സംഗതി വിഷുവൊക്കെ അല്ലേ? അപ്പോൾ.....
"വിളക്കുകെടുത്തി നീ ആദ്യമായ് നല്‍കിയ വിഷുക്കൈനീട്ടങ്ങളോര്‍മ്മയില്ലേ -പ്രേമത്തിന്‍ വിഷുക്കൈനീട്ടങ്ങളോര്‍മ്മയില്ലേ?"
അല്ലാ.. ഈ വിഷുക്കൈനീട്ടം കൊടുക്കാൻ എന്തിനാണാവോ വിളക്ക് കെടുത്തിയത്? സാധാരണ നമ്മളൊക്കെ വെളുപ്പിനെ വിളക്ക് കത്തിച്ച് കണിയൊക്കെ കണ്ടിട്ട് ആ വെട്ടത്തിലാണ് കൈനീട്ടം കൊടുക്കുക! ഇതിപ്പോൾ വെളിച്ചത്തിൽ നടന്നു കൂടാത്ത എന്തോ കൈനീട്ടം ആണോ കൊടുത്തതു, എടുത്തതും? എങ്കിൽ എല്ലാം ശരി തന്നെ ദൈവം തമ്പുരാൻ ഈ പകലും രാത്രിയും, ഇരുട്ടും വെളിച്ചവുമൊക്കെ കണ്ടുപിടിച്ചത് ഇങ്ങനെ വെവ്വേറെ കാര്യങ്ങളുടെ സൗകര്യാർത്ഥം ആണല്ലോ!!!
1969 ലെ കൂട്ടുകുടുംബം എന്ന ചലചിത്രത്തിനു വേണ്ടി വയലാർ രചിച്ച്, ജി. ദേവരാജൻ സംഗീതം നൽകി, യേശുദാസ്സ് ആലപിച്ച ഈ ഗാനം സംവിധായകൻ കെ.എസ്സ്. സേതുമാധവൻ, സെൻസർ ബോർഡ്ഡിൻ്റെ കത്രിക പതിക്കാതെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
സംഗതി മലയാളിയല്ലെങ്കിലും മലയാളികളേക്കാൾ മലയാളിത്തമുണ്ടായിരുന്ന ശാരദ ആ കൊച്ചുവെളുപ്പാൻ കാലത്തെ മഞ്ഞിൽ നടന്ന് വരുന്ന ആ കാഴ്ച്ച കാത്തിരുന്ന നായകന് അവൾ തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി തന്നെയാണ്. ആ വരവ് കണ്ടാൽ ആ വിജനതയിൽ തിങ്കളാഴ്ച നൊയമ്പ് മുടക്കാൻ തോന്നിപ്പോകും, പ്രത്യേകിച്ച് അത് തിങ്കളാഴ്ച്ച നോയമ്പാണല്ലോ? വേണ്ടരീതിയിൽ മുടക്കിയാൽ പിന്നെ ആ നോയമ്പിൻ്റെ ആവശ്യവുമില്ല!
തിരുവില്വാമലയില്‍ നേദിച്ചുകൊണ്ടുവരും ഇളനീര്‍ക്കുടമിന്നുടയ്ക്കും എന്നത് തൊട്ടുമുമ്പ് പറഞ്ഞ നോയമ്പ് മുടക്കലിലെ ഒരു സ്വാഭാവിക പ്രക്രിയ മാത്രമല്ലേ? അതില്ലാതെന്ത് നോയമ്പ് മുടക്കൽ?
തമ്പുരാട്ടി ഇങ്ങനെ തൊടുമ്പോൾ കുതിരയെ പോലെ ചാടിയാൽ, ഓർമ്മകൾ ഒന്നുണർത്തി ഇതിപ്പോൾ എന്താ ഒരു പുതിയ കാര്യം എന്ന മട്ടിൽ നായകൻ മുന്നോട്ട് പോകുന്നു അങ്ങ് തുലാമാസത്തിലെ വിജയദശമിയിലേയ്ക്ക്.. പൂജയെടുപ്പിലേയ്ക്ക്... വടക്കനിത്തളത്തിൽ വച്ച് വെളുപ്പാങ്കാലത്ത് ഹരിശ്രീയെഴുതിയത് മുറപ്പെണ്ണിൻ്റെ പൂങ്കവിളിൽ ആയിരുന്നു. സ്വാഭാവികമായി വിരല് കൊണ്ട് എന്തോ കുത്തിക്കുറിച്ചു എന്ന് അല്ല, ചുണ്ടുകൾ കൊണ്ട് ചുംബനം അർപ്പിച്ചു എന്ന് തന്നെ ആ പ്രേമത്തിൻ എന്ന കൂട്ടിച്ചേർക്കലിൽ നിന്ന് വായിച്ചെടുക്കണം. ആദ്യചുംബനം അധരങ്ങളിലല്ല, കവിളിലാണെന്നതിൻ്റെ കാരണവും, ഈ നായികയുടെ ഞെട്ടവും വെട്ടലും കാണുന്ന നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ, പാവം അവൻ അത്രയെങ്കിലും ഒക്കെ ചെയ്തല്ലോ!!
പെട്ടെന്നൊരു പ്രകോപനവുമില്ലാതെ നായകൻ ചാടിക്കേറി കിട്ടിയ തക്കത്തിന് ചുംബിച്ചതാണോ? അല്ല എന്ന് അടുത്ത ചരണം വെളിപ്പെടുത്തുന്നു. തൊട്ട് മുമ്പുള്ള ചിങ്ങത്തിൽ തിരുവോണത്തിന് തുമ്പിതുള്ളാനിരുന്നപ്പോള്‍
പൂക്കിലക്കതിരുകള്‍ക്കിടയിലൂടെ ഒളികണ്ണാല്‍ നോക്കിക്കൊതിപ്പിച്ചവളാണ് നായിക. തുമ്പി തുള്ളുമ്പോൾ കലി കയറി തുള്ളിത്തുടങ്ങും വരെ പൂക്കുലയ്ക്ക് പിന്നിൽ കണ്ണുകൾ അടച്ച് വയ്ക്കണ്ടേ കുട്ട്യേ? വെറുതേ അതിനിടയിലൂടെ ഒളികണ്ണെറിഞ്ഞ് ആ പാവത്തിനെ വികാരപരവശനാക്കി ചിങ്ങവും കന്നിയും കടന്ന് തുലാമാസത്തിൽ ഇതുപോലൊരു അവസരം ഒത്തുകിട്ടുന്നതു വരെ കഷ്ടപ്പെടുത്തിയത് അതിക്രമമായിപ്പോയി!
പിന്നീട് മേടം വന്നപ്പോൾ സ്ഥലം ധാന്യങ്ങൾ ശേഖരിക്കുന്ന കളപ്പുരക്കളം, കണികണ്ട് ഉണരുന്ന വെളുപ്പാങ്കാലം, ഇത്തവണ നായിക വിളക്ക് കെടുത്തി എന്തൂട്ടോ നൽകി, എനിക്കറിയില്ലെൻ്റെ ശിവനേ....
ഇതൊക്കെ കഴിഞ്ഞ് വീണ്ടും തിങ്കളാഴ്ച്ച നോയമ്പ് നായിക എടുക്കുന്നെങ്കിൽ നായകൻ ആണ് ഇനി മുന്നോട്ട് വരേണ്ടത്, അതും വില്ലൊടിച്ച ശ്രീരാമൻ്റെ തിരുവില്വാമലയിൽ നേദിച്ചതാണെന്നതിനാൽ ഇളനീർക്കുടം ഉടയ്ക്കേണ്ടത് അനിവാര്യമാണ്.....
മതി, മതി, കുട്ടികളൊക്കെ പോയി പാട്ട് കേൾക്കൂ, കാണൂ....
തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാന്‍
തിരുവില്വാമലയില്‍ നേദിച്ചുകൊണ്ടുവരും
ഇളനീര്‍ക്കുടമിന്നുടയ്ക്കും ഞാന്‍
വടക്കിനിത്തളത്തില്‍ പൂജയെടുപ്പിനു
വെളുപ്പാന്‍ കാലത്തു കണ്ടപ്പോള്‍
മുറപ്പെണ്ണേ നിന്റെ പൂങ്കവിളിങ്കല്‍ ഞാന്‍
ഹരിശ്രീയെഴുതിയതോര്‍മ്മയില്ലേ -പ്രേമത്തിന്‍
ഹരിശ്രീയെഴുതിയതോര്‍മ്മയില്ലേ?
തുമ്പപ്പൂക്കളത്തില്‍ തിരുവോണത്തിന്
തുമ്പിതുള്ളാനിരുന്നപ്പോള്‍
പൂക്കിലക്കതിരുകള്‍ക്കിടയിലൂടെന്നെ നീ
നോക്കിക്കൊതിപ്പിച്ചതോര്‍മ്മയില്ലേ -ഒളികണ്ണാല്‍
നോക്കീ-ക്കൊതിപ്പിച്ചതോര്‍മ്മയില്ലേ?
കളപ്പുരക്കളത്തില്‍ മേടപ്പുലരിയില്‍
കണികണ്ടു കണ്ണുതുറന്നപ്പോള്‍
വിളക്കുകെടുത്തി നീ ആദ്യമായ് നല്‍കിയ
വിഷുക്കൈനീട്ടങ്ങളോര്‍മ്മയില്ലേ -പ്രേമത്തിന്‍
വിഷുക്കൈനീട്ടങ്ങളോര്‍മ്മയില്ലേ?
https://www.youtube.com/watch?v=3k_DdF5EiQM
No comments:
Post a Comment