Showing posts with label ഇരുൾമായണം. Show all posts
Showing posts with label ഇരുൾമായണം. Show all posts

Wednesday, June 2, 2021

ഇരുൾമായണം - 12 - മായാസീത

"പഞ്ചവടിയിലെ മായാസീതയോ
പങ്കജമലർ ബാണമെയ്തു
ഇന്ദ്രധനുസ്സോ പുരികക്കൊടിയായ്‌
ഇന്ദ്ര ജാലമോ പുഞ്ചിരിയായ്‌"


ലങ്കാദഹനം എന്ന സിനിമയ്ക്കായി ശ്രീകുമാരന്തമ്പി എഴുതിയ ഈ വരികളിലെ "മായാസീത" എന്ന പ്രയോഗം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. രാമായണത്തിലെ മറ്റൊരു കാൽപ്പനികതയാണ് മായാസീത!

ലങ്കേശൻ തട്ടിക്കൊണ്ടുപോയത് സീതയെ അല്ലായിരുന്നോ?

എലിക്കെണിയിൽ കപ്പ വയ്ക്കുന്നതുപോലെ ഒരു വ്യാജസീതയെ പഞ്ചവടിയിലിരുത്തി ലക്ഷ്മണരേഖയൊക്കെ വരച്ച് പാവം രാവണനെ പറ്റിച്ചതാണോ?

എങ്കിൽ കപടസീതയെ അപഹരിച്ചുകൊണ്ടുപോയ രാവണനെ ചിറകെട്ടി, കടൽകടന്ന് വധിച്ചതെന്തിന്?

"അയ്യേ..പറ്റിച്ചേ!" എന്നുപറഞ്ഞ് ശരിക്കുള്ളതിനെ എടുത്തു പക്കത്ത് വച്ചാൽ പോരായിരുന്നോ?

പാവം ജഡായു വെറുതേ കയറിവഴിതടഞ്ഞു രാവണൻ്റെ കയ്യാൽ വധിക്കപ്പെട്ടു, ഹനുമാൻ ഒരുകാര്യവുമില്ലാതെ കടലുചാടിക്കടന്നു!!!

അങ്ങനെയൊന്നുമല്ല, യഥാർത്ഥ സീതയെത്തന്നെയാണ് രാവണൻ കൊണ്ടുപോയതെന്ന് വാല്മീകിക്ക് ഒരു സംശയവുമില്ല...

പിന്നീടുവന്ന ഭക്തിപ്രസ്ഥാനക്കാർക്കാണ് ആകാശത്തിൽ പറക്കുന്ന വിമാനത്തിൽ നിന്നു ചാടാൻ പോയ സീതയെ രാവണൻ ബലമായി പിടിച്ചു മടിയിൽ ഇരുത്തിയത് പ്രശ്നമായതും, അവരാണ് മായാസീതയെ സൃഷ്ടിച്ചതും...

കുറേ ശ്ളോകങ്ങൾ ഉണ്ട്, നമുക്ക് തൽക്കാലം രണ്ടെണ്ണം മാത്രം നോക്കാം...

ആരണ്യകാണ്ഡം സർഗ്ഗം 49 ലെ 17 ആം ശ്ളോകം

"വാമേൻ സീതാം പദ്മാക്ഷീം മൂർധജേഷു കരേണ സഃ
ഊർവ്വേഃ തു ദക്ഷിണേൻ ഏവ പരിജഗ്രാഹ പാണിനാ"

(രാവണൻ അവൻ്റെ ഇടതുകൈ അവളുടെ മുടിക്കെട്ടിലും, വലതുകൈ തുടകളിലും പിടിച്ച് പങ്കജനയനയായ സീതയെ പിടിച്ചുയർത്തി)

ആരണ്യകാണ്ഡം സർഗ്ഗം 52 ലെ 18 ആം ശ്ളോകം

"തസ്യഃ തത് വിമലം സു നസം വക്ത്രം ആകാശേ രാവണ അങ്ക ഗം
ന രരാജ വിനാ രാമം വിനാലം ഏവ പങ്കജം"

(രാവണൻ്റെ മടിയിൽ ഇരുന്നിരുന്ന, സീതയുടെ ശുദ്ധമായ മുഖം, രാമൻ സമീപത്തില്ലാതിരുന്നതിനാൽ തണ്ടോടിഞ്ഞ താമരപോലെ ആകാശത്ത് തിളക്കമറ്റതായി കാണപ്പെട്ടു.)

ഇതുരണ്ടും നമുക്ക് അത്രയ്ക്കങ്ങോട്ട് ഇഷ്ടായില്ല ട്ടാ...

ഇനി മായാസീത നിറം പിടിപ്പിച്ച നുണയെന്നതിനു തെളിവു തേടാം....

സുന്ദരകാണ്ഡത്തിന്റെ അന്ത്യത്തിലും, യുദ്ധകാണ്ഡം ആരംഭത്തിലും രാമനിൽ ചില ദൗർബ്ബല്യങ്ങൾ വ്യക്തമായി കാണാം.

"വാഹി വാത യത: കാന്താ താം സ്‌പൃഷ്ട്വാ മാമപി സ്‌പൃശ്യ
ത്വയി മേ ഗാത്രസ സ്പർശശ്ചന്ദ്രേ ദൃഷ്ടിസമാഗമഃ"

(വായുഭഗവാനേ ... സീത തങ്ങുന്ന ഇടത്ത് കൂടി പ്രവഹിച്ച് എന്നെ തഴുകിയാലും, എനിക്ക് അവളുമായി സമാഗമം ഉണ്ടായതായി അനുഭവപ്പെടും)

"തദ്വിയോഗേന്ധനവതാ തച്ചിന്താവിപുലാർച്ചിഷാ
രാത്രിംദിവം ശരീരം മേ ദഹ്യതേ മദാനാഗ്നിനാ"

(അവളുടെ വിരഹത്താൽ, അവളെപ്പറ്റിയുള്ള ചിന്തകളാൽ ഉള്ള കാമാഗ്നിയിൽ എന്റെ ദേഹം രാപകൽ ദഹിച്ച് കൊണ്ടെയിരിക്കുന്നു - മായാസീതയെപ്പറ്റി ആണെങ്കിൽ ഇത്രയ്ക്ക് അങ്ങോട്ട് വേണോ?)

"അവഗാഹ്യാർണ്ണവം സ്വപ്സ്യേ സൗമിത്രേ ഭാവതാ വിനാ
കഥഞ്ചിത് പ്രജ്വലൻ കാമ: സ മാ സുപ്തം ജലേ ദഹേത്"

(ലക്ഷ്മണാ.. നിന്നെക്കൂട്ടാതെ ഞാൻ കടലിൽ ഇറങ്ങിക്കിടക്കട്ടെ.. എന്നിലെ തിളച്ചുമറിയുന്ന കാമവികാരങ്ങൾക്ക് അങ്ങനെയെങ്കിലും ശാന്തി ലഭിക്കുമോ?)

"ബഹ്വെതത് കാമയാനസ്യ ശഖ്യമേതേന ജീവിതും
യദഹം സാ ച വാമൊരൂരേകാം ധരണിമാശ്രിതൗ"

(അതിമനോഹരമായ തുടകൾ ഉള്ള അവളും ഞാനും ഇതേ ഭൂമിയുടെ രണ്ടറ്റത്ത് - അശോകവനത്തിലും ഇന്നത്തെ തലൈമണ്ണാറിലും - ആയി കിടക്കുന്നു)

"കദാ നു ചാരുബിംബോഷ്‌ഠം തസ്യാ: പദ്മമിവാനനം
ഇഷദുന്നമ്യ പാസ്യാമി രസായ നാമിവാതുര""

(അഴകാർന്ന തൊണ്ടിപ്പഴം പോലത്തെ ചുണ്ടുകളോട് കൂടിയ ചുവന്ന പൂവുപോലെയുള്ള അവളുടെ മുഖം രോഗി ജീവൻ രക്ഷിക്കാൻ കഴിക്കേണ്ട മരുന്നിനെ എങ്ങനെ കാണുന്നുവോ, അതുപോലെ എപ്പോഴാണ് കൺകുളിർക്കെ കാണാനാവുക?)

"തസ്യാസ്തു സംഹതൗ പീനൗ സ്തനൗ താലഫലോപമൗ
കദാ നു ഖലു സൊത്കമ്പൗ ഹസന്ത്യാ മാം ഭജിഷ്യത"

( പുഞ്ചിരിതൂകി വരുന്ന അവളുടെ തമ്മിൽ ഞെരുങ്ങിയവയും, തടിച്ചതും, പനംപഴങ്ങൾ പോലെയുള്ളവയും, തുടിക്കുന്നതുമായ ഇരുസ്തനങ്ങളും എപ്പോഴാണ് എന്നിൽ അമരുക?)

യഥാർത്ഥ സീതയെ ഒളിപ്പിച്ചിട്ട് മായാസീതയെയാണ് രാവണനുകൊടുത്തതെങ്കിൽ എന്തിനാണ് അശോകവനത്തിൽ കിടക്കുന്ന മായാസീതയെ സ്മരിക്കുന്നത്? ഒളിച്ചുവച്ചതിനെ സ്മരിച്ചാൽ പോരേ?

ഇനി പുരുഷവാചകം നോക്കാം, യുദ്ധാനന്തരം വിഭീഷണനോടൊത്ത് അരികിൽവന്ന സീതയോട് രാമൻ പറയുന്നു

"രാവണാണ്ഡകപരിക്ളിഷ്ടാൻ ദൃഷ്ടാം ദുഷ്ടേന ചക്ഷുഷാം
കഥം ത്വം പുനരാദദ്ധ്യാം കുലം വ്യപദിശാൻ മഹത്"

"അകാശമാർഗ്ഗേ പുഷ്പ്പക വിമാനത്തിൽ വച്ച് കാണുന്നവർക്കെല്ലാം ദുഷ്ടനായി തോന്നുന്ന രാവണന്റെ മടിയിൽ കയറി ഇരുന്നവളായ നിന്നെ എൻ്റെ കുലം എങ്ങനെ അംഗീകരിക്കും?"

അത് മായാസീതയെങ്കിൽ പാവം രാവണനൊരു ഉല്ലാസം ഉണ്ടായതിൽ രാമനെന്തിനവളെ കുറ്റം പറയണം?

അപ്പോൾ സംഗതി ഇത്രയേയുള്ളൂ... രാവണൻ കൊണ്ടുപോയതും, രാമൻ തിരിച്ചുകൊണ്ടുവന്നതും യഥാർത്ഥ സീതയെതന്നെയായിരുന്നു, പക്ഷേ ഭാരതത്തിലെ ഒരു സ്ത്രീയെ ആ ലങ്കക്കാരൻ പിടിച്ചുമടിയിലിരുത്തി കൊണ്ടുപോയത് നമുക്കങ്ങോട്ട് ഇഷ്ടപ്പെട്ടില്ല, അതിനാൽ ഒരു മായാസീതക്കഥ അങ്ങട് പടച്ചിറക്കി, അത്രതന്നെ...!!!

ഇരുൾമായണം - 13 - നാരദനാരായണീയം

നാരദമുനിയുടെ നാവിൽ നിന്നും ഉതിരും വചനങ്ങളൊക്കെയും ശ്രീമൻ നാരായണനെക്കുറിച്ചുള്ള സ്തുതികളാണെന്ന് നമുക്കറിയാം. എന്നാൽ നാരദമുനി ഒരിക്കൽ തന്റെ ഇഷ്ടമൂർത്തിയായ വിഷ്ണുഭഗവാനെ ശപിച്ചു ; അത് രാമായണത്തിന്റെ കഥാഗതിയുമായി.

നാരദമുനിക്ക് ആ വിശേഷപ്പെട്ട തോപ്പിൽ തപസ്സിരിക്കണമെന്ന് ഒരാഗ്രഹം, പൂങ്കാവനം കണ്ടപ്പോൾ യാദൃശ്ചികമായി തോന്നിയതാണ്, മഹാദേവൻ ആ തപോവനം പ്രത്യേക അനുഗ്രഹത്തോടെ സംരക്ഷിച്ചു പോരുകയയിരുന്നുവെന്നും അദ്ദേഹത്തിൻ്റെ അനുഗ്രഹത്താൽ, അവിടെ തപസ്സനുഷ്ടിക്കുന്നവരെ മറ്റാർക്കും ശല്യപ്പെടുത്തുവാൻ കഴിയില്ലെന്നും നാരദർ അറിഞ്ഞിരുന്നില്ല. ഇത്രയും മനോഹരമായ തപോവനത്തിൽ ഒരു തപസ്സനുഷ്ടിച്ചില്ലെങ്കിൽ ജീവിതം വ്യർത്ഥമെന്ന് തോന്നി നാരദമുനി തപസ്സാരംഭിച്ചു.

ആരെവിടെ തപസ്സുചെയ്താലും അത് തൻ്റെ സ്ഥാനം തട്ടിയെടുക്കാനാണെന്ന് ഭയപ്പെടുന്ന ഒരാളുണ്ടല്ലോ? അദ്ദേഹത്തിൻ്റെ ചാരന്മാർ ഉടൻ തന്നെ വിവരം അവിടെയെത്തിച്ചു, ദേവേന്ദ്രനു അങ്കലാപ്പായി.

"ഈ നാദനമുനിയെന്തിനാണ് ആ തോപ്പിൽത്തന്നെ പോയി തപസ്സനുഷ്ടിച്ചത്? ആർക്കും തടസ്സപ്പെടുത്താനാവാതെ തപസ്സു ചെയ്യണമെങ്കിൽ എന്തോ വലിയ കാര്യം നേടാനാവണമല്ലോ?"

ദേവേന്ദ്രനറിയാവുന്ന ഏറ്റവും വലിയകാര്യം അദ്ദേഹത്തിൻ്റെ സ്ഥാനം തന്നെ ആയതിനാൽ, ഉടൻ അഗ്നി, വരുണൻ, വയു എന്നീ ദേവന്മാരെ വിളിച്ചു സഹായമഭ്യർത്ഥിച്ചു; എങ്ങനെയെങ്കിലും നാരദനെ അവിടെ നിന്നും തപസ്സിളകിവിടണം!

വരുണൻവന്നു പേമാരി നടത്തിനോക്കി, നാരദനു കുലുക്കമില്ല, വായും കൊടുങ്കാറ്റും ചുഴലിക്കാറ്റുമൊക്കെയായി വീശി, നാരദൻ തപസ്സു തുടർന്നു, അഗ്നി ആ പൂങ്കാവനമാകെ ജ്വലിപ്പിക്കുന്ന തീക്കുണ്ഡമാക്കി, നാരദൻ പോയിട്ട് പൂങ്കാവനത്തിലെ ഒരു പുല്ലിനുപോലും ഒന്നും പറ്റിയില്ല, നാരദനിതൊന്നും അറിഞ്ഞമട്ടുമില്ല.

ദേവന്മാർ മൂന്നുപേരും തിരികെയെത്തി ഇന്ദ്രനോടുപറഞ്ഞു

"എന്തുകൊണ്ടാണെന്നറിയില്ല, ഞങ്ങൾക്ക് നാരദമുനിയെ സ്പർശ്ശിക്കാനേ കഴിഞ്ഞില്ല, അദ്ദേഹത്തിൻ്റെ തപസ്സ് അത്രയ്ക്ക് കഠിനവും, ആരുടേയോ സംരക്ഷണയിലുമാണ്"

അതോടെ ഇന്ദ്രനാകെ ഭയമായി, ഇതതുതന്നെ! എനനുറപ്പിച്ച അദ്ദേഹം അവസാന ആയുധമായ കാമദേവനെ വിളിച്ചുവരുത്തി

"മന്മഥാ, അങ്ങ് സ്വർഗ്ഗത്തിലുള്ള അപ്സരസ്സുകൾ ഉൾപ്പടെ ഏതു സ്ത്രീകളേയും കൂട്ടിക്കൊള്ളൂ, താങ്കളുടെ പത്നി രതിയുമായി ആ പൂങ്കാവനത്തിൽ പോയി തപസ്സനുഷ്ടിക്കുന്ന നാരദമുനിയെ എങ്ങനെയെങ്കിലും പിന്തിരിപ്പിക്കണം"

കാമദേവൻ തൻ്റെ പഞ്ചശരങ്ങളുമായി തപോവനത്തിലെത്തി, അവിടെ ഒരു വസന്തമൊരുക്കി, പാടുന്ന കിളികളും, മൂളുന്ന വണ്ടുകളും, എങ്ങുംമലരിട്ട പൂക്കളും സുഗന്ധവും, പുല്ലുകളിലും പൂക്കുന്ന നിറങ്ങളും, അതിലാടിപ്പാടുന്ന അപ്സരസ്സുകളും ആകെ പ്രണയഭരിതമായ അന്തരീക്ഷമൊരുക്കിയിട്ടും നാരദമുനിക്ക് ഒരനക്കവുമില്ല, തപസ്സങ്ങനെ കൊടുമ്പിരിക്കൊണ്ട് മുന്നോട്ടുപോയി. അനുഗ്രഹം നൽകിയ പരമശിവന്റെ പോലും തപസ്സിളക്കിയ മല്ലീശരൻ തോറ്റുമടങ്ങി, ഇന്ദ്രനോട് പറഞ്ഞു

"എന്നാൽ കഴിയുന്നത്ര ഞാൻ പരിശ്രമിച്ചു നാരദമുനിയുടെ തപസ്സിളക്കുക അസാദ്ധ്യം തന്നെ"

നാരദമുനി ഒന്നും കാര്യമാക്കാതെയിരുന്നെങ്കിലും എല്ലാം അറിയുന്നുണ്ടായിരുന്നു, അഗ്നി, വരുണൻ, വായു, കാമദേവൻ ആ സൂത്രവാക്യം മനസ്സിലാക്കാൻ അദ്ദേഹത്തിനധികം ആലോചിക്കേണ്ടിവന്നില്ല, ദേവേന്ദ്രൻ! നാരദൻ സ്വയം ഒന്നു വിലയിരുത്തി, താൻ സകലദേവതകളേയും തോൽപ്പിച്ചിരിക്കുന്നു, സാക്ഷാൽ പരമേശ്വരൻ്റെ മനസ്സിളക്കിയ കാമനും വസന്തനും എൻ്റെ മുന്നിൽ തോറ്റിരിക്കുന്നു, ഞാൻ കാമത്തിനും അതീതനായിരിക്കുന്നു! എന്നാൽപ്പിന്നെ മതിയാക്കിയേക്കാം ഇനി ഇത് നാലാളോട് പറഞ്ഞില്ലെങ്കിൽ ഒരു രസമില്ലല്ലോ..

ദേവേന്ദ്രൻ സ്വർഗ്ഗലോകത്ത് സകലശിങ്കിടികളെയും കൂട്ടി തലകുത്തിനിന്ന് ആലോചിക്കവേ, നാരദൻ എണീറ്റ് തൻ്റെ വഴിക്കുപോയി. നേരേ ചെന്നത് കൈലാസത്തിൽ, നാരദൻ്റെ മുഖത്തെ പ്രസാദം ദൂരെനിന്നേ കണ്ടറിഞ്ഞ ഭഗവാൻ ചോദിച്ചു

"നാരദരിന്നു വല്ലാതെ സന്തുഷ്ടനാണല്ലോ, മുഖം വെട്ടിത്തിളങ്ങുന്നു"

നാരദനത് വിളിച്ചുപറയാതെ പറ്റില്ലല്ലോ

"മഹാദേവാ ഞാൻ കാമദേവനെ തോൽപ്പിച്ചു, സകലവിദ്യകളും, പഞ്ചശരങ്ങളും, വസന്തനും, രതിയും ചേർന്നിട്ടും എന്നെ ഭ്രമിപ്പിക്കാനായില്ല, അങ്ങയെപ്പോലും ഭ്രമിപ്പിച്ച ആ മന്മഥന്"

മഹാദേവൻ്റെ മുഖത്ത് പതിവില്ലാത്ത ഒരു കള്ളച്ചിരി പടർന്നു, അദ്ദേഹം പെട്ടെന്നത് മറച്ച് നാരദനോട് പറഞ്ഞു

"അതൊരു വലിയ നേട്ടമാണല്ലോ നാരദാ, ഇന്ദ്രിയനിഗ്രഹം അത്ര ചെറുതായ കാര്യമാണോ? പക്ഷേ അങ്ങയോട് ഒരഭ്യർത്ഥനയുണ്ട്, വൈകുണ്ഠം വഴി പോവുകയാണെങ്കിൽ അബദ്ധവശാൽപ്പോലും ഈ വിവരം വിഷ്ണുദേവനോട് പറയരുത്"

നാരദനതത്ര പിടിച്ചില്ല, അദ്ദേഹം ചോദിച്ചു

"എന്തുകൊണ്ട് ഇത്രവലിയ ഒരു കാര്യം നടന്നിട്ട് അദ്ദേഹത്തിൽ നിന്നും മറയ്ക്കണം, ഞാൻ സദാ നാരായണ നാരായണ എന്നല്ലേ സ്തുതിക്കുന്നത്, അദ്ദേഹത്തിനെൻ്റെ വിജയത്തിൽ അതീവസന്തിഷ്ടിയാകും"

കാപാലി അതത്ര ശ്രദ്ധിക്കാതെ വീണ്ടും പറഞ്ഞു

"അതൊക്കെ നാരദരുടെ ഇഷ്ടം പോലെ, എന്നാലും അങ്ങയോടുള്ള താൽപ്പര്യം കൊണ്ടുപറയുകയാണ് കഴിയുമെങ്കിൽ പാലാഴിവാസനോട് പറയരുത്"

നാരദൻ ആകെ ആശയക്കുഴപ്പത്തിലായി, ഇനി തന്നെ മയക്കിയ മന്മഥനെ, നാരദൻ തോൽപ്പിച്ചത് ചൊല്ലി വിഷ്ണുഭഗവാൻ മഹാദേവനെ കളിയാക്കിയെങ്കിലോ എന്നു കരുതിയാവുമോ? ഏതായാലും വൈകുണ്ഠത്തിലേയ്ക്ക് ആവാം യാത്ര.

ചെന്നപാടേ മഹാവിഷ്ണുവിനോടു നാരദർ പറഞ്ഞു

"പ്രഭോ.. ഞാൻ ഇപ്പോൾ ഒരു മഹാതപസ്സ് കഴിഞ്ഞുവരികയാണ്"

ജഗന്നാഥൻ ചിരിയോടെ അദ്ദേഹത്തെ എതിരേറ്റു

"അത് നാരദരുടെ മുഖത്ത് എഴുതിവച്ചിട്ടുണ്ടല്ലോ, എന്തോ വലിയ വിജയം നേടിയാണു വന്നിരിക്കുന്നതെന്ന്, എന്തു തിളക്കമാണിന്ന്, ആകട്ടേ അതെന്തുതരം തപസ്സായിരുന്നു?"

നാരദൻ ഹർഷോന്മാദത്തോടെ പറഞ്ഞു

"അതൊരു ഹ്രസ്വമായ തപസ്സായിരുന്നു പ്രഭോ, പക്ഷേ ദേവന്ദ്രനെ, അഗ്നിയെ, വരുണനെ, വായുവിനെ തോൽപ്പിക്കേണ്ടിവന്നു അത് പൂർത്തിയാക്കാൻ, ഒടുവിൽ കാമദേവനേയും. ഞാൻ പ്രണയത്തിനതീതനാണ്, കാമത്തിനതീതനാണ്, ഇന്ദ്രിയങ്ങളെ നിഗ്രഹിച്ചവനാണ്, ഞാൻ കാമം, മോഹം, ക്രോധം, ലോഭം, മദം, മത്സരം എന്നീ ഷ്ഡ്രിപുക്കളെ ജയിച്ചിരിക്കുന്നു"

ക്ഷീരസാഗരശയനൻ ഒരു ചിരിയോടെ കൈകൾകൊട്ടി നാരദരെ അഭിനന്ദിച്ചു

"അതൊരു വലിയ വിജയമാണല്ലോ, വളരെവലുത്, നാരദരേ ഞാൻ അങ്ങയെ അഭിന്ദന്ദിക്കുന്നു"

നാരദമുനി വളരെ സന്തോഷത്തിലായി, പ്രപഞ്ചം കീഴടക്കിയവനെപ്പോലെ മേഘങ്ങളെ ചവിട്ടിമെതിച്ചാഘോഷിച്ചു, ഒരിക്കൽക്കൂടി ആ പൂങ്കാവനമൊന്നു കണ്ടാലോ? തൻ്റെ വിജയസ്മാരകം, അങ്ങോട്ടുനോക്കിയ നാരദർ ആ പൂങ്കാവനത്തിനരുകിലായി ഒരു സുന്ദരിയായ രാജകുമാരി നൃത്തം ചെയ്യുന്നതുകണ്ടു, ഒന്നടുത്തുചെന്നതാരെന്നറിയാൻ നാരദനാകാംഷയുണ്ടായി.

നാരദർ പൂന്തോട്ടത്തിനരികിലെത്തി ആ കുമാരിയെ പരിചയപ്പെട്ടു, അവൾ ശീലനിധി മഹാരാജാവിൻ്റെ പുത്രി വിശ്വമോഹിനിയായിരുന്നു, അവളോടൊപ്പം കൊട്ടാരത്തിലെത്തിയ നാരദനെ രാജാവ് സ്വീകരിച്ചാദരിച്ചുകൊണ്ട് ചോദിച്ചു

"മഹാമുനീ, ഞങ്ങൾ ഈ കുമാരിയുടെ വിവാഹക്കാര്യം ചർച്ച ചെയ്യുകയായിരുന്നു, അങ്ങ് അവളുടെ കരതലം നോക്കി അവൾക്ക് എത്തരത്തിലുള്ള ഭർത്താവാണു വേണ്ടതെന്നും, അവളുടെ ഭാവിയെന്തെന്നും പറയാമോ?"

ശീലനിധി പുത്രിയെ വിളിച്ചു നാരദരുടെ അരികിലിരുത്തി, അതിലാവണ്യവതിയായ ആ കുമാരിയുടെ തളിരുപോലെയുള്ള കൈകൾ നോക്കിയപ്പോൾ കണ്ടത് ആ കുമാരിയെ വിവാഹം കഴിക്കുന്നയാൾ മൂന്നുലോകത്തിനും ആരാദ്ധ്യനും, ദൈവീകപദവിയിൽ എന്നെന്നും വിരാജിക്കുമെന്നും തിരിച്ചറിഞ്ഞ നാരദൻ ആകുമാരിയെ വിവാഹം ചെയ്യുവാനും അവളുടെ സ്വയംവരത്തിൽ പങ്കെടുക്കുവാനും തീരുമാനിച്ചുകൊണ്ടുപറഞ്ഞു.

"എല്ലാം അതിശുഭകരമാണ്, ഈ കുമാരിക്ക് അതിസുമുഖനായ ഒരു കുമാരനെ ജീവിതപങ്കാളിയായി ലഭിക്കും, അവരുടെ ജീവിതം വളരെ സന്തോഷപ്രദമായിരിക്കും"

നാരദൻ വളരെവേഗം അവിടെനിന്നിറങ്ങി വൈകുണ്ഠത്തിൽ തിരിച്ചെത്തി, ജഗന്നാഥനോട് ആവശ്യപ്പെട്ടു

"ഭഗവാനേ, അങ്ങെന്നെ ഈ ലോകത്തിലെ ഏറ്റവും മനോഹരനും അഭിലഷണീയനുമായ ഒരു രാജകുമാരനാക്കി മാറ്റിയാലും, എന്നെ രത്നങ്ങളാലും, ആഭരണങ്ങളാലും, പട്ടുവസ്ത്രങ്ങളാലും അലങ്കരിക്കപ്പെട്ട അതിതേജസ്സുറ്റ ഒരു രാജകുമാരനാക്കിയാലും. എനിക്കൊരു രാജകുമാരിയിൽ അനുരാഗം തോന്നുന്നു. "

വിഷ്ണുഭഗവാൻ നാരദരോട് ചിരിയോടെ തിരക്കി

"നാരദരേ അൽപ്പം മുമ്പങ്ങുതന്നെയല്ലേ പ്രണയത്തിനതീതനാണെന്ന് അവകാശപ്പെട്ടത്? ഇപ്പോൾ എന്താണിങ്ങനെ?"

നാരദൻ ധൃതിയിൽ മറുപടി പറഞ്ഞു

"ഭഗവാനേ എന്നോടു പരാജിതനായ മന്മഥൻ ഇനിയെൻ്റെ പരിസരത്തുവരുമോ? ഇത് ഞാൻ സ്വയം എടുക്കുന്ന തീരുമാനമല്ലേ? ശീലനിധി മഹാരാജാവിൻ്റെ പുത്രി ശ്രീമതിയെ വിവാഹം കഴിക്കുവാൻ അങ്ങെന്നെ സഹായിക്കില്ലേ? അവളുടെ സ്വയംവരമാണ് , അതിലവളല്ലേ തിരഞ്ഞെടുക്കുന്നത്? അതിനാൽ അങ്ങ് എനിക്ക് വ്യത്യസ്തമായ, ഒറ്റനോട്ടത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു രൂപം തന്നാലും"

വിഷ്ണുദേവൻ നാരദരോട് ആരാഞ്ഞു

"നാരദരേ അങ്ങ് ഈ സന്യാസവേഷമൊന്നുമാറ്റിയാൽ വേഷാഭൂഷാധികൾ ഇല്ലാതെതന്നെ അതിസുമുഖനാണല്ലോ? ഏത് കുമാരിയാണങ്ങയെ വേണ്ടെന്നു പറയുക? ആടയാഭരണങ്ങൾ അണിഞ്ഞ് പോയാൽപ്പോരേ?"

"പോരാ, എനിക്ക് മറ്റു രാജകുമാരന്മാരിൽ നിന്നും പ്രത്യക്ഷമായ വ്യതിയാനം ഉണ്ടായിരിക്കണം, ആ സ്വയംവരപ്പന്തലിൽ ഞാൻ വേറിട്ടു നിൽക്കണം"

നാർദർ ശഠിച്ചു, ഭഗവാൻ വഴങ്ങി, നാരദരെ ആഭരണങ്ങളും രത്നങ്ങളും പട്ടാംബരവും ഒക്കെയായി അങ്ങ് സുന്ദരനാക്കി, പക്ഷേ വ്യത്യസ്തനാക്കൽ അൽപ്പം കൂടിപ്പോയി! ഒരു വാനരൻ്റെ മുഖമാണതിനദ്ദേഹം തിരഞ്ഞെടുത്തത്, പാവം നാരദൻ അതൊട്ടറിഞ്ഞതുമില്ല.

ശീലനിധിരാജന്റെ കൊട്ടാരത്തിൽ നാരദൻ ആ സ്വയംവരപ്പന്തലിൽ അങ്ങനെ ചമഞ്ഞിരുന്നു, അൽപ്പം ഞെളിഞ്ഞിരുന്നു, ഇത്രയും ആഭരണവിഭൂഷിതനായ സുന്ദരൻ ഇരിക്കെ ഇവന്മാരൊക്കെ എന്തിനാണു സമയം കളയുന്നതെന്നോർത്ത് ചിരിച്ചു. രാജകുമാരിയുടെ വരവായി കയ്യിൽ സ്വയംവരഹാരവുമായി, അവൾ ഓരോരുത്തരെ കടന്ന് നാരദരുടെ അടുക്കലെത്തി, അവനെ നോക്കി അവൾ പൊട്ടിച്ചിരിച്ചു, ഇങ്ങനെ അണിഞ്ഞൊരുങ്ങിയ ഒരു മർക്കടനും തൻ്റെ വരനാകാനെത്തിയോ? മനസ്സിൽ ആ ചോദ്യവുമായി അവൾ അതിശയത്തോടെ നോക്കി മുന്നോട്ട് നടന്നുനീങ്ങി, എല്ലാ രാജകുമാരന്മാരേയും കടന്ന് അവസാനം ഉണ്ടായിരുന്ന വിഷ്ണുഭഗവാൻ്റെ പ്രതിമയിൽ അവളാ സ്വയവരഹാരമണിയിച്ചു.

നാരദൻ ഇരിപ്പിടത്തിൽ നിന്നും ചാടിയെണീറ്റ് ആക്രോശിച്ചു

"കുമാരീ.. നിനക്ക് തെറ്റുപറ്റിയിരിക്കുന്നു, എത്രയും സുന്ദരനായ ഞാൻ, ഇവിടെക്കൂടിയിരിക്കുന്നവരിൽ ഏറ്റവും സുകുമാരനായ ഞാൻ ഉള്ളപ്പോൾ എന്തിനാണൊരു പ്രതിമയിൽ വിവാഹമാല്യം ചാർത്തിയത്?"

അതോടെ ആ സ്വയംവരപ്പന്തലിൽ സന്നിഹിതരായിരുന്ന എല്ലാവരും പൊട്ടിച്ചിരിച്ചു, നാരദൻ അമ്പരന്നു. അപ്പോഴേയ്ക്കും മഹാവിഷ്ണുവും, അനുചരന്മാരും അദ്ദേഹത്തെ സ്വീകരിച്ച വധുവിനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിക്കഴിഞ്ഞിരുന്നു. ഗരുഡൻ നാരദനടുത്തെത്തി ചോദിച്ചു

"അങ്ങന്തിനാണിത്ര ശ്രേഷ്ഠമ്യ്നത കാട്ടുന്നത്? അങ്ങ സ്വയം പൊങ്ങച്ചം നിറഞ്ഞവനായതെങ്ങനെ? ഷഡ്രിപുക്കളെ ജയിച്ചവനല്ലേ അങ്ങ്? എന്നിട്ടും ആദ്യമങ്ങേയ്ക്ക് മോഹവും, കാമവും, ലോഭവും ഇപ്പോൾ മാത്സര്യവും തോന്നിയിരിക്കുന്നു. സ്വന്തം മനസ്സിനെ തിരിച്ചറിഞ്ഞെങ്കിൽ ഇനി അങ്ങയുടെ ഇപ്പോഴത്തെ രൂപം കൂടി തിരിച്ചറിഞ്ഞാലും"

ഒരു ദർപ്പണത്തിൽ ഗരുഢൻ നാരദരുടെ രൂപം കാട്ടിക്കൊടുത്തു, മർക്കടരൂപം.. അതോടെ നാരദൻ ക്രുദ്ധനായി, അദ്ദേഹം അൽപ്പം ജലം കൈകളിലെടുത്ത് ശപിച്ചു

"അല്ലയോ വിഷ്ണുദേവാ, ഞാൻ അങ്ങയോടുള്ള വിശ്വാസത്താലാണ് സഹായമഭ്യർത്ഥിച്ചത്, എന്നെ സുന്ദരനാക്കുവാനാവശ്യപ്പെട്ടത് എൻ്റെ ഹൃദയം കവർന്നവളെ സ്വന്തമാക്കാനായിരുന്നു. അങ്ങന്നെ വാനരനാക്കി, ജനമദ്ധ്യത്തിൽ അപഹാസ്യനാക്കി അപമാനിച്ചു, എൻ്റെ കുമാരിയും നഷ്ടമായി. എൻ്റെ ഹൃദയം നഷ്ടബോധത്താലുഴറുകയാണ്, വേദനയാൽ പിളരുകയാണ്. ഈ വേദന അങ്ങും അനുഭവിക്കണം! ഞാൻ അങ്ങയെ ശപിക്കുന്നു, അങ്ങയും ഭാര്യയെ നഷ്ടമായി വിരഹദുഃഖമനുഭവിച്ച് വലയും. അങ്ങ് പരിഹാസപൂർവ്വം എന്നെ മാറ്റിയ ആ രൂപത്തോട്, വാനരന്മാരോട് അങ്ങേയ്ക്ക് സഹായമഭ്യർത്ഥിക്കേണ്ടി വരും. അവരുടെ കൃപയാലേ അങ്ങേയ്ക്ക് ഭാര്യയെ തിരിച്ചു ലഭിക്കൂ"

ഗരുഢൻ അമ്പരപ്പോടെ പറഞ്ഞു

"ഇപ്പോൾ മദവും ക്രോധവുമായി, എല്ലാം തികഞ്ഞു, അരിഷഡ്വർഗ്ഗങ്ങൾ എല്ലാമായി"

വിഷ്ണുഭഗവാൻ നാരദനെ നോക്കി ചിരിയോടെ പറഞ്ഞു

"ഞാനത് സ്വീകരിക്കുന്നു നാരദരേ, എൻ്റെ ദ്വാരപാലകർ ജയനും വിജയനും കർമ്മകാണ്ഡങ്ങളിൽ നിന്നും മടങ്ങിവരേണ്ടതുണ്ട്. മധുകൈടഭരായും, ഹിരണ്യാക്ഷഹിരണ്യകശ്യപന്മാരായും പിറവിയെടുത്ത അവർക്കിനി രാവണകുംഭകർണ്ണന്മാരായി പിറവിയെടുക്കണമല്ലോ? അപ്പോഴും അവരെ നിഗ്രഹിക്കാൻ ഞാൻ വേണമല്ലോ? അതിനാൽ ഞാനും ലക്ഷ്മീദേവിയുടെ അവതാരമായ ഈ കുമാരിയാലുള്ള ശപത്താൽ ദേവിയും മണ്ണിൽ മനുഷ്യരായി പിറന്നുകൊള്ളാം, അങ്ങേയ്ക്ക് സന്തോഷമായില്ലേ?"

ഭഗവാന്റെ കൃപാമരന്ദം നുകർന്ന നാരദൻ പശ്ചാത്താപിച്ചു ഭഗവാനോട് ക്ഷമചോദിച്ചു, ജഗന്നാഥൻ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു. മടക്കയാത്രയിൽ നാരദർ വീണ്ടും ആശയക്കുഴപ്പത്തിലായി..

"ശരിക്കും ഈ പദ്ധതിയുടെ പിന്നിൽ ആരാണ്? വിഷ്ണുവിനോട് ഇത് പറയരുതെന്ന് നിർബന്ധം പിടിച്ചയാൾ അതിനെന്നെ നിർബന്ധിക്കുകയായിരുന്നില്ലേ വാസ്തവത്തിൽ ചെയ്തത്?"

ആ ഒരു ശാപം രാമായണമെന്ന ഇതിഹാസത്തിനു കാരണമാകുമ്പോൾ, ശപിച്ച നാരദമുനി തന്നെയാണ് ആ കഥാസംക്ഷിതം വാല്മീകിക്ക് ഉപദേശിക്കാൻ പരമയോഗ്യൻ!!!

ഇരുൾമായണം 14 - ലക്ഷ്മണരേഖ

ലങ്കേശൻ്റെ നിർബന്ധബുദ്ധിയും ഭീഷണിയും കാരണം കനകമൃഗവേഷധാരിയായി വന്ന മാരീചനിൽ കൊതിപൂണ്ട് സീത അതിനെ പിടിച്ചുനൽകാൻ രാമനെ അലട്ടുകയും, സീതയ്ക്ക് കാവലായി ലക്ഷ്മണനെ നിർത്തി രാമൻ മാരീചനുപിന്നാലേ പോവുകയും, രാമബാണമേറ്റ മാരീചൻ രാമൻ്റെ ശബ്ദത്തിൽ സഹായാഭ്യർത്ഥന നടത്തുകയും ചെയ്തതിനാൽ സീത പരിഭ്രാന്തയായി.സീതയുടെ ഭയം അകാരണമാണെന്നും രാമനെ ഒരു പോറലേൽപ്പിക്കാൻപോലും ഒരു ശക്തിക്കുമാവില്ലെന്നും ലക്ഷ്മണൻ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ സീത ക്രുദ്ധയായി. ലക്ഷ്മണൻ്റെ ഉദ്ദേശശുദ്ധിയെത്തന്നെ ചോദ്യം ചെയ്യുന്നു.

"ഇച്ഛസി ത്വം വിനശ്യന്തം രാമം ലക്ഷ്മണ മത്കൃതേ
ലോഭാത്ത്വം മത്കൃതേ നൂനം നാനുഗച്ഛസി രാഘവം"

"എന്നെ ലഭിക്കുവാനായി രാമൻ്റെ പൂർണ്ണനാശമാണു നീ ആഗ്രഹിക്കുന്നത്, കാമമോഹിതനായാണ് നീ രാമനെ തിരക്കിപ്പോകാത്തത്" എന്നുതുടങ്ങി ഭരതൻ്റെ ചാരനാണ്, നിനക്കോ ഭരതനോ എന്നെ ലഭിക്കില്ല, ഗോദാവരിയിൽ മുങ്ങിയോ, മരക്കൊമ്പിൽ തൂങ്ങിയോ, വിഷം കുടിച്ചോ, കൊക്കയിൽ ചാടിയോ ആത്മഹത്യ ചെയ്യുമെന്നുവരെ സീത ലക്ഷ്മണനെ ശകാരിക്കുന്നു.

"രാക്ഷസാ വിവിധാ വാചോ വിസൃജന്തി മഹാവനേ
ഹിംസാവിഹാരാ വൈദേഹി ന ചിന്തയിതുമർഹസി"

രാക്ഷസന്മാർ നിറഞ്ഞ ഈ വനത്തിൽ കേൾക്കുന്ന വിവിധ ശബ്ദങ്ങളെ വിശ്വസിക്കരുതെന്ന് ലക്ഷ്മണൻ ഉപദേശിക്കുന്നു.

"തതസ്തു സീതാമഭിവാദ്യ ലക്ഷ്മണഃ കൃതാഞ്ജലിഃ കിഞ്ചിദഭിപ്രണമ്യ ച.
അന്വീക്ഷമാണോ ബഹുശശ്ച മൈഥിലീമ് ജഗാമ രാമസ്യ സമീപമാത്മവാൻ"

പിന്നീട് വനദേവതമാർ നിന്നെ കാക്കട്ടെ, എങ്കിലും ഞാൻ രാമനുമായി തിരിച്ചുവരുമ്പോൾ വൈദേഹിയിവിടെ ഉണ്ടാകുമോയെന്ന് സംശയമാണ് എന്ന് പറഞ്ഞ് തിരിഞ്ഞുനോക്കി തിരിഞ്ഞു നോക്കി രാമൻ്റെ വഴിയേ വനത്തിലേയ്ക്ക് പോയി.

അതല്ലാതെ ലക്ഷ്മണൻ യാതൊരു രേഖയും വരച്ചില്ല, അത് കടക്കരുതെന്ന് നിഷ്ക്കർഷിച്ചുമില്ല, സീത അതിനുപറ്റിയ മാനസ്സികാവസ്ഥയിലുമായിരുന്നില്ല.

വാത്മീകിരാമായണത്തിൽ സീതയുടെ ഭത്സനം കേട്ടിട്ടും ശാന്തനാണു ലക്ഷ്മണൻ, എന്നാൽ എഴുത്തച്ഛനു ദേഷ്യം വന്നു, അതിനാൽ ലക്ഷ്മണനെക്കൊണ്ട് "നീ തീർന്നെടീ..തീർന്നു" എന്ന ആധുനിക സംഭാഷണത്തോട് കിടപിടിക്കുന്ന ഒന്നും, "ചണ്ഡീ" എന്നൊരു വിളിയും ഉണ്ടായി!

"ഇത്തരം വാക്കു കേട്ടു സൗമിത്രി ചെവിരണ്ടും
സത്വരം പൊത്തിപ്പുനരവളോടുരചെയ്താന്‍ഃ
"നിനക്കു നാശമടുത്തിരിക്കുന്നിതു പാര-
മെനിക്കു നിരൂപിച്ചാല്‍ തടുത്തുകൂടാതാനും
ഇത്തരം ചൊല്ലീടുവാന്‍ തോന്നിയതെന്തേ ചണ്ഡി!
ധിഗ്‌ധിഗത്യന്തം ക്രൂരചിത്തം നാരികള്‍ക്കെല്ലാം.
വനദേവതമാരേ! പരിപാലിച്ചുകൊൾവിൻ:
മനുവംശാധീശ്വരപത്നിയെ വഴിപോലെ.
ദേവിയെ ദേവകളെബ്‌ഭരമേൽപിച്ചു മന്ദം:
പൂർവജൻതന്നെക്കാണ്മാൻ നടന്നു സൗമിത്രിയും."

ലക്ഷ്മണരേഖ ആദ്യമായി വരുന്നത് 13ആം നൂറ്റാണ്ടിൽ രംഗനാഥരാമായണത്തിലാണ്.

"വനത്തിൽ പോയി രാമനെ കൂട്ടിക്കൊണ്ടുവരാമെന്ന് സീതയെ സാന്ത്വനപ്പെടുത്തിക്കഴിഞ്ഞ് അദ്ദേഹം പർണ്ണശാലയ്ക്ക് ചുറ്റും ഏഴു രേഖകൾ വരച്ചുകൊണ്ട് പറഞ്ഞു,

"മാതേ.. ഈ വരകൾ മറിച്ചു കടക്കരുത്, അവിടുന്നല്ലാതെ ആരെങ്കിലും ഇതു മുറിച്ചുകടന്നാൽ അവരുടെ തല പലകഷണങ്ങളായി തൽക്ഷണം ചിതറിപ്പോകുന്നതാണ്."

അതിനുശേഷം അഗ്നിദേവനെ പ്രാർത്ഥിച്ച് തന്നിൽ നിക്ഷിപ്തമായിരുന്ന സീതയുടെ കാവൽ കർത്തവ്യം അദ്ദേഹത്തെ ഏൽപ്പിച്ച് ലക്ഷ്മണൻ വനത്തിലേയ്ക്ക് രാമനെത്തേടി യാത്രയായി."

17 ആം നൂറ്റാണ്ടിൽ തുളസീദാസ്സ് രാമചരിതമാനസത്തിൽ ഇതേ ലക്ഷ്മണരേഖയുടെ കഥ പറയുന്നുണ്ട്. അത് ലങ്കാകാണ്ഡത്തിൽ മണ്ഡോദരിയുടെ വാക്കുകളിലാണെന്നേയുള്ളൂ.

"ലങ്കേശൻ്റെ പരാക്രമങ്ങളെപ്പറ്റി എന്നോട് പറഞ്ഞു മനസ്സിലാക്കണോ? ലക്ഷ്മണൻ്റെ ആ മൂന്ന് വരകൾ മറികടക്കാനാവാതെ വിഷമിച്ച വീര്യമല്ലേ?"

എന്നു പരിഹാസപൂർവ്വമാണത് പറയുന്നത്.

പിൽക്കാലത്തുള്ള എല്ലാ രാമായണങ്ങളിലും സീത സന്യാസവേഷധാരിയായ രാവണനെ ആശ്രമത്തിലേയ്ക്ക് ക്ഷണിക്കുകയും അദ്ദേഹം ലക്ഷ്മണരേഖ മുറിച്ചുകടക്കാനാവാതെ നിന്നപ്പോൾ സീത ആ രേഖമുറിച്ചുകടന്നു പുറത്തെത്തി സന്യാസിക്കു ഉപചാരമർപ്പിക്കുകയും, ലങ്കേശൻ യഥാർത്ഥരൂപം സ്വീകരിച്ചപ്പോൾ പിന്നിലേയ്ക്ക് മാറുന്നതിനിടയിൽ നിലത്ത് വീഴുകയും, അതിനാൽ ലക്ഷ്മണരേഖയ്ക്കുള്ളിലേയ്ക്ക് തിരിച്ചുകടക്കാൻ ആവാതെപോയ സീതയെ രാവണൻ തട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു.

ലക്ഷ്മണരേഖ ഇല്ലാത്തതുപോലെതന്നെ സീതയെ രാവണൻ സ്പർശ്ശിച്ചോ? എന്ന വിഷയവും ഇതിനോടനുബന്ധിച്ചുണ്ട്. വാല്മീകി രാമായണത്തിൽ മുടിയിലും തുടയിലും പിടിച്ചുയർത്തി, അരക്കെട്ടിൽ പിടിച്ച് രഥത്തിലേറ്റി എന്നാണ്. യുദ്ധകാണ്ഡത്തിൽ പുരുഷവാക്യത്തിനു മറുപടിയായി സീത ഞാൻ നിസ്സഹായ ആയ അവസ്ഥയിൽ എന്നെ രാവണൻ സ്പർശ്ശിച്ചതിനു ഞാനെങ്ങനെ കുറ്റക്കാരിയാകും? എന്നു ചോദിക്കുന്നു. വിവശയായിരുന്നു, അബോധാവസ്ഥയിലായി എന്നൊക്കെ അപഹരണസമയത്തെ അവസ്ഥയെപ്പറ്റി പറയുന്നുണ്ട്.


അരണ്യകാണ്ഡം സർഗ്ഗം 49 ശ്ലോകം 20 പ്രകാരം

"തതഃ സ്താം പരുഷൈ വാക്യൈഃ അഭിതത്സ്ര മഹാസ്വനഃ
അങ്കേന ആദായ വൈദേഹീം രഥം ആരോപയത് തദാ"

എന്നോട് കലഹിക്കുവാൻ വന്നിട്ട് കാര്യമില്ല, വാല്മീകി പറഞ്ഞിരിക്കുന്നത്, ലങ്കേശൻ സീതയുടെ അടുത്തെത്തി അരക്കെട്ടിൽ പിടിച്ചുയർത്തി രഥത്തിലേയ്ക്ക് എടുത്തിട്ടു എന്നാണ്, സ്വാഭാവികമായി അന്യനായ ഒരാൾ അരക്കെട്ടിൽ പിടിച്ചാൽ സ്ത്രീ കുതറും, അത് സീതയും ചെയ്തു, അപ്പോൾ രാവണൻ ഒന്നുരണ്ട് നല്ല പുലഭ്യം പറഞ്ഞു, അതോടെ ഭയന്ന സീതയെ പുഷ്പം പോലെ പൊക്കിയെടുത്ത് രഥത്തിലിട്ടു പറന്നു. എന്തായാലും പരുഷവാക്യം എന്നല്ലാതെ എന്താണതെന്ന് വാല്മീകി പറഞ്ഞിട്ടില്ല.

എന്തായാലും സീത പിന്തിരിഞ്ഞല്ലാതെ പിന്നോട്ടുമാറി ആശ്രമത്തിലേയ്ക്ക് കടക്കാൻ ശ്രമിച്ചെങ്കിലും നിലത്തുവീണു, അത് ലക്ഷ്മണരേഖയ്ക്ക് കുറുകെയെന്ന് ചിലരാമായണങ്ങൾ.. അവർക്കുമുണ്ട് ന്യായീകരണങ്ങൾ, രാവണൻ അരയ്ക്ക് മുകളിൽ ലക്ഷ്മണരേഖയിൽ വീണ സീതയെ കാലിൽ പിടിച്ചുയർത്തി എന്നവർ എഴുതുന്നു, ബുധൻ രോഹിണിയെ എന്നപോലെ കാലിൽ പിടിച്ചുയർത്തി എന്നാണെഴുത്ത്! എന്നാൽ അദ്ധ്യാത്മരാമായണം പറയുന്നത് രാവണൻ സീതയ്ക്ക് ചുറ്റുമുള്ള ഭൂമി തുരന്ന് ആ മണ്ണോടെ രഥത്തിലെത്തിച്ചുവെന്നാണ്.

സ്ക്കന്ദപുരാണത്തിൽ സകലശാസ്ത്രങ്ങളിലും വിദഗ്ധനായ രാവണൻ "നിഴൽഗ്രഹണം" എന്ന സൂത്രത്താൽ സീതയുടെ മുടിയുടേയും തുടകളുടേയും നിഴലിൽ പിടിച്ചുയർത്തി രഥത്തിലാക്കി എന്നാണെഴുതിയിരിക്കുന്നത്.

മായാസീതയുടെ കഥ വേറേ ഭാഗമായി വിവരിച്ചതിനാൽ അത് പറയുന്നില്ല, വാത്മീകി എന്തായാലും ഭോഗാസക്തിയോടെ സമീപിച്ചാൽ മാത്രമേ രാവണനു ദോഷമുള്ളൂ എന്ന പക്ഷക്കാരനാണ്, ആകാശത്തുവച്ച് വേഗതകൂട്ടിയും കുറച്ചും, പാർശ്വങ്ങളിലേയ്ക്ക് ചരിച്ചും പുഷ്പകവിമാനമോടിച്ച രാവണൻ നിലത്തുവീഴാതിരിക്കാൻ സീത അദ്ദേഹത്തിൻ്റെ മടിയിലിരുന്ന് കെട്ടിപ്പിടിക്കേണ്ട അവസ്ഥയുണ്ടാക്കിയെന്നാണ് വാത്മീകി പറയുന്നത്.

(ബൈക്കിൻ്റെ പുറകിൽ കയറ്റിയ പെണ്ണിനെ ബ്രേക്ക് ചവുട്ടി മുന്നോട്ടായിച്ചു സ്പർശ്ശനസുഖം ആസ്വദിക്കുന്ന ഇന്നത്തെ തലമുറ മനസ്സിലാകണം ഇതൊക്കെ ലങ്കേശൻ പണ്ടേ ചെയ്തതാണെന്ന്, രണ്ടാമത് പുഷ്പകവിമാനത്തിനു സീറ്റ്ബൽറ്റ് ഇല്ലായിരുന്നു, അതിനു പാവം സീത എന്തുചെയ്യാൻ? അബുദാബിയിലെ റോളർസ്ക്കേറ്ററിൽ കയറിയിട്ടുള്ളവർക്കറിയാം മുന്നിൽ വിൻഡ്ഷീൽഡ്ഡ് ഇല്ലാതെ 350 കിലോമീറ്റർ വേഗത്തിൽ പോകുമ്പോൾ ശ്വാസമെടുക്കാൻ പോലുമുള്ള ബുദ്ധിമുട്ട്!)

Friday, March 30, 2018

ലങ്കേശൻ്റെ ശിവസ്തുതി

"ജടാടവീ ഗലജ്ജല പ്രവാഹ പാവിത സ്ഥലേ 
ഗലേവലംബ്യ ലംബിതാം ഭുജംഗ തുംഗ മാലികാം
ഡമ ഡ്ഡമ ഡ്ഡമ ഡ്ഡമന്നിനാദ വഡ്ഡമർവയം 
ചകാര ചണ്ഡതാണ്ഡവം തനോതു നഃ ശിവഃ ശിവം" 

നിബിഢകാനനപ്രതീതി ജനിപ്പിയ്ക്കുന്ന ജടയിൽ നിന്നും ഉറവയെടുത്ത് ഒഴുകുന്ന ജലപ്രവാഹം ശങ്കരാ അങ്ങയുടെ ഗളത്തെ നനവുള്ളതാക്കുന്നു. നനവാർന്ന ആ കണ്ഠത്തിൽ ദൈർഘ്യമേറിയ മഹദ് സർപ്പങ്ങൾ പർവ്വതസമാനമായ ഹാരങ്ങളെന്നത്  പോലെ ചുറ്റിക്കിടക്കുന്നു. തൃക്കയ്യിലെ ദിവ്യമായ ഉടുക്ക് "ഡമ ഡ്ഡമ ഡ്ഡമ ഡ്ഡമ" എന്ന് അത്യുച്ചത്തിൽ മുഴങ്ങുന്നു. ആ സംഗീതത്തിനൊത്ത് പ്രചണ്ഡമായ താണ്ഡവനടനം ആടി ഭഗവാൻ പരമശിവൻ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങൾക്കും,  അനുഗ്രഹാശിസ്സുകളും, ഐശ്വര്യവും ചൊരിയുന്നു. 

ഇത്രയേറെ ശക്തി നിറഞ്ഞ ഒരു ശിവസ്തോത്രം വേറെ കാണില്ല, എന്നാൽ ഇത് സാക്ഷാൽ രാവണൻ മനസ്സിൽ രചിച്ച് സംഗീതം നൽകി ആലപിച്ചതാണെന്ന് അറിയാമോ?

ഭാരതം തെക്ക് നിന്ന് വടക്ക് വരെ കീഴടക്കി, ഹിമാലയത്തിൻ്റെ താഴ്വരയിൽ എത്തി, കൈലാസപതിയെ വെല്ലുവിളിച്ച ലങ്കേശൻ, പരമശിവനോട് പർവ്വതത്തിൽ നിന്നിറങ്ങി വന്ന് തനിയ്ക്ക് ദർശ്ശനം തരുവാൻ ആവശ്യപ്പെട്ടു. മഹാദേവൻ അപ്രകാരം ചെയ്യാതെ വന്നപ്പോൾ, രാവണൻ കൈലാസത്തെ കൈകളാലുയർത്താൻ ശ്രമിച്ചു. പരിഭ്രാന്തയായ പാർവ്വതിദേവി ദേവദേവനെ ഗാഢം പുണർന്നു, അൽപ്പം പരിഭവത്തിൽ ആയിരുന്ന ദേവി അപ്രകാരം ചെയ്തപ്പോൾ ഭഗവാൻ സന്തോഷിച്ചെങ്കിലും, അദ്ദേഹം കാലിൻ്റെ പെരുവിരൽ ഒന്നമർത്തിയപ്പോൾ ലങ്കേശൻ്റെ 10 വിരലുകളും പർവ്വതത്തിനടിയിലായി.
വേദന കൊണ്ട് പുളഞ്ഞ ലങ്കേശൻ ആ ഇരുന്ന ഇരുപ്പിൽ, മനസ്സിൽ രചിച്ച ശിവസ്തുതി, ഉച്ചത്തിൽ ആലപിച്ച് മഹാദേവനെ സ്തുതിച്ചു. സന്തുഷ്ടനായ ഭഗവാൻ രാവണനെ പോകാൻ അനുവദിച്ചു, എങ്കിലും ലങ്കയിൽ മടങ്ങിയെത്തിയ രാവണൻ ഈ കീർത്തനം തന്നെയാണ് തുടർന്നും ശൈവപൂജയ്ക്ക്  ആലപിച്ചിരുന്നത്.

ആദികാവ്യം എന്നത് പ്രചേതയുടെ പുത്രൻ രത്നാകരനെന്നോ, അഗ്നിശർമ്മനെന്നോ വിളിയ്ക്കുന്ന വാത്മീകിയുടെ 

''മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ ശാശ്വതീസമാഃ
യത് ക്രൗഞ്ച മിഥുനാദേകമവധീഃ കാമമോഹിതം''

ആണോ, വൈശ്രവസ്സിൻ്റെ പുത്രൻ രാവണൻ്റെ ഈ ശിവസ്തുതിയാണോ എന്ന ചോദ്യത്തിനും ഉത്തരമില്ല!

ജടാകടാഹ സംഭ്രമ ഭ്രമന്നിലിംപ നിർഝരീ 
വിലോലവീചി വല്ലരീ വിരാജമാനമൂർദ്ധനി
ധഗ-ദ്ധഗ-ദ്ധഗ-ജ്ജ്വല ലലാട പട്ട പാവകേ 
കിശോര ചന്ദ്രശേഖരേ രതിഃ പ്രതിക്ഷണം മമ

 ഭഗവാനേ.. താണ്ഡവ നടനത്തിൽ നിന്റെ ജടകളുടെ സഞ്ചയം  പ്രചണ്ഡമായി ചുറ്റിത്തിരിയുമ്പോൾ, ജടകൾക്കിടയിൽ  നിന്നുത്ഭവിയ്ക്കുന്ന ഗംഗയും ധാരയായൊഴുകുന്നതിനു പകരം വൃത്താകൃതിയിൽ പ്രവഹിയ്ക്കുകയും, ജടയുടെ ഇഴകൾ വായു നിറഞ്ഞ് വികസിക്കുന്നത് പോലെ, ഗംഗാജലം ജടയിൽ നിറഞ്ഞ് അവയെ വികസിയ്ക്കുകയും, പിന്നീട് വെള്ളച്ചാട്ടമായി പുറത്തേയ്ക്ക് പ്രവഹിക്കുകയും ചെയ്യുന്നു. അതിമനോഹരമായി തിളങ്ങുന്ന ആ നെറുകയിലൂടെ  ഗംഗാജലം ഒഴുകിയിറങ്ങുമ്പോൾ ജടകളാകുന്ന വള്ളിപ്പടർപ്പുകൾ ജലോപരിതലത്തിൽ തിരമാലകളുമായി കേളിയാടുന്നത് പോലെ കാണപ്പെടുന്നു. തിരുനെറ്റിയിൽ കോപത്താൽ എരിയുന്ന അഗ്നിനേത്രത്തിലേയ്ക്ക് ഒഴുകിയിറങ്ങുന്ന ജലത്തെ ആവിയാക്കുമ്പോൾ "ധഗ-ദ്ധഗ-ദ്ധഗ" എന്ന ഭയപ്പെടുത്തുന്ന ശബ്ദമുയരുന്നു.  ഇളകിയാടുന്ന ജടയിൽ ചന്ദ്രക്കല ചൂടിയ ഭഗവാനേ.. നിന്നോടെനിയ്ക്കുള്ള ഭക്തി അനുനിമിഷം പെരുകി വരികയാണ്

ധരാധരേന്ദ്ര നന്ദിനീ വിലാസബന്ധു ബന്ധുര
സഫുരത് ദിഗന്ത സന്തതി പ്രമോദമാന മാനസേ
കൃപാ കടാക്ഷ ധോരണീ നിരുദ്ധ ദുർദ്ധരാപദി 
ക്വചിത് ചിദംബരേ മനോ വിനോദമേതു വസ്തുനി

പർവ്വതരാജൻ ഹിമവാന്റെ പുത്രിയായ ഗിരിജയ്ക്ക് ഒരേസമയം പരസ്പരപൂരകമായും, മത്സരബുദ്ധിയോടെയും, കേളികളിൽ പങ്കാളിയും  പ്രണയസാക്ഷാൽക്കാരവുമായ ഭർത്താവായും, പ്രപഞ്ചത്തിന്റെ ചുവരുകളോളം മുഴങ്ങുന്ന നടനത്തിലൂടെ എല്ലാ ജീവജാലങ്ങളുടേയും മനസ്സിൽ അതിയായ ആഹ്ളാദം നിറയ്ക്കുന്നവനും, അവിടുത്തെ കൃപയാലുള്ള ഒരു കടാക്ഷത്തിന്റെ ഒഴുക്കിൽ പെട്ടാൽ, എത്ര ദുർഘടമായ തടസ്സങ്ങളുമകലും, ഏത് ഘോരാപത്തും ഒഴിയും, കുറച്ച് നേരത്തേക്കായാൽ പോലും ദിക്കുകൾ വസ്ത്രങ്ങളായ ഭഗവാന്റെ മഹത്വത്തിൽ ഉൾക്കൊണ്ട് എന്റെ മനസ്സും മതിമറക്കട്ടേ...

ജടാഭുജങ്ഗപിങ്ഗലസഫുരണാമണിപ്രഭാ 
കദംബ കുങ്കുമ ദ്രവപ്രലിപ്ത ദിഗ്വധൂമുഖേ
മദാന്ധസിന്ധുരസഫുരത്ത്വ-ഗുത്തരീയ മേദുരേ 
മനോ വിനോദമദ്ഭുതം ബിഭർത്തു ഭൂതഭർതരി

സഹസ്ര ലോചന പ്രമൃത്യ ശേഷലേഖ ശേഖര 
പ്രസൂന ധൂലി ധോരണീ വിധുസരാങ്ഘ്രിപീഠഭൂഃ
ഭുജങ്ഗരാജമാലയാ നിബദ്ധജാടജൂടകഃ ശ്രിയൈ 
ചിരായ ജായതാം ചകോരബന്ധു ശേഖരഃ

ലലാട ചത്വരജ്വല-ദ്ധനഞ്ജയ-സ്ഫുലിങ്ഗഭാ
നിപീത പഞ്ചസായകം നമന്നിലിംപനായകം
സുധാമയൂഖലേഖയാ വിരാജമാനശേഖരം 
മഹാകപാലി സംപദേ ശിരോ ജടാലമസ്തു നഃ

കരാള ഭാല പട്ടികാ ധഗദ്ധഗദ്ധഗജ്ജ്വല 
ദ്ധനഞ്ജയാധരീകൃത പ്രചണ്ഡ പഞ്ചസായകേ
 ധരാധരേന്ദ്ര നന്ദിനീ കുചാഗ്ര ചിത്ര പത്രക 
പ്രകല്പനൈക ശില്പി നി ത്രിലോചനേ മതിർമ്മമ

നവീന മേഘ മണ്ഡലീ നിരുദ്ധദുർദ്ധര സ്ഫുരത് 
കുഹൂനിശീഥിനീതമഃ പ്രബന്ധ ബന്ധുകന്ധരഃ 
നിലിംപനിരർഝരീ ധര-സ്തനോതു കൃത്തിസിന്ധുരഃ 
കലാനിധാനബന്ധുരഃ ശ്രിയം ജഗദ്ധുരന്ധരഃ

പ്രഫുല്ലനീല പങ്കജ പ്രപഞ്ച കാലിമച്ഛടാ 
വിഡംബി കണ്ഠ കന്ധരാ രുചിപ്രബദ്ധ കന്ധരം
 സ്വരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം 
ഗജച്ഛിദാന്ധകച്ഛിദം തമന്തകച്ഛിദം ഭജേ

അഗർവ സർവമങ്ഗലാ കലാകദംബമഞ്ജരീ 
രസപ്രവാഹ മാധുരീ വിജൃംഭണാമധുവ്രതം
സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം 
ഗജാന്തകാന്ധകാന്തകം തമന്തകാന്തകം ഭജേ 

ജയത്വദഭ്രബി ഭ്രമഭ്രമദ്ഭുജങ്ഗമസഫുരദ് 
ധഗദ്ധഗാദ്വിനിർഗമത് കരാള ഭാലഹവ്യവാട്
ധിമിദ്ധിമിദ്ധിമിധ്വനന്മൃദങ്ഗ തുങ്ഗമങ്ഗള 
ധ്വനി ക്രമ പ്രവർത്തിത പ്രചണ്ഡ താണ്ഡവഃ ശിവഃ 

ദൃഷദ്വിചിത്ര തല്പയോരർഭുജങ്ഗ മൗക്തികസ്രജോ 
ർഗരിഷ്ഠരത്നലോഷ്ഠയോഃ സുഹൃദ്വിപക്ഷ പക്ഷയോഃ
തൃണാരവിന്ദചക്ഷുഷോഃ പ്രജാമഹീ മഹേന്ദ്രയോഃ 
സമപ്രവർത്തയന്മനഃ കദാ സദാശിവം ഭജേ 

കദാ നിലിംപ നിർഝരീ നികുഞ്ജകോടരേ വസൻ 
വിമുക്തദുർമ്മതിഃ സദാ ശിരഃ സ്ഥമഞ്ജലിം വഹൻ
വിമുക്തലോലലോചനാ ലലാമഭാലലഗ്നകഃ 
ശിവേതി മന്ത്രമുഖരന് കദാ സുഖീ ഭവാമ്യഹം 

ഇമം ഹി നിത്യമേവ മുക്തമുത്തമോത്തമം സ്തവം 
പഠൻ സ്മരൻ ബ്രുവന്നരോ വിശുദ്ധിമേതി സന്തതം 
 ഹരേ ഗുരൗ സ ഭക്തിമാശു യാതി നാന്യഥാ ഗതിം 
വിമോഹനം ഹി ദേഹിനാം തു ശങ്കരസ്യ ചിന്തനം

പൂജാവസാനസമയേ ദശവക്ത്രഗീതം യഃ 
ശംഭുപൂജനമിദം പഠതി പ്രദോഷേ
തസ്യ സ്ഥിരാം രഥഗജേന്ദ്രതുരങ്ഗയുക്താം 

ലക്ഷ്മീം സദൈവ സുമുഖീം പ്രദദാതി ശംഭുഃ 

https://www.youtube.com/watch?v=RVwrHZJ2NZU

Monday, October 23, 2017

പരാജിതൻറ്റെ പെരുമ്പറ

വേദവതിയിൽ പിറന്ന ആ പെൺകുഞ്ഞ് ജീവിച്ചിരുന്നാൽ ലങ്കേശന്റെ ജീവനപകടമാണെന്ന് തൃശ്ശിരസ്സാണ് രാവണനെ അറിയിക്കുന്നത്, കൂടെ നിന്ന സഹോദർന്മാർ ഖരനും, ദൂഷണനും അതേ അഭിപ്രായം തന്നെയായിരുന്നു. സഹോദരി ശൂർപ്പണഖയുടെ കയ്യിൽ കിടന്ന് ചിരിയ്ക്കുന്ന ആ കുഞ്ഞിന്റെ മുഖത്തേയ്ക്ക് നോക്കി അൽപ്പനേരം നിശ്ചലനായിരുന്നു ലങ്കേശൻ, പിന്നീട് ഗൗരവം ഒട്ടും വിടാതെ പറഞ്ഞു

"രാവണൻ പിറന്നതും മരണമില്ലാത്ത മുഹൂർത്തത്തിൽ അല്ലല്ലോ? മൃത്യു അത് ഒരുനാൾ വരിക തന്നെ ചെയ്യും, ഒഴിവാക്കാൻ കഴിയാത്ത ആ സത്യത്തിന്റെ കണ്ണു കെട്ടാൻ ഞനെന്തിനു എന്റെ മകളെ കൊല്ലണം, നിങ്ങൾ ഇതിനെ വളർത്തിക്കൊള്ളുക"

ഖരദൂഷണന്മാരും, ശൂർപ്പണഖയും ആ കുഞ്ഞുമായി ദണ്ഡകാരണ്യത്തിലേയ്ക്ക് മടങ്ങി, അവരുടെ ഇടയിലെ തർക്കം അപ്പോഴും തീർന്നിരുന്നില്ല, കുഞ്ഞിനെ കൊല്ലുക തന്നെ വേണം, അതാണ് ശരി, ജേഷ്ഠന്റെ സൗമനസ്യത്തേക്കാൾ വലുതാണ് രാക്ഷസകുലത്തിന്റെ ഭാവി, ഖരദൂഷണന്മാർ ഉറച്ച് നിന്നു. എന്നാൽ ശൂർപ്പണഖയിലെ മാതൃത്വം ഉണർന്ന് കഴിഞ്ഞിരുന്നു, അവൾ ആ കുഞ്ഞിന് പോറലേൽക്കുമെന്ന് ഭയന്ന് തന്റെ മുറം പോലെയുള്ള നഖങ്ങൾ മടക്കിപ്പിടിച്ച് നടന്നു. പുത്രകാമേഷ്ടിയുമായി ജനകൻ നിലമുഴുവാൻ തയ്യറെടുക്കുന്ന വാർത്തയറിഞ്ഞ്, കുഞ്ഞിനെ നദികടന്ന് മിഥിലയിൽ ഉപേക്ഷിയ്ക്കുവാൻ അവൾ തീരുമാനിച്ചു, സഹോദരങ്ങളുമൊത്തത് നടപ്പിലാക്കി, തനിയ്ക്ക് ഭൂമീ ദേവി തന്ന മകളുമായി സന്തോഷത്തോടെ ജനകൻ മടങ്ങുന്ന കാഴ്ച്ച പൂർത്തിയാക്കാൻ ശൂർപ്പണഖയുടെ നിറഞ്ഞ കണ്ണുകൾ അനുവദിച്ചില്ല.

ജാനകി മിഥിലയുടെ രാജകുമാരിയായി, അവളുടെ വളർച്ച മറുകരയിൽ ദണ്ഡകാരണ്യത്തിൽ നിന്ന് അവർ ശ്രദ്ധിച്ചിരുന്നു. സ്വയംവരത്തിൽ അയോദ്ധ്യയിലെ രാമൻ അവളെ പരിണയം ചെയ്തതും, അവൾ കോസലരാജകുമാരിയായി സസുഖം വഴുന്നതും കണ്ട് ആ പോറ്റമ്മ സന്തോഷിച്ചു. പൊടുന്നനെയാണ് കര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. പട്ടുമെത്തയിൽ കിടന്നവൾ പച്ചപ്പുല്ലിലേയ്ക്ക് എടുത്തെറിയപ്പെട്ടു, വന്യമൃഗങ്ങളുടെ ഭയം ശൂർപ്പണഖയ്ക്കില്ലയിരുന്നു. എന്നാൽ വിരാധനാൽ അവൾ അപമാനിയ്ക്കപ്പെട്ടവൾ അച്ഛൻ പെങ്ങൾക്ക് മനം നൊന്തു, കാട്ടിൽ വിവിധ രാക്ഷസ ഗോത്രങ്ങളുണ്ട്, ഇവരിൽ പലരും യാതൊരു തത്വദീക്ഷയും ഇല്ലാത്ത ക്രൂരന്മാരും; ഇവർക്കിടയിലേയ്ക്ക് എന്തിനാണ് രാമൻ ഇവളെ വലിച്ചിഴച്ചത്?

അനുജന്റെ പരിചരണവും ഭാര്യാസുഖവും അതിനപ്പുറം രാമൻ ലക്ഷ്മണനെയോ, സീതയെയോ കാണുന്നില്ല എല്ലാം വെറും സ്വാർത്ഥത മാത്രം എന്ന് മനസ്സിലാക്കാൻ കാണാമറയത്ത് അവൾക്ക് സുരക്ഷയൊരുക്കി നിഴലുപോലെ പിന്തുടർന്ന ആ അമ്മമനസ്സിനു വേഗം കഴിഞ്ഞു. വിരാധന്റെ ആക്രമണത്തോടെ അവളുടെ ക്ഷമ നശിച്ചു, മറവിൽ നിന്നവൾ ഇറങ്ങിവന്നു, ആ സഹോദർന്മാരോട് തർക്കിച്ചു.

"വനവാസം നിനക്കല്ലേ രാമാ, എന്തിന് നീ ജാനകിയെ കാട്ടിലേയ്ക്ക് കൂട്ടി? എന്തിന് നിന്റെ സ്വാർത്ഥതയ്ക്കായി അവളിൽ ഈ നരകജീവിതം അടിച്ചേൽപ്പിയ്ക്കുന്നു? നീ അവളെ കൊട്ടരത്തിലേയ്ക്ക് മടക്കി അയയ്ക്കുക, അത് അയോദ്ധ്യയോ മിഥിലയോ ആകട്ടേ. അല്ലെങ്കിൽ ഞങ്ങളോടൊപ്പം അയയ്ക്കുക, നീ വധിച്ച ദണ്ഡകാരണ്യത്തിലെ രാജ്ഞി താടകയുടെ കൊട്ടാരത്തിൽ അവൾ ഞങ്ങളുടെ സ്വാമിനിയായി പാർത്ത് കൊള്ളും,നീ വനവാസം കഴിഞ്ഞ് വരുവോളം "

ജേഷ്ഠനെ ന്യായീകരിച്ച അനുജനോട് അവൾ ചോദിച്ചു 

" എങ്കിൽ നിന്റെ പെണ്ണെവിടെ? എന്തിനവളെ കൊട്ടാരത്തിൽ സുഖിയ്ക്കുവാൻ വിട്ട് നീ പോന്നു?"

ക്ഷിപ്രകോപിയായ ആ കുമാരൻ അവൾ ഒരു സ്ത്രീയെന്നോ, വയോധനയെന്നോ ചിന്തിയ്ക്കാതെ മൂക്കും കാതും കരവാളാൽ ഛേദിയ്ക്കുമ്പോൾ ഒരു മഹായുദ്ധത്തിനു കളമൊരുങ്ങുകയായിരുന്നു.

ഭാര്യാബന്ധുക്കളും ജാമാതാവും തമ്മിലുള്ള തർക്കം, പിതാവിനെ ഒരു രാജാവെന്നുള്ള നിലയിലും സഹോദരൻ എന്ന നിലയിലും ഉള്ള കർത്തവ്യ നിർവ്വഹണത്തിനു നിർബ്ബന്ധിതനാക്കി. അഭിമാനസംരക്ഷണത്തിനു മകളെ കൂട്ടിക്കൊണ്ട് വന്ന് സംരക്ഷിയ്ക്കേണ്ടിയും, ഇങ്ങനെ ഒരുവനെ ഇനി മകൾക്ക് ഭർത്താവായി വേണ്ടെന്നും തീരുമാനമെടു ക്കേണ്ടിയും വന്നു.. അത് ശരിയായിരുന്നു എന്ന് യുദ്ധത്തിനു ശേഷമുള്ള സംഭവങ്ങൾ തെളിയിച്ചു, അത് കാണാൻ ആ പിതാവ് ജീവിച്ചിരുന്നില്ലെങ്കിലും.
യുദ്ധത്തിൽ യൗവ്വനത്തോട് പോരാടി വീണ ആ വാർദ്ധക്യത്തെ ആദരിയ്ക്കുവാനും, അനുജനോട് 

“ഇന്ന് ജീവിച്ചിരിയ്ക്കുന്ന ഏറ്റവും വലിയ രാജതന്ത്രജ്ഞൻ ആണീ വീണു പോയത്, നീ അദ്ദേഹം ജീവൻ വെടിയും മുമ്പ് അവ ഗ്രഹിയ്ക്കുക” 

എന്ന് ആവശ്യപ്പെടുവാനും രാമനു മടിയുണ്ടായില്ല. ശത്രുവെങ്കിലും ജാമാതാവിന് രാജ്യതന്ത്രത്തിന്റെ മർമ്മവശങ്ങൾ ഉപദേശിച്ച് ആ മഹാജ്ഞാനി പരലോകം പോകുന്നത് വിധിയെന്ന് ദുഖിയ്ക്കാനും തയ്യാറാകുന്ന രാമൻ സീതയ്ക്ക് പക്ഷേ ആ ഔദാര്യമൊന്നും കൊടുത്തില്ല.

യുദ്ധാനന്തരം സീതയെ നേരിട്ട് കാണുമ്പോൾ രാമനിലെ പുരുഷനല്ല, സ്ത്രീയുടെ ഉടമയാണുയരുന്നത്. യുദ്ധകാണ്ഡം സർഗ്ഗം 115 - രാമനിലെ സംശയരോഗം ബാധിച്ച ഭർത്താവിൽ നിന്ന് പച്ചയായി പുറത്തുവന്ന വാക്കുകൾ "പുരുഷാവാക്യം അതോ പരുഷമോ?" എന്ന് നമ്മൾ പാടിപ്പുകഴ്ത്തുന്നു.

അശോകവനിയിൽ നിന്നും വിഭീഷണനോടൊപ്പം തന്റെ അരികിലെത്തിയ സീതയോട് രാമൻ  പറയുന്നു

"സ ബദ്ധ്വാ ഭ്രുകടീം വക്ത്രേ തിയ്യക്ക് പ്രേക്ഷിതലോചന:
അബ്രവീത് പരുഷം സീതാം മദ്ധ്യേ വാനര രാക്ഷസാം"

( അദ്ദേഹം മുഖത്തിൽ പുരികം ചുളിച്ച്, നോട്ടത്തെ തിരിച്ചും കൊണ്ടും വാനരന്മാരുടെയും രാക്ഷസന്മാരുടെയും നടുവിൽ വച്ച് സീതയോട് ഇപ്രകാരം "പരുഷ" വാക്കുകൾ പറഞ്ഞു. ഇതിനെ പിന്നീട് "പുരുഷവാക്യം" എന്ന് വ്യാഖ്യാനിയ്ക്കപ്പെട്ടു)

"വിദിതശ്ചാസ്തു തേ ഭദ്രേ യോടയം രണപരിശ്രമ:
സ തീർണ്ണ: സുഹൃദാം വീര്യാർന്ന ത്വദർത്ഥം മയാ കൃത:
രക്ഷതാ തു മയാ വൃത്തമപവാദം ച സർവ്വശ:
പ്രഖ്യാതസ്യാത്മവംശസ്യ ന്യംഗം ച പരിമാർജ്ജതാ"

( നീ ഇത് മനസ്സിലാക്കിയാലും.. രഘുവംശത്തിന്റെ മാനം രക്ഷിയ്ക്കുവാൻ വേണ്ടി മാത്രമാണു രാവണനെ വധിച്ചത്, നിനക്ക് വേണ്ടിയല്ല ഞാനത് ചെയ്തത് (ത്വദർത്ഥം മയാ കൃത); വീണ്ടെടുക്കേണ്ടിയിരുന്നത് നിന്നെയല്ല, നഷ്ടപ്പെട്ട അഭിമാനമായിരുന്നു, അത് ഞാൻ നേടിക്കഴിഞ്ഞു ".)

"പ്രാപ്ത ചാരിത്ര സന്ദേഹാ മമ പ്രതിമുഖേ സ്ഥിതാ 
ദീപോ നേത്രാതുരസ്യേവ പ്രതികൂലാസി മേ ദൃഢം"

( എന്റെ കണ്മുന്നിൽ ചാരിത്യ്രത്തിനു സംശയം നേരിട്ടവളായി നിൽക്കുന്ന നീ ഒരു നേത്രരോഗിയ്ക്ക് വിളക്ക് എപ്രകാരം ശല്യമാകുന്നുവോ അത്രയ്ക്ക് വേണ്ടാത്തവൾ ആണ് ) ( ഇവിടെ ദേഷ്യത്താൽ രാമൻ സ്വയമറിയാതെ താൻ രോഗിയും (സംശയ) സീത ദീപം പോലെ ശുദ്ധയും ആണെന്ന് വെളിപ്പെടുത്തുന്നു)

ഇനി നീ ഇഷ്ടം പോലെ എവിടെങ്കിലും പൊയ്ക്കൊൾക. പത്തു ദിക്കിലെവിടെയെങ്കിലും. ശ്ലോകം 18

വേറൊരു വീട്ടിൽ‌പ്പോയി വസിച്ചവളെ ഏതു കുലീനൻ തിരിച്ചെടുക്കും? ശ്ലോകം 19

അകാശമാർഗ്ഗേ പുഷ്പ്പക വിമാനത്തിൽ രാവണന്റെ മടിയിൽ കയറി ഇരുന്നവൾ നീ... ശ്ലോകം 20

"ഇതി പ്രവ്യാഹൃതം ഭദ്രേ മയൈതത് കൃതബുദ്ധിനാം
ലക്ഷ്മണേ ഭരതേ വാ ത്വം കുരു ബുദ്ധീം യഥാസുഖം"

(ഭരതനേയോ ലക്ഷ്മണനേയോ ഭർത്താ‍വാക്കി സുഖമായി ജീവിയ്ക്കുക)

"സുഗ്രീവേ വനരേന്ദ്രാ വാ രാക്ഷസേന്ദ്ര വിഭീഷണേ 
നിവേശയ മന: സീതേ യഥാ വാ സുഖാത്മന:"

അല്ലെങ്കിൽ സുഗ്രീവനേയോ വിഭീഷണനേയോ സമീപിച്ച് സുഖിച്ചുകൊള്ളാനാണ് തുടർന്ന് ഉപദേശിയ്ക്കുന്നത്. 

തനിയ്ക്ക് സ്വീകാര്യമല്ലാത്തതിനെ അനുജന്മാർക്ക് സമർപ്പിച്ച് അവരെ അപമാനിച്ച് തന്റെ ഔന്നത്യബോധം സ്വയം പ്രകടിപ്പിയ്ക്കുന്നതിതാദ്യമല്ല.

ചിതയൊരുക്കി ആത്മാഹൂതിയ്ക്ക് സീതയെ ലക്ഷ്മണൻ സഹായിയ്ക്കുമ്പോൾ, അന്യഗ്രഹത്തിൽ വസിച്ച ഇവളോടൊപ്പം ഇതങ്ങൊഴിയട്ടേ മട്ടിൽ അനുവാദം നല്കുന്ന രാമനു വളരെ വേഗം മറ്റുചിലതലട്ടുന്നു. തിരികെ അയോധ്യയിലെത്തുമ്പോൾ സീത കൂടെയില്ലെങ്കിൽ രാവണ-ലങ്കാവിജയങ്ങൾക്ക് വിലയോ വിശ്വാസ്യതയോ ഉണ്ടാകില്ല, 

ജീവിച്ചിരിയ്ക്കുന്ന തെളിവാണ് സീത, അതിനാൽ അഗ്നിയിൽ നിന്നും സീതയെ അനുനയിപ്പിച്ച് സ്വന്തം സ്വാർത്ഥതയുടെ പൂർത്തീകരണത്തിനായി, തൽക്കാലത്തെ മാനരക്ഷ്യ്ക്ക് ശേഷം ഉപേക്ഷിയ്ക്കാൻ ഒരു കാരണം വന്നുചേരുമെന്ന ഉത്തമ ബോദ്ധ്യത്തിൽ പുർഷോത്തമൻ അവളെ അയോദ്ധ്യയിലേയ്ക്ക് കൂടെ കൂടെ കൂട്ടുന്നു.

(ആദ്യഭാഗങ്ങൾ പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരുടെ കീമയണത്തിൽ നിന്നും, അവസാനഭാഗം വാത്മീകി രാമായണത്തിൽ നിന്നും)

Friday, July 21, 2017

മാ... നിഷാദ

സരയൂ ശാന്തമായി ഒഴുകുന്നു...

ഒരു കാലത്ത് നദിയുടെ ഇരുകരകളെയും ഉൾക്കൊണ്ട് ഒന്നായിരുന്ന മഹാരാജ്യം ഇന്ന് നദിയ്ക്കിരു കരകളിലായി രണ്ടായി പിരിഞ്ഞിരിക്കുന്നു; അതിന്റെ പ്രകമ്പനമൊന്നും അറിയാതെ സരയൂ ഒഴുകുന്നു....

രക്തച്ചൊരിച്ചിൽ കൂടാതെ ഒരു വിഭജനം, പിളർന്ന് മാറുന്ന വേദനയിലും അതൊരാശ്വാസം തന്നെ... ആ പിടച്ചിലും, കുളിർമ്മയുമറിയാതെ സരയൂ ഒഴുകുന്നു...

അകലെ മറുകരയിൽ ദണ്ഡകാരണ്യത്തിൽ എവിടെയോ സൂര്യൻ തന്റെ യാത്രയാവസാനിപ്പിയ്ക്കുവാൻ ഇടം തേടുന്നു... പ്രദോഷരശ്മികളിൽ തങ്കപ്പുടവ ചുറ്റി സുന്ദരിയായി സരയൂ ഒഴുകുന്നു... 
  
കുളിരലകളാൽ തഴുകിയൊഴുകുന്ന സരയുവിൽ മുട്ടോളം ജലനിരപ്പിൽ സാരയുവിന്റെ ഒഴുക്കിനെ അതിശയിപ്പിയ്ക്കുന്ന ഓർമ്മകളുടെ കുത്തൊഴുക്കുമായി രത്‌നാകരൻ നിന്നു....

ശ്രവസ്തിയിൽ ലവമഹാരാജൻ സിംഹാസനാരൂഢനായി കഴിഞ്ഞിട്ട് നാളുകളായി, കേകേയം മുതൽ സാകേതം വരെ നീളുന്ന രാജ്യത്തിന് നാഥനായി.

ഇന്നിതാ കുശവസ്തിയിൽ കുശമഹാരാജനും പട്ടാഭിഷേകം നടന്നിരിയ്ക്കുന്നു. മഗധയും, മിഥിലയും, കാശിയും, ദക്ഷിണ കോസലവും ചേർന്ന മഹാരാജ്യത്തിന് അധിപനായിരിയ്ക്കുന്നു.

എത്ര പെട്ടെന്നാണ് കാലം പ്രവഹിയ്ക്കുന്നത്! ഇതേ സാരയുവിന്റെ തീരത്ത് ആ ആശ്രമത്തിൽ ഉയർന്ന് കേട്ട രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ആദ്യ രോദനം ഇന്നലെ കഴിഞ്ഞത് പോലെ കർണ്ണപുടങ്ങളിൽ മുഴങ്ങുന്നു.

ഇക്ഷ്വാകു വംശത്തിന് അലങ്കാരങ്ങൾ ആയി.. അതികായന്മാരും യുദ്ധവീരന്മാരായി... അജനും, രഘുവിനും, രാഘവനും ചേർന്ന പിൻഗാമികളായി വളർന്ന ആ കുഞ്ഞുങ്ങൾ ഇന്ന് ജനകോടികൾ വണങ്ങുന്ന മഹാരാജാക്കന്മാർ ആയിരിയ്ക്കുന്നു..

സരയൂ ഒഴുകുന്നു ... അതൊന്നും അറിഞ്ഞതായ ഭാവലേശമന്യേ.. ...

ഈ നദിയുടെ ഉയരങ്ങളിൽ.. അങ്ങ് സാകേതത്തിനു സമീപം വലിയ നീർച്ചുഴി കാണുന്ന ഗർത്തത്തിലാണ് ലക്ഷ്മണൻ ജീവത്യാഗം ചെയ്തത്; അതേ കയത്തിൻറെ ആഴങ്ങളിലാണ് ശ്രീരാമചന്ദ്രൻ സ്വയം നടന്നിറങ്ങി ആഴ്ന്ന് പോയതും...

സാരയുവിന്റെ തനുവിൽ നിറയെ നീർച്ചുഴികളുണ്ട്; അങ്ങകലെ കാണുന്ന ആ ചുഴിയും താരതമ്യേന വലിയതും, അപകടകാരിയുമാണ്. ഒഴുക്കിന്റെ വേഗത്തിൽ ആ ചുഴി വലുതായിരിയ്ക്കുന്നു, ഇരുകരകളോളം അലകൾ സൃഷ്ടിച്ച് സരയൂ രണ്ടായി ചമഞ്ഞ് രാജ്യവിഭജനത്തെ പരിഹസിയ്ക്കുന്നു... മോദിയിളക്കി കരകളെ ഇക്കിളിയാക്കി ചിരിപ്പിച്ചും സ്വയം ചിരിച്ചും അങ്ങ് താഴെ വനമേഖലയിലേയ്ക്ക് ഒഴുകി മറയുന്നു. 
  
കോസലരാജ്യം പണ്ടും രണ്ടായിരുന്നു. ഉത്തര കോസലവും ദക്ഷിണ കോസലവും എന്നിങ്ങനെ രണ്ട് രാജ്യങ്ങൾ..

സരയൂനദിക്കരയിലെ അയോദ്ധ്യ തലസ്ഥാനമായ ഉത്തര കോസലം സൂര്യനെ ഭരദേവതയായി ആരാധിച്ചു വന്ന നല്ലവരായ ജനങ്ങളും, സൂര്യാരാധനയാൽ "സൂര്യവംശം" എന്ന് പുകഴ്‌പെറ്റ നീതിമാന്മാരായ രാജാക്കന്മാരും, അവർക്കൊത്ത അമാത്യന്മാരുമുള്ള ഒരു ചെറിയ നാട്ടുരാജ്യമായിരുന്നു.

രഘുവംശത്തിലെ പിന്മുറക്കാരനായ ദശരഥൻ ആദ്യവിവാഹത്തിലൂടെ ദക്ഷിണകോസലത്തിലെ രാജകുമാരിയെ വിവാഹം കഴിച്ചതോടെ കോസലം താരതമ്യേന വലിയ രാജ്യമായി. എങ്കിലും കേകേയവും, മിഥിലയും, കാശിയും കോസലത്തിനൊപ്പം വലിപ്പമുള്ളവയും, മഗധ അൽപ്പം വിസ്‌തൃതിയും പ്രതാപവും കൂടിയതുമായി നിലനിന്നു. 

നിമിയെന്ന രാജാവിന്റെ ഭരണം ആരംഭിച്ച കാലത്തെ തന്റെ ബാല്യം ഓർത്തെടുക്കാൻ രത്‌നാകരൻ ഒന്ന് പരിശ്രമിച്ചെങ്കിലും ചില മങ്ങിയ ദൃശ്യങ്ങളും, സാകേതത്തിലെയും, പാടലീപുത്രത്തിലെയും, തക്ഷശിലയിലെയും പഠനകേന്ദ്രങ്ങളിൽ വിദ്യ അഭ്യസിയ്ക്കാൻ തന്നെ നിർബ്ബന്ധിയ്ക്കുന്ന ശബ്ദങ്ങളല്ലാതെ പിതാവിന്റേയും മാതാവിന്റേയും മുഖങ്ങൾ ഓർത്തെഴുക്കാൻ കഴിഞ്ഞില്ല. 

അല്ലെങ്കിലും ആ ഏഴുമഹർഷികൾ പറഞ്ഞ കഥയിലെ പ്രചേതയും വിഭാവരിയും അഗ്നിശർമ്മനും തനിയ്ക്ക് അന്യരാണല്ലോ? ജന്മം നൽകിയവർ ഓർമ്മ ഉറയ്ക്കാത്ത പ്രായത്തിൽ തന്നെ വിട പറഞ്ഞല്ലോ? വന്യമൃഗങ്ങളുടെ ഭക്ഷണമാകാതെ രക്ഷിച്ച നിഷാദനും പത്‌നിയും നൽകിയ രത്‌നാകരൻ എന്ന പേരും സ്നേഹവും മാത്രമാണ് ഓർമ്മകളിൽ ഉള്ളത്. നിഷാദനായ വളർത്തച്ഛൻ വനജീവിതവും, വേട്ടയും മാത്രമല്ല പഠിപ്പിച്ചത്, നിഷാദപ്രമുഖന്റെ സുഹൃത്ത് ബന്ധത്തിന്റെ ബലത്തിൽ പ്രമുഖവിദ്യാകേന്ദ്രങ്ങളുടെ പടിവാതിലും തനിയ്ക്ക് മുന്നിൽ തുറക്കപ്പെട്ടു.

പഠനവും വളർത്തിയ മാതാപിതാക്കളെയും ഉപേക്ഷിച്ചതിന് ശേഷം, പൂർണ്ണ സ്വാതന്ത്ര്യത്തിന്റെ നാളുകളിൽ ഉല്ലാസമായി നടക്കാൻ ലഭിച്ച ചില കൂട്ടുകാരുടെ മുഖങ്ങൾ അവ്യക്തമായി തെളിഞ്ഞു വന്നു. അവരോടൊപ്പം ആദ്യമായി നടത്തിയ മോഷണം എന്തിനായിരുന്നു?

ആദ്യത്തെ പിടിച്ച് പറിയ്ക്കൽ, ആദ്യത്തെ കൊല ഇവയൊക്കെ മനസ്സിലേയ്ക്ക് കടന്ന് വരുമ്പോൾ കൂടെ അവനുണ്ട് രുദ്രകീർത്തി; ഇരകളുടെ പേടിച്ചരണ്ട കണ്ണുകളിലെ ദൈന്യത അന്നും ഇന്നും മനസ്സിൽ ദുഃഖം നിറയ്ക്കുമ്പോൾ.. അന്ന് അതിനെ മറികടക്കാൻ കൂടുതൽ പ്രോത്സാഹനം നൽകിയ അവന്റെ കണ്ണുകളിലെ അഗ്നി അകലെ ആശ്രമമുറ്റത്തെരിയുന്ന ആ കെടാവിളക്കിൽ ഇപ്പോഴും ജ്വലിയ്ക്കുന്നുവോ? 

കന്യാകുബ്ജത്തിനും സാകേതത്തിനും ഇടയിലെ നിബിഢമായ നൈമിഷികാരണ്യം തസ്‌ക്കരന്മാർക്കും കൊള്ളക്കാർക്കും അനുയോജ്യമായ ഒളിത്താവളം തീർത്ത് തന്നിരുന്നു.രാജ്യങ്ങളുടെ അതിർത്തി തർക്കങ്ങളും, ചെറു കലഹങ്ങളും ആ പ്രദേശത്തെ ഒറ്റപ്പെടുത്തി, ഒരു രാജ്യത്ത് നിന്ന് പുറപ്പെട്ട വ്യാപാരികളും, സഞ്ചാരികളും അടുത്ത രാജ്യത്ത് ഈ വഴി എത്തിച്ചേർന്നോ? എന്നാർക്കും തിരക്കാൻ താൽപ്പര്യം ഉണ്ടായിരുന്നില്ല.

രത്‌നാകരൻ കൊള്ളക്കാരുടെ നേതാവായിരുന്നു, രാജ്യത്തിന് പുറത്ത് പോയി കൊന്നും കൊള്ളയടിച്ചും കിട്ടുന്ന സമ്പത്തിൽ ആറാടി അയോദ്ധ്യയിൽ സസുഖം കുടുംബമായി വാണിരുന്ന കാലം....

മഹാരാജാവ് ദശരഥൻ നാട് നീങ്ങിയെന്ന വാർത്ത രത്‌നാകരനെ അലട്ടിയില്ല.. കുറച്ച് നാൾ മുമ്പ് ജേഷ്ഠ രാജകുമാരൻ ശ്രീരാമന് യുവരാജാവായി അഭിഷേകം നിശ്ചയിച്ചത് നഗരത്തിലെ അലങ്കാരങ്ങൾ കണ്ടാണ് അവനറിഞ്ഞത്. ഇളയരാജ്‌ഞി കൈകേയിയും തോഴി മന്ഥരയും ചേർന്ന് അത് മുടക്കിയെന്നും രാജകുമാരനെ ഭാര്യാസമേതനായി 14 വർഷത്തേയ്ക്ക് വനവാസത്തിനയച്ചു എന്നും പിന്നീടറിഞ്ഞു. കാശിരാജകുമാരി സുമിത്രയുടെ മകൻ ലക്ഷ്മണനും അവരോടൊപ്പം വനത്തിൽ പോയത്രേ..

കെകെയത്തെ രാജ്ഞിയുടെ മകൻ ഭാരതനാണത്രെ ഇനി യുവരാജാവാകുക. അയാൾക്ക് തുണയായി സുമിത്രയുടെ മറ്റൊരു മകൻ ശത്രുഘ്നനും...

രാമൻ വനവാസിയായതിന് പിന്നാലെ രാജാവ് നാട് നീങ്ങി, യുവരാജാവായ ഭരതൻ ഇനി മഹാരാജാവാകും എന്ന വാർത്ത കൊണ്ട് വന്നത് രുദ്രകീർത്തി ആയിരുന്നു.. പിന്നീട് ഉറക്കെ ചിരിച്ച് കൊണ്ടവൻ പറഞ്ഞു... "

സാകേതം വാഴുന്നത് നിമിയായാലെന്ത്? രാമനായാലെന്ത്? ഭാരതനായാലെന്ത്? നൈമിഷികാരണ്യം നമുക്ക് സ്വന്തം..ഇവിടെ രത്‌നാകരൻ മഹാരാജാവ് .. അല്ല... കവർച്ചക്കാരുടെ സാർവ്വഭൗമൻ"

പിന്നീട് കേട്ട വാർത്തകൾ അപായസൂചനകൾ നിറഞ്ഞവ മാത്രമായിരുന്നു..

ഭാരതകുമാരൻ വനത്തിലെത്തി ജേഷ്ഠനെ സന്ദർശിച്ച്, പാദുകം വാങ്ങി വന്ന് അതിനെ പട്ടാഭിഷേകം ചെയ്ത്, ശ്രീരാമന്റെ പ്രതിനിധിയായി രാജ്യം ഭരിയ്ക്കുന്നു എന്നതാണാദ്യം.. അന്നും രുദ്രൻ അട്ടഹസിച്ചു..ഒരു വ്യാഴവട്ടത്തിലേറെ ഭരണം ലഭിച്ച പാദരക്ഷയെ ഓർത്ത്... ഭരതനെ "വിഡ്ഢി" എന്ന് പരിഹസിച്ച് ..

രാമരാജ്യം എന്ന ഭരതന്റെ സങ്കല്പം അത്ര വിഡ്ഢിത്തം അല്ലെന്ന് താമസിയാതെ മനസ്സിലായി തുടങ്ങി. തസ്‌ക്കരന്മാർ ഓരോരുത്തരായി തടവറയിൽ ആക്കപ്പെട്ടു. കൊള്ളക്കാരെ കൊന്നൊടുക്കിത്തുടങ്ങി. രാജ്യങ്ങൾ തമ്മിൽ ആശയവിനിമയം ഉണ്ടായി.. വ്യാപാരികളും, വാണിഭക്കാരും, സഞ്ചാരികളും, സാർത്ഥവാഹക സംഘങ്ങളുമെല്ലാം സേനകളുടെ നിരീക്ഷണത്തിനും അകമ്പടിയിലുമായി സഞ്ചാരം..

വരുമാനം ഇല്ലാതായി എന്ന് തന്നെ പറയാം.. എന്തെങ്കിലും കാര്യമായ കവർച്ച ചെയ്യണം എന്ന ആശയത്തിൽ രുദ്രൻ നിരന്തരം അലോരസപ്പെടുത്തിയപ്പോഴാണ് ചെറുസേനയുടെ അകമ്പടിയിൽ വന്ന 7 പേരടങ്ങിയ ഋഷിമാരുടെ ആ സംഘത്തെ കൊള്ളയടിയ്ക്കാൻ തീരുമാനമെടുത്തത്..

പ്രതീക്ഷകൾക്ക് വിപരീതമായ പോരാട്ടമാണ് നടത്തേണ്ടി വന്നത്, ഋഷിമാർ 7 പേരെയും ഒറ്റപ്പെടുത്തി വനാന്തർഭാഗത്ത് എത്തിച്ചെങ്കിലും, സൈന്യത്തോടേറ്റുമുട്ടിയ സഹകവർച്ചക്കാർ ഒന്നൊന്നായി കൊല്ലപ്പെട്ടു, ഒടുവിൽ രുദ്രകീർത്തിയും...

ഈ ഋഷിമാരിലൂടെ സൈന്യം തന്നെ കണ്ടെത്തും എന്ന തിരിച്ചറിവിലും, തനിയ്ക്കിനി കൂട്ടുകാരില്ല എന്ന ദുഖത്തിലും ആ ഋഷിമാരെ വധിയ്ക്കുവാനാണ് ആദ്യം തീരുമാനമെടുത്തത്. ഊരിപ്പിടിച്ച ഘട്ഗവുമായി അതിനൊരുങ്ങവേയാണ് തന്റെ ഗ്രാമത്തിലെ ചില സൈനികരുടെ "രത്‌നാകരാ പുറത്ത് വരൂ.. കീഴടങ്ങൂ" എന്ന ആജ്ഞകൾ കേട്ട് തുടങ്ങിയത്. താൻ തിരിച്ചറിയപ്പെട്ടിരിയ്ക്കുന്നു, ഇനിയെന്ത്?

ഭയന്ന് വിറച്ച് നിന്നിരുന്ന ഋഷിമാരുടെ കണ്ണുകളിലെ ദൈന്യത ആണോ?.. സ്വന്തം സ്ഥിതിയിലെ അപകടമോ അവനെ കൊണ്ടിപ്രകാരം പറയിച്ചു..

"ആ സൈനികരുടെ ശബ്ദം കേൾക്കുന്ന ദിക്കിലേക്ക് പോകൂ.. അവർ നിങ്ങളെ സുരക്ഷിതമായി സാകേതത്തിലെത്തിയ്ക്കും" 

താണുവണങ്ങി ഓടിമറയുന്ന ഋഷിമാരെ ശ്രദ്ധിയ്ക്കാൻ രത്‌നാകരന് സമയമുണ്ടായിരുന്നില്ലല്ലോ.. മറുഭാഗത്തെ വഴിയിലൂടെ അയാൾ കോസലത്ത് പ്രവേശിച്ച് സാകേതത്തിലെ സ്വന്തം വീട്ടിലെത്തി.

പതിവില്ലാത്ത സമയത്തും അവസ്ഥയിലും അവനെ കണ്ട പത്നിയും മകനും കാര്യം തിരക്കി. അവനവരോട് സംഭിവിച്ചത് മുഴുവൻ പറഞ്ഞു, ഒപ്പം സഹായവും അഭ്യർത്ഥിച്ചു. ഇനി എന്നെ ഒളിവിൽ കഴിയാൻ നിങ്ങൾ വേണം സഹായിയ്ക്കാൻ...

ഭയന്ന് വിറച്ച ഭാര്യയും മകനും അതിന് തയാറായില്ല.

"നിങ്ങൾക്കറിയില്ല രാമരാജ്യത്തെ ഭാരതകുമാരന്റെ രീതികൾ, ഞങ്ങളെ ആവും ആദ്യം വധിയ്ക്കുക, നിങ്ങൾ ഇവിടെ നിന്നാൽ ഞങ്ങൾക്കും ആപത്താണ്, അതിനാൽ വേഗം എങ്ങോട്ടെങ്കിലും പോകൂ.."

ഭാര്യയുടെ വാക്കുകൾ കേട്ട രത്‌നാകരൻ ഞെട്ടലോടെ ചോദിച്ചു

"ഞാനിതൊക്കെ ചെയ്തത് നിങ്ങൾക്ക് കൂടി വേണ്ടിയല്ലേ?"

" നിങ്ങൾ ഈ നാട്ടിലെ ഒരേയൊരു കുടുംബനാഥൻ അല്ലല്ലോ? മറ്റുള്ളവരും കുടുംബം പുലർത്തുന്നുണ്ട്, അവർ കൊന്നും കൊള്ളയടിച്ചുമല്ലല്ലോ ഇതൊക്കെ ചെയ്യുന്നത്? അവർക്കും നിങ്ങൾക്കും കടമ ഒന്നുതന്നെ ആയിരുന്നു, മാർഗ്ഗം അത് നിങ്ങൾ തിരഞ്ഞെടുത്തതാണ്... അതിലെ പാപവും, അനർത്ഥങ്ങളും നിങ്ങൾ തന്നെ സ്വയം അനുഭവിയ്‌ക്കേണ്ടി വരും"

ഭാര്യയുടെ മറുപടി മുഴുവൻ കേൾക്കാൻ നേരവും അവസരവുമുണ്ടായിരുന്നില്ല; തന്റെ വീട് തേടിവരുന്ന സൈനികരുടെ കുതിരക്കുളമ്പടി അങ്ങ് ദൂരെയായി അവന്റെ കാതുകളിൽ കേട്ട് തുടങ്ങിയിരുന്നു.

ലൗകികബന്ധങ്ങളുടെ കെട്ടുപാടുകൾ ഭേദിച്ച് അവൻ കുതിച്ചു... കോസലം കടന്ന്... നൈമിഷികാരണ്യത്തിലേയ്ക്ക്... പോകുന്ന വഴിയിൽ അവൻ ദൂരെയായി സൈനികരോടൊപ്പം നടന്ന് നീങ്ങുന്ന ആ സപ്തഋഷിമാരെ ശരത്പൗർണ്ണമിയുടെ നിലാവിൽ അവ്യക്തമായി കണ്ടു.

പലായനത്തിന്റെ നാളുകൾ.. പിടികൂടാനോ വധിയ്ക്കുവാനോ ഉള്ള ഉത്തരവിൽ വെറിപൂണ്ട സൈനികരുടെ തിരച്ചിലിൽ നിന്നും തലനാരിഴയ്ക്കുള്ള രക്ഷപ്പെടലുകൾ... കാനനത്തിലെ ഫലമൂലാദികൾ കഴിച്ച് വന്യമൃഗങ്ങളോടൊപ്പം ഒളിവിലെ വനജീവിതം..

ഇതിന് മുമ്പ് സ്വന്തം ഗതകാലത്തിലേയ്ക്ക് ആദ്യ തിരിഞ്ഞ് നോട്ടം നടത്തിയ കാലം.... തെറ്റുകുറ്റങ്ങളുടെ കണക്കെടുപ്പിന്റെ കാലം.. സ്വയം കുറ്റപത്രമെഴുതിയ ദിനങ്ങൾ .... ജടയും താടിയുമായി ശരീരം പ്രാകൃതമാകുമ്പോഴും മനസ്സ് ശുദ്ധീകരിയ്ക്കപ്പെട്ട നാളുകൾ...

ഇരുളിലും ഒളിവിലും മനസ്സുമാത്രമല്ല ശുദ്ധീകരിയ്ക്കപ്പെട്ടത്, പുറത്ത് നൈമിഷികാരണ്യവും കള്ളന്മാരെയും കൊള്ളക്കാരെയും തീർത്തുമില്ലാതാക്കി ശുദ്ധമാക്കിയിരിയ്ക്കുന്നു.... വ്യാപാരികളും, സഞ്ചാരികളും ഭയമില്ലാതെ... സൈനികരുടെ അകമ്പടിയില്ലാതെ, കാനനം താണ്ടി പോയി തുടങ്ങിയിരിയ്ക്കുന്നു രാപകൽ ഭേദമില്ലാതെ.

പിടികിട്ടാനുള്ള കൊടുംകുറ്റവാളി രത്‌നാകരന് വേണ്ടി തിരച്ചിൽ അപ്പോഴും തുടർന്ന് കൊണ്ടെയിരുന്നതിനാലും, പിടികിട്ടിയാൽ വധശിക്ഷ ഉറപ്പായിരുന്നതിനാലും മാറിമാറി ഒളിച്ച സങ്കേതങ്ങൾക്ക് പുറത്തിറങ്ങനോ ഗ്രാമനഗരങ്ങളിൽ കടക്കുവാനോ സാധിച്ചതുമില്ല.

എങ്ങനെയും രക്ഷപ്പെടണം എന്ന ചിന്തയിൽ കഴിയവേ... ആ കാഴ്ച്ച വീണ്ടും കണ്ടു .... അവർ.. സപ്തഋഷിമാർ കാനനത്തിലൂടെ കന്യാകുബ്‌ജം ലക്ഷ്യമാക്കി നടന്ന് നീങ്ങുന്നു.

വനത്തിലെ ഇരുളിലൂടെ ഓടി അവരോടൊപ്പമെത്തി സഹായമഭ്യർത്ഥച്ചു. ആദ്യം അവർ അവനെ തിരിച്ചറിഞ്ഞില്ല, പിന്നീട് മനസ്സിലായപ്പോൾ അവർക്കിടയിൽ തർക്കങ്ങൾ ഉടലെടുത്തു. കശ്യപനും, വസിഷ്ഠനും, ഗൗതമനും ഒരു ഭാഗത്ത്, അവർ സൈനികരെ വിളിച്ച് ഈ കൊടുംകുറ്റവാളിയെ ഏൽപ്പിയ്ക്കണമെന്നും ശിക്ഷിപ്പിയ്ക്കണമെന്നും വാദിച്ചു. വിശ്വാമിത്രനും ജമദഗ്നിയും, ഭരദ്വാജനും മറുഭാഗത്ത്; ഇപ്പോൾ മാനസാന്തരം വന്നതിനാൽ സന്യാസം സ്വീകരിയ്ക്കട്ടെ, ഋഷിമാരുടെ പൂർവ്വാശ്രമം അന്വേഷിയ്ക്കുന്ന കീഴ്വഴക്കം ഇല്ലെന്നുമവർ വാദിച്ചു. വാദങ്ങൾ തുല്യമായതിനാൽ ഏഴാമൻ അത്രി മഹാഋഷി ഇടപെട്ടു. അന്നൊരിയ്ക്കൽ തങ്ങളെ വധിയ്ക്കാതെ വിട്ട ആളാണിത്, ഇപ്പോൾ വൈരാഗ്യമണഞ്ഞ് പക്വതയും വന്നിരിയ്ക്കുന്നു, ഇനി തപസ്സ് അനുഷ്ടിയ്ക്കട്ടെ..

പുരാതന ഖണ്ഡൽമരങ്ങളുടെ അവശിഷ്ടങ്ങളുടെ മുകളിൽ മലകൾ പോലെ വളർന്ന നൈമിഷികാരണ്യത്തിലെ ചിതൽപുറ്റുകൾക്കിടയിൽ തപസ്സനുഷ്ടിച്ച് കൊള്ളുക, അവിടെ വേറെയും സന്യാസിമാർ ശാന്തത തേടി തപം അനുഷ്ഠിയ്ക്കുന്നുണ്ട്. ഒരിടം രത്‌നാകരനും കണ്ടെത്താവുന്നതേയുള്ളൂ.

"പക്ഷെ നിരന്തരം തിരച്ചിൽ നടത്തുന്ന സൈനികർ കണ്ടെത്തിയാൽ?" സംശയം ഉന്നയിയ്ക്കാതിരിയ്ക്കാനായില്ല..

അതിന് മുൻ രാജാവായിരുന്ന ഋഷി വിശ്വാമിത്രൻ ഉത്തരം പറഞ്ഞു

" രത്‌നാകരാ.. നീ സമാധാനമായി, ഏകാഗ്രതയോടെ, സധൈര്യം തപസ്സനുഷ്ടിച്ച് കൊള്ളൂ.. ഈ രൂപത്തിൽ നിന്നെ ആരും തിരിച്ചറിയാൻ പോകുന്നില്ല. ഇനി സമീപത്തേയ്ക്ക് ആരുടെയെങ്കിലും പദചലന ശബ്ദം കേൾക്കുന്നുവെങ്കിൽ "രാമ രാമ" എന്നുറക്കെ ജപിച്ച് കൊണ്ടെയിരിയ്ക്കൂ.... ആരും നിന്നെ ശല്യപ്പെടുത്തില്ല, ഇനി അവർ നിന്നെ തിരിച്ചറിഞ്ഞാൽ പോലും!"

ആ യുക്തി വസിഷ്ഠന് അത്ര ദഹിച്ചില്ല, പതിവ് പോലെ അവർക്കിടയിൽ തർക്കം ഉടലെടുക്കും മുമ്പേ അത്രി മഹർഷി ഇടപെട്ടു...

" അതിൽ യുക്തി ഉണ്ട്, രാമനെ കാട്ടിലയച്ച് രാജ്യം നേടിയെന്ന അപഖ്യാതി തീർക്കാൻ ഊണിലും ഉറക്കത്തിലും ജാഗരൂകനായിരിയ്ക്കുന്ന പാദുകദാസൻ ഭാരതകുമാരൻ "രാമഃ നാമം" ജപിയ്ക്കുന്നത് മുടക്കുവാൻ ശ്രമിയ്ക്കുകയില്ല"

മുനിവസിഷ്ഠൻ വീണ്ടും തടസ്സവാദം ഉന്നയിയ്ക്കാൻ ശ്രമിച്ചെങ്കിലും, അത്രി മഹർഷി മറ്റുള്ളവരെയും കൂട്ടി നടന്ന് തുടങ്ങിയിരുന്നു; എന്തൊക്കെയോ പിറുപിറുത്ത് പിന്നാലെ വസിഷ്ഠമുനിയും.. 
  
"ഒന്ന് ചിന്തിച്ചാൽ ഈ കാണുന്നതെല്ലാം അപരബ്രഹ്മം തന്നെ; അപ്പോൾ വിശ്വാമിത്രനും, രാമനും, ഈ നിഷാദബ്രഹ്മണനും വിഷ്ണു തന്നെ... അഗോചരഗോചരമായി സ്ഥിതിയുള്ള എന്തിന്റെ പേരും മന്ത്രം തന്നെ.."

ഈ പിറുപിറുക്കൽ ഇന്നും കാതിലുണ്ട്, അർത്ഥം ഏറെ കാലം കഴിഞ്ഞാണ് ഗ്രഹിച്ചതെങ്കിലും!

പിന്നീട് നിരന്തരമായ രാമജപത്തോടെ തപസ്സ്... വാത്മീകങ്ങൾക്കിടയിലെ ആ ജീവിതം അവസാനിപ്പിച്ചത് അതെ സപ്തഋഷികൾ വീണ്ടുമെത്തിയാണ്. അവർ തന്നെ "വാത്മീകി" എന്ന നാമവും ആശ്രമത്തിനുള്ള സ്ഥലവും നിശ്ചയിച്ചു നൽകി.


നൈമിഷികാരണ്യത്തിൽ ഒരിയ്ക്കൽ കൊള്ളയും കൊലയും നടത്തി രക്തം ചീന്തിയ അതെ സരയൂ നദിയുടെ കരയിൽ തന്നെ പുതിയജന്മം ജീവിയ്ക്കാൻ ഒരാശ്രമം..

ആ ആശ്രമജീവിതം അര വ്യാഴവട്ടം പൂർത്തിയാക്കിയ കാലത്താണ് ശ്രീരാമചന്ദ്രൻ രാവണനെ വധിച്ച്,  ലങ്കയെ ജയിച്ച്, വനവാസം അവസാനിപ്പിച്ച് തിരിച്ചെത്തിയത്. പിന്നീട് പാദുകങ്ങൾക്ക് പകരം ശ്രീരാമപട്ടാഭിഷേകം.. ആദരവോടെ ക്ഷണിയ്ക്കപ്പെട്ട അതിഥിയായി പങ്കെടുത്തതോടെ പൂർവ്വാശ്രമം പൂർണ്ണമായി മനസ്സിലും ജനങ്ങളിലും നിന്നകന്ന് കഴിഞ്ഞിരുന്നു....

പിന്നീട് അയോദ്ധ്യയുടെ രാജകൊട്ടാരത്തിൽ നടന്നതൊന്നും അത്ര നല്ലതായിരുന്നില്ല; മഹാരാജ്ഞി സീതാദേവിയെ പറ്റിയുള്ള അപവാദപ്രചാരണങ്ങൾ ഉൾപ്പടെ നാട്ടിൽ നടന്നവയും..

രാജാവിന്റെ നിർദ്ദേശപ്രകാരം ലക്ഷ്മണകുമാരൻ ഗർഭവതിയായ സീതാദേവിയെ ഉപേക്ഷിയ്ക്കുവാൻ ദണ്ഡകാരണ്യത്തിലേയ്ക്ക് പുറപ്പെടുന്ന വിവരം ആശ്രമത്തിലെത്തിയ മഹാഋഷി വിശ്വാമിത്രൻ  ആണ് അറിയിച്ചത്. രാജ്ഞിയെ കൂട്ടിക്കൊണ്ട് വന്ന് ആശ്രമത്തിൽ താമസിപ്പിച്ച് ഗർഭശിശ്രൂഷയും പ്രസവശിശ്രൂഷയും ചെയ്ത് സൂര്യവംശത്തിൻറെ അനന്തര തലമുറയെ ഉചിതമായി കാത്ത് രക്ഷിയ്ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശിഷ്യരുമൊത്ത് ദണ്ഡകാരണ്യത്തിലെത്തി സീതാദേവിയെ ആശ്രമത്തിലേയ്ക്ക് കൂട്ടികൊണ്ട് വന്നു, രാജ്ഞി ജന്മം നൽകിയ രണ്ട് കുമാരന്മാർ ലവനും കുശനും ഈ ആശ്രമത്തിൽ വളർന്നു. വീരന്മാരും അതിസാഹസികരുമായ കുമാരന്മാർ ചേർന്ന്  കോസലനരേശൻ ശ്രീരാമചന്ദ്രന് കേകേയം മുതൽ കിഷ്‌കിന്ധ വരെ ചക്രവർത്തി പദത്തിനായുള്ള അശ്വമേധത്തിന്റെ കുതിരയെ അവിടെ ആ വൃക്ഷത്തിലാണ്  പിടിച്ച് കെട്ടിയത്. പേരുകേട്ട യുദ്ധവീരന്മാർ, ഹനുമാൻ, യുവരാജാവായ ലക്ഷ്മണകുമാരനും രണ്ട് കൗമാരക്കാർക്ക് മുന്നിൽ തലകുനിച്ചത് ആ കുന്നിനും മരങ്ങൾക്കുമിടയിലുള്ള സമതലത്തിലാണ്.


പിന്നീട് അശ്വമേധം.. സീതാ പരീക്ഷണം... രാജാവായ ഭർത്താവിന്റെ തീരാത്ത സംശയത്തിൽ മനം നൊന്ത സീതാദേവി ശ്രീരാമനെന്ന ധർമ്മരാജാവിന്റെ കണ്മുന്നിൽ അഗാധമായ കൊക്കയിലേക്ക് ചാടി ജീവനൊടുക്കി. കുമാരന്മാരായ ലവനും കുശനും പിന്നീട് ഇളയമ്മ ഊർമ്മിളയോടൊപ്പം കൊട്ടാരത്തിൽ വളർന്നു മികച്ച യുവരാജാക്കന്മാരായി അറിയപ്പെട്ടു തുടങ്ങി.

ഇക്കാലത്ത്  യുവരാജാവ് ഭാരതൻ മാതൃരാജ്യമായ കേകേയം വികസിപ്പിച്ച് ഗാന്ധാര രാജ്യമാക്കി ഭരിയ്ക്കുകയും തക്ഷശില  എന്ന നഗരം നിർമ്മിയ്ക്കുകയും ചെയ്തു.

ലക്ഷ്മണകുമാരൻ വംഗരാജ്യം ഭരിയ്ക്കുകയും ചന്ദ്രകാന്ത,  ലക്ഷ്മണപുരി എന്നീ  നഗരങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.

ശത്രുഘ്നനകുമാരൻ സുരസേനരാജ്യം ഭരിയ്ക്കുകയും മധുവനം തകർത്ത് മധുര എന്ന നഗരം നിർമ്മിയ്ക്കുകയും ചെയ്തു.

ശ്രീരാമചന്ദ്രന്റെ ഗാന്ധാരം മുതൽ ലങ്ക വരെയുള്ള സാമ്രാജ്യത്തിന്റെ ചക്രവർത്തിയായുള്ള പട്ടാഭിഷേകത്തിന് സഹോദരന്മാർ നേതൃത്വം നൽകിയതിനാൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അവരുടെ ഒരുമ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് വലിയ സാമ്രാജ്യം കെട്ടിപ്പടുക്കാൻ കാരണമായി; ജേഷ്‌ഠസഹോദരന് സാമന്തന്മാരായി വാഴുവാൻ ആ കനിഷ്ഠർക്ക് യാതൊരു അപകർഷതയും ഉണ്ടായില്ല എന്നല്ല അഭിമാനമായിരുന്നു. 

എന്നാൽ സരയൂ നദിയുടെ ആഴങ്ങളിൽ ലക്ഷ്മണനും ശ്രീരാമചന്ദ്രനും ജീവത്യാഗം ചെയ്ത് മറഞ്ഞപ്പോൾ അനാഥമായ രാജ്യങ്ങളുടെ, വിശാലസാമ്രാജ്യത്തിന്റെ അവകാശത്തർക്കം ഉടലെടുത്ത് തുടങ്ങി; ഒരു വയറ്റിൽ പിറന്ന ഈ രണ്ട് കുമാരന്മാർക്ക്, മൂന്ന് അമ്മമാർക്ക് പിറന്ന മുൻതലമുറയിലെ ആ നാലു സഹോദരന്മാരുടെ ഐക്യം ഉണ്ടായിരുന്നില്ല!

എങ്കിലും ബുദ്ധിമതിയായ പോറ്റമ്മ രാജ്ഞി ഊർമ്മിളയുടെ നിർദ്ദേശങ്ങളിൽ കാര്യങ്ങൾ രക്തച്ചോരിച്ചിൽ ഇല്ലാതെ അവസാനിച്ചു.

പുഷ്ക്കലവതിയും ഗാന്ധാരവും തുടങ്ങി മധുരയും, കന്യാകുബ്ജവും, നൈമിഷികാരണ്യവും, ഉത്തരകോസലവും അടങ്ങുന്ന പാതി സാമ്രാജ്യത്തിന് ശ്രാവസ്തി തലസ്ഥാനമായി ലവമഹാരാജാവ് അധിപനായി...

ദക്ഷിണകോസലത്തിൽ തുടങ്ങി വിദേഹവും, മിഥിലയും, വംഗവും, കാശിയും, പ്രതിഷ്ഠാനവും, ദണ്ഡകാരണ്യവും, കിഷ്ക്കിന്ധയും, ലങ്കയും അടങ്ങുന്ന മറുപകുതി സാമ്രാജ്യത്തിന് കുശവതി തലസ്ഥാനമായി കുശമഹാരാജാവ് അധിപനായി...

നഷ്ടപ്രതാപത്തിന്റെ നിശ്വാസങ്ങളുമായാണെങ്കിൽ പോലും യുദ്ധമില്ലാത്ത നഗരം എന്ന പേര് അന്വർത്ഥമായി നിലനിർത്തിയ ആശ്വാസത്തിൽ നിലകൊള്ളുന്ന അയോദ്ധ്യയെ തഴുകി ആശ്വസിപ്പിച്ച് സരയൂ ശാന്തമായി പ്രവാഹം തുടരുന്നു...


തേടി വന്ന ശിഷ്യരുടെ പദചലനം വാത്മീകിയെ ഓർമ്മകളിൽ നിന്നുണർത്തി.. അവരോടൊപ്പം നദിയുടെ കരയിലേക്ക് നടന്ന് കയറുമ്പോൾ മങ്ങിയ വെളിച്ചത്തിൽ കണ്ട കാഴ്ച്ചയിൽ.. വൃക്ഷക്കൊമ്പുകളിൽ അന്തിയ്ക്ക് ചേക്കേറിയ ക്രൗഞ്ചമിഥുനങ്ങൾ എന്താണാവോ ചിലച്ചത്???

എന്ത് തന്നെയായാലും മാമുനിയുടെ കാതുകളിൽ അവ പതിഞ്ഞത് "മാ.. നിഷാദാ.." എന്നായിരുന്നു!!!

Tuesday, December 22, 2015

രാവണായനം

അതിപ്പോൾ നിറക്കൂട്ടുകളുടെ ലോകം അല്ലാതെന്താ?

രാവണൻ സംഗീതജ്ഞൻ ആണെന്നും വിപഞ്ചികാവിദ്വാൻ ആണെന്നും മിക്ക സിനിമകളും സമ്മതിയ്ക്കുന്നുണ്ട്. പിന്നെ വില്ലൻ എത്ര മോശമാകുന്നോ അത്രയ്ക്ക് നായകന് പ്രൗഢി കൂടും. ആറാം തമ്പുരാനിലെ നായകനെ നോക്കുക; കള്ളുകുടി, ചീട്ടുകളി , അടിപിടി, വ്യഭിചാരം ഇവയെല്ലാം ഉണ്ടെങ്കിലും നല്ല തങ്കപ്പെട്ട സ്വഭാവം!

വാത്മീകിയുടെ രാമായണവും ഏതാണ്ടിതേ പോലെ ഒക്കെ ആണ്. ഭൂഗർഭ അറയായ നികുംഭിലയിൽ സൂക്ഷിച്ചിരിയ്ക്കുന്ന അത്യപകടകാരിയായ ആയുധങ്ങൾ (നമ്മൾ അണുവായുധങ്ങൾ പ്രത്യേകമായി സൂക്ഷിയ്ക്കുന്നത് പോലെ) എടുത്ത് പ്രയോഗിച്ചാൽ രാമനും, ലക്ഷമണനും, ദ്രാവിഡസേനയും ഒന്നും മിച്ചം ഉണ്ടാവുമായിരുന്നില്ല. അതെടുക്കുവാൻ മേഘനാദൻ പോയിട്ടുണ്ട് എന്ന് മനസ്സിലാക്കിയ വിഭീഷണൻ ബാലിയുടെ പുത്രനായ അംഗദനെ രാജകുടുംബാങ്ങൾക്ക് മാത്രമറിയുന്ന രഹസ്യമാർഗ്ഗത്തിലൂടെ അന്തപ്പുരത്തിൽ പ്രവേശിപ്പിച്ച് മധ്യവ്യ്സ്ക്കയായ മണ്ഡോദരിയെ ബലമായി പിടിച്ച് കൊണ്ട് വന്ന്, നികുംഭിലയുടെ പ്രവേശനകവാടത്തിൽ വച്ച് ബലാത്സംഗം ചെയ്യിയ്ക്കുന്നു. മാതാവിന്റെ ദയനീയമായ രോദനം കേട്ട് രഹസ്യായുധങ്ങൾ പുറത്തെടുക്കാനുള്ള ഉദ്യമം പാതി വഴിയിൽ ഉപേക്ഷിച്ച് പുറത്ത് വന്ന ഇന്ദ്രജിത്ത് വിഭീഷണനോട് "നീ രാജ്യദ്രോഹി നേരത്തേ തന്നെ ആയിരുന്നു ഇപ്പോൾ കുലദ്രോഹിയും, പുത്രദ്രോഹിയും കൂടി ആയല്ലോ?" എന്ന് പറഞ്ഞ്, ജീവനും കൊണ്ടോടിയ അംഗദനേയും, ജീവന് യാചിച്ച് നിന്ന വിഭീഷണനേയും വെറുതെ വിട്ട് ലക്ഷമണനോട് പൊരുതി വീരമൃത്യു വരിച്ചു. എയ്ത് വീഴ്ത്തിയിട്ടും വാക്ക് പറഞ്ഞത് പോലെ ഭാര്യ സുലോചന യുദ്ധഭൂമിയിൽ വന്ന് ശിരസ്സ് മടിയിൽ വച്ചിട്ടേ ജീവന വെടിഞ്ഞുള്ളൂ എന്ന് വാത്മീകി എഴുതിയിരിയ്ക്കുന്നു.



ഹിന്ദുമതത്തിലെ ഏറ്റവും മികച്ച സ്ത്രീകളിൽ ഒരുവളായി കണക്കാക്കപ്പെടുന്നതാണു മണ്ഡോദരിയെ; പഞ്ചകന്യകൾ! മറ്റ് മുന്തിയവർ പാഞ്ചാലി (5 ഭർത്താക്കന്മാരും കള്ളക്കാമുകൻ കൃഷ്ണനും ഉണ്ടെന്ന് അപഖ്യാതി)? കുന്തി (ഭർത്താവിൽ നിന്നല്ലാതെ വഴിയേ പോയവരിൽ നിന്ന് കുട്ടികളെ ഉത്പ്പാദിപ്പച്ചവൾ, സഹപത്നിയേയും പിഴപ്പിച്ചവൾ)? അഹല്യ (കിഴവൻ സന്യാസിയെ മടുത്ത് യുവപുരുഷന്മാരെ കാമിച്ചവൾ,) ? താര (നല്ലവനായ ബാലിയുടെ മരണാനന്തരം നീചനായ സുഗ്രീവന്റെ ഭാര്യയാവൾ)?. ചുരുക്കി പറഞ്ഞാൽ ആര്യന്റെ കണ്ണിൽ ഗാന്ധാരിയ്ക്കും, ഊർമ്മിളയ്ക്കും ഒന്നും ഒരു വിലയുമില്ല, മേൽപ്പറഞ്ഞ ഗുണമാണൊരു ആര്യപുത്രിയ്ക്ക് വേണ്ടത്, അതായത് ആര്യപുത്രീ എന്നൊക്കെ വിളിച്ചാൽ പച്ചത്തെറി അഥവാ ഗണിക എന്നൊക്കെ തന്നെ ആയി വരും !

രണ്ടാളുകൾ ദ്വന്ദയുദ്ധം നടത്തുമ്പോൾ മരത്തിനു മറഞ്ഞിരുന്ന് അമ്പെയ്യുന്ന, വൃദ്ധയായ സ്ത്രീകളെ യുദ്ധവിജയത്തിന് മാനഭംഗം ചെയ്യുന്ന നായകനോട് എന്തായാലും എനിക്കത്ര മമതയില്ല. പിന്നെ അന്നും കുലദ്രോഹികളായ, കഴിവുകെട്ട, കഴിവുള്ള കുലവംശജരെ ശത്രുവിനോറ്റു കൊടുക്കുന്ന സുഗ്രീവന്മാരും വിഭീഷണന്മാരും ഉണ്ടായിരുന്നെന്നും വിജയിച്ചവന്റെ ചരിത്രകാരന്മാർ അവരെ മഹത്വവത്ക്കരിച്ചെന്നും മനസ്സിലാക്കാം!

രാമായണം വാത്മീകിയ്ക്ക് രണ്ട് യാത്രകൾ മാത്രമാണെന്ന് തോന്നുന്നു. ആദ്യത്തേത് അയോദ്ധ്യയിൽ നിന്ന് രാമലക്ഷ്മണന്മാർ വിശ്വാമിത്രമഹർഷിയോടൊപ്പം പുറപ്പെട്ട്, താടകയെ വധിച്ച്, മകൻ സുബാഹുവിനെ വധിച്ച്, യാഗരക്ഷ ചെയ്ത്, ജനകപുരിയിലെ ശൈവചാപം തകർത്ത്, സീതയെ വരിച്ച്, കുപിതനായ ക്ഷത്രിയകുലാന്തകൻ ഭൃഗുരാമനെ ശാന്തനാക്കി അയോദ്ധ്യയിലേയ്ക്കുള്ള മടങ്ങിയ ബാലകാണ്ഡയാത്ര. രണ്ടാമത്തേത് കൈകേയി വരമായി ആവശ്യപ്പെട്ട 14 വർഷത്തെ വനയാത്ര, അതിലെ ദണ്ഡകാരണ്യത്തിലെ ഖര, ദൂഷണ, തൃശ്ശിരസ്സ്, പിന്നെ 14,000 രാക്ഷസന്മാരുടെ വധം, ശൂർപ്പണഖയുടെ നാസികാഛേദനം, സീതാപഹരണം, ബാലിവധം, സേതുബന്ധനം, യുദ്ധം, കുംഭകർണ്ണൻ, മേഘനാദൻ, രാവണൻ എന്നിവരുടെ വധം, സീതയെ വീണ്ടെടുക്കൽ, അയോദ്ധ്യയിലേയ്ക്കുള്ള മടക്കം.

മറ്റൊരു വിധത്തിൽ വീക്ഷിച്ചാൽ  മൂന്ന് രാജവംശങ്ങളിലെ അധികാരക്കൈമാറ്റത്തിനിടയിൽ അനന്തരാവകാശികളായ സഹോദർന്മാർക്കിടയിലെ മൂപ്പിളപ്പ് തർക്കം, പരമ്പരാഗത രീതിയും വ്യക്തിവിശേഷാധിഷ്ഠിതമായ തിരഞ്ഞെടുക്കലും, മറ്റ് ശക്തികേന്ദ്രങ്ങളുടെ ഇടപെടലുകളും........ അയോദ്ധയിൽ തുടങ്ങുന്ന ഈ പ്രവണത ആരുടെ ചരടുവലിയാൽ ആയാലും, രാമന് രാജ്യഭരണം 14 വർഷത്തേയ്ക്ക് നഷ്ടമാകുന്നു. സഹോദരന്മാർ തമ്മിൽ അധികാരത്തിനുള്ള വടംവലിയും, അതിനായുള്ള കുതന്ത്രങ്ങളും എല്ലായിടവും; അനുജനായി രാജ്യമുപേക്ഷിയ്ക്കേണ്ടി വന്ന രാമൻ, ജേഷ്ഠനായ ബാലിയെ വധിച്ച് അനുജനായ സുഗ്രീവനേയും, രാവണനെ വധിച്ച് അനുജനായ വിഭീഷണനേയും രാജാവാക്കുന്നു.  

രാവണൻ രാമനേക്കാൾ ഭാരതഘണ്ഡത്തിൽ സുപരിചിതൻ ആയിരുന്നു, കൈലാസ്സം വരെ നീണ്ടയാത്രകളിലൂടെ ചൈനയും, ടിബറ്റും വരെ അറിഞ്ഞവൻ. ആ  പ്രതിനായകന്റെ ഏറെ വർണ്ണീയ്ക്കപ്പെടാതെ പോയ യാത്രകളിൽ സഹോദരന്റെ പുഷ്പകവിമാനം പിടിച്ചെടുത്തതും, സഹോദരഭാര്യ രംഭയെ ആകാശത്ത് നിന്ന നിൽപ്പിൽ ബലാൽക്കാരം ചെയ്തതും, വനസന്യാസിനി വേദവതിയെ മാനഭംഗപ്പെടുത്തിയതുമെല്ലാം ഉൾപ്പെടും.

ഇനിയുള്ളത് ചില ചോദ്യങ്ങൾ ആണ് ....


രാക്ഷസവീരനായ സുന്ദനെ അഗസ്ത്യമുനി വധിച്ചതിനു ശേഷം നിരാലംബരായ ഭാര്യയും യക്ഷസ്ത്രീയുമായ താടകയും, മക്കളായ സുബാഹുവും, മാരീചനും പാതാളത്തിൽ സുമാലിയുടെ അരികിൽ അഭയം പ്രാപിച്ചു; സുമാലി അവരെ ചെറുമകനായ രാവണന്റെ സമീപത്തെത്തിയ്ക്കുന്നു. ഗംഗയുടെ കരയിലുള്ള മലദ, കരുഷ എന്നീ നാട്ടുരാജ്യങ്ങൾ കീഴടക്കി, ജനങ്ങളെ ഒഴിപ്പിച്ച് കാടായി വളർത്തി, ദണ്ഡകാരണ്യമാക്കി അവർക്ക് നൽകുന്നു. അനുജനായ ഖരനും, സഹോദരി ശൂർപ്പണഖയ്ക്കും സഹോദരന്മാരായ തൃശ്ശിരസ്സും, ദൂഷ്ണനും ചേർന്ന് ഗംഗ മുതൽ പശ്ചിമഘട്ടം വരെ നീളുന്ന വിശാലമായ ജനസ്ഥാന എന്ന  വനരാജ്യത്തെ തികന്തക തലസ്ഥാനമാക്കി അടക്കിഭരിച്ചു.  

വേദവതിയിൽ രാവണനിഗ്രഹാർത്ഥം ഒരു പുത്രി പിറന്നതും, വേദവതി ആത്മാഹൂതി നടത്തിയതും അറിഞ്ഞ തൃശ്ശിരസ്സ്   കുട്ടിയുമായി ലങ്കയിലെത്തി രാവണനോട് കുട്ടിയെ വധിയ്ക്കുവാൻ അനുവാദം ചോദിയ്ക്കുന്നു. എന്നാൽ " ഞാനും പിറന്നത് മരണമില്ലാത്ത ജനനമയത്തല്ല, ജനിച്ചാൽ മരണമുണ്ട്, പിന്നെന്തിനെന്റെ കുഞ്ഞിനെ വധിയ്ക്കണം?" എന്ന ചോദ്യത്തോടെ കുഞ്ഞിനെ തൃശ്ശിരസ്സിനു തന്നെ തിരിച്ച് കൊടുക്കുന്നു. തൃശ്ശിരസ്സ് കുട്ടിയെ ജനകമഹാരജാവ്  പുത്രലാഭാത്തിനായി യാഗം നടത്തി ഉഴുന്ന വയലിൽ  വയലിൽ പെട്ടിയിലാക്കി കിഴിച്ചിടുന്നു. ജനകൻ കുട്ടിയെ എടുത്ത്, മിഥിലയിൽ കൊണ്ട് പോയി സീതയെന്ന ജാനകിയായി വളർത്തുന്നു.

അപ്പോൾ തൃശ്ശിരസ്സിനും, ഖരനും, ദൂഷണനും അറിയില്ലേ സീത അവരുടെ മകളാണെന്ന്?

ശൂർപ്പണഖയ്ക്കറിയില്ലേ ഗംഗയ്ക്ക് മറുകരയിൽ നടന്ന സ്വയംവരത്തെപ്പറ്റി?


അനന്തിരവളെ വിവാഹം കഴിച്ച രാമനെ കുറിച്ച്?

സ്വന്തം അനിന്തരവളെ കാട്ടിൽ കൊണ്ട് വന്ന് നരകിപ്പിയ്ക്കുന്ന രാമനെയും, സ്വന്തം  ഭാര്യയെ കൊട്ടാരത്തിൽ സുഖമായി വിട്ട ലക്ഷ്മണനെയും ചോദ്യം ചെയ്തതിനാണോ ശൂർപ്പണഖയെ സൂര്യവംശികൾ അപമാനിച്ചതും, ആക്രമിച്ചതും?

Friday, December 18, 2015

രാമയണമാസം

ഭഗവത് ഗീതയിൽ ശ്രീകൃഷ്ണൻ അരുൾ ചെയ്യുന്നു...

"യേപി അന്യദേവതാ ഭക്താ 
യജന്തേ ശ്രദ്ധാന്വിതാ
തേ പി മാം ഏവ കൗന്തേയാ 
യജന്തി അവിധി പൂർവ്വകം"

"യേപി അന്യദേവതാ ഭക്താ" 

യേ - ആരാണോ അവർ 

അപി - കൂടെ 

അന്യ - മറ്റുള്ള

ദേവതാ - ദൈവങ്ങളുടെ 

ഭക്താ - ഭക്തരായവർ 

"എന്നിൽ നിന്ന് വിഭിന്നരായ ദേവതമാരെ ആരാധിയ്ക്കുന്ന ഭക്തജനങ്ങൾ കൂടി"

"യജന്തേ ശ്രദ്ധാന്വിതാ"

യജന്തേ - ആരാധിയ്ക്കുകയണെങ്കിൽ 

ശ്രദ്ധയാ - വിശ്വാസത്തോടെ 

അന്വിതാ - കൂടി 

"പരിപൂർണ്ണമായ വിശ്വാസത്തോടും ആത്മാർത്ഥതയോടും കൂടി ആരാധിയ്ക്കുകയാണെങ്കിൽ" 

"തേ പി മാം ഏവ കൗന്തേയാ"

തേ - അവ 

അപി - കൂടി 

മാം - എന്നിൽ 

ഏവ - മാത്രം 

കൗന്തേയ - കുന്തിയുടെ പുത്രാ 

"ആ ആരാധനകളെല്ലാം തന്നെ എന്നിൽ മാത്രമാണ് വന്ന് ചേരുന്നതെന്നറിഞ്ഞാലും അർജ്ജുനാ.."

"യജന്തി അവിധി പൂർവ്വകം"

യജന്തി - അവർ ആരാധിയ്ക്കുന്നത് 

അവിധി - തെറ്റായ മാർഗ്ഗം 

പൂർവ്വകം - വഴിയുള്ളത് 

"അവർ തെറ്റായ മാർഗ്ഗത്തിലൂടെ ആണെങ്കിലും എന്നെ തന്നെയാണ് ആരാധിയ്ക്കുന്നത്."


ബ്രഹ്മവിദ്യയെ പറ്റി വലിയ വാചകക്കസർത്തുകൾ സോഷ്യൽ മീഡിയയിൽ വായിയ്ക്കാനിടയായി. ഓം, ചന്ദ്രക്കലയും നക്ഷത്രവും, കുരിശ്ശ് ഇവ ചേർത്ത് വച്ച് നാമം ചൊല്ലിയാൽ എല്ലാമായി എന്ന മട്ടിൽ!

ബ്രഹ്മമെന്ന ഏക ദൈവത്തെ കരുടന്മാർ ആനയെ അറിഞ്ഞിഷ്ടപ്പെട്ടത് പോലെ...

ചെവിയിൽ തൊട്ടവൻ മുറമായും, തുമ്പിക്കയ്യിൽ തൊട്ടവൻ പെരുമ്പാമ്പിനെ പോലെ, കാലുകളിൽ തൊട്ടവൻ വാഴ പോലെ, വാലിൽ തൊട്ടവൻ ചൂല് പോലെ അറിയുമ്പോൾ.... പൂർണ്ണതയില്ലതെയെങ്കിലും അത് ആനയെ തന്നെ ആണ് അറിയുന്നത്. അവിടെയാണീ "അവിധിപൂർവ്വക"ത്തിൻറ്റെ പ്രസക്തി. പൂർണ്ണമായി കണ്ടവൻറ്റെ ശ്രദ്ധാന്വിതത്വം വരുന്നില്ല അവൻറ്റെ വീക്ഷണത്തിനും, സങ്കൽപ്പത്തിനും.

ചെടിയ്ക്ക് വെള്ളം നൽകുമ്പോൾ അത് പരമാവധി ആഗിരണം ചെയ്യുവാൻ വേരുകളിൽ ഒഴിയ്ക്കുക ആണുത്തമം; എന്നാൽ ഇലകളിലോ, വള്ളികളിലോ, തടിയിലോ ഒഴിച്ചാലും കുറെയൊക്കെ ചെടിയുടെ ചുവട്ടിലും, വേരിലും എത്തും; പൂർണ്ണമായ അല്ലെങ്കിൽ പരമാവധി ഉപയോഗം നടക്കുന്നില്ല എന്ന് മാത്രം.

നാമുൾപ്പെടുന്ന... അഗോചര ഗോചരമായ... എല്ലാമടങ്ങുന്ന ബ്രഹ്മത്തെ ഏത് സങ്കൽപ്പത്തിൽ ആരാധിച്ചാലും... അത് ബ്രഹ്മമെന്ന ബൃഹത്തിൽ ബൃഹത്തും, സൂക്ഷ്മത്തിൽ സൂക്ഷമവും ആയ പൂർണ്ണതയിൽ തന്നെ ചേരും. മാസം രാമയണമായാലും, രാവണായനമായാലും ബ്രഹ്മപൂജയല്ലെങ്കിൽ എല്ലാം അപൂർണ്ണം തന്നെ.