എ.ഡി 8 ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഒരു ഭാഷാലങ്കാരശസ്ത്രഗ്രന്ഥമാണ് തലക്കെട്ടിൽ പറയുന്നത്. കാശ്മീരിലെ രാജാവായ ജയാദിത്യൻ്റെ സദസ്യനായ വാമനനാചാര്യൻ ആണതെഴുതിയത്, എന്നെപ്പോലുള്ളവർ വ്യാഖ്യാനിച്ച് കുളമാക്കാതിരിക്കാൻ സൂത്രവും വൃത്തിയുമെന്ന രണ്ടുഭാഗങ്ങളും അദ്ദേഹം തന്നെയെഴുതിയിരിക്കുന്നു. സഭ്യവും ശ്ളീലവും തമ്മിലുള്ള അന്തരം കുറച്ച് ദിവസമായി എൻ്റെ പോസ്റ്റുകളുടെ പേരിൽ ഇൻബോക്സ്സിൽ വരുന്ന കമൻ്റുകളിൽ പ്രമുഖമാണ്. തദവസരത്തിൽ പ്രസക്തമായത് ശ്ളീലവും അപ്രസക്തമായത് അശ്ളീലവുമാണെന്ന് പൊതുവായിപ്പറയാം, എല്ലാവിധ ജനങ്ങളും അടങ്ങിയ സഭയിൽ പറയാവുന്നത് സഭ്യവും, അല്ലാത്തത് അസഭ്യവും ആവുന്നു. അതായത് ശ്ളീലം സഭ്യമോ, അശ്ളീലം അസഭ്യമോ ആവണമെന്ന് നിർബന്ധമില്ല, നേരേ മറിച്ചും വരാം!
അശ്ലീലസാഹിത്യത്തിന് യഥാവിധി ലക്ഷണംകൊടുത്തിട്ടുള്ള സൗന്ദര്യശാസ്ത്രകാരനായി, ഗുരുവായി വേണമെങ്കിൽ വാമനാചാര്യനെ കണക്കാക്കാം.... സൂത്രവൃത്തിയില്‍ അദ്ദേഹം ഉദാഹരണസഹിതം വ്യക്തമാക്കുന്നത് നോക്കാം.
"ന സാ ധനോന്നതി സ്വകളത്ര രതിദായിനി"
എന്ന ശ്ളോകം വാമനാചാര്യന്‍ വ്യാഖ്യാനിക്കുന്നു, അതിലൂടെ അശ്ലീലത്തിനു വ്യാഖ്യാനം നൽകുന്നു.
ഏതൊന്നാണോ സ്വന്തം ഭാര്യക്കുമാത്രം (സ്വകളത്ര)
സുഖൈശ്വര്യങ്ങള്‍ നല്‍കുന്നത് (രതി എന്നതിനു മറ്റേ അർത്ഥം മാത്രമല്ല, അനന്ദം, സംതൃപ്തി എന്നൊക്കെ ശബ്ദതാരാവലി)
ധനോന്നതി - ധനത്തിൻ്റെ കുന്നുകൂടൽ അത്ര നന്നല്ല.' എന്നാണ് ചൊല്ലിന്റെ ശ്ലീലാര്‍ത്ഥം.
സ്വത്ത് (ഭാര്യക്കുമാത്രം നല്‍കിക്കൊണ്ട്) സ്വന്തമായി കയ്യടക്കിവെക്കാതെ പൊതുസ്വത്താക്കുക എന്ന അർത്ഥം, ഒരു സോഷ്യലിസ്റ്റ് കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നുണ്ട്. അത് സഭ്യമാണ് ഒപ്പം ജനകീയ സദസ്സുകളിൽ ശ്ളീലവും ആണ്; എന്നാൽ മണിയറയിൽ ഇത് അശ്ളീലമാണ്, ചേർന്നതല്ല എന്നർത്ഥം, ചിലപ്പോൾ കാര്യപരിപാടികളിൽ വിഘ്നം വന്നെന്ന് വരാം!!!
ഉച്ചാരണം തെറ്റിയാല്‍ അത് പ്രശ്നമാകും, പൊതുസദസ്സിൽ അസഭ്യമാവാം, അശ്ലീമാകാം, എങ്ങനെയെന്നാൽ... "സാ" "ധനോന്നതി" എന്നിങ്ങനെ വേറിട്ട് നിൽക്കുന്ന രണ്ട് പദങ്ങള്‍ ചേര്‍ത്തുച്ചരിച്ചാല്‍ "സാധനോന്നതി" എന്നു വരുന്നു. സാധനം എന്നതിനു ലിംഗം എന്ന് അര്‍ത്ഥമെടുത്താൽ, ആ സാധനത്തിൻ്റെ ഉയർച്ചക്കും താഴ്ചക്കും കാരണമാകാവുന്ന "രതി" ആദ്യത്തെ അർത്ഥം വിട്ട് "സംഭോഗം" എന്ന അര്‍ത്ഥമായി മാറുന്നു.
വാചകത്തിന് മുഴുവനായി, "സ്വന്തം ഭാര്യക്കുമാത്രം രതിസുഖം നല്‍കുന്ന ലിംഗത്തിന്റെ ഉന്നതി (ഉദ്ധാരണം) നന്നല്ല' എന്ന അര്‍ത്ഥം വന്നുചേരുന്നു! ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, സ്വന്തം ഭാര്യയെ മാത്രം ഭോഗിക്കുന്നത് നല്ലതല്ല, മറ്റുള്ള സ്ത്രീകളേയും ഭോഗിക്കണം എന്ന അശ്ലീല അര്‍ത്ഥമാണ് ഈ ശ്ലോകം ഉള്‍ക്കൊള്ളുന്നത് എന്നുവരുന്നു! ഇത് മദ്യപാനസഭകൾക്ക് സഭ്യമാകാം, ശ്ളീലവുമാകാം അവിടെ അത് തമാശയും, വിനോദവും, പ്രസക്തവുമാകുന്നു; എന്നാൽ ജനകീയ സഭകൾക്ക് അസഭ്യവും, അശ്ലീലവും ആകുന്നു. നിർഭാഗ്യവശാൽ മണിയറയിൽ രണ്ടും അശ്ളീലമാണ്, തലമണ്ടയുടയും!!!
ലൈംഗികതയുടെ വിവരണങ്ങള്‍ക്ക് ഭംഗിയുണ്ടെങ്കില്‍ അത് അശ്ലീലമല്ല, ശ്ലീലം തന്നെ; അതുപോലെ ലൈംഗികേതര വിവരണങ്ങള്‍ക്ക് ഭംഗി തീരെയില്ലെങ്കിലോ അത് അശ്ലീലമാണുതാനും!
ഇനി ഞാൻ ദീർഘിപ്പിച്ചാൽ ഇതും അശ്ളീലമാകും, മതി, നിർത്തി!!!!
No comments:
Post a Comment