Wednesday, April 18, 2018

പ്രോസ് ആൻഡ് കോൺസ്

സംഗതി നടക്കുന്നത് ലോവർ മീന്മുട്ടി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് പാലോടിനടുത്ത് നന്ദിയോട് ഇലക്ട്രിസിറ്റി ബോർഡ്ഡിൽ ജോലി നോക്കുന്ന കാലത്താണ്. കഥാനായകൻ പട്ടാളത്തിൽ നിന്ന്, അതായത് ജനറൽ റിസർവ്വ് എഞ്ചിനീയറിംഗ് ഫോഴ്സിൽ നിന്ന് മടങ്ങിയെത്തി ബോർഡ്ഡിൽ എഞ്ചിനീയറായി ചേർന്ന ഒരാൾ ആണ്; പേരും നാടും പറഞ്ഞാൽ പലരും അറിയുമെന്നതിനാലും, പട്ടാളത്തിൽ നിന്നും പോന്നപ്പോൾ എവിടുന്നോ സംഘടിപ്പിച്ച ഒരു ലൈസൻസ്സുള്ള തോക്ക് ആളിന്റെ കൈവശമുണ്ടെന്ന് ഇടയ്ക്കിടയ്ക്ക് എന്നെ ഓർമ്മിപ്പിക്കുന്നതിനാലും കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് ബുദ്ധിമോശമായിപ്പോകും!

അക്കാലത്ത് പേപ്പാറ മുതൽ തെന്മല വരെയുള്ള ബോർഡ്ഡിന്റെ കൊട്ടാരക്കര സർക്കിളിലെ ഡിവിഷനിൽ, പ്രമുഖ വികടസരസ്വതിയായി ഞാൽ വിലസി നിൽക്കുമ്പോഴാണ് ഒരു ബോംബ് പൊട്ടിയ ആഘാതത്തിൽ ഇയാൾ കടന്നുവന്ന് എന്നെ നിലമ്പരിശ്ശാക്കി, "ആസ്ഥാനവികടൻ" എന്ന പദവി തട്ടിയെടുത്തത്!

പാലോട് ഫോറസ്റ്റ് ഏരിയയ്ക്ക്  എതിരെ മൂന്നാം മൈലിനു പോകുന്ന വഴിയാണ് എക്സി. എഞ്ചിനീയറുടെ (തമാശയായി ഞങ്ങൾ എച്ചി എഞ്ചിനീയർ, എച്ചി കൂട്ടീട്ട ഇഞ്ചിനീർ എന്നൊക്കെ പറയും) ഓഫീസ്. എക്സി. എഞ്ചിനീയ ജെ.പി, താനും കൂടി ചേർന്ന് രൂപീകരിച്ച തൊഴിലാളി സംഘടന പടർന്ന് പന്തലിച്ചപ്പോൾ, പുതിയ വിക്രമന്മാർ കരിവേപ്പില പോലെ എടുത്ത് വെളിയിൽ കളഞ്ഞതിന്റെ ദുഃഖവുമായി അവിടെ രാജ്യം പോയൊരു രാജാവായി, നല്ലപിള്ളയായി കഴിയുന്ന കാലം.... 

അവിടെനിന്നും 10 കിലോമീറ്ററോളം അകലെയാണ് പ്രോജക്ട് സൈറ്റ്, ഞങ്ങൾ സൈറ്റിലെ മിക്കവാറും ഡിസൈൻ ഓഫീസിൽ ആവും. ജെ.പി ഇടക്ക് ഒരു സർപ്രൈസ് വിസിറ്റ് അടിച്ച് ഞങ്ങളെ ഞെട്ടിയ്ക്കും. പ്രോജക്ട് ഏരിയായിലെ തെങ്ങുകളുടെ വിളവെടുക്കുവാനായി ലേലം ചെയ്ത് കൊടുക്കാൻ നമ്പരിടുന്ന ചുമതല എനിക്ക് ആയിരുന്നതു കൊണ്ട്, എല്ലാ തെങ്ങിൽ നിന്നും ഇളനീരിടീച്ച് കുടിച്ച് നല്ല രുചിയും കാമ്പും കഴമ്പുമുള്ള 10 തെങ്ങുകൾ നമ്പരിടാതെ ഒഴിവാക്കിയിരുന്നു. അതിൽ നിന്ന് മികച്ച കരിക്കുകൾ സുന്ദരേശൻ വെട്ടി നൽകുമ്പോൾ ജെ.പീയും ഞങ്ങളും "വാടാ-പോടാ" ടേംസ്സ് ആയിക്കഴിയും, പിന്നെ എന്തോന്ന് സർപ്രൈസ്സ്, എന്തോന്ന് ഇൻസ്പക്ഷൻ നോട്ട്സ്സ്?

എന്നാലും എല്ലാവരുടേയും അറ്റൻഡൻസ്സ് കൃത്യമായിരിക്കണം, ലീവെന്നോ, ഓൺ ഡ്യൂട്ടി വൈദ്യുതിഭവൻ കൊട്ടാരക്കര, വൈദ്യുതിഭവൻ പട്ടം, പേപ്പാറഡാം, തെന്മല പവർഹൗസ്സ് എന്നൊക്കെ കള്ളമെഴുതിയായാലും സംഗതി വെടിപ്പായിരിക്കണം. അതൊക്കെ അങ്ങേരെ മീന്മുട്ടിയുടെ അങ്ങേക്കരയ്ക്ക് ആ തടിയിലൂടെ നടത്തിച്ച് കശുവണ്ടി വികസന കോർപ്പറേഷന്റെ കശുമാവിൻ തോട്ടത്തിലൊക്കെ ചുറ്റിച്ചോ, ഓയിൽ പാം എന്ന എണ്ണപ്പന ഗവേഷണകേന്ദ്രത്തിന്റെ ഒരിക്കലും തീരാത്ത സ്ഥലമെടുപ്പ് കാട്ടിയോ മടങ്ങി വരുമ്പോഴേയ്ക്കും ഞാൻ ശരിപ്പെടുത്തി വയ്ക്കും!

ഒരു ദിവസം ജെ.പി ചുറ്റി വന്നപ്പോൾ ഒരാൾ കുറവുണ്ട്, നമ്മുടെ പട്ടാളം, അൺഓതറൈസ്ഡ്ഡ് ആബ്സൻറ്റ്സ്സ്! ഞാൻ അത് ശ്രദ്ധിച്ചില്ലായിരുന്നു, പട്ടാളം ഡീസന്റ് ആയത് കൊണ്ട് ഞങ്ങളെപ്പോലെ ചുറ്റിക്കളിക്കൊന്നും നിൽക്കാത്തതിനാൽ എവിടെയെങ്കിലും കാണുമെന്നാണ് കരുതിയത്. ജെ.പി ചുവപ്പ് പേനയെടുത്ത് അറ്റൻഡൻസ്സ് രജിസ്റ്ററിൽ കുത്തിവരച്ചു, പിന്നെ ഒരു കൽപ്പന

"......നോട് നാളെ എന്നെ വന്ന് കണ്ടിട്ട് അറ്റൻഡൻസ്സ് ഒപ്പിട്ടാൽ മതിയെന്ന് പറഞ്ഞേക്കൂ.."

ജെ,പി പോയിക്കഴിഞ്ഞ ഉടൻ തന്നെ ഞാൻ ഫോൺ ചെയ്ത് ചാത്തനെ പിടികൂടി; ആൾ വീട്ടിൽ പൊണ്ടാട്ടിയുടെ കൂടെ "സുന്ദരൻ ഞാനും സുന്ദരി നീയും ചേർന്നിരുന്നാൽ" ഗാനമാലപിച്ച് സല്ലാപത്തിലാണെന്ന്... "രാവിലെ മടത്തറ വഴി വരേണ്ട, മൂന്നാംമൈൽ വഴി വന്ന് എച്ചിയെ കണ്ടിട്ട് ഇങ്ങോട്ട് അവതരിച്ചാൽ മതീ" എന്ന് ഞാൻ; "ഓ.. റാൻ" എന്ന് കശ്മലൻ!

രാവിലെ 11 മണിയോടെ ഫോൺ വന്നു, നമ്മുടെ തമ്പാനൂരെ സുകുമാർ പ്രസ്സിലെ മുതലാളീന്റെ അനന്തിരവൾ ദീപ, സിർച്ച് സിർച്ച് കുട്ടിക്ക് ശ്വാസമില്ല, പറയണമെന്നുണ്ട് പക്ഷെ ശ്വാസം മുട്ടൽ, ഫോൺ ജയശ്രീക്ക് കൈമാറി, ഓൾക്ക് നാണം. ഒടുവിൽ മഹാനായ എസ്സ്.ജെ ലൈനിൽ വന്നു. ചിരി അടക്കി അങ്ങേർ തുടങ്ങി.

പട്ടാളം ഇവിടെ വന്നു കൃത്യം 10.10 ന്; ജെ.പി കൃത്യം 10 ന് വന്ന് ജോലി തുടങ്ങിയിരുന്നു. പട്ടാളത്തെ കണ്ടതും ജെ.പി ഗൗരവത്തിൽ ചോദിച്ചു

"ഇന്നലെ പെർമിഷൻ ഇല്ലാതെ ആബ്സന്റ് ആയതെന്തിനാണ്?"

പട്ടാളം നമ്രശിരസ്ക്കനായി, വിനയത്തോടെ സ്ഥിരമായ പരേഡ് ഭാഷയിൽ മൊഴിഞ്ഞു

"ഭാര്യക്ക് നല്ല സുഖമില്ലായിരുന്നു സർ, അതിനാൽ ഇന്നലെ കാഷ്വൽ ലീവ് എടുത്തു സർ.."

"കാഷ്വൽ ലീവാണെങ്കിൽ വിളിച്ച് പറയേണ്ടേ? ഇന്റിമേഷൻ ഇല്ലാതെ പ്രോജക്ടിലുള്ളവർ ലീവ് എടുക്കരുതെന്ന് സർക്കുലർ ഇല്ലേ?"

ജെ.പി വിടാനുള്ള ഭാവമില്ല

"അങ്ങനെ പറയാൻ പറ്റാതെ വരുമ്പോൾ ഒരു ദിവസത്തേയ്ക്ക് ഒക്കെ എടുക്കനുള്ളതല്ലേ ഈ കാഷ്വൽ ലീവ് സർ?"

പട്ടാളം അല്ലേലും ആരേയും കൂസാറില്ല!

"താനെന്നെ നിയമമൊന്നും പഠിപ്പിക്കേണ്ട, എക്സ്പ്ളനേഷൻ എഴുതി തന്നിട്ട് സൈറ്റിൽ പോയാൽ മതി:

ജെ.പി തനി എച്ചി കൂട്ടീട്ട ഇഞ്ചിനീർ ആയി

പട്ടാളം പതിവ് പോലെ പരേഡ് അവസാനിപ്പിച്ചു

"യെസ്സ് സർ, ഇപ്പോൾ തന്നെ എഴുതിത്തരാം സർ"

പട്ടാളം ദീപയോട് ഒരു കടലാസ്സ് വാങ്ങി , സബ്മിറ്റഡ്ഡ് എന്ന് തുടങ്ങി ഒരു സബ്മിഷൻ അങ്ങ് കാച്ചി, അടിയിൽ ഒപ്പുമിട്ട് നേരെ ജെ.പി യുടെ മുറിയിലെ ചെന്ന് അത് കൊടുത്ത് അറ്റൻഷനിൽ അവിടെ നിന്നു.
ജെ.പി കണ്ണാടി തപ്പിയെടുത്ത് അത് വായിച്ചു, വായിക്കും തോറും ദേഷ്യവും വിറയലും കൂടി ഒടുവിൽ ചാടി എണീറ്റ് അലറി.

"യു .......,  ഗെറ്റൗട്ട്"

ആ അലർച്ച കേട്ട് എല്ലവരും ഓടിക്കൂടി, പട്ടാളം അപ്പോഴും സാവധാൻ,  വിശ്രാമ്, എബൗട്ടേൺ, തേസ്സ് ചൽ ഒക്കെ ആയി "ഷുവർ സർ" എന്ന് പറഞ്ഞ് പുറത്ത് വന്നു. എല്ലാവർക്കും ഒന്നേ അറിയേണ്ടൂ, പട്ടാളം എന്താണ് അതിൽ എഴുതിയത്?

യാതൊരു ഭാവഭേദവുമില്ലാതെ പട്ടാളം കത്തിലെ വാചകങ്ങൾ പറഞ്ഞു, അതിന്റെ മലയാള പരിഭാഷ ഏതാണ്ടിങ്ങനെ ആയിരുന്നു

"ഇന്നലെ ഞാൻ ഓഫീസിലേയ്ക്ക് വരുന്ന വഴി ഒരത്യാവശ്യക്കാര്യമോർമ്മ വന്നപ്പോൾ ബൈക്ക് നിർത്തി വീട്ടിലേയ്ക്ക് ഒരു ബൂത്തിൽ നിന്നും ഫോൺ ചെയ്തു. അപ്പോൾ എന്റെ ഭാര്യ എന്നോട് പറഞ്ഞു അവൾക്ക് വളരെ അധികം വികാരം തോന്നുന്നു, ഇപ്പോൾ തന്നെ ഇണചേർന്ന് അതിനൊരു പരിഹാരമുണ്ടാക്കേണ്ടതാണ്. ഞാൻ ലീവ് എടുത്തിട്ടില്ല എന്നും, ചിലപ്പോൾ മെലാപ്പീസിൽ നിന്നും സൈറ്റ് വിസിറ്റ് ഉണ്ടാകുമെന്നും പറഞ്ഞു നോക്കി. അപ്പോൾ അവൾ ഉടൻ വീട്ടിലേയ്ക്ക് ചെല്ലണമെന്നും അപ്രകാരം ചെയ്തില്ലെങ്കിൽ മറ്റ് വഴികൾ തേടുമെന്നും എന്നെ ഭീഷണിപ്പെടുത്തി. ഞാൻ ആ സാഹചര്യത്തിൽ ജോലിക്ക് പോകാതിരിക്കുന്നതിന്റേയും, വീട്ടിൽ പോകാതിരിക്കുന്നതിന്റേയും "പ്രോസ് ആൻഡ് കോൺസ്" വിശദമായി വിശകലനം ചെയ്തു. പോകാതിരുന്നാൽ സംഭവിക്കാവുന്ന ഡീമെറിറ്റ്സ്സ് ലീവ് എടുക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വലുതും ദൂരവ്യാപകവുമായതിനാൽ വീട്ടിൽ പോകുന്നതാണ് കൂടുതൽ മെരിറ്റുള്ള ആക്ഷൻ എന്നെനിക്ക് ബോദ്ധ്യമായി. അതിനെ തുടർന്ന് ഞാൻ വീട്ടിലേയ്ക്ക് മടങ്ങി, സാഹചര്യത്തിന്റെ സമ്മർദ്ദം മൂലവും, ആക്ഷൻ അക്കമ്പ്ളീഷ് ചെയ്യുവാനുള്ള സമയക്കുറവും കാരണം  ഓഫീസ്സിൽ വിവരമറിയിക്കുവാൻ വിട്ടുപോയി. മേൽപ്പടി സംഭവത്തിൽ ഖേദമറിയിക്കുകയും, താഴ്മയായി മാപ്പപേക്ഷിക്കുകയും ചെയ്തുകൊള്ളുന്നു. ഇനി മേലിൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻ ആവശ്യമുള്ള പരിശോധനകൾ വീട്ടിൽ നിന്നിറങ്ങുന്നതിന് മുമ്പ് നടത്തുന്നതാണെന്നും, അതിനു ശേഷവും മേൽപ്പടി സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ആ വിവരം ഓഫീസിൽ ടെലഫോൺ ദ്വാരാ തെര്യപ്പെടുത്തുന്നതാണെന്നും, അപ്രകാരം ചെയ്യാത്ത പക്ഷം ഡി.ആൻഡ് എ ആക്ഷന് വിധേയനാകുവാൻ സന്നദ്ധനാണെന്നും  ഇതിനാൽ ബോധിപ്പിച്ചുകൊള്ളുന്നു."

ഡിവിഷണൽ ഓഫീസ്സിലെ പെൺപിള്ളാർക്കെല്ലാം ഒടുക്കത്തെ നാണം, പട്ടാളം കേറി അങ്ങ് സ്റ്റാറായി, ഞാൻ ഒന്ന് രണ്ട് വർഷം കൊണ്ട് സമ്പാദിച്ച ചീത്തപ്പേര് ആ കശ്മലൻ ഒറ്റ മണിക്കുർ കൊണ്ട് തട്ടിപ്പറിച്ചു സ്വന്തമാക്കി!

"എന്നിട്ടിപ്പോൾ പട്ടാളമെവിടെ? ജെ.പി എവിടെ?" ഞാൻ തിരക്കി

സംഭവം പറഞ്ഞും, ചിരിച്ചും എസ്സ്.ജെ ക്കും ശബ്ദം പോയതിനാൽ റിസീവർ ദീപക്ക്..

"ജെ.പി ഡിസിപ്ളിനറി ആക്ഷന്റെ ബുക്ക് റഫർ ചെയ്ത് കൊണ്ടിരിക്കുന്നു, പട്ടാളം സുരേഷിനുള്ള പണിയുമായി അങ്ങോട്ട് വരുന്നുണ്ട്"

ഞാൻ പട്ടാളം വരാനൊന്നും കാത്ത് നിന്നില്ല, ജെ.പി യെ വിളിച്ചിട്ട് കാര്യമില്ലെന്നും അറിയാം, അതിനാൽ നേരേ പട്ടം വൈദ്യുതിഭവനിൽ മൂന്നാം നിലയിലെ ഗോപി ആചാരിയുടെ ഫോൺ കറക്കി. യൂണിയന്റെ സ്റ്റേറ്റ് ജനറൽ സെക്രട്ടറിയോട് നേരെ ഉണ്ടായ വിവരം പറഞ്ഞു, ജെ.പി യെ വിളിച്ച് ആക്ഷൻ ഒന്നും എടുക്കേണ്ട എന്ന് പറയണം എന്ന് ആവശ്യപ്പെട്ടു. ഈ കക്ഷിയൊരു പഴയ നക്സലൈറ്റ് ആണ്, പണ്ട് അജിതയുടേയും, വേണുവിന്റേയും കാലത്തെ, ചൈനയിലൊക്കെ ഇടക്കിടയ്ക്ക് പോകുന്ന ആൾ! അദ്ദേഹം ഇടപെട്ട് ജെ.പി യെ സമാധാനിപ്പിച്ചു, പക്ഷേ അങ്ങേരിടപെട്ടതിനാൽ തന്നെ ഞാൻ ഇതിന്റെ പിന്നിലുണ്ടെന്ന് ജെ.പിക്ക് പിടി കിട്ടി. എന്നെ ഡിവിഷനിലേക്ക് വിളിപ്പിച്ചു ഒരാവശ്യം അറിയിച്ചു  "ആ രീതിയിൽ അങ്ങേരുടെ പദവിയെ അപമാനിച്ച പട്ടാളം പരസ്യമായി മാപ്പ് പറയണം" ഞാൻ കുടുങ്ങി! വീണ്ടും ആചാരിയുടെ അടുത്തേയ്ക്ക്, ഇത്തവണ അങ്ങേരും കലിപ്പിലായി..

"പിന്നെ നിന്റെ ഈ ചീപ്പ് സെന്റിമെന്റ്സ്സ് നോക്കനല്ലേ ഞാനിവിടെ ഇരിക്കുന്നത്, പോടേ.. പോടേ.."

ഇതീന്നൊന്നൂരാൻ പഴവങ്ങാടി ഗണപതിയെ കൊണ്ട് മാത്രം നടന്നില്ലെങ്കിലോ എന്ന് കരുതി അവിടുത്തെ തേങ്ങയുടയ്ക്കലിനു പുറമേ, കമ്മട്ടം ഗണപതിക്ക് ഒരു കറുകഹോമം കൂടി അങ്ങ് നേർന്നു. പിന്നീട് ഫോൺ എടുക്കാൻ ഒരുങ്ങിയതും, പട്ടാളം ഇങ്ങോട്ട് വിളിക്കുന്നു, നന്ദി പറയാൻ.. "ഞാൻ മർക്കടസ്യ സുരപാനം മദ്ധ്യേ വൃശ്ചികദംശനം" എന്ന എന്റെ അവസ്ഥ അങ്ങോട്ട് പറഞ്ഞു, അത്ഭുതം! പട്ടാളം ജീവിതത്തിലാദ്യമായി എന്നെ സർ എന്ന് വിളിച്ചു; സധാരണ "എടാ കോപ്പേ" എന്നാണ് വിളിക്കാറ്! 

അതിനൊരു കാരണമുണ്ട് ഞാൻ റയിൽവ്വേസ്സിൽ നിന്ന്, അങ്ങേര് മിലിട്ടറി; അതിനാൽ ഞങ്ങൾ രണ്ടുപേരേയും സെൻട്രൽ ഗവണ്മെന്റ്കാരായി മറ്റുള്ളവർ കണക്കാക്കും, അത് പട്ടാളത്തിനത്ര ഇഷ്ടമല്ല. മാസം കുപ്പിയും, പാങ്ങോട് മിലട്ടറി ക്യാന്റീനിൽ പർച്ചേസും ഒക്കെയുള്ള ഞാൻ എവിടെ, കേന്ദ്രഗവണ്മെന്റിന്റെ ഏതോ സോപ്പ് കമ്പനിയിലെ വെറും തൊഴിലാളിയായിരുന്ന  ഇവനെവിടെ? എനായിരുന്നു അതിയാന്റെ ഒരു ഭാവം! പിന്നെ യൂണിയന്റെ പിരിവ് ഞാൻ ഓടിച്ചിട്ട് പിടിച്ച് വാങ്ങും, അതും കലിപ്പിനൊരു ഒരു കാരണമാണ്.

"നമുക്ക് മാപ്പ് പറയാം സർ, അങ്ങേർ കൊണ്ട് പോയി പുഴുങ്ങി തിന്നട്ടേ സർ.."

മനസ്സിൽ ഒരു കുളിർമഴ പെയ്തു, ഞാൻ ചിരിച്ച് കൊണ്ട് അയാളോട് പറഞ്ഞു 

"അതാണ് നല്ലത്, ഇതോടങ്ങ് തീരുമല്ലോ എല്ലാം, സംഗതികളുടെ ശരിയും തെറ്റും ചികയാൻ പോയാൽ..."

പട്ടാളം ഇടയ്ക്ക് കയറി പറഞ്ഞു

"സോറി ഫോർ  ഇന്ററപ്ഷൻ സർ, ബട്ട് ഇറ്റ് ഈസ്സ് നോട്ട് ശരിയും തെറ്റും സർ, ഇറ്റ് ഈസ്സ് "പ്രോസ് ആൻഡ് കോൺസ്" സർ.. പ്രോസ് ആൻഡ് കോൺസ്!!!!" 

No comments:

Post a Comment