിച്ചെടുക്കാവുന്നതേയുള്ളൂ. എന്നാൽ അവൾ ആ ദ്രൗപദി, ഇന്ദ്രപ്രസ്ഥത്തിലെ ആ പൊട്ടിച്ചിരിയുടെ സ്രോതസ്സ്, അവളെ അടിമയാക്കുക എന്നത് ആ മാർഗ്ഗത്തിൽ  അസംഭവ്യമാണെന്നതിനാലാണ് ഞാൻ ഈ ദ്യൂതകർമ്മത്തിന് അനുമതി നൽകിയത്"

ദ്യൂതക്രീഡയ്ക്ക് അൽപ്പം വിശ്രമം നൽകി, ശകുനി ശേഷകാരന്മാരോട് പറഞ്ഞു

" ഇപ്പോൾ ഇവനോട് ഭാര്യയെ പണയം വയ്ക്കാൻ ആവശ്യപ്പെട്ടാൽ ആദ്യം പണയം വയ്ക്കേണ്ടത് അവന്റെ മാത്രമായതും, ആദ്യ ഭാര്യയുമായ ദേവികയെ ആണ്, അതല്ലല്ലോ നമുക്കാവശ്യം? സമാധാനമായിരിക്കൂ.. ഞാൻ എല്ലാം വേണ്ട രീതിയിൽ ചെയ്തു കൊള്ളാം"

ദ്യൂതക്രീഡ വീണ്ടുമാരംഭിച്ചു, പണയവസ്തുവായ യുധിഷ്ഠിരനും, ചൂതുകളിക്കരനായ യുധിഷ്ഠിരനും ഒരേസമയം പരാജിതനായി. ഇനിയെന്ത്? മുന്നിൽ മറ്റൊരു മാർഗ്ഗവുമില്ലാതെ നിരാശനായി അദ്ദേഹം തലകുനിച്ചിരുന്നു. എന്തെങ്കിലും ഒരു പണയവസ്തു കൗരവർ അംഗീകരിച്ചിരുന്നെങ്കിൽ, എല്ലാം തിരിച്ച് പിടിക്കാൻ സാധിക്കുമായിരുന്നു എന്ന ചിന്തയിൽ ഉഴറി നിന്ന യുധിഷ്ഠിരന്റെ മുന്നിലേയ്ക്ക്, ശകുനിയുടെ വാക്കുകൾ അമൃതായൊയൊഴുകി..

"നിങ്ങളുടെ പട്ടമഹിഷി ദ്രൗപദിയെ പണയം വച്ച് ഒരിക്കൽ കൂടി ദ്യൂതക്രീഡയിൽ ഏർപ്പെട്ടാലും, കൗരവരുടെ പക്ഷത്ത് നിന്നും ഇതുവരെ വിജയിച്ചതെല്ലാം പന്തയപ്പലകയിൽ വയ്ക്കുന്നു. ഒരു വിജയം, അതിലൂടെ ഇതുവരെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുനേടാം. അങ്ങ് സ്വയം സ്വതന്ത്രനാകും, അനുജന്മാർ സ്വതന്ത്രരാകും, സമ്പത്ത്, രാജ്യം എല്ലാം മടക്കി ലഭിക്കാൻ ഒരേ ഒരു മത്സരം മാത്രം മതിയാകും! മറ്റൊന്ന് അങ്ങിപ്പോൾ ഞങ്ങളുടെ അടിമയാണ്, യജമാനന്റെ ആജ്ഞ അനുസരിക്കാൻ ധർമ്മിഷ്ടൻ എന്ന് ഖ്യാതിയുള്ള അങ്ങേയ്ക്ക് ബാദ്ധ്യതയുണ്ട്, അതിനാൽ ദ്രൗപദിയെ പണയപ്പണ്ടമാക്കിയാലും.." 

യുധിഷ്ഠിരന്റെ കണ്ണുകൾ വെട്ടിത്തിളങ്ങി, നിരാശയ്ക്ക് പകരം ആ കണ്ണുകളിൽ വീണ്ടും ചൂതിന്റെ ലഹരി ആളിക്കത്തി, ദ്രൗപദി ആ ചൂതാട്ടപലകയിൽ പണയപ്പണ്ടമായി, ചൂതാട്ടക്കാരന്റെ തോൽവിയിൽ അടിമയുമായി. ഇതുവരെ ആകാംഷയോടെയിരുന്ന ദുര്യോധനന്റെ കണ്ണുകളിൽ വിജയോന്മാദം തിരതല്ലി. ആ ശബ്ദം സഭാതലത്തെ ഇളകിമറിച്ചു.

"സുശ്ശാസനാ... ആ ദാസിയെ സഭാതലത്തിൽ നമ്മുടെ മുന്നിൽ കൊണ്ടുവരൂ... പുതിയ അടിമസ്ത്രീയെ സഭയിലുള്ളവർ ഒന്ന് കണ്ട് കൊള്ളട്ടേ.."

സഭയിലേയ്ക്ക് വരാൻ വിസമ്മതിച്ച ദ്രൗപദി,  ആ നിയമപ്രശ്നം ചോദ്യമായി ആവർത്തിച്ചുകൊണ്ടിരുന്നു.

"രാജാവ് ആദ്യം സ്വയം പണയപ്പെടുത്തിയോ, അതോ എന്നെ പണയപ്പെടുത്തിയോ? സ്വയം അടിമയായ ഒരാൾക്ക് മറ്റൊരാളെ പണയം വയ്ക്കാൻ നിയമം അനുവദിക്കുന്നുണ്ടോ?"

"അവളുടെ ചോദ്യങ്ങൾ അന്തപ്പുരത്തിലിരുന്നല്ല, രാജസഭയിൽ വന്ന് ചോദിക്കട്ടേ" എന്നായി ദുര്യോധനൻ.

രജസ്വലയായതിനാൽ ഒറ്റവസ്ത്രം ചുറ്റിനിന്ന്, അത് വിസമ്മതിച്ച ദ്രൗപദിയെ മുടിക്കെട്ടിൽ പിടിച്ച് വലിച്ചിഴച്ച് ദുശ്ശാസനൻ  രാജസഭയിലെത്തിച്ചു. ആ പിടിവലിയിൽ അന്തപ്പുരം മുതൽ രാജസദസ്സ് വരെയുള്ള വഴിയിലാകെ അവളുടെ  ഋതുരുധിരരേഖ ആ കൃത്യത്തിന്റെ തെളിവായി പടർന്ന് കിടന്നു. 
ധൃതരാഷ്ട്രർ, ഭീഷ്മർ, വിദുരർ, ദ്രോണർ, കൃപർ എന്നിങ്ങനെ രാജസദസ്സിലെ വയോധികരായ  പ്രമുഖരോട് അവൾ ആ ചോദ്യം ആവർത്തിച്ചു. ഒരു പൂച്ച എലിയുടെ ജീവന്മരണ പരാക്രമങ്ങൾ കാണുമ്പോലെ, അവളുടെ പിടച്ചിൽ കണ്ട് രസിച്ചിരുന്ന ദുര്യോധനൻ ഒട്ടും തന്നെ ധൃതി കാട്ടിയില്ല. ഒടുവിൽ ആവർത്തിച്ചുള്ള ചോദ്യത്തിനു മുന്നിൽ ഭീഷ്മർ വാതുറന്നു.

"ബലവാൻ എന്ത് ചെയ്യുന്നുവോ അതാണ് നിയമം, അത് തന്നെയാണ് നീതി, അതിനെ ധർമ്മമായും കണക്കാക്കേണ്ടതാണ്"
ഇന്ദ്രപ്രസ്ഥത്തിൽ വച്ച് തനിക്കുണ്ടായ അപമാനത്തിന് പകരമെന്നോണം അവളുടെ മനസ്സിനെ കുത്തിനോവിക്കാൻ

 "നിനക്ക് ഇതുപോലെ കഴിവുകെട്ട ഭർത്താക്കന്മാർ അഞ്ചുപേരുണ്ടായിട്ടെന്ത് കാര്യം? എന്റെ മടിയിൽ വന്നിരിക്കൂ," 

എന്ന് ഇന്ദ്രപ്രസ്ഥത്തിൽ വച്ച് ജലമാണെന്ന് കരുതി വസ്ത്രമുയർത്തിയപ്പോൾ ഏത് ഉരുക്കൾ കണ്ട് ദ്രൗപദി പൊട്ടിച്ചിരിച്ചോ? അതേ തുടയിലടിച്ച് അവൻ ക്ഷണിച്ചു. എന്നാൽ രജസ്വലയായി ഏകവസ്ത്രം ധരിച്ച് നിൽക്കുന്ന തന്നെ ഇസഭയിൽ നിന്ന് പോകാൻ അനുവദിക്കണമെന്ന, ധൃതരാഷ്ട്രരോടുള്ള ദ്രൗപദിയുടെ അപേക്ഷ, അവനു മുന്നിൽ പുതിയ മാർഗ്ഗങ്ങൾ തുറന്നു നൽകി. ജേഷ്ഠകൗരവന്റെ ആജ്ഞയുയർന്നു

"അഞ്ച് ഭർത്താക്കന്മാരോടൊപ്പം കഴിയുന്ന ഇവൾക്ക് മാനമെന്ത്? അപമാനമെന്ത്? ഇവൾ ഒറ്റവസ്ത്രം ധരിച്ചാലെന്ത്, വസ്ത്രം തന്നെ ധരിച്ചില്ലെങ്കിലെന്ത്? സുശ്ശാസനാ.. അവളെ വിവസ്ത്രയാക്കൂ..."
പിന്നീടവിടെ നടന്നത്, ദുശ്ശാസനന്റെ പരാക്രമങ്ങളും, ശ്രീകൃഷ്ണന്റെ സമയോചിതമായ ആഗമനവും, നയപരമായ ഇടപെടലുകളും ആയിരുന്നു. വിദുരരുടെ രോദനത്തിൽ മനസ്സലിഞ്ഞും, ഭീമസേനൻ നടത്തിയ കൊലവിളികളിൽ ഭയന്നും, ധൃതരാഷ്ട്രർ പാണ്ഡവർക്ക് ചൂതിൽ തോറ്റതെല്ലാം തിരിച്ച് നൽകി ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് യാത്രയാക്കി.

പരസ്പരം പഴിചാരിയും, സംഘടിതമായി യുധിഷ്ഠിരനെ ചോദ്യം ചെയ്തും മടക്കയാത്രയിലായിരുന്ന പാണ്ഡവർക്ക്,  ഹസ്തിനപുരിയുടെ അതിർത്തി കടക്കുവാൻ കഴിഞ്ഞില്ല, അതിനു മുമ്പേ; 'വീണ്ടും ഒരിക്കൽ കൂടി ദ്യൂതക്രീഡയ്ക്ക് രാജാവിനെ ക്ഷണിച്ചിരിക്കുന്നു' എന്ന സന്ദേശവുമായി രാജദൂതൻ എത്തി. ഇത്രയുമൊക്കെ അനുഭവിച്ച രാജാവിനെ, ഭർത്താവിനെ, സഹോദരനെ, മനുഷ്യനെ, ചൂതുകളിക്കാരൻ നിസ്സാരമായി പരാജയപ്പെടുത്തി. കഴിഞ്ഞതിന്റെ ക്ഷീണം മാറ്റാനുള്ള ഒഴിവോ, അവധിയോ പോലും ചോദിക്കാതെ വിധിയുടെ ആ ചൂതാട്ടക്കളത്തിൽ അയാൾ മടങ്ങിയെത്തി. ഇത്തവണ തോറ്റാൽ പന്ത്രണ്ട് വർഷം വനവാസവും, ഒരുവർഷം അജ്ഞാതവാസവും, അതിൽ പിടിക്കപ്പെട്ടാൽ വീണ്ടും പന്ത്രണ്ട് വർഷം വനവാസവും, ഒരുവർഷം അജ്ഞാതവാസവും എന്ന പന്തയ ഊരാക്കുടുക്കിൽ  തലവച്ചുകൊടുത്തു. ശകുനിയുടെ കരവിരുതിൽ  പരാജിതനായ യുധിഷ്ഠിരൻ അനുജന്മാരോടും, ദ്രൗപദിയോടുമൊപ്പം ഒരു വ്യാഴവട്ടത്തിന്റെ  വനവാസത്തിനായി പുറപ്പെട്ടു.

എല്ലാം കേട്ടുകഴിഞ്ഞ ദേവിക ആദ്യം സഹോദരനോട് തിരക്കി 

"ഇനിയെന്നെങ്കിലും പാണ്ഡവർ ഈ ഊരാക്കുടുക്കിൽ നിന്നും മോചിതരാകുമോ?  അവർക്ക് വനം വിട്ട് നഗരിയിൽ പ്രവേശിക്കാനാകുമോ?" 

പിന്നീട് അവൾ സ്വയം ചോദിച്ചു.. 

"ഞാൻ ആരുടേയും അടിയമല്ലാതെ, സ്വതന്ത്രയായി ഇപ്പോഴും ജീവിക്കുന്നത് ആരുടെ കരുണയാൽ ആണ്? അതിയായ കമ്പം മാത്രമുള്ളവനും, ദ്യൂതക്രീഡയിൽ ചാതുര്യമൊട്ടുമില്ലാത്തവനുമായ ആ ചൂതാട്ടക്കാരന്റേയോ? അതോ ന്നെ ഇതിൽ നിന്നും ഒഴിവാക്കിത്തന്ന കൗരവരുടേയോ?" ദ്രൗപദിയേക്കാൽ രാജാവിന്റെ ആദ്യപ്രണയമായ, അദ്ദേഹത്തിന്റേത് മാത്രമായ ന്നോടുള്ള ഇഷ്ടത്താലാണോ? അല്ലെങ്കിൽ എല്ലാം വീണ്ടെടുക്കാൻ ഒരു പണയവസ്തു തേടിയിരുന്ന അദ്ദേഹം ന്നെ വിട്ടുകളഞ്ഞതെന്ത് കൊണ്ട്? അതോ ഒരു പണയപ്പണ്ടമാകാനുള്ള യോഗ്യതപോലും പാണ്ഡവരിലെ ആദ്യവധുവിനില്ലേ?"

അതിനൊരുത്തരം കണ്ടെത്താനാവാതെ ഉഴറിയ അവൾ, മകൻ സർവ്വഗനുമായി  യാത്രപറയാനെത്തിയ കാശിരാജകുമാരി ബലന്ധരയോട് തന്റെ മനസ്സിലെ ആ സംശയം ചോദിച്ചു..

"എന്തുകൊണ്ടാണ് മഹാരാജാവ് എന്നെ പണയപ്പണ്ടമാക്കാതിരുന്നത്?

ഒരു നിമിഷം പോലുമാലോചിക്കാതെ ബലന്ധര ഉത്തരം നൽകി

"മാതുലനായ ശകുനി അതാവശ്യപ്പെടാതിരുന്നത് കൊണ്ട് തന്നെ!!!"

ആ മറുപടിയിൽ അവളുടെ അസ്തിത്വം തന്നെ തകർന്നടിഞ്ഞില്ലാതാകുന്നതായി അവളറിഞ്ഞു. കാതുകളിൽ ആ മറുപടി വീണ്ടും മുഴങ്ങുന്നതായി തോന്നിയ അവളുടെ ചുണ്ടുകളിൽ നിന്നും ഒരു ചോദ്യമുതിർത്തു


"സ്വന്തം അസ്തിത്വം തന്നെത്താനെങ്കിലും  ബോധ്യപ്പെടുത്താനായി, ഒരു പണയപ്പണ്ടമാകാൻ കൊതിച്ച സ്ത്രീയുടെ മനസ്സ് എന്നെങ്കിലും ധർമ്മിഷ്ഠനായ രാജാവിന്, നിന്റെ പിതാവിന്, എന്റെ നാഥന് തിരിച്ചറിയുവാൻ കഴിയുമോ?


കാതിൽ വീണ ആ വാക്കുകളുടെ സാരാംശമറിയാതെ, മുഖമുയർത്തി കണ്ണുകളിൽ ചോദ്യവുമായി തന്നെ നോക്കുന്ന സുതനയുടെ മുഖത്ത് നോക്കി ദേവിക പുഞ്ചിരിക്കുവാൻ വൃഥാശ്രമിച്ചു. അതിൽ ദയനീയമായി പരാജയപ്പെട്ട്, വീണ്ടും കണ്ണുകളടച്ച് ഓർമ്മകളുടെ ആഴങ്ങളിലേയ്ക്ക് അവൾ മടങ്ങിപ്പോയി.

No comments:

Post a Comment