Tuesday, November 17, 2020

ഏണാങ്കാനനൻ

നേരേ കാര്യത്തിലേയ്ക്ക് വരാം, നമ്മുടെ ചന്ദ്രനിൽ ഉണ്ടായിരുന്ന അന്ത പേടമാൻ സത്തുപോയാച്ചാ?

പണ്ട് നമ്മുടെ കവികളൊക്കെ തച്ചിനിരുന്ന് രചിച്ചു, ചന്ദ്രനിലെ മാനിനെപ്പറ്റി, ഏണ അങ്കം മുഖത്താണെന്ന് ഒരാൾ, കുറച്ചുകൂടി അടുത്തുകണ്ട വേറൊരാൾ ചന്ദ്രബിംബം നെഞ്ചിലാണു ഏറ്റിയതെന്നും സംഗതി പുള്ളിമാനാണെന്നും!

മലയാളിത്ത ശ്രീ അങ്ങട് ആഘോഷമാക്കി

"ചന്ദ്രരശ്മിതന്‍ ചന്ദനനദിയില്‍
സുന്ദരിയാമൊരു മാന്‍പേട
പാടിയാടി നീരാടി
പവിഴതിരകളില്‍ ചാഞ്ചാടി"

"പള്ളിനീരാട്ടിനു വന്നൊരു മാനിനെ
പട്ടമഹിഷിയായ് വാഴിച്ചു - തിങ്കള്‍
പട്ടമഹിഷിയായ് വാഴിച്ചു
അവളുടെ രൂപം മാറിലമര്‍ന്നു
ആദ്യത്തെ മധുവിധുരാവുണര്‍ന്നു-
രാവുണര്‍ന്നു"

ഹിരണിയെ ചന്ദ്രൻസ്സ് കല്യാണവും കഴിച്ചു, ആദ്യത്തെ മധുവിധുരാവും കഴിഞ്ഞു, അല്ല പിന്നെ!

ഞാൻ പോകുവാ, കണ്ണെടുക്കാതെ നേരമിത്രയും നോക്കിനിന്നിട്ടും ഞാൻ കണ്ടില്ല ഒരു മാനിനേയും, ഇനി... ഒരു പരീക്ഷണം കൂടി....

"എന്റെ സ്വർണ്ണമാനേ വർണ്ണമാനേ - നീ
ഓടിവരില്ലേ...
മാനേ മാനേ വിളി കേൾക്കൂ
വിളി കേൾക്കൂ...."

അയ്യോ.. ഏണിയായി.. അങ്കം ഇപ്പോൾ തുടങ്ങും .. ഞാൻ വല്ല കാനനോം തിരക്കേണ്ടിവരും... അഹം സന്യാസി!!!

അദ്ധ്യാപകദിനം

അദ്ധ്യാപകദിനത്തിൽ സാധാരണയായി ആശംസകൾ നേരാറില്ല. അദ്ധ്യാപകർ പോതുവേ ഈഗോയിസ്റ്റിക്ക് ആണെന്നേ...

പുസ്തകത്തിൽ പറയുന്നത് അതുപോലെ പറയണമെന്നാ പിടിവാശി.. നമ്മുടെ മനോധർമ്മം ഭാവന ഇവയ്ക്കൊന്നും ഒരുവിലയും കൽപ്പിക്കില്ല.

അല്ലെങ്കിൽ പിന്നെ കുഞ്ചൻ നമ്പ്യാരുടെ കല്യാണസൗഗന്ധികം തുള്ളലിൽ ഒന്ന് നാക്കുളുക്കിയതിന് ആ സ്ക്കൂട്ടറു മറിയ ടീച്ചറെന്നെ ചൂരലിനടിക്കുമോ🤔

"കല്ലോലജാലം കളിക്കുന്ന കണ്ടു,
കമലമണിമറിയയുടെ കവലയതു കണ്ടു" 
എന്നായിപ്പോയി ചൊല്ലിയത്.. 😪

"കല്ലോലജാലം കളിക്കുന്ന കണ്ടു,
കമലമണിനിറമുടയ കമലമതു കണ്ടു" 

എന്നു ഞാൻ പെട്ടെന്ന് തിരുത്തിയതാണ്.. സോറിയും പറഞ്ഞു.. എന്നിട്ടും തല്ലി. അച്ഛനോട് പറയുമെന്നും പറഞ്ഞെങ്കിലും അതുണ്ടായില്ല.. ഭാഗ്യം. 

സത്യത്തിൽ എന്നെ കുഴക്കിയത് ആയാപറമ്പ് ചെറുതന കടവുകളിലേയ്ക്ക് ഒന്നാം ഈരടിയിൽനിന്നും മനസ്സ് രണ്ടാം ഈരടിയിലൂടെ സ്ലിപ്പ് ആയതാണ്.. പറയാൻ പോയില്ല.. അതിനു വേറെ അടികിട്ടും. അവിടൊക്കെ ടീച്ചറിന്റെ ബന്ധുക്കളാണ്, ഓരുടെ സീൻ പിടിച്ചതിനാവും പിന്നെയുള്ള തല്ല്. 

"കല്യാണിമാരും കുളിക്കുന്ന കണ്ടു,
പൊലിമയൊടു ചടുലജല വടിവുമതു കണ്ടു" 

എന്തിനാ നമ്പാരേ എന്നെയങ്ങനെ ചുറ്റിച്ചത്? ഒന്നുമില്ലെങ്കിലും നമ്മൾ രണ്ടാളും അമ്പലപ്പുഴ ജനിച്ചു അനന്തപുരിയില്‍ കുടിയേറിയോരല്ലേ🤔

Monday, November 16, 2020

വോയൗറിസ്സം (Voyeurism)

സംഗതി അന്യൻ്റെ നഗ്നതയിലേയ്ക്കുള്ള, ലൈഗികതയിലേയ്ക്കുള്ള ഒളിഞ്ഞുനോട്ടം, അതിൻ്റെ ആസ്വാദനം എന്നാണ് മനശാസ്ത്രപരമായ വിശകലനം, അതിനാൽത്തന്നെ ഒരു മനോരോഗമായി കണക്കാക്കപ്പെടുന്നു. വോയർ എന്നാൽ "കാണുവാനായി" എന്നാണ് ഫ്രഞ്ച് ഭാഷയിൽ അർത്ഥം. 

ഒളിഞ്ഞുനോട്ടക്കാരൻ (Peeping Toms) ഇതിൻ്റെ ക്ലാസ്സിക്ക് ഉദാഹരണമാണ്. ഇതൊരു ലൈംഗികതാൽപ്പര്യമായാണ് കണക്കാക്കപ്പെടുന്നത്, അതായത് ഒരാൾ വസ്ത്രം മാറുന്നതോ, കുളിക്കുന്നതോ, സ്വയംഭോഗം ചെയ്യുന്നതോ, ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതോ ഒളിച്ചുനിന്നു കാണുന്നതോ, പിന്തുടർന്ന് ചാരപ്പണിനടത്തുന്നതോ വഴി വോയൗർക്ക് ലൈംഗികമായ അനുഭൂതി ലഭിക്കുന്നു.

ആദ്യകാലങ്ങളിൽ പുരുഷന്മാർക്ക് മാത്രം ചാർത്തിക്കിട്ടിയ പട്ടമെങ്കിലും, ഇത് പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും നന്നായി ആസ്വദിക്കുന്ന ഒരു കലയാണെന്ന് പുരാതനകാലം മുതൽ വിശ്വസിക്കപ്പെടുന്നു. ഏതെങ്കിലും ദമ്പതികളുടെ കിടപ്പുമുറിയിൽ ഒളിഞ്ഞുനോക്കുക, പാർക്കിലെ ചെടികൾക്കിടയിൽ അല്ലെങ്കിൽ കടൽപ്പുറത്തെ മറവുകളിലോ, ഇരുളിലോ കർക്കടകത്തിനു മുമ്പുള്ളതോ അല്ലാത്തതോ ആയ മിഥുനങ്ങൾ നടത്തുന്ന രതിമേളങ്ങൾ രഹസ്യമായി ആസ്വദിക്കുക എന്നിവയൊക്കെ ഈ മനോരോഗത്തിൻ്റെ പരിധിൽ വരും.

ഈ വാക്കിൻ്റെ ഉത്ഭവം നമ്മുടെ ലേഡീ ഗോഡീവ (ദൈവീകസമ്മാനം) എന്ന മഹതിയായ സ്ത്രീഭരണാധികാരിയിൽ നിന്നാണ്, തൻ്റെ ഭർത്താവും നാടിൻ്റെ ഭരണാധികാരിയുമായ ലിയോഫ്രിക്കിൻ്റെ നിഷ്ഠൂരമായ നികുതികൾക്കെതിരെ, ജനങ്ങളുടെ ദുരിതത്തിൽ സഹികെട്ട്, നിരന്തരം അപേക്ഷിച്ചിട്ടും യാതൊരിളവും ഉണ്ടായില്ല. ഭർത്താവിൻ്റെ അസഹ്യമായ പരിഹാസമാണവൾക്ക് തിരിച്ചു ലഭിച്ചിരുന്നതെങ്കിലും സ്വന്തം ജനതയ്ക്കായി നാണംകെട്ടു വീണ്ടും വീണ്ടും റാണി അപേക്ഷിച്ചുകൊണ്ടേയിരുന്നു. പരിഹാസത്തിൻ്റെ ഒരു വേളയിൽ ലിയോഫ്രിക്ക് ഗോഡീവയോട് പറഞ്ഞു 

"ശരി ഞാൻ നികുതികൾ ഇളവുനൽകാം, പക്ഷേ നീ പരിപൂർണ്ണനഗനയായി നാടിൻ്റെ തെരുവുകളിലൂടെ കുതിരപ്പുറത്ത് സഞ്ചരിച്ചു തിരിച്ചുവന്നാൽ മാത്രം".

സ്വന്തം ജനങ്ങളുടെ ദുരിതമകറ്റാൻ റാണിക്കതും സമ്മതമായിരുന്നു, ലിയോഫ്രിക്കിനെ ഞെട്ടിച്ചുകൊണ്ട് അവൾ പരിപൂർണ്ണനഗ്നയായി കിതിരപ്പുറത്ത് കയറി തെരുവുകളിലൂടെ യാത്രചെയ്തു, തൻ്റെ നീണ്ട തലമുടിയിഴകൾകൊണ്ട് നഗ്നതമറച്ചായിരുന്നു ആ യാത്ര.


യാത്രയ്ക്ക് മുമ്പായി റാണി ഒരു വിളംബരം നടത്തിയിരുന്നു, താൻ രാജാവിൻ്റെ ആവശ്യപ്രകാരം നഗ്നയായിയാത്ര ചെയ്യുകയാണെന്നും, എല്ലാവരും വാതിലും ജന്നലും അടച്ച് വീടുകളിൽ ഇരിക്കണമെന്നും. റാണി ഇതൊക്കെ തങ്ങൾക്കായാണ് ചെയ്യുന്നതെന്നറിയാവുന്ന പ്രജകൾ അക്ഷരാർത്ഥത്തിൽ അത് പാലിച്ചു. 

എന്നാൽ നമ്മുടെ കഥാനായകൻ "പീപ്പിംഗ് ടോം" മാത്രമത് ചെവിക്കൊണ്ടില്ല, അവൻ ജന്നൽ അൽപ്പം തുറന്ന് ആ വിടവിലൂടെ റാണിയെ നോക്കി, വേഗത്തിൽപ്പായുന്ന കുതിരപ്പുറത്ത് റാണിയുടെ മുടിയിഴകൾ പിന്നിലേയ്ക്ക് പറന്നതല്ലാതെ അൽപ്പം പോലും നഗ്നത മറച്ചിരുന്നില്ല. 

ആൾ വല്ലാതെ വികാരതരളിതനായിപ്പോയി, ആ പൊട്ടൻ അത് നാട്ടുകാരോടെല്ലാം വർണ്ണിച്ചു, അവർ ലിയോഫ്രിക്കിനോട് പറഞ്ഞുകൊടുത്തു, അങ്ങനെ നമ്മുടെ ആദ്യ വോയൗർക്ക് കണ്ണുകൾ നഷ്ടപ്പെട്ടു, ലിയോഫ്രിക്ക് അത് രണ്ടും കുത്തിപ്പൊട്ടിച്ചു.

കാലക്രമത്തിൽ വോയൗറിസ്സത്തെപ്പറ്റിയുള്ള വീക്ഷണം മാറിയിട്ടുണ്ട്. എങ്കിലും കുളിക്കടവിലും, അന്യരുടെ ബാത് റൂം, കിടപ്പറയിലൊക്കെ ഒളിഞ്ഞുനോക്കുന്ന മനസ്സുകൾക്ക് കുറവൊന്നും വന്നിട്ടില്ല. 

വിവാഹജീവിതത്തിൻ്റെ ആദ്യനാളുകളിൽ ഇരുകക്ഷികളിലും ഈ പ്രവണത ശക്തമായി നിലനിൽക്കുന്നുവെന്ന പഠനങ്ങളെത്തുടർന്ന് ദമ്പതിമാർ ബൈനാക്കുലർ, ഡിജിറ്റൽ ക്യാമറ, ഒന്നുമില്ലെങ്കിൽ വെറും കണ്ണുകൊണ്ട് ഇണയെ രഹസ്യമായി "നിർമ്മാണം" കണ്ടാസ്വദിക്കുന്നത് അത്ര മോശമിടപാടല്ലെന്ന് പാശ്ചാതമാനസികവിദഗ്ദ്ധർ പറയുന്നു. 

മധുവിധുകാലത്തൊക്കെ സ്ത്രീകളും പുരുഷന്മാരും ഇണകൾക്ക് ഒളിഞ്ഞുനോക്കാൻ പാകത്തിൽ താക്കോൽ പഴുതില്ലെങ്കിൽ.. വാതിൽ ഇറുക്കിയടയ്ക്കാതെ.. അൽപ്പം സാവധാനം വസ്ത്രം മാറിയാൽ മതിയെന്നാണ് മനശാസ്ത്രജ്ഞർ പറയുന്നത്, കുറച്ചുകാലം കഴിഞ്ഞാൽ അവർ സ്വന്തം ഇണയെ ഒഴികെ ആരെയെങ്കിലുമൊക്കെ സൗകര്യം പോലെ ഒളിഞ്ഞുനോക്കിക്കൊള്ളുമത്രേ!

ഇണയുടെ സൗകര്യാർത്ഥം സുതാര്യമായ വസ്ത്രങ്ങൾണിഞ്ഞ് കിടപ്പുമുറിയിലും മറ്റാരുമില്ലെങ്കിൽ വീട്ടിലാകെയും പരേഡ് ചെയ്യുന്നതിലൂടെ ഒരുപരിധിവരെ ഇണയെ അടപടലം വീഴ്ത്താമത്രേ.

പിന്നൊരു സൂത്രപ്പണിയായിപ്പറയുന്നത് കിടപ്പുമുറിയുടെ മച്ചായി കണ്ണാടി സ്ഥാപിക്കുക, സ്വയം ശരീരത്തെ ഇഷ്ടപ്പെടാനും, സ്വന്തം രതിയുടെ ഗതിവിഗതികൾ ആസ്വദിക്കാനും അതിലൂടെ കൂടുതൽ നിർവൃതിദായകമായ രതിയിലേർപ്പെടാനും കഴിയുമെന്നാണ് പറയപ്പെടുന്നത്, എന്തായാലും പാശ്ചാത്യരുടെ ഇടയിൽ ഇത്തരം സീലിംഗ് മിററിനു നല്ല ഡിമാൻ്റാണ്. നീ നിന്നെത്തന്നെ ഒളിഞ്ഞുനോക്കുക എന്നതാണ്, വീരായിതം അഥവാ മിഷണറി പൊസിഷനിൽ മാത്രം കലാപരിപാടികൾ നടത്താതെ വിപരീരരതി അഥവാ വുമൺ ഓൺ ടോപ്പ് തുടങ്ങിയവയും വേണം എങ്കിലേ ഇരുകൂട്ടർക്കും ഗുണമുണ്ടാകൂ എന്നുമാത്രം!

മൃണ്മയവും സരോരുഹവും

"മൃഗാങ്ക തരളിത മൃണ്മയ കിരണം
മഴയായ്‌ തഴുകുമ്പോള്‍ 
ഒരു സരസീരുഹ സൗപര്‍ണികയില്‍
ഒഴുകീ ഞാനറിയാതേ"

ഈ പറഞ്ഞതിൻ്റെ അർത്ഥം സത്യമായിട്ടും എനിക്കറിയില്ല. "ശാലിനി എൻ്റെ കൂട്ടുകാരി" സിനിമാ കണ്ടിട്ടുണ്ട്, "സുന്ദരീ.. നിൻ തുമ്പുകെട്ടിയിട്ട ചുരുൾമുടിയിൽ" എന്ന പാട്ട് കേട്ടിട്ടുണ്ട് എന്നല്ലാതെ യാതൊരു തെറ്റും ഞാൻ ചെയ്തിട്ടില്ല!

മൃഗം - മാൻ + അങ്കം - അടയാളം ചന്ദ്രനാണ്, അവസാനം പറഞ്ഞ കിരണവും മനസ്സിലായി, ഇടയ്ക്കുള്ള തരളിതം - ആ അർത്ഥത്തിൽ തിളക്കമുള്ളത് എന്നെടുക്കാം. ചന്ദ്രകിരണങ്ങൾ മഴപോലെ തഴുകിയെന്നോ, നിലാവിൽക്കുളിച്ചെന്നോ ഒക്കെ അർത്ഥം പറയാം. എന്നാൽ എല്ലാം എടുത്തിട്ട് അലക്കിക്കളയുന്നു ആ മൃണ്മയം! 

അർത്ഥം മണ്ണുകൊണ്ടുള്ളത് അല്ലെങ്കിൽ ചെളികൊണ്ട് നിർമ്മിച്ചത് (മൃൺ - മണ്ണ് + മയം) ആയതിനാൽ തരളിതം ഇളക്കിയത് എന്ന അർത്ഥത്തിൽ എടുക്കണോ? ഇനിയിപ്പോ നല്ല പൊടിക്കാറ്റുള്ള രാത്രിയിലെ നിലാവാണോ? ഇതിനൊക്കെയപ്പുറം മാനിൻ്റെ ആകൃതിയിൽ ഗർത്തമുള്ള ചന്ദ്രനിലെ ഇളകിയ മണ്ണിൽത്തട്ടി പ്രതിഫലിക്കുന്ന രശ്മികളാണോ മഴപോലെ തഴുകി താമരത്തടാകത്തിൽ ഒഴുക്കിക്കളഞ്ഞത്? 

അതോ ഒരു ഗുമ്മ് കിട്ടാൻ ആ മൃണ്മയം അങ്ങട് പ്രയോഗിച്ചതാണോ? ശിവനേ... ഒരുവഴിയായല്ലോ!

അഷ്ടപദി യാഹിമാധവയ്ക്കകത്ത് ജയദേവൻ ഒരു സരസീരുഹലോചനയെ പരാമർശ്ശിക്കുന്നുണ്ട്, സരസ്സിൽ വളരുന്നത്, താമരയെന്ന അർത്ഥമാണവിടെയുള്ളത്, ഈ താമരനദിയെപ്പറ്റി എനിക്ക് ഒരുപിടിയുമില്ല, താമരയുള്ള നദിയാണോ, താമരയാകുന്ന നദിയാണോ. താമരയായി നദിയിലൂടെയാണോ ഒഴുകുന്നത്? 

ഈവക ചർച്ചയൊക്കെ വല്യഭാഷാമഹാരഥികൾ പലവട്ടം നടത്തിയതിനാൽ ആണിത്രയും പറഞ്ഞത്; ഇനി എനിക്ക് മനസ്സിൽ തോന്നിയകാര്യം പറയാം.. ഈ പഹയൻ എന്തിനാണ് നിലാവിൽ താമരതേടിപ്പോയത്? ആമ്പലല്ലേ ചന്ദ്രൻ്റെ സുഹൃത്ത്? താമര സൂര്യരശ്മിയിലല്ലേ തിരയേണ്ടത്? എങ്ങേരാകുന്ന ചന്ദ്രൻ എന്തൊക്കെ ഷോ കാണിച്ചിട്ടും ആ താമര വിടരാൻ കൂട്ടാക്കാതിരുന്നതിനാലാണോ കൂമ്പിയതാമരകൾക്കിടയിൽ നിലാവെളിച്ചത്തിൽ ഒഴുകുന്ന സങ്കൽപ്പം കടന്നുവന്നത്, ഒരു പ്രണയനൈരാശ്യം???

ആമ്പലെന്താ സരസ്സിൽ വിരിയുന്നതല്ലേ? അതും സരോരുഹം തന്നെ എന്നാണെങ്കിൽ എഴുതിയ എം.ഡി. രാജേന്ദ്രൻ തന്നെ പറയേണ്ടിവരും എന്താണീ മൃണ്മയവും സരോരുഹവുമെന്ന്. ഞാൻ സുല്ലിട്ടു ട്ടാ..

പാവം ആത്മരമ്യൻ (Narcissus)

ചോദ്യം ഇതാണ്, നാർസിസ്സം, നാർസിസ്റ്റ് എന്നൊക്കെ പറഞ്ഞ് മനോരോഗത്തിൻ്റെ പേരിൽ അപമാനിക്കപ്പെടാൻ നാർസിസ്സസ് ചെയ്ത കുറ്റമെന്താണ്? അയാൾക്ക് മനസ്സിൽ പ്രണയത്തിൻ്റെ സ്പാർക്ക് തോന്നാത്തതിനാൽ പ്രണയാഭ്യർത്ഥന നടത്തിയ യുവതികളേയും സ്വവർഗ്ഗരതിക്കാരേയും നിരസ്സിച്ചത് ഇത്രവലിയ കുറ്റമാണോ? ഒരു വ്യക്തിക്ക് ആ സ്വാതന്ത്ര്യം ഇല്ലേ? അതോ ഇല്ലാത്ത പ്രണയം അഭിനയിച്ച് തേച്ചിട്ടുപോകുന്നതാണോ ദേവന്മാർക്ക് ശരി?

നദികളുടെ ദേവനായ സെഫിസ്സാസ്സിൻ്റേയും അപ്സരസ്സായ ലിറിയോപ്പിൻ്റേയും പുത്രനായാണ് തെസ്പിയൻ രാജകുമാരൻ നാർസിസ്സസ് ജനിച്ചത്. കൗമാരത്തിലേ സൂര്യതേജസ്സോടെ ഏവരേയും ആകർഷിച്ച അവൻ, യൗവ്വനത്തിൽ അനുപമസുന്ദരനായ യുവാവായി, അവനെ കാണുന്നമാത്രയിൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും മോഹിച്ചുപോകുമായിരുന്നു. അവൻ്റെ അത്യാകർഷകമായ സൗന്ദര്യത്താൽ ചുറ്റുമുള്ളവർ മറ്റൊന്നും ശ്രദ്ധിക്കാതെ അവനെത്തന്നെ നോക്കിനിന്നുപോകുമായിരുന്നു.

ദേവകന്യകമാരും, രാജകുമാരിമാരും അവൻ്റെ ഒരുനോട്ടത്തിനായി ദാഹിച്ചു, അതിനിടയിലാണ് ഒരു സ്വവർഗ്ഗാനുരാഗി കടന്നുവരുന്നത്, അമീനിയാസ്‌ രാജകുമാരന്‍. നാര്‍സിസിനെ അടുത്തുപരിചയപ്പെട്ട അയാൾ അവനെ വളരെയധികം കാമിക്കുകയും പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്തു. അതിസുന്ദരികളായ അപ്സരസ്സുകളെപ്പോലും തിരിഞ്ഞുനോക്കാത്ത നാർസിസ്സിസ്, സ്വവർഗ്ഗാനുരാഗിയായ അമീനിയാസിന്റെ പ്രേമാഭ്യര്‍ത്ഥന തികഞ്ഞ വെറുപ്പോടെ നിഷ്‌കരുണം തള്ളിക്കളഞ്ഞു.

അമീനിയാസിനൊരു കരവാൾ സമ്മാനിച്ച്, ആണുങ്ങളെപ്പോലെ ജീവിക്കാൻ ഉപദേശിച്ചു‌ നാര്‍സിസ്സസ്. എന്നാൽ നാർസസ്സിൻ്റെ കൊട്ടാരവാതുക്കല്‍ അതേ വാളുകൊണ്ടു സ്വയംവെട്ടി മരിച്ചു ദുഃഖിതനായ അമീനിയാസ്. മരിക്കുന്നതിനുമുമ്പായി മറ്റൊരു കടുകൈ കൂടി അവൻ ചെയ്തു, പ്രതികാരദേവതയായ നെമസിസ് ദേവിയോട്

"പ്രേമം അവഗണിക്കപ്പെടുന്നതിന്റെ ഹൃദയവേദന അറിഞ്ഞു നാര്‍സിസ്സിസ് ‌ മരിക്കാന്‍ ഇടയാക്കണമേ"

എന്നു പ്രാര്‍ത്ഥിച്ച ശേഷമാണ്‌ അമീനിയാസ്‌ അത്മഹത്യചെയ്തത്‌.

അമീനിയാസിനോടു മാത്രമല്ല, തന്നോട്‌ പ്രണയാഭ്യര്‍ത്ഥനയുമായി വന്ന രാജകുമാരന്‍മാരേയും, രാജകുമാരിമാരേയും നാര്‍സിസ്സസ്‌ നിഷ്‌കരുണം നിരാകരിച്ചു, കാരണം അവന് അവരാരിലും പ്രണയം തോന്നിയില്ല.

ഒരു ദിവസം വനത്തിലൂടെ നടക്കവേ എക്കോ (പ്രതിധ്വനി) എന്ന ദേവത അവനെ കണ്ടു പ്രണയാതുരയായി, അവൻ്റെ പിന്നാലെ കൂടി. കുറച്ചു മുന്നോട്ട് നടന്നപ്പോൾ ആരോ തന്നെ പിന്തുടരുന്നത് അവനറിഞ്ഞു. തിരിഞ്ഞുനിന്ന് "ആരാണത്?" എന്നവൻ ചോദിച്ചു, മറവിൽ നിന്ന് "ആരാണത്?" എന്ന് പ്രതിവചിച്ചു. പലവട്ടം ഇതാവർത്തിക്കപ്പെട്ടും, അവൻ പറയുന്നതുതന്നെ അവൾ തിരിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ അവൾ അവൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് പ്രണയാഭ്യർത്ഥന നടത്തി. അവനവളേയും നിരാകരിച്ചു, അവൾ ആ മലയിടുക്കുകളിൽ എന്നെന്നേയ്ക്കുമായി മറഞ്ഞു, എങ്കിലും കേൾക്കുന്ന ശബ്ദങ്ങൾക്ക് പ്രതിധ്വനിമാത്രമായി അവൾ തൻ്റെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ടിരുന്നു.

പ്രതികാരത്തിൻ്റെ ദേവതയായ നെമസ്സിസ്സ് അല്ലെങ്കിൽ ആഫ്രോഡൈറ്റ് ഈ സംഭവങ്ങളിൽ കുപിതനായി നാർസിസ്സസിനെ ശിക്ഷിക്കാനുറച്ചു.

നെമസ്സിസിൻ്റെ വശ്യപ്രയോഗത്തിൽ അവനു കാലിടറി, ഒരിക്കല്‍ തടാകത്തിലെ നിശ്‌ചലമായിക്കിടന്ന ജലത്തില്‍ തൻ്റെ സ്വന്തം പ്രതിച്ഛായകണ്ട്‌ ആദ്യമായി നാര്‍സിസിനു പ്രണയംതോന്നി. ജലത്തില്‍ക്കണ്ട രൂപം തന്റേതു തന്നെയാണെന്ന തിരിച്ചറിവില്ലാതെ, അതു മറ്റേതോ രാജകുമാരനാണെന്നു സങ്കല്‍പ്പിച്ചു നാര്‍സിസ്‌ ആ പ്രതിച്ഛായയെ പ്രണയിച്ചുതുടങ്ങി. ഒരിക്കലെങ്കിലും തടാകത്തിലെ ജലത്തില്‍നിന്നും താന്‍ മോഹിക്കുന്നരൂപം ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയില്‍ എപ്പോഴും ആ തടാകത്തിലേക്കു നോക്കി നാര്‍സിസ് കാലങ്ങള്‍ കഴിച്ചു.

ജലത്തിലെ പ്രതിബിംബം ആകയാൽ എപ്പോഴൊക്കെ നാർസിസ്സസ് ആ രൂപത്തെ ചുംബിക്കുവാൻ ശ്രമിച്ചോ അപ്പോഴൊക്കെ ഇളക്കം തട്ടിയ ജലപ്പരപ്പിൽ പ്രതിബിംബം മാഞ്ഞുപോയി, അപ്പോഴും താന്‍ സ്നേഹിക്കുന്ന ആ വ്യക്തി ചുംബിക്കാനായി ശ്രമിക്കുമ്പോളൊക്കെ തടാകത്തിലേക്കു അലിഞ്ഞു ചേരുന്നതായാണ് നാര്‍സിസിനു തോന്നിയത്. നെമിസ്സിസ് നൽകിയ തിരിച്ചറിവിൻ്റെ ഒരുദിവസം താന്‍ പ്രണയിക്കുന്നതു സ്വന്തംരൂപമാണെന്നു മനസ്സിലാക്കിയ നാർസിസ്സസ് കടുത്ത വിഷാദത്തിലായി, അതവനെ അത്മഹത്യയിൽ കൊണ്ടെത്തിച്ചു. നാര്‍സിസ്സിസിന്റെ ശവശരീരം സൗന്ദര്യമുള്ള നാർസിസ്സസ് പുഷ്‌പങ്ങളായി മാറുകയും ചെയ്തു എന്നാണ്‌ ഗ്രീക്ക് ഇതിഹാസകഥ.

സ്വന്തം സൗന്ദര്യത്തിലും, കഴിവിലും, അമിതമായ ആത്മവിശ്വാസമുള്ളവരെ അല്ലെങ്കിൽ സ്വയം ആരാധിക്കുന്നവരെയൊക്കെയാണ് 'നാര്‍സിസ്റ്റ് ' എന്നു വിളിക്കുന്നത്‌‌. "ആത്മരതി" എന്നു നമുക്കാ സ്വഭാവവിശേഷത്തെ മലയാളത്തിൽ വിളിക്കാമെങ്കിലും നാർസിസ്സിസ് തെറ്റുകാരനല്ല എന്നുതന്നെയാണെൻ്റെ അഭിപ്രായം.

ഞാറ്റുവേലകൾ

ലൂണാർ ക്ലോക്കും സോളാർ ക്ലോക്കും ഏകകങ്ങളും കുറച്ചുവിരസമായതിനാൽ നമുക്ക് ഒരു പാട്ടു പഠിക്കാം...

ജ്വാല എന്ന സിനിമയ്ക്കായി വയലാർ രചിച്ച്, ദേവരാജന്മാസ്റ്റർ സംഗീതം നൽകി, യേശുദാസും വസന്തയും ആലപിച്ച ആ ഗാനം.

"കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും
ഉടുക്കാൻ വെള്ളപ്പുടവ
കുളിക്കാൻ പനിനീർച്ചോല
കൂന്തൽ മിനുക്കാൻ ഞാറ്റുവേല

ഉത്രാടസന്ധ്യ ഉണർന്നതിനാലോ
ഉദ്യാനപാലകൻ വന്നതിനാലോ
ആപാദചൂഡമീ രാഗപരാഗം
ആകെ തളിർക്കുമീ രോമാഞ്ചം
ആഹാ...ആ‍ഹാ....ആഹാ...ആ..

പുഷ്പാജ്ഞലിക്ക് വിരിഞ്ഞതിനാലോ
സ്വപ്നാടനത്തിൽ ഉണർന്നതിനാലോ
ആത്മാവിനുള്ളിലെ കാമുകമന്ത്രം
ആകെ തളിർക്കുമീ ഉന്മാദം"

കാര്യമെന്തൊക്കെ പറഞ്ഞാലും സെറ്റുസാരിയുടുത്തുവരുമ്പോൾ നമ്മുടെ പെണ്ണുങ്ങൾക്ക് ഒരൽപ്പം ചന്തം കൂടും! കുളിച്ചൊരുങ്ങി കുടമുല്ലപ്പൂവും ചൂടിയാലോ? ബഹുകേമം!!

കൂന്തൽ മിനുക്കാനെത്തിയ ഞാറ്റുവേലയാണ് നമ്മുടെ പ്രശ്നം.

എന്തായാലും ഞാറ് എന്നത് നെല്ലിൻ്റെ തൈകൾ അഥവാ കുഞ്ഞ് ചെടികളാണല്ലോ? അതുമായി ഇതിനുകാര്യമായ ബന്ധമില്ല. 

ഇത് നമ്മുടെ സവിതാവ്.. സൂര്യൻ എന്ന ഞായർ തന്നുടെ വേലകളല്ലോ! 

സൂര്യൻ്റെ യാത്രയിലെ വേളകൾ ആണ് ഞാറ്റുവേലകൾ.

ചന്ദ്രൻ ഭൂമിയ്ക്ക് ചുറ്റും 27.33 ദിവസം കൊണ്ട് ചുറ്റുമ്പോൾ, ഭൂമി സൂര്യനെ 365.25 ദിവസമെടുത്ത് ചുറ്റുന്നു, അവരെങ്ങനെയെങ്കിലും ചുറ്റട്ടേ.. നമുക്ക് ഒരു ബിന്ദുവിനു ചുറ്റും ആ ചുറ്റലിനെ അടയാളപ്പെടുത്തിയാൽ 360 ഡിദ്രി മാത്രമായി മാറും രണ്ടും. അതായത് 27.33 ദിവസവും 365.25 ദിവസവും നമുക്ക് ഒരു ക്ലോക്കിലെ അടയാളങ്ങൾ പോലെ വിഭജിക്കാം.

ആദ്യം ചന്ദ്രൻ്റെ ചുറ്റലാകട്ടേ.. ക്ലോക്കിലെ 12 അടയാളപ്പെടുത്തലിനു പകരം 27 അടയാളപ്പെടുത്തലുകളാക്കിയാൽ തൊട്ടടുത്ത രണ്ട് അടയാളങ്ങൾക്കിടയിലെ അകലം 1 മണിക്കൂർ എന്ന് ക്ലോക്കിൽ നമ്മൾ വായിക്കുമ്പോൾ ഇവിടെ ഒരു നക്ഷത്രം എന്ന് വായിക്കണം. അതായത് രണ്ട് അടയാളങ്ങൾക്കിടയിലെ സമയമാണ് ഒരു നക്ഷത്രം, അത് 360/27 ഡിഗ്രി ആകയാം 13 ഡിഗ്രി 20 മിന്നിട്ട് ആയിവരും.

ഇനി ഭൂമിയുടെ ചുറ്റലെടുത്താൽ.. ക്ലോക്കിലെ 12 അടയാളപ്പെടുത്തലിനു സമാനമായ 12 അടയാളപ്പെടുത്തലുകളാകയാൽ തൊട്ടടുത്ത രണ്ട് അടയാളങ്ങൾക്കിടയിലെ അകലം 1 മണിക്കൂർ എന്ന് ക്ലോക്കിൽ നമ്മൾ വായിക്കുമ്പോൾ ഇവിടെ ഒരു രാശി എന്ന് വായിക്കണം. അതായത് രണ്ട് അടയാളങ്ങൾക്കിടയിലെ സമയമാണ് ഒരു രാശി, അത് 360/12 ഡിഗ്രി ആകയാം 30 ഡിഗ്രി ആയിവരും. സൂര്യൻ്റെ ക്ലോക്കിൽ ഒരു രാശി ഏതാണ്ട് 30.4 ദിവസം ആയിവരും.

മുകളിൽ പറഞ്ഞത് രണ്ടും ഒരേ ക്ലോക്കിൽ കൊണ്ടുവന്നാൽ 30 ഡിഗ്രിയുള്ള രാശിയെ 13 ഡിഗ്രി 20 മിന്നിട്ടുള്ള നക്ഷത്രം കൊണ്ട് ഹരിച്ചാൽ (30/13.33) 2.25 എന്നുവരും. അതായത് ഓരോ രാശിയിലും രണ്ടേകാൽ നക്ഷത്രം വീതം വരും. അതായത് ചന്ദ്രൻ്റെ ക്ലോക്കിൽ 2.25 ദിവസവും സൂര്യൻ്റെ ക്ലോക്കിൽ 30.4 ദിവസവുമാണ് രാശി.

വിഷുവമായ മേടം രാശിയിൽ തുടങ്ങിയാൽ അശ്വതി, ഭരണി മുഴുവനും കാർത്തിക കാൽ. ഇടവം രാശിയിൽ കാർത്തികയുടെ മുക്കാൽ, രോഹിണി,മകയിരം പാതിയായാൽ ആ 2.25 തികഞ്ഞു. മിഥുനം മകയിരത്തിൻ്റെ ബാക്കിപ്പാതി, തിരുവാതിര, പുണർതം മുക്കാൽ അങ്ങനെ പോകും ലൂണാർ ക്ലോക്കും സോളാർ ക്ലോക്കും തമ്മിലുള്ള ബന്ധം. 

സൂര്യൻ്റെ ക്ലോക്കിൽ നിന്നും നോക്കിയാൽ 30.4 ദിവസം 2.25 നക്ഷത്രങ്ങളാണ്, അതായത് ഓരോ നക്ഷത്രവും അല്ലെങ്കിൽ അത്രയും ആംഗുലർ ഡിസ്പ്ലേസ്മെൻ്റിനു 13.5 ദിവസം വേണം. ഈ 13.5 ദിവസമാണ് ഒരു ഞാറ്റുവേല. ഏതു നക്ഷത്രത്തിൻ്റെ ഭാഗത്തുകൂടിയാണോ സോളാർ ക്ലോക്ക് ചലിക്കുന്നത് ആ നക്ഷത്രത്തിൻ്റെ പേരാവും ഞാറ്റുവേലയ്ക്ക്. 13.5 x 27 ഉം 365 ദിവസവും തമ്മിലുള്ള പൊരുത്തമില്ലായ്മ അഭിജിത്ത് നക്ഷത്രം പോലെ ഇവിടേയുമുണ്ടാകും, അത് തിരുവാതിര ഞാറ്റുവേലയിൽ 15 ദിവസമാക്കി പൊരുത്തപ്പെടുത്തുന്നു.

അമേരിക്കയിലെ ഡബ്ലിനിൽ നിന്നും യാങ്കീ പബ്ലിക്കേഷൻ വർഷാവർഷം പ്രസിദ്ധീകരിക്കുന്ന "ഫാർമ്മേഴ്സ് അൽമ്മനാക്ക്" ഇതിൻ്റെ ആധികാരിക രൂപമാണ്. കൃഷിക്കായി അമേരിക്കയും ക്യാനഡയും അതുപയോഗിക്കുമ്പോൾ നമ്മുടെ കർഷകർ പഞ്ചാംഗത്തിലൂടെ അതിനുസമാനമായി ഇവിടുത്തെ അക്ഷാംശത്തിനനുസരിച്ചുള്ള ഞാറ്റുവേലാസിദ്ധാന്തങ്ങളാണ് ഉപയോഗിക്കുന്നത്. നവോത്ഥനം എത്ര വന്നാലും പ്രകൃതി അതിൻ്റെ വഴിക്കേ പോകൂ എന്നതിനാൽ പത്തുദിവസത്തിനുശേഷം ഞാറ്റുവേലവരുത്തുന്ന പ്രകൃതിയിലെ മാറ്റം എന്നും തുടരും, കേരളാ പോലീസ് ആകാശത്തോട്ട് വെടിവച്ചാലൊന്നും ഞാറ്റുവേല മാറില്ല! 

തിരുവാതിര ഞാറ്റുവേല കുളിരും, അത്തം കറുത്താൽ ഓണം വെളുക്കും, കാർത്തിക കാലിൽ കാക്കക്കാൽ നനഞ്ഞാൽ മുക്കാലിൽ മുക്കും, രോഹിണിക്കിപ്പുറം വിതച്ചാൽ മകയീര്യം മദിച്ചു പെയ്തത് ചീക്കും, ചോതി പെയ്താൽ ചോറുറക്കും, ചെമ്മാനം കണ്ടാൽ അമ്മാനം മഴയില്ല അങ്ങനെ പ്രകൃതിയുടെ നിയമാവലി നീണാൾ വാഴും!

ശ്ശോ.. നമ്മൾ വേറെ എവിടെയോ ഒക്കെപ്പോയി, ഞാൻ ഒരു ഗാനത്തെപ്പറ്റി പറയുമ്പോൾ നിങ്ങൾക്കൊരു പ്രതീക്ഷയുണ്ടാവും എന്നെനിക്കറിയാം, അത് മുടക്കേണ്ട, എൻ്റെ ചീത്തപ്പേരിനു കളങ്കം വരരുതല്ലോ!

അല്ല.. ഈ കിടാവിനു ശരീരമാകെ തളിർക്കുന്ന രോമാഞ്ചം ഉണ്ടാകാൻ എന്തു പ്രകോപനം അല്ലെങ്കിൽ പ്രചോദനം ആണിവിടെ ഉണ്ടായത്? ആപാദചൂഡം രാഗപരാഗം! ഈ അനുരാഗത്തിൻ്റെ പൂമ്പൊടിയെന്തൂട്ട് സംഗതിയാ? അതും അടിമുടി!

ചരണം ഇതിൻ്റെ അന്വേഷണത്തിലാണ് പക്ഷേ ഇപ്പോഴത്തെ കേന്ദ്ര ഏജൻസിയുടെ അന്വേഷണങ്ങൾ പോലെ തന്നെയാണ്, ചോദ്യങ്ങൾ മാത്രമേയുള്ളൂ, ചോദ്യങ്ങൾക്ക് വീണ്ടും ഉപചോദ്യങ്ങളോ, മറുചോദ്യങ്ങളോ മതിയാകും ഉത്തരങ്ങൾ വേണമെന്ന് നിർബന്ധമൊന്നുമില്ല. 

ഉത്രാടസന്ധ്യപുലർന്നതിനാലോ? ഉത്രാടത്തിനാരോ വരാമെന്ന് പറഞ്ഞിരുന്നു എന്നങ്ങട് അനുമാനിക്കാം, ആ പഹയൻ .. ഉദ്യാനപാലകൻ ആണത്രേ! ഏതുദ്യാനം? പെണ്ണുടലുതന്നെ ഒരു പൂന്തോട്ടമാണല്ലോ.. അപ്പോൾ ഓടെ വെട്ടും കിളയും കളപറിയും വളമിടലും ചെടിനടലും പരിപാലനവും പൂവിറുക്കലുമൊക്കെ നടത്തുന്ന ഓൻ ഒരുദ്യാനപാലകൻ തന്നെ! ടിയാനാണു വന്നതെങ്കിൽ മേൽപ്പറഞ്ഞ രാഗപരാഗവും, രോമാഞ്ചവും ഒരുധികപ്പറ്റേയല്ല... കടുത്ത അനിവാര്യത മാത്രം. അതിനാലാണ് ആ ആഹാ.. അവിടെ കിടക്കട്ടെ എന്നു വിചാരിച്ചത്. ആ മുതൽ അം വരെ എന്നല്ല മദാമ്മയുടെ ഓയ്യാ.. വരെ അനുവദനീയമാണ്. 

വീണ്ടും ചോദ്യം പുഷ്പഞ്ജലിക്കു വിരിഞ്ഞതിനാലോ? അതേയതേ പുഷ്പഞ്ജലി നടത്തുമ്പോൾ വിരിഞ്ഞ പൂവാണു നല്ലത്! കാരണം ഉത്രാടം കഴിഞ്ഞ് തിരുവോണവും അവിട്ടവും ഒക്കെ അവധി ദിവസങ്ങളാണ്. വിരിഞ്ഞ പൂവല്ല പുഷ്പഞ്ജലിക്കു ഉപയോഗിച്ചതെങ്കിൽ, പൂവ് വിരിയിക്കാതെ, മൊട്ടായി പുഷ്പഞ്ജലി നടത്തിയാൽ അന്നുമാത്രമല്ല അടുത്ത ദിവസങ്ങളിലും പൂവിനത്ര സുഖകരമാവില്ല പുഷ്പഞ്ജലി!

സ്വപ്നാടനത്തിൽ ഉണർന്നതിനാലോ? അതൊരു നല്ല ലക്ഷണമാണ് മനസ്സിനിണങ്ങിയ ഇണയെ സ്വപ്നം കണ്ട് ഉണർന്ന പൂവ്, ഏതായാലും പൂവ് ഉണർന്നല്ലോ, അത് ഇരുകക്ഷികൾക്കും ബോദ്ധ്യമായല്ലോ? ഇനി കുഴപ്പമില്ല. ആത്മാവിനുള്ളിൽ കാമുകമന്ത്രം നിറയട്ടേ.. ശരീരമാകെ തളിർക്കട്ടേ ഉന്മാദലഹരിയിൽ.. ഒരു പ്രവേശമല്ല.. പല പ്രവേശം .. ഉവ്വാ... ഉവ്വേ.. മങ്കേ.. ഐ ആം എ പുവർ കൊച്ചുവാവ!!!

അപ്പോഴേ ശിഷ്യഗണങ്ങളേ.. നമുക്ക് ഗാനം ആസ്വദിക്കാം..

ഹരിനാമകീർത്തനം

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ഹരിനാമകീർത്തനം എഴുതിയത് അടുക്കോടും ചിട്ടയോടുമാണെന്ന് നമുക്കറിയാം, എങ്കിലും ആ അടുക്ക് ഇപ്പോൾ ചിലയിടങ്ങളിൽ കാണുന്നില്ല, ഉദാഹരണത്തിനു വിക്കിഗ്രന്ഥശാലയിൽ ക ഉണ്ട് പിന്നെ ഘ പിന്നെ ങ, അതായത് ഖ യും ഗ യും ഇല്ല. 
വിക്കി വായിക്കുന്നവർ 

"ഖട്വാംഗനെന്ന ധരണീശന്നു കാണ്‍കൊരുമു-
ഹൂര്‍ത്തേന നീ ഗതി കൊടുപ്പാനുമെന്തു വിധി?
ഒട്ടല്ല നിന്‍കളികളിപ്പോലെ തങ്ങളില്‍ വി-
രുദ്ധങ്ങളായവകള്‍ നാരായണായ നമ:

ഗര്‍വ്വിച്ചു വന്നൊരു ജരാസന്ധനോടു യുധി-
ചൊവ്വോടു നില്‍പ്പതിനു പോരാ നിനക്കു ബലം
അവ്വാരിധൌ ദഹനബാണം തൊടുത്തതു തി-
ളപ്പിപ്പതിന്നു മതി നാരായണായ നമ:"

ഈ രണ്ടുപദ്യങ്ങൾ അവിടെ കണ്ടില്ലെന്നു വരും.

കീർത്തനത്തിൻ്റെ അടുക്ക്

പ്രാരംഭപദ്യങ്ങൾ ഓം ൽ തുടങ്ങിയ ഒന്നാം പദ്യം മുതൽ 4 എണ്ണമാണ്.

പിന്നീടെ ഹരി, ശ്രീ, ഗണപതയെ നമ എന്ന ക്രമത്തിൽ തുടങ്ങുന്ന 9 പദ്യങ്ങൾ

അതുകഴിഞ്ഞാൽ അ, ആ, ഇ, ഈ, ഉ, ഊ, ഋ, ൠ, ഌ, ൡ, എ, ഏ, ഐ, ഒ, ഓ, ഔ അം, അ എന്ന സ്വരാക്ഷര ക്രമത്തിൽ തുടങ്ങുന്ന 18 പദ്യങ്ങൾ

പിന്നീട് വ്യഞ്ജനാക്ഷരങ്ങളുടെ ക്രമത്തിലാണ് ക, ഖ, ഗ, ഘ, ങ.. ച, ഛ, ജ, ഝ, ഞ.. ട, ഠ, ഡ, ഢ, ണ.. ത, ഥ, ദ ധ, ന.. പ, ഫ, ബ, ഭ, മ.. യ, ര, ല, വ, ശ, ഷ, സ, ഹ, ള, ക്ഷ എന്ന ക്രമത്തിൽ തുടങ്ങുന്ന 35 പദ്യങ്ങൾ.

സമാപനപദ്യങ്ങൾ 3 എണ്ണം അവയിലേറ്റവും അവസാനത്തേത്

"നാരായണായ നമ: നാരായണായ നമ:
നാരായണായ നമ: നാരായണായ നമ:
നാരായണാ സകലസന്താപനാശന
ജഗന്നാഥ വിഷ്‌ണു ഹരി നാരായണായ നമ:"

ആകെ 4+9+18+35+3 = 69 പദ്യങ്ങൾ ഉണ്ട് എന്നാൽ പൊതുവിൽ 67 പദ്യങ്ങൾ എന്ന് നിങ്ങൾക്ക് പലയിടത്തും വായിക്കുവാനാകും, കാരണം എഴുത്തച്ഛൻ സൃഷ്ടിച്ച ലിപിയിലെ "ൠ, ൡ" എന്നിവയെ നാടുകടത്താൻ ചെയ്ത കുത്സിതശ്രമങ്ങളുടെ ഭാഗമാണത്. താഴെക്കൊടുത്തിരിക്കുന്ന പദ്യങ്ങളിൽ നിങ്ങൾക്കത് കാണുവാനാകും.

"ഋതുവായ പെണ്ണിന്നുമിരപ്പന്നും ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരുനാളുമാര്‍ക്കുമുട-
നരുതാത്തതല്ല, ഹരി നാരായണായ നമ:

ൠഭോഷനെന്നു ചിലര്‍ ഭാഷിക്കിലും ചിലര്‍ ക-
ളിപ്പാപിയെന്നു പറയുന്നാകിലും മനസി
ആവോ നമുക്കു തിരിയാ എന്നുറച്ചു തിരു-
നാമങ്ങള്‍ ചൊല്‍ക ഹരി നാരായണായ നമ:

ലുത്സ്‌മാദി ചേര്‍ത്തൊരു പൊരുത്തം നിനക്കിലുമി-
തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഢം
ഒരു കോടി കോടി തവ തിരുനാമമുള്ളവയി-
ലരുതാത്തതില്ല ഹരി നാരായണായ നമ:

ൡകാരമാദി മുതലായിട്ടു ഞാനുമിഹ
കൈകൂപ്പി വീണുടനിരക്കുന്നു നാഥനൊടു
ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു
വൈകുന്നതെന്തു ഹരി നാരായണായ നമ:"

ഇനി രസകരമായ മറ്റൊരുകാര്യം പറഞ്ഞവസാനിപ്പിക്കാം, ചട്ടക്കാരി എന്ന മലയാളസിനിമയിൽ 1974 ൽ വയലാർ രചിച്ച ഒരു ഗാനമുണ്ട്, ആംഗ്ലോ ഇന്ത്യൻ പശ്ചാത്തലത്തിൽ കഥപറഞ്ഞ ആ സിനിമയിൽ ദ്രുദഗതിയിൽ ആലപിക്കുന്ന ഒരു ഗാനമുണ്ട്. അത് ഹരിനാമകീർത്തനത്തിൻ്റെ ഭാഗമാണെന്ന് തർക്കിക്കുന്നവരെ കണ്ടിട്ടുണ്ട്. വാസ്തവത്തിൽ എഴുത്തച്ഛൻ അവസാനിപ്പിച്ച പദ്യത്തിൽനിന്നും വയലാർ പ്രതിഭ ചിലവരികൾ കൂട്ടിച്ചേർത്തതാണവ, തികച്ചും ഹൃദ്യമായ അവയെ ദേവരാജൻ മാസ്റ്റർ ദ്രുതതാനത്തിലൂടെ മനസ്സുകളിൽ ഉറപ്പിച്ചുവെന്നേയുള്ളൂ.

"നാരായണായനമ: നാരായണായനമ:
നാരായണായനമ: നാരായണാ
നാരായണായനമ: നാരായണായനമ:
നാരായണായനമ: നാരായണാ

പാലാഴിവെണ്‍തിര തലോടിത്തൊഴുന്ന തവ
പാദങ്ങളെന്‍ ഹൃദയപത്മങ്ങളില്‍
മാഹേന്ദ്രനീലമണി പീഠത്തില്‍ വെച്ചു കണി
കാണാന്‍ വരംതരിക നാരായണാ

ലക്ഷ്മീകടാക്ഷദലമാല്യങ്ങള്‍ വീഴുമണി
വക്ഷസ്സിലുള്ള നവരത്നങ്ങളേ
മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലര്‍
ചൂടാന്‍ വരംതരിക നാരായണാ

കാലങ്ങള്‍തോറുമവതാരങ്ങളായ് അവനി
പാലിച്ചിടും കമല ലക്ഷ്മീപതേ
പാദം നമിച്ചു തിരുനാമാക്ഷരാവലികള്‍
പാടാന്‍ വരംതരിക നാരായണാ"


ഒരു ചോദ്യം വിനീതമായി ഇവിടുത്തെ ഭരണത്തിൽ മാറിമാറി വരുന്ന ഇടത് വലത് സർക്കാരുകളോട്, വിദേശത്തച്ചടിച്ച മതഗ്രന്ഥവിതരണമൊന്നും വേണ്ട, മലയാളഭാഷയ്ക്ക് വട്ടെഴുത്തിൽനിന്നും ലിപി നൽകിയ ആ മഹാനായ ആചാര്യന്, അദ്ദേഹത്തിൻ്റെ സ്വന്തം മണ്ണിലൊരു പ്രതിമസ്ഥാപിക്കാൻ നിങ്ങൾ ഇനിയെങ്കിലും തയ്യാറാകുമോ? അതുവരെ നമുക്ക് മനസ്സിൽ ചൊല്ലാം....

"കാണാമറയത്തൊതുങ്ങി നിരാശ്രയം
കേണുവീണല്ലലിൽ മാഴ്കിയുഴറീടു-
മമ്മയ്ക്കു നാണം മറയ്ക്കുവാൻ വർണ്ണങ്ങ‌-
ളമ്പത്തിമൂന്നും തികച്ച ഗുരവേ നമഃ!"🙏🙏🙏

Sunday, November 15, 2020

ഋതുമതിപ്പൂവിൻ്റെ കഞ്ചുകം

ആർ.കെ. ദാമോദരൻ എന്ന പേരു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് തന്നെ ഒരു "രതിഭാവമാണ്"! അതും സർപ്പസൗന്ദര്യത്തിൻ്റെ സംഗമപ്പൂ വിടർത്തുന്ന രവിവർമ്മ ചിത്രത്തിലെ രതി!!വേറേയും മികച്ചഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് പ്രത്യേകിച്ച് താളം തെറ്റിയ താരാട്ടിലെ ഗാനങ്ങൾ, 'സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവിൽ', 'ചന്ദ്രഹകിരണത്തിൻ ചന്ദനമുണ്ണും ചകോരയുവമിഥുനങ്ങൾ, ഫ്രണ്ട്സിലെ ഗാനങ്ങൾ, 'ഓമനേ പൊന്നെ നിന്നെ ഓർത്തിരിപ്പൂ ഒരമ്മ' എന്നിവ.

ഇരുമ്പഴികൾ എന്ന സിനിമയ്ക്കുവേണ്ടി അദ്ദേഹമെഴുതി, എം.കെ.അർജ്ജുനൻ മാസ്റ്റർ സംഗീതം നൽകി, എസ്സ്. ജാനകി ആലപിച്ച ഗാനമാണ് ഇന്നത്തെ പഠനവിഷയം.

ഗാനം ആരംഭിക്കുന്നത് നായിക നിൽക്കുന്ന സ്ഥലത്തെ സൂചിപ്പിച്ചുകൊണ്ടാണ്... അത് പ്രമദവനം ആണ്.

ശിഷ്യന്മാരേ .. നിങ്ങളിൽ ഗ്രാഹ്യമില്ലാത്തവർക്കുവേണ്ടി ഞാൻ പ്രമദവനത്തെപ്പറ്റി പറയട്ടേ... അറിയാവുന്നവർ ഇടയ്ക്ക് കയറി പറയരുത്!

അന്തപ്പുരത്തിനോടു ചേർന്ന ഉദ്യാനമാണ് സംഗതി, അതായത് പുരുഷപ്രജകൾക്ക് പ്രവേശനമില്ലാത്തതും തദ്വാരാ സ്ത്രീകൾക്ക് പൂന്തിവിളയാടാനുമുള്ള പൂന്തോട്ടം! സ്വാഭാവികമായും ലേഡീസ് ഹോസ്റ്റലിൻ്റെ മതിലിനു പുറത്ത് നിൽക്കുന്ന പുരുഷൻ്റെ ചിന്തകൾ പോലെ, ഈ പ്രമദവനത്തിലേയ്ക്ക് ഒരു കണ്ണ് എക്കാലത്തും പുരുഷകവികളിൽ ലഡ്ഡു പോലെ നിന്നിരുന്നു എന്നു പറയാം. അത് മഹാഭോഗി കാളിദാസൻ ആയാലും, മഹായോഗി ആദിശങ്കരാചാര്യർ ആയാലും ഈ പെണ്ണുങ്ങൾ നാണമന്യേ വിഹരിക്കുന്ന ഉദ്യാനത്തിലേയ്ക്ക് രചനകളുടെ ഫാൻ്റസി കടന്നുപോയിട്ടുണ്ട്.

അപ്പോൾ പ്രശ്നം പെണ്ണുങ്ങൾ മാത്രം വിഹരിക്കുന്ന ആ ഉദ്യാനത്തിലെ ഋതുമതിപ്പൂവ് മദനശരം കൊണ്ടു പുളഞ്ഞു എന്നതാണ്, അതായത് ദിവാസവപ്നമോ, ഓർമ്മകളോ എന്തോ ഒരു സംഗതിയാവണം നായികയെ വികാരപരവശയാക്കി, കുറ്റം പതിവുപോലെ കാമദേവനു ചാർത്തിക്കൊടുത്തു.

അടുത്ത വരിയാണ് അതികഠിനമായ പ്രലോഭനം, കഞ്ചുകമൂരിത്താ മമ രമണാ..എന്നാണ് ആവശ്യം!

മുലക്കച്ച അഴിച്ചുകൊടുക്കാൻ സഖിമാരെയല്ല, രമിക്കേണ്ടവനെ ആണു വിളിക്കുന്നത്, അതായത് നിരോധിത മേഖലയിലേയ്ക്ക് ആ പാവത്തിനെ വിളിച്ചുകയറ്റുകയാണ്! ഒടുവിൽ കയറിയവൻ ബന്ധനസ്ഥനായ അനിരുദ്ധൻ മുതൽ പാലാട്ട് കോമൻ വരെയായിമാറി അനുഭവിക്കുമെന്നറിഞ്ഞാലും അങ്ങനൊരു വിളിവിളിച്ചാൽ കയറിപ്പോകും, കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

കഞ്ചികമൂരിയാൽ കുചകലശങ്ങൾ സ്വതന്ത്രമായി, പിന്നെന്താ? നായിക തന്നെ ആവശ്യപ്പെടുന്നു "മലർക്കൊങ്ക തഴുകിത്താ വിധുവദനാ" പൂപോലെയുള്ള മാറിടം തഴുകിക്കൊടുക്കണം, അതിനിപ്പോൾ ചന്ദ്രനെപ്പോലെ മുഖമുള്ളവനേ എന്നൊന്നും വിളിച്ചു സുഖിപ്പിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല, ആണുങ്ങളാകുമ്പോൾ അങ്ങനെയൊരു സാഹചര്യത്തിൽ തഴുകും..

"ഒരുങ്ങി വരൂ മണിയറയിൽ, ഒരു നിമിഷം, രതിയറയിൽ ഒരു ദിവസം" അതെനിക്കങ്ങോട്ട് വ്യക്തമായില്ല. എന്തായാലും മണിയറ ഒരു രതിയറയാക്കാൻ തയ്യാറെടുത്ത് വരണം അതും കഴിയുന്നതും ഒരു ദിവസം അങ്ങട് ആഘോഷമാക്കാം എന്നാണ് ആമുഖമായി പറയുന്നത്!

ചരണങ്ങളിലും കാര്യമായ വ്യത്യാസമില്ല, നായിക തൻ്റെ മേനിയിൽ വാത്സ്യായനശസ്ത്രം എഴുതൂ എന്നാവശ്യപ്പെടുമ്പോൾ, സുകുമാരകലകളുടെ ശ്രേണിയിൽപ്പെടുത്തിയ 64 ഉം അങ്ങോട്ട് പ്രയോഗിച്ചോളാൻ ഒരു ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് കൈമാറുകയാണ്. എങ്കിലും ഒരൽപ്പം വിശദമായ പൂർവ്വകേളികളുടെ സാംഗത്യമെന്ന് കരുതിയാൽ മതി.

ചുണ്ടിൽ പ്രേമമുദ്ര ചാർത്തണം എന്നാവശ്യപ്പെടുന്നതിൽ നിന്നും ഫേർപ്ലേയാണ് ആവശ്യപ്പെട്ടതെന്ന് ഉറപ്പിക്കാം. എൻ്റെ കടവിൽ തോണിയിറക്കാം എന്നും രാവിൽ വരാം! മലർമേനിയിൽ തന്ത്രികൾ മീട്ടാം, പക്ഷേ ആരും കാണാതെ വരണം, കാരണം പ്രമദവനമാണ്.

ചുരുക്കിപ്പറഞ്ഞാൽ ആരും കാണാതെ ഇതിനകത്ത് കയറിപ്പറ്റിയാൽ രതിയുടെ ഒമ്പതാം ഉത്സവം ഉറപ്പ്, ആയതിനാൽ വന്നപാടെ നിരോധിതമേഖലയാണല്ലോ, പെട്ടെന്ന് സംഗതി സാധിച്ച് മടങ്ങാം എന്ന് കരുതി കുത്തിക്കേറ്റി അതിനകമെല്ലാം മുറിവാക്കി നാശകോശമാക്കരുത്.. സമയമുണ്ട്, സാവകാശം മതി, കടവുകണ്ടയുടൻ വഞ്ചിയിറക്കേണ്ട, കരയിൽ ഉറച്ചുപോകും, വെള്ളമുള്ളയിടത്ത് ആഴമറിഞ്ഞ് തോണിയിറക്കുക!!!

അടുത്ത ചരണത്തിൽ അവലംബങ്ങളാണ്, ക്ഷേത്രച്ചുവരുകളിൽ കൊത്തിവച്ചിട്ടുള്ള നിലകളെല്ലാം പരീക്ഷിക്കാം, സമയമുണ്ടല്ലോ! അഷ്ടപദിപ്പാട്ടിൻ്റെ കുളിരുണർത്താം, സംശയം വേണ്ട 6ഉം, 11ഉം അഷ്ടപദികൾ തന്നെ, കുളിരിനൊരു കുറവും വരില്ല!

സംഗതിയിങ്ങനെ ഒക്കെയാണെങ്കിലും യൗവ്വനത്തിൻ്റെ പൂക്കൾ തേടി വരാൻ രാത്രിയാണ് സൗകര്യം, അതങ്ങട് അനുസരിക്ക, അവൾക്കാണല്ലോ പ്രമദവനത്തിലെ അവസ്ഥയറിയൂ.. പ്രിയതോഴൻ മൈഥുനത്തിൻ്റെ, രതിയുടെ അമൃത് നുകരാൻ എന്നും വന്നാൽ അത്രയും സന്തോഷം.

വന്നാൽ പൂപോലെയുള്ള ശരീരത്തിലെ പുടവയഴിച്ച്, പൂതിതീരുവോളം പുണരാം!

ഇങ്ങനെയൊരു വാഗ്ദാനം നൽകിയാൽ, നായകൻ മതിലുചാടിപ്പോകും, അതവൻ്റെ കുറ്റമല്ല, കാരണം ഇതൊരു ഉപഹാരമല്ല, സംഗതി പലഹാരമാണ്!!!

ഇതൊക്കെയാണെങ്കിലും ആ "മാരാ മാരാ..", "അഹ അഹ അഹ" ഒക്കെ അൽപ്പം അധികപ്പറ്റായിപ്പോയി, ആഗ്രഹവും, ആർത്തിയും കടന്ന് അത് ആക്രാന്തം ആയിപ്പോയി എന്നു പറയാതെ തരമില്ല!

കൂടുതൽ ദീർഘിപ്പിക്കുന്നില്ല, ഗാനം പലർക്കും അപരിചിതമാകാം, ശ്രവിക്കുക, ആസ്വദിക്കുക..

ഹോംവർക്ക് ചെയ്യാൻ പറയുന്നില്ല, കാരണം പ്രേരണാക്കുറ്റം ഐ.പി.സി 109, പിന്നെ 118, 120 ബി ഒക്കെ ഗുരുവിൻ്റെ മേൽ വന്നുഭവിക്കും, അതുകൊണ്ട് സ്വന്തമായി അന്തപ്പുരമുള്ളവർ മാത്രം സാഹസത്തിനൊരുങ്ങുക, ഇതുമൂലമുള്ള യാതൊരു കഷ്ടനഷ്ടങ്ങൾക്കും ആചാര്യൻ ഉത്തരവാദിയല്ല.. ട്ടോ?

"പ്രമദവനത്തിൽ ഋതുമതിപ്പൂ
മദനശരം കൊണ്ടു പുളഞ്ഞു
കഞ്ചുകമൂരിത്താ മമരമണാ
മലർക്കൊങ്ക തഴുകിത്താ വിധുവദനാ
ഒരുങ്ങിവരൂ മണിയറയിൽ
ഒരു നിമിഷം, രതിയറയിൽ ഒരുദിവസം
അഹ അഹ അഹ അഹ... ആഹാ...

എന്നിൽ കാമശാസ്ത്രമെഴുതൂ നീ....
ചുണ്ടിൽ പ്രേമമുദ്ര ചാർത്തൂ നീ...
എന്നുടെ കടവിൽ തോണിയിറക്കാം
എന്നും രാവിൽ പോരൂ നീ
എൻ മലർമേനിയിൽ തന്ത്രികൾ മീട്ടാൻ
ആരും കാണാതണയൂ നീ
മാരാ...മാരാ...
അഹ അഹ അഹ അഹ... ആഹാ...

അമ്പലത്തിൻ ചുമരിലെ രതിയുണർത്താം
അഷ്ടപദിപാട്ടിന്റെ കുളിരുണർത്താം
യാമിനിതൻ മഞ്ചലേറി വന്നു
യൗവ്വനത്തിന്‍ പൂക്കൾ തേടിവന്നു....
എൻ പ്രിയതോഴൻ മൈഥുനനാകിരി
നുകരാനെന്നും വന്നേ പോ
പൂവുടൽമെയ്യിലെ പുടവയഴിച്ചു
പൂതിതീരെ പുണരാനായ്‌
വായോ...വായോ...
അഹ അഹ അഹ അഹ... ആഹാ..."

സൗരയൂഥനായകൻ - ഭാഗം 4

രവിയുടെ സ്കൂളാരംഭിച്ചപ്പൊൾ മുതൽതന്നെ അള്ളാപ്പിച്ച മൊല്ലാക്കയുടെ അദൃശ്യസാന്നിദ്ധ്യം അവിടെ ഉണ്ടായിരുന്നു, ഏറ്റവുമാദ്യം അത് മൊല്ലാക്കയുടെ എതിരാളിയായ ഖാലിയാരുടെ രൂപത്തിൽ അധ്യയനം തുടങ്ങിയദിവസമെത്തി. പിന്നീട് മകൾ മൈമൂനയുടെ കെട്ടിയോൻ മുങ്ങാങ്കോഴിയെന്ന ചക്രുറാവുത്തരുടെ ആദ്യകെട്ടിയോളുടെ മകൾ ആബിദയെന്ന പണിക്കാരിയുടെ രൂപത്തിലെത്തി. ചില മദ്ധ്യസ്ഥർ വഴി മൊല്ലാക്കയുടെ മതപഠനത്തിനു 10 മണിവരെ സമയമനുവദിച്ച് സ്ക്കൂൾ പത്തരയ്ക്കാക്കിയപ്പോൾ സമാധാനസന്ധിയായുമെത്തി.എങ്കിലും മൊല്ലാക്കയും അലിയാരും ചേർന്ന് പലവിധ കുത്തിത്തിരുപ്പുകൾ ഉണ്ടാക്കിക്കൊണ്ടേയിരുന്നു, രവിക്ക് ഉടുതുണിയില്ലാത്ത ഒരു പെണ്ണിൻ്റെ ചിത്രമുള്ള ഒരു ജർമ്മൻ പത്രം നൽകി

"ഇപ്പടി കോണകമുടുത്ത് നിക്കറതിൻ്റെ സത്തിയം എന്നാ? ഒന്ന് പടിച്ച് അർത്തം പറയീ"

എന്നായി അവർ, ഇംഗ്ലീഷല്ല അതെന്ന് രവി പറഞ്ഞെങ്കിലും രവിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും, ബി.എ ക്കാരനാണെന്നത് പുളുവാണെന്നും അവർ പ്രചരിപ്പിച്ചു. രവിയുടെ അച്ഛൻ ഡോക്ടറാണെന്ന മാധവൻനായരുടെ വാദവും അവർ ചോദ്യം ചെയ്തു.

" ഏതെങ്കിലും ഡോക്ടറുടെ മകൻ പ്രാഥമിക വിദ്യാലയത്തിൽ പഠിപ്പിക്കാൻ പോകുമോ?" എന്നവർക്ക് സംശയമായി

"ചിലപ്പൊൾ ഹോമാവതി ആയിരിക്കും"

എന്നവർ സമ്മതിച്ചു, ഒരു ഹോമിയോ ഡോക്ടറുടെ മകനാണെന്ന് കഷ്ടിച്ചു സമ്മതിച്ചു അപ്പോഴും അലോപ്പതിക്കാരനാക്കിയില്ല.

രവിയല്ല ഇതൊന്നും പറഞ്ഞത്, തുന്നൽക്കാരൻ മാധവൻനായരായിരുന്നു, അതിനാൽ തൻ്റെ വിശ്വാസം നിലനിർത്താൻ അയാൾ മൊല്ലാക്കയെ ഒന്നു കുടഞ്ഞു

"തന്തേ.. ഇഞ്ഞെങ്കിലും പൊട്ടത്തരം മാറ്റിക്കൂടേ? ആ കേലൻ്റെ കേട്ട് സ്ക്കൂളീന്ന് കുട്ടികൾനെ മൊടക്ക്യാ മാസം മൂന്നുറുപ്യ അല്ലേ കരാറ്? സ്ക്കൂൾങ്ങ്ട് പൂട്ട്യാ പിന്നെ കേലനു ഞിങ്ങൾനെ വേണ്ടാ തന്തേ"

ആ ആരോപണത്തിൽ മൊല്ലാക്ക വീണു, ഒന്നടങ്ങി.

പുതിയ പ്രശ്നം തുടക്കം മുതൽ അനുകൂലമായി നിന്ന ഖാലിയാരുടേതായാണെത്തിയത്, പരോക്ഷമായാണെങ്കിൽക്കൂടി!

മൊല്ലാക്കയുടെ മകളും ഖാലിയാരുടെ കാമുകിയുമായ മൈമൂനയെ, ഖസാക്കിൻ്റെ യാഗാശ്വത്തെ, 50 ലധികം പ്രായമുള്ള രണ്ടാംകെട്ടുകാരൻ, ഈ അമ്പതിൻ്റെ കണക്കുതന്നെ നാട്ടിലെ പ്രധാനകണക്കെടുപ്പുകാരനും എതിരനുമായ കുപ്പുവച്ചൻ ഒരൂഹം വച്ച് കണ്മതിക്ക് നിശ്ചയിച്ചതാണ്: കിണറിലും, മറ്റാഴങ്ങളിലും മുങ്ങിത്തപ്പി സാധനങ്ങളെടുക്കുന്ന മുങ്ങാങ്കോഴിയെന്ന, ചക്രുറാവുത്തർക്ക് നിക്കാഹ് ഉറപ്പിച്ചപ്പോൾ ഖസക്കുകാർ ഒന്നടങ്കം പറഞ്ഞു ആ വിവാഹം നടക്കില്ലെന്ന്. അത് നടന്നപ്പോഴോ പെണ്ണ് നിൽക്കില്ല, ഓടിപ്പോകും എന്നായി. പക്ഷേ ഒന്നും സംഭവിച്ചില്ല, മൈമൂന സുഖമായ ദാമ്പത്യജീവിതം നയിച്ചു, ഒന്നും സംഭവിക്കാത്തതുപോലെ തലിയിൽ തട്ടനില്ലാതെ മലിക്കുകളെ വെല്ലുവിളിച്ച്, നീലഞ്ഞരമ്പോടിയ കൈകളിൽ കരിവളയിട്ട് അവൾ പിന്നേയും നടുപ്പറമ്പിലൂടെ നടന്നു സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി.

മുങ്ങാങ്കോഴി മധുവിധുവിനൊന്നും നിന്നില്ല, പിറ്റേദിവസം മുതൽ ഖസാക്കിനു വെളിയില്‍ ജോലിക്കുപോയി, മൈമൂന വിരസതയകറ്റാൻ കുടിലിൻ്റെ മുറ്റത്ത് ഒരു മാറ്റപ്പീടിക തുടങ്ങി, അവിടെ ചക്കരക്കാരി തങ്കയുമൊത്ത് കിന്നാരം പറഞ്ഞവൾ ഉല്ലസിച്ചു.

ശരീരമാകെ പായലും പിടിച്ച് പാതിരായ്ക്ക് കൂടുപറ്റുന്ന മുങ്ങാങ്കോഴിയെ അവൾ മടിയിൽ കിടത്തുകയും, കൊഞ്ചിത്താലോലിക്കുകയും ചെയ്തു. അവളുടെ ദൃഢമാർന്ന കൈകളിൽ കിടന്നുറങ്ങുമ്പോൾ ഗന്ധവാതകമൂറുന്ന നെല്ലിപ്പടികൾ അയാൾ സ്വപ്നം കണ്ടു.

മുങ്ങാങ്കോഴിയുടെ ആദ്യവീടരിലെ ആബിദയെന്ന പെൺകുട്ടി മൈമൂനയ്ക്ക് ഒരു തലവേദനയായിരുന്നു. കാരണം മുങ്ങാങ്കോഴി അവിടില്ലെങ്കിലും ആബിദ എല്ലാം കാണുന്നുണ്ടായിരുന്നു, ചക്കരക്കാരി തങ്ക ഒരു ഇടനിലക്കാരിയാണെന്ന് അവൾക്കറിയാം, ഖാലിയാരായ നൈസാമലിയും മൈമൂനയുമായി തമ്മിൽ ഇപ്പോഴും പ്രണയത്തിലാണെന്നും, മൈമൂന അറബിക്കുളത്തിലെത്തിയും, ഖാലിയാർ മുങ്ങാങ്കോഴിയുടെ വീട്ടിലെത്തിയും നടക്കുന്ന അവരുടെ സമാഗമങ്ങൾക്ക് തങ്കിയാണു സഹായിയെന്നും, അതിനവസരമൊരുക്കാൻ അകറ്റി നിർത്താനാണ് സ്കൂളിൽ മസാൽജിപ്പണിക്ക് വിടുന്നതെന്നും അവൾക്കറിയാം, അതും മൊല്ലാക്കയുടെ എതിർപ്പിനെപ്പോലും അവഗണിച്ചുകൊണ്ട്.

മുങ്ങാങ്കോഴിയോട് മൈമൂന കാണിക്കുന്ന സ്നേഹം വിധേയത്വം എല്ലാം കപടമാണെന്നും, അതൊക്കെ ഖാലിയാരുമായുള്ള ബന്ധം മറയ്ക്കാനുള്ള സൂത്രപ്പണിയാണെന്നും അവൾ അറിഞ്ഞു, അത് രവിയോട് പറയുകയും ചെയ്തു

"അത്തയ്ക്ക് ആരുമില്ല"

പണ്ടൊക്കെ മൈമൂന നടുപ്പറമ്പിലൂടെ നടന്നുപോകുമ്പോൾ ആ ചന്തം നോക്കി ആബിദ നിന്നുപോകാറുണ്ടായിരുന്നു, അതിന്ന് അവരുടെ കുടിലിൽ നിറഞ്ഞപ്പോൾ ആബിദയുടെ ധൈര്യം ക്ഷയിച്ചു. ആബിദ സുഖമില്ലാത്തതിനാൽ അടിച്ചുതൂക്കാൻ പോകാതിരുന്ന ആ ദിവസം അത് പുറത്തേയ്ക്ക് വന്നു.

ഖാലിയാരുമായി രഹസ്യസമാഗമം നിശ്ചയിച്ച മൈമൂനയെ ആബിദയുടെ സന്നിദ്ധ്യം ചോടിപ്പിച്ചു, അവൾ വഴക്കുപറഞ്ഞപ്പോൾ മുഖത്ത് ഭയമില്ലാതെ ആദ്യമായി ആബിദ തിരിച്ചു പറഞ്ഞു

"അത്ത വരട്ട് ..നാൻ ശൊല്ലിക്കൊട്ക്കപ്പോറേൻ"

വിളറിവെളുത്ത മൈമൂന ചോദിച്ചു

"ശൊല്ലിക്കൊട്ക്കാറതാ, എന്നാ?"

ആബിദ ദൃഢമായി പറഞ്ഞു

"കാലിയാർ ഇങ്കെ വന്തത്"

മൈമൂന കൂടുതൽ വിളറി, ഒച്ച പുറത്തേയ്ക്ക് വരാതായി.

തങ്കയിടപെട്ടു

"ആഹാ! അമ്പടീ, കാലിയാർക്ക് ഇബടെ വരാമ്പ്ഷ്തില്ലയോ? ഊതാന്, മന്തിരം ചൊല്ലാന്"

മൈമൂന ചിന്തയിലായി, മാർഗ്ഗം മനസ്സിൽ തെളിഞ്ഞു, മുഖത്തെ വിളർച്ച മാറി, അവൾ പറഞ്ഞു

"നീ മിണ്ടാണ്ടിർന്നാണ്ടീ തങ്കപ്പെണ്ണേയ്"

അന്ന് പാതിരായ്ക്ക് ഒരു നിലവിളി കേട്ട് ഖസാക്കുകാരുണർന്നു, നെറ്റിയിൽ ധാരയായൊഴുകുന്ന ചോരയുമായി ആബിദ മൊല്ലാക്കയുടെ വീട്ടിലേയ്ക്കോടി, കയ്യിൽ വിറകുകൊള്ളിയുമായി കലികൊണ്ട ഒരു വെട്ടുക്കിളിയെപ്പോലെ മുങ്ങാങ്കോഴി പിന്നാലേയും, മൈമൂനയുടെ പ്രയോഗം ഫലം കണ്ടിരിക്കുന്നു!

മൊല്ലാക്കയും തിത്തിബിയുമ്മയും ആബിദയ്ക്ക് അഭയം നൽകി, അടുത്ത പ്രഭാതത്തിൽ കാതിലെ ചിറ്റുകളിൽ പനിനീർപ്പൂവുകളുമണിഞ്ഞ് മൈമൂന നടുപ്പറമ്പിലൂടെ നടന്നു രസിച്ചു, അവൾക്കു പിന്നേയും ചന്തം വച്ചുവരികയാണെന്ന് ഖസാക്കുകാർ പറഞ്ഞു, കുപ്പായം കൈത്തണ്ടയോളം തെരുത്തുവച്ചിരുന്നു, കൈത്തണ്ടയോളം നീലഞരമ്പുകളെ അത് വെളിവാക്കി, കുപ്പിവളകളേയും.

നെറ്റിയിൽ തിത്തിബിയുമ്മ പച്ചിലവച്ച് കെട്ടിയ മുറിവുമായി ആബിദ ഒറ്റയടിപ്പാലം കടന്നു മറുകര പറ്റി, പാടങ്ങള്‍ മുറിച്ചു പോകുന്ന നടുവരമ്പിലൂടെ ഖസാക്കുവിട്ട് അവളുടെ ഉമ്മയുടെ മാതാപിതാക്കൾ താമസിക്കുന്ന കാളികാവിലേയ്ക്ക് യാത്രയായി.

അങ്ങനെ രവിക്ക് സ്ക്കൂളിൽ മസാൽജിപ്പണിക്ക് ആളില്ലാതായി, അയാൾ ശിവരാമൻനായരുടെ സഹായം അഭ്യർത്ഥിച്ചു.

ആബിദ ജോലിവിട്ടു പോവുകയും, ഓത്തുപള്ളിക്കൂടത്തിലെ കുട്ടികളെല്ലാം സ്ക്കൂളില്‍ ചേരുകയും ചെയ്തതോടെ മൊല്ലാക്ക രവിയുടെ പക്കൽ നേരിട്ടെത്തി.

മൊല്ലാക്കയുടെ വരവ് രവി പ്രതീക്ഷിച്ചതായിരുന്നെങ്കിലും ആവശ്യം അവനെ ഞെട്ടിച്ചുകളഞ്ഞു; അദ്ദേഹം ആവശ്യപ്പെട്ടത്

"ഷ്ക്കോളിലെ മസാലച്ചി പണി ഞമ്മളെത്ത്താളയാ?"

ഖസാക്കിൻ്റെ ആരാദ്ധ്യനായ ആ വയോവൃദ്ധനെക്കൊണ്ട് സ്ക്കൂളിൻ്റെ അടിച്ചുതളിപ്പണി ചെയ്യിക്കാൻ രവിക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല, എങ്കിലും ആ വൃദ്ധൻ്റെ ദയനീയതയിൽ, അഞ്ചുരൂപയ്ക്ക് ആ കരാറുറപ്പിച്ചു.

പക്ഷേ രവിയുടെ കയ്യിൽ നിന്നും അഞ്ചുരൂപ കൈപ്പറ്റിക്കൊണ്ട് തന്നെ മൊല്ലാക്ക വീണ്ടും കുട്ടികളെ സ്ക്കൂളിൽ നിന്നും മുടക്കിക്കൊണ്ടേയിരുന്നു. ആ അഞ്ചുറുപ്പ്യ രവി പോട്ടെന്ന് വച്ചു, പക്ഷേ അതിലും വലുതുമായി മാധവൻ നായരെത്തി

" ആ ചൊല്ലുമ്മയുടെ വക ആവലാതി, മാഷ് ആ ആമിനപ്പെണ്ണിനെക്കൊണ്ട് അടിച്ചുതളിപ്പിച്ചൂന്ന് പറഞ്ഞിട്ട്"

രവി ഉള്ളകാര്യം പറഞ്ഞു

"മൊല്ലാക്ക കാശുവാങ്ങാനല്ലാതെ വരാറില്ല, മസാൽജിപ്പണി എടുക്കണത് ഓത്തുപള്ളീലെ കുട്ട്യോളാണ്, ഒരുദിവസം കുഞ്ഞാമിനേ പറഞ്ഞയച്ചു, ചൂലുതൊടീക്കാതെ വളർത്തുന്ന കുട്ടി. ഞാൻ അവളെ അനുവദിച്ചില്ല"

അങ്ങനെ മാധവൻനായരാണ് മദ്ധ്യവയസ്ക്കയായ ചാന്തുമ്മയെ കൂട്ടിക്കൊണ്ടുവന്നത്. ദേശാടനക്കാരനായ തങ്ങളു പക്കീരിയുടെ മകളാണ്, ഖസാക്കിലെ ദൃഷ്ടാന്തങ്ങളുടെ ദുരന്ത നായിക!

മഞ്ഞളുപോലെ ചോരവാർന്ന ശരീരം ഒരു കാലത്ത് സാമാന്യം സമൃദ്ധമായിരിക്കണം എന്നു രവിക്ക് തോന്നി, പരന്നു വിളറിയ കവിളുകളിലും, കണ്ണിനടിയിലും പാടുകളുണ്ടായിരുന്നു. അരിവയ്ക്കാൻ സഹായിച്ച ചാന്തുമ്മയോട് അവിടെ നിന്ന് ആഹാരം കഴിക്കാൻ രവി ആവശ്യപ്പെട്ടു, അതവൾക്ക് വലിയ സഹായമായി. അങ്ങനെ അവളും അവളുടെ രണ്ടുകുട്ടികളും ഞാറ്റുപുരപ്പറമ്പിലെ സ്ഥിരം കാഴ്ച്ചയായി. മകൻ കുഞ്ഞുനൂറിനെ സ്ക്കൂളിൽ ചെർത്തു, അവനോടൊപ്പം കുഞ്ഞുമകൾ ചാന്തുമുത്തുവിനും മാധവന്നായരെക്കൊണ്ട് കുപ്പായം തുന്നിക്കാൻ രവി തയ്യാറായപ്പോൾ നാലു വയസ്സുകാരി പറഞ്ഞു

"മാണ്ട, തെക്കന് കൊത്ത്താ മതി"

അതെന്താ ചാന്തുമുത്തൂന് കുപ്പായം വേണ്ടേ" രവി തിരക്കി

അവൾ മറുപടി നൽകി

"തെക്കമ്പൽതാകട്ടെ"

ആ ചെക്കൻ വലുതാകേണ്ടതിൻ്റെ ആവശ്യം രവി പലപ്പോഴും കേട്ടു.

മണ്മണ്ടകളിൽ കഞ്ഞി വിളമ്പി മൂന്നുപേരും അത്താഴത്തിനിരുന്നാലും ചാന്തുമുത്തു തൻ്റെ മണ്ടയിൽ നിന്നും വറ്റുപിടിച്ചെടുത്ത് സഹോദരൻ കുഞ്ഞുനൂറുവിനു കൊടുക്കും, എന്നിട്ട് പറയും

"ഉമ്മാ തെ്ക്കൻ ബെക്കം ബല്താകട്ടെ"

നാലുവയസ്സുകാരിയുടെ എട്ടുവയസ്സുകാരനോടുള്ള സ്നേഹവും കരുതലും കണ്ട് ചാന്തുമ്മയും പറയും

" ബൽതാകട്ടെ മക്ളെ, എൻ്റെ മക്ളിൻ്റെ കഷ്ടം തീരട്ടെ"

"എപ്പൊ വല്താകുമുമ്മാ? അവൾ തിരക്കും

"ഒരു പെര്നാള് കളിഞ്ചാ വല്താക്ക് കണ്ണേ"

"പെര്നാള് എപ്പക്കളിയുമ്മാ?"

"നാല് വാവ് കളിഞ്ചാ കണ്ണേ"

ആ ഉമ്മയും മകളും കുഞ്ഞുനൂറിൻ്റെ വളർച്ചയ്ക്കായി കാത്തിരുന്നു.

നിറച്ച മൺകുടം ഒക്കത്തുവച്ച് ചാന്തുമ്മ മുന്നിലൂടെ നടന്നുപോകുമ്പോൾ രവി ആ ഉടലിൻ്റെ ദൈർഘ്യം അളന്നു, നിറകുടത്തിനിടയിൽ സ്വൽപ്പമൊടിഞ്ഞ ആ ഇടുപ്പ് ആ ദൈർഘ്യത്തെ കൂടുതൽ വെളിപ്പെടുത്തി, ഇഴപറിഞ്ഞ കാച്ചിയിൽ ഈറനായിടത്ത് നീണ്ടകാലുകളുടെ ദൃഢരേഖകൾ തെളിഞ്ഞതവൻ കണ്ണെടുക്കാതെ നോക്കിയിയിരുന്നു. ദിവസങ്ങൾ കഴിയും തോറും ചാന്തുമ്മയുടെ കവിളിലെയും കൺതടങ്ങളിലേയും പാടുകൾ മാഞ്ഞുകൊണ്ടിരുന്നു, അവിടെ തുടിപ്പും പ്രസരിപ്പും കൂടിക്കൂടി വന്നു.

ഖസാക്കിലെ രവി ബ്രഹ്മചാരിയാണ്, അതിനാൽത്തന്നെ കണ്ണിനാൽ മൊത്തിക്കുടിച്ചതല്ലാതെ മടങ്ങിയെത്തിയ ചാന്തുമ്മയുടെ പൂക്കാലം നുകരാൻ രവി ധൈര്യപ്പെട്ടില്ല. എങ്കിലും ഒരാണിൻ്റെ കണ്ണിലെ പൂത്തിരി കാണാൻ പെണ്ണിനു പ്രത്യേക പരിശീലത്തിൻ്റെ ആവശ്യം ഉണ്ടായിരുന്നില്ല!

എന്നാൽ എല്ലാം തകിടം മറിച്ചുകൊണ്ട് ശിവരാമൻനായർ വീണ്ടുമെത്തി.

"നമ്മുടെ ധർമ്മാധർമ്മാദികളില്ലേ മാഷേ.. ഞിങ്ങള് ആ മാപ്ലേച്ച്യേ ഇബടെ പാർപ്പിച്ചത് ശരിയായലാ"

"ഇതെന്തേ ഇങ്ങനെ ധരിക്കാൻ?"

രവി തിരക്കി

"ബൗദ്ധച്ച്യേ പാർപ്പിച്ചൂന്നങ്ങട് സമ്മതിക്കീൻ"

നായർ വാശി പിടിച്ചു. പിന്നെ പിണങ്ങിപ്പോയി. ഭാര്യ നാരായണിയുടേയും കൂപ്പുവച്ചൻ്റേയും ഓർമ്മകൾ നശിപ്പിക്കാൻ സ്ക്കൂളാക്കിയ ഞാറ്റുപുര ഇപ്പോൾ അവിഹിതങ്ങളുടെ കൂത്തരങ്ങാണെന്ന് നായരെ പിരികേറ്റിയത് സാക്ഷാൽ കുപ്പുവച്ചൻ തന്നെയായിരുന്നു, അതു മറ്റൊരു പ്രതികാരം, അങ്ങനെ നായരിപ്പം ജയിക്കണ്ടാ!

പിറ്റേന്ന് ഒഴിവുദിവസമായിരുന്നു, ചാന്തുമ്മ ചോറുവയ്ക്കാൻ വന്നപ്പോൾ രവിയും താഴവാരത്തേയ്ക്ക് ചെന്നു കട്ടിലിലിരുന്നു, രവിയുടെ നേർക്ക് നോക്കാതെ താഴ്വാരത്തിൻ്റെ മൂലയിൽ ചാന്തുമ്മ സ്റ്റൗ കത്തിച്ചു.

"ചാന്തുമ്മ ഇങ്ങട് വരൂ" രവി വിളിച്ചു.

അവൻ്റെ കണ്ണിലെ പൂത്തിരി ശ്രദ്ധിച്ചിരുന്ന അവൾ ആ വിളി പ്രതീക്ഷിച്ചിരുന്നതുപോലെ രവിയുടെ മുമ്പിൽ വന്നു നിന്നു. അവനിരിക്കാൻ പറഞ്ഞപ്പോൾ നിലത്തിട്ട തടുക്കപ്പായിൽ ഇരുന്നു.

ശിവരാമൻനായർ പറഞ്ഞ കാര്യം അവനവളോട് പറഞ്ഞു, അവളെ രവി കൂടെ തമസിപ്പിച്ചിരിക്കുന്നുവെന്ന് കുപ്പുവച്ചൻ പറഞ്ഞ കാര്യം അവൾക്കും അറിയാമായിരുന്നു, അതിനാൽ കാര്യമായി ഏശിയില്ല. എങ്കിലും രവി ഒരു ചൂണ്ടയെറിഞ്ഞു

"കുപ്പുവച്ചൻ എന്തിനാണങ്ങനെ പറഞ്ഞത്?"

ആ ചോദ്യത്തിനുത്തരം അവളുടെ സ്വഭാവശുദ്ധിയിൽ ചെന്നുനിൽക്കുമെന്ന് തിരിച്ചറിഞ്ഞ ചാന്തുമ്മ പോകാനൊരുങ്ങി

"അട്പ്പ് കെട്ടാച്ച്, നാമ്പോയി കൊള്ത്തട്ടെ"

ഒരു ചില്ലോടിലൂടെ താഴോട്ടുതെളിഞ്ഞ വെളിച്ചത്തിൽ ചാന്തുമ്മയുടെ മുഖം രവി കണ്ടു, വിളർത്ത തൊലിയിലൂടെ വെളിച്ചത്തിനൊപ്പം അവൻ്റെ കണ്ണുകളും താഴോട്ടിറങ്ങിയപ്പോൾ ആ മുഖം ചുവന്നു പ്രസരിച്ചു.

രവിക്ക് ഈ കാലത്തിനിടയിൽ ഖസാക്കിലെ ഒരു മാതിരിക്കഥകളൊക്കെ അറിയാം, അതിൽ ചാന്തുമ്മയുടെ കഥയും പെടും; അവളോളം നല്ലവളും, ദൗർഭാഗ്യം ഉള്ളവളുമായ ഒരുവൾ ഖസാക്കിൽ വേറെയില്ല എന്നവനു തോന്നിയിരുന്നു. അതിനാൽത്തന്നെ അവളെക്കൊണ്ട് അവളുടെ കഥ പറയിച്ചാൽ അതിലൊരു പഴുതുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു.

"ചാന്തുമ്മേടെ രാവുത്തര് മരിച്ചിട്ട് എത്ര കാലായി?"

"നാല് വര്ശം, ഇന്ത ചാന്ത്മുത്തുവെ പെറ്റപോത്.."

അവിടെ പുളിയിലെ പോതിയുടെ കഥ ചുരുൾ വിടർന്നു

ഒരക്ഷയവടത്തെപ്പോലെ പടർന്നുയർന്നു നിന്ന ആ പുളിയുടെ ചുവട്ടിൽ പണ്ട് ഒരു കണിയാരപ്പണിക്കരും അയാളുടെ മകളും താമസിച്ചിരുന്നു. ഒട്ടകങ്ങൾക്ക് വെള്ളം തേടി അവിടെ വന്ന ഈസ്റ്റിന്ത്യാകമ്പനിയുടെ വെള്ളപ്പട പെണ്ണിനെ ബലാത്സംഗം ചെയ്തു, പുളിഞ്ചോട്ടിൽ അവളുടെ ശവം കിടന്നു. കിഴക്കൻമലകളിലേയ്ക്ക് യാത്രയായ ആ പട്ടാളക്കിരുടെ തൊകൽച്ചട്ടകളിൽ കരിന്തേൾ നുഴഞ്ഞുകയറി, പാമ്പുകൾ ഒട്ടകങ്ങളുടെ കണങ്കാലിൽ കൊത്തി, വെള്ളപ്പട നശിച്ചു. പണിക്കത്യാരുടെ പ്രേതം പ്രതികാരം തീർത്ത് പുളിങ്കൊമ്പിൽ കുടിപാർത്തു, പുളിങ്കൊമ്പത്തെ ഭഗവതിയെ ഖസാക്കിലെ ചാരിത്ര്യവതികൾ അവരുടെ ഭരദേവതയാക്കി.

കാലം ചെന്നിട്ടും പുളിമരം ശോഷിച്ചില്ല, പിടിച്ചുകയറാനാവാത്തവിധം അതിൻ്റെ തടിക്ക് കനംവച്ചു, പ്രാചീനമായ പായലുകൾ അതിന്മേൽ പാടുകൾ വരച്ചു, കൊമ്പുകൾ മാനം മുട്ടെ വളർന്നു, ഇണർപ്പുകളിൽ ഉഗ്രവിഷമുള്ള പാമ്പെറുമ്പുകൾ കൂടുവച്ചു. എങ്കിലും അതിന്മേൽ കയറാൻ പേടിക്കേണ്ടതില്ല, പെണ്ണുങ്ങൾ ചാരിത്ര്യവതികളെങ്കിൽ അവരുടെ കെട്ടിയോന്മാരുടെ മുന്നിൽ പാമ്പെറുമ്പുകൾ വഴിമാറും, പായൽ അവർക്ക് വഴുക്കില്ല. പുളിങ്കൊമ്പിലെ പോതി ചാരിത്ര്യവതികളെ കാക്കുന്നവളാണ്, എന്നിട്ടും ഖസാക്കിലെ പുളിപറിക്കാർ പോലും ആ മരം കയറാൻ ധൈര്യം കാട്ടിയില്ല.

ആ പുളിയുടെ ചുവട്ടിൽ നിന്നാണ് നലുവർഷം മുമ്പ് ചാന്തുമ്മയുടെ കെട്ടിയോൻ മേലോട്ട് നോക്കി, വിളഞ്ഞകണ്ടം പോലെ കായ്ച്ചിരിക്കുന്ന പുളിങ്കൊമ്പിൽ വേഘങ്ങൾ വിശ്രമിക്കുന്ന ചേലിൽ കായകൾ കണ്ടത്. ചൂടത്തളപ്പിട്ട് അയാൾ പിടിച്ചു കയറി, ചാന്തുമ്മയുടെ ചാരിത്യശുദ്ധിയിൽ ലേശം പോലും സംശയമില്ലാത്ത അയാൾക്ക് മുന്നിൽ പാമ്പെറുമ്പുകൾ വഴിമാറേണ്ടതാണല്ലോ!

പിറ്റേന്ന് ഖസാക്കുകാർ പുളിഞ്ചോട്ടിലെത്തിയപ്പോൾ, അയാൾ അവിടെ ചിതറിക്കിടക്കുകയയിരുന്നു, പാമ്പെറുമ്പുകളുടെ വിഷമേറ്റ് കയ്യും കാലും തലയും വീങ്ങിയിരുന്നു. മലർക്കെ മിഴിച്ച കണ്ണുകളിലും ഗുഹ്യപ്രദേശത്തും അപ്പോഴും പാമ്പെറുമ്പുകൾ തടിച്ചു പറ്റിനിന്നു.

ചാന്തുമ്മയുടേത് വെറും വൈധവ്യം ആയിരുന്നില്ല, പോതിയുടെ പുളിയിൽ നിന്നും വീണു ചത്തവൻ്റെ പെണ്ണ്! അതിനൊരർത്ഥമേ ഖസകിലുണ്ടായിരുന്നുള്ളൂ, പിഴച്ചവൾ. അവളുടെ അത്ത തങ്ങളു പീക്കിരി മകളുടെ സ്വഭാവദൂഷ്യത്തിൻ്റെ പാപഭാരം പേറി അന്നു നാടുവിട്ടു, ആളൊഴിഞ്ഞ മലഞ്ചെരുവുകളിൽ ഷെയ്ഖിൻ്റെ മൊഴികൾ പാടിക്കൊണ്ടയാൾ അലഞ്ഞു.

അവൾ ഒറ്റപ്പെട്ടു, അവരുടെ കുടിൽ മേയാൻ പോലും ആരും സഹായത്തിനെത്തിയില്ല, പുതുമഴ വരുമ്പോൾ ഇടിമിന്നലിൻ്റെ നീലവെളിച്ചമത്രയും അകത്തേയ്ക്കടിച്ചു, അവിടെയാണ് അവരുടെ ഉയർത്തെഴുപ്പേൽപ്പിന്, രക്ഷകനായി കുഞ്ഞുനൂറ് വളർന്നു വലുതാകാൻ ആ അമ്മയും മകളും കാത്തിരുന്നതും, തെ്ക്കൻ്റെ വളർച്ചയ്ക്കായി ചാന്തുമുത്തു എല്ലാം മാറ്റിവച്ചതും.

താഴവാരത്തിൽ രവിയും ചാന്തുമ്മയുമിരുന്നു, പുളിമരത്തിൻ്റെ കഥപറഞ്ഞു തീർന്നപ്പോൾ അവൾ മുഖം കുനിച്ചു. ആ കഥ അവളെക്കൊണ്ടുതന്നെ പറയിച്ചതിൽ ഇരുണ്ട കൃതാർത്ഥത അല്ലെങ്കിൽ ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്ന വാസനാവൈകൃതം അവനിൽ നിറഞ്ഞുനിന്നു. അതിൻ്റെ പാരമ്യത്തിൽ അവനാ ചോദ്യമെറിഞ്ഞു

"നേരായ്ര്ന്നോ? ഭഗവതിയെ തീണ്ട്യേത്?"

ചാന്തുമ്മ മറുപടി പറഞ്ഞില്ല, നീ ശരിക്കും പിഴയായതിനാലാണോ നിൻ്റെ കെട്ട്യോൻ മരിച്ചത്? എന്നാണ് ചോദ്യത്തിൻ്റെ വ്യംഗ്യം!

കഠിനമായ ദേഷ്യത്തോടെ അവൾ രവിയെ നോക്കി, പിന്നെയും മുഖം കുനിച്ചവൾ ഇരുന്നു. പെട്ടെന്ന് താടിക്കടിയിൽ കൈപ്പടം വച്ച് രവി അവളുടെ മുഖം പിടിച്ചുയർത്തി. ചാന്തുമ്മ കരയുകയായിരുന്നു, അയാളവളുടെ കണ്ണീർ തുടച്ചു. കൺതടങ്ങളിൽ പതിഞ്ഞ കൈ കവിളിലൂടെ, ചെവിക്ക് പുറകിൽ മുടിയിലൂടെ സഞ്ചരിച്ചതല്ലാതെ രവി പിൻവലിച്ചില്ല. അയാൾ അവളെ പിടിച്ചുയർത്തി തനിക്കൊപ്പം കട്ടിലിൽ ഇരുത്തി, അവനിലേയ്ക്ക് വലിച്ചടുപ്പിച്ചു.

ചാന്തുമ്മ കുതറി പിടി വിടീച്ചു, അതത്ര എളിപ്പമായിരുന്നില്ലെങ്കിലും, അവൾ കിതച്ചു, എണീറ്റ് താഴ്വാരത്തിൻ്റെ ചുവരു ചാരിനിന്നുക്കൊണ്ട് അവൾ ചോദിച്ചു

"ഓഹോ.. ഇതിനായിരുന്നോ?"

രവി ചൂളി.. വല്ലായ്മ തോന്നി, ആദ്യം അവൾ പിഴച്ചവളാണെന്ന് സ്ഥാപിക്കുക, പിന്നീട് പൊതുസ്വത്തിനോട് എന്തുമാകാമല്ലോ? എന്ന അയാളുടെ കുബുദ്ധിയാണവൾ പൊളിച്ചത്, അതവൾക്ക് പുത്തരിയല്ല, കഴിഞ്ഞ നാലു വർഷങ്ങളായി അവൾ അതനുഭവിക്കുന്നു; കെട്ട്യോൻ്റെ ജീവനെടുത്ത പിഴച്ചവൾ, ഒറ്റപ്പെട്ടവൾ, അതൊന്നു മാറാനാണ് ചെക്കൻ വളർന്നു വലുതാകാൻ മകൾക്കൊപ്പം അവളും കാത്തിരുന്നത്.

അവൾ പുറത്തേയ്ക്ക് പോയി, രവി അവിടെത്തന്നെയിരുന്നു, അവളുടെ കണ്ണുകളെ നേരിടാനാവാതെ, വെടക്കാക്കി തനിക്കാക്കൽ പൊളിഞ്ഞ ജാള്യതയിലും പുളിങ്കൊമ്പത്തെ പോതിയോടും അവളുടെ പാമ്പെറുമ്പുകളോടും അവനു കൃതജ്ഞത തോന്നി!

കുറച്ചുസമയം കഴിഞ്ഞ് അവൾ തിരിച്ചുവന്നു രവിയുടെ അരികിൽ കട്ടിലിലിരുന്നു, അവൻ്റെ ചുമലിൽ കൈവച്ചുകൊണ്ട് പറഞ്ഞു

"ഉങ്കള്ക്ക് തെരിയാത് .. ചിന്ന കൊളന്തകളുടെ നോവ്"

രവിക്ക് എല്ലാം വ്യക്തമായി, പുറത്ത് കുഞ്ഞുനൂറുവും ചാന്തുമുത്തുവും കളിക്കുന്ന പാട്ടും വിളിയും ഇപ്പോൾ കേൽക്കുന്നില്ല, കീലിട്ടിട്ടില്ലാത്ത റോഡിലെ ഭാരവണ്ടിച്ചക്രങ്ങളുടെ ഞെരുക്കം മാത്രം കേൾക്കാം.

രവിയുടെ കൈ അവളുടെ ചുമലിൽ നിന്നും താഴോട്ടു തടഞ്ഞു, അവൾ ചേർന്നിരുന്നു, മാറിടങ്ങൾ തമ്മിലമർന്നു, രവിയുടെ മാംസദാഹമുണർന്നു, അതവളിൽ പടർന്നുപന്തലിക്കുമ്പോഴും ചാന്തുമ്മയുടെ മുഖത്ത് നിരുന്മേഷമായിരുന്നു. റോഡിലെ ഭാരവണ്ടിച്ചക്രങ്ങളുടെ ഞെരുക്കവും കേൾക്കാതെയായി.. അതിലും ഉച്ചത്തില്‍ താഴ്വാരത്തിനുള്ളിലെ ഞെരുക്കങ്ങൾ നിറഞ്ഞുനിന്നു.

"ഉമ്മാ" വിളിയുമായി കുഞ്ഞുനൂറ് താഴവാരത്തിൽ എത്തുമ്പോഴേയ്ക്കും രവിയും ചാന്തുമ്മയും എണീറ്റുകഴിഞ്ഞിരുന്നു.

"നാൻ പോണൂ"

തെറ്റു ചെയ്യാതിരുന്നിട്ടും, ഒരിക്കൽ പോലും തുളസിയില തെറ്റ് വയ്ക്കേണ്ടി വരാതെ ജീവിച്ചിട്ടും തന്നെ ശിക്ഷിച്ച പുളിങ്കൊമ്പിലെ പോതിയോടും അവളുടെ പാമ്പെറുമ്പുകളോടും പ്രതികാരം ചെയ്ത സംതൃപ്തിയോടെ അവൾ യാത്ര പറഞ്ഞുപോയി, ദേഹിയുടെ വിശപ്പടങ്ങിയ ആ ദിവസം ദേഹത്തിന്റെ വിശപ്പകറ്റാൻ ചോറു വച്ചില്ല!

ഉദ്യാനവും അമ്പലക്കുളവും

ഗാനവിശകലനം എന്ന പാട്ടെഴുത്തിൻ്റെ അസ്ക്കിത എന്നു തുടങ്ങിയോ, അന്നുമുതൽ അഭിമുഖീകരിക്കുന്ന ഒരു ചോദ്യമുണ്ട്."എന്താ സ്ത്രീകളെപ്പറ്റി മാത്രം ഗാനങ്ങൾ, എന്തുകൊണ്ട് പുരുഷന്മാരെപ്പറ്റി ഗാനങ്ങൾ ഇതുപോലില്ല?"

ഗാനരചയിതാക്കൾ അധികവും പുരുഷന്മാരായതിനാൽ അവരുടെ എതിർലിംഗത്തോടുള്ള ആസക്തിയാവാം.. വ്യാവസായികമായി പരസ്യവൽക്കരിക്കപ്പെടുന്നത് ഏറെയും സ്ത്രീയായതിനാൽ ആവാം, രചിച്ചാലും ആരും തിരിഞ്ഞുനോക്കാത്തതിനാലുമാവാം.

ഈ മൂന്നാമത് പറഞ്ഞതിലൂടെ ഒന്നുപോയി നോക്കാം..

അമ്പലപ്രാവ് എന്ന സിനിമയിൽ ഭാസ്ക്കരൻ മാഷ് രചിച്ച്, എം.എസ്സ്. ബാബുരാജ് സംഗീതം നൽകി പി. ജയചന്ദ്രൻ ആലപിച്ച ഗാനമാണ് "കുപ്പായക്കീശമേല്‍ കുങ്കുമപ്പൊട്ടുകണ്ടു കൂട്ടുകാരിന്നെന്നെ കളിയാക്കി" ഈ ഗാനത്തിനു ലഭിച്ച സ്വീകാര്യത തീരെ മോശമായിരുന്നു.

"കുപ്പായക്കീശമേല്‍ കുങ്കുമപ്പൊട്ടുകണ്ടു
കൂട്ടുകാരിന്നെന്നെ കളിയാക്കി
എൻ്റെ കൂട്ടുകാരിന്നെന്നെ കളിയാക്കി
കിളിവാലന്‍ മുടിക്കുള്ളില്‍ കുടമുല്ലപ്പൂവുകണ്ടു
കളിത്തോഴന്മാര്‍ കഥയുണ്ടാക്കി

കണ്ണിതില്‍ സുന്ദരവാസരസ്വപ്നങ്ങള്‍തന്‍
കളിയാട്ടം കണ്ടവര്‍ കളിയാക്കി
സംഗീതമറിയാതെന്‍ ചുണ്ടുകള്‍ മൂളിയപ്പോള്‍
സങ്കല്പകാമുകനെന്നവര്‍വിളിച്ചു എന്നെ
സങ്കല്പകാമുകനെന്നവര്‍വിളിച്ചു

ഉദ്യാനവീഥികളില്‍ ഒറ്റയ്ക്കു നടക്കുമ്പോള്‍
ചുറ്റിനും വന്നവര്‍ ചിരിമുഴക്കി
താഴത്തുവീണൊരു പട്ടുറുമാലെടുത്തു
ഇല്ലാത്ത ചോദ്യശരമവരെയ്തു"


"കണ്ണൻ്റെ കവിളിൽ നിൻ സിന്ദൂരതിലകത്തിൽ വർണ്ണരേണുക്കൾ ഞങ്ങൾ കണ്ടല്ലോ രാധേ.." എന്നു പാടിയത് എല്ലാവരക്കും സ്വീകാര്യമായി. ശരി അത് കൃഷ്ണനല്ലേ? അതുകൊണ്ടാണെന്ന് കരുതി വിടാം.

ഇനി നമുക്ക് ഓടയിൽനിന്ന് എന്ന സിനിമയിലെ വയലാർ രചിച്ച, ദേവരാജൻ മാസ്റ്റർ സംഗീതം നൽകി, പി. ലീല ആലപിച്ച ആ ഗാനം നോക്കാം

"അമ്പലക്കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പോള്‍
അയലത്തെ പെണ്ണുങ്ങള്‍ കളിയാക്കി
കല്യാണി കളവാണി പാടിക്കൊണ്ടവരെന്നെ
കല്യാണപ്പെണ്ണിനെ പോല്‍ കളിയാക്കി

അഷ്ടപദി പാട്ടുകള്‍ കേട്ട് ഞാന്‍ നിന്നപ്പോള്‍
അര്‍ത്ഥം വെച്ചവരെന്റെ കവിളില്‍ നുള്ളി
അവരുടെ കഥകളില്‍ ഞാനൊരു രാധയായി
അങ്ങെന്റെ കായാമ്പൂ വര്‍ണ്ണനായി

കള്ളികള്‍ ചിരിച്ചപ്പോള്‍ ഉള്ളിലെ മോഹങ്ങള്‍
എല്ലാം ഞാന്‍ അവരോടു പറഞ്ഞുപോയി
അങ്ങയോടിതുവരെ ചൊല്ലാത്ത കാരിയം
അങ്ങനെ അവരെല്ലാം അറിഞ്ഞുപോയി"


ഇതിൻ്റെ സ്വീകാര്യത അപാരമാണ്, മലയാളഭാഷ ഉള്ളിടത്തോളം കാലം നിലനിൽക്കുകയും ചെയ്യും.

അപ്പോൾ സംഗതി ഇത്രയേ ഉള്ളൂ ഞങ്ങൾ ആണുങ്ങൾക്ക് വ്യാവസായിക മൂല്യം വിവാഹക്കമ്പോളത്തിൽ മാത്രമാണ് നാരിമാരേ.. അല്ലാതെ ഒരു ഗാനത്തിൽ പോലും ആർക്കും വേണ്ട.

അയതിനാൽ നമ്മുടെ സിലബസ്സിലെ ഗാനവിസ്താര ക്ലാസ്സുകൾ ഇനിയും നാരീസ്തനഭരനാഭീദേശം കൊണ്ട് സമൃദ്ധമായിരിക്കും, ശ്രീ ആദിശങ്കരാചാര്യർ ക്ഷമിക്കട്ടെ, അദ്ദേഹം തള്ളിയതിനെ ആചാര്യമഹിഷാസുരാനന്ദ കൈക്കൊള്ളുന്നു.

ഹെബെയുടെ വീഴ്ച്ച

ഗ്രീക്ക് പരമോന്നതദേവൻ സ്യൂസിൻ്റേയും ഹേരയുടേയും പുത്രിയാണ് ഹെബെ.ഹേര ലറ്റൂസ്സ് ഇല കഴിച്ചപ്പോൾ ഗർഭം ധരിച്ചകുട്ടിയാണവൾ! നമ്മുടെ ദിവ്യമായ പായസം പോലെ; ഗ്രീക്കുകാർ വന്ധ്യത മാറുവാൻ ലാറ്റൂസ്സ് ഇലകൾ മരുന്നായി കഴിച്ചിരുന്നത് ഹെബെയുടെ ജനനം കാരണമാണ്. വാസ്തവത്തിൽ അപ്പോളോയുമായി ഒരു ഡിന്നറിനു പോയപ്പോഴാണീ ലാറ്റൂസ്സ് കഴിച്ചതെന്നതിൽ ചില സൂചനകൾ വേറേയുമുണ്ട്.

യൗവ്വനത്തിൻ്റെ ദേവതയായ അവൾ അമ്മയെ എല്ലാക്കാര്യത്തിലും സഹായിച്ചിരുന്നു, ഹേരയെ രഥത്തിൽ കയറ്റുന്നതുമുതൽ സഹോദരൻ ഐറിസ്സിനെ കുളിപ്പിക്കുന്നതുവരെ. പിതാവിൻ്റെ സദസ്സിൽ ദേവന്മാർക്ക് അമൃത് പകർന്നുകൊടുക്കുന്ന ജോലിയും അവൾ നിർവ്വഹിച്ചിരുന്നു.

നല്ലവളായ ആ ദേവകന്യക ഒരിക്കലാ ദേവസദസ്സിൽ ഉരുണ്ടുവീണു, അതവൾ ദിവാസ്വപ്നം കണ്ടതിനാലാണെന്ന് ആക്ഷേപമുണ്ടായി, എങ്കിലും തൻ്റെ കയ്യിലെ അമൃതും കപ്പുകളും പൊട്ടാതെ സൂക്ഷിച്ചുകൊണ്ടായിരുന്നു ആ വീഴ്ച്ച, അതിനിടയിൽ സ്വന്തം വസ്ത്രം സംരക്ഷിക്കുവാൻ അവൾക്ക് കഴിഞ്ഞില്ല. അവൾ ദ്വിവിധയിലായിരുന്നു, ഒന്നുകിൽ തൻ്റെ വസ്ത്രങ്ങൾ ഉരിഞ്ഞുപോകാതെ പിടിക്കാം, അല്ലെങ്കിൽ അമൃതകലശവും പാനപാത്രങ്ങളും നിലത്തുവീഴാതെ സംരക്ഷിക്കാം; അവൾ പിതാവേൽപ്പിച്ച കടമ നിർവ്വഹിച്ചു, അമൃതിനെ സംരക്ഷിച്ചു. ഫലമോ, ദേവസദസ്സിൽ ആ വീഴച്ചയിൽ നിന്നവൾ എണീറ്റത് വിവസ്ത്രയായി ആയിരുന്നു.

പിതാവിൻ്റെ ആജ്ഞ അവൾ പാലിച്ചു, എന്നാൽ അഭിമാനം വൃണപ്പെടുത്തി; കുറ്റക്കാരിയായ അവളെ ഒളിമ്പസ് മലകളിൽ നിന്നും, ജോലിയിൽ നിന്നും പുറത്താക്കി.

അവൾക്ക് വീരാധിവീരനായ ഹെർക്കുലീസ് അഭയം നൽകി, അവളെ വിവാഹം കഴിച്ചു, അവരുടെ കുടുംബജീവിതം വളരെ സന്തോഷപ്രദമായിരുന്നു, അവർക്ക് രണ്ടു കുട്ടികളും പിറന്നു.

എങ്കിലും കൃത്യനിർവ്വഹണത്തിനിടയിൽ മാനം നഷ്ടമായ ആദ്യ ബാർ ജീവനക്കാരി, വെയിട്രസ്സ് ആയ ഹെബെ പല പെയിൻ്റിംഗുകൾക്കും വിഷയമായിത്തീർന്നു.

ഹുഗ്യെസ് മെർലെ 1880 ൽ വരച്ച "ഹെബെ അവളുടെ വീഴ്ചയ്ക്കുശേഷം" എന്ന പെയിൻ്റിംഗാണിത്.

(ഇതുപോലെ ദേവസഭയിൽ കാറ്റിലുലഞ്ഞ് വസ്ത്രം മാറിയ സ്വർലോക ഗംഗയുടെ നഗ്നതയിൽ മഹാഭിഷക്ക് നോക്കി മതിമറന്നു നിൽക്കുകയും, ഗംഗ ആ ആസ്വാദനം അഭിമാനമായി ആനന്ദിക്കുകയും ചെയ്തില്ലായിരുന്നുവെങ്കിൽ മഹാഭാരതകഥതന്നെ ഉണ്ടാകുമായിരുന്നില്ല)

സൗരയൂഥനായകൻ - ഭാഗം 3

ഏകാദ്ധ്യാപകവിദ്യാലയത്തിനു പിന്നിലെ കാണാത്ത പ്രതികാരങ്ങളുടെ കഥകളാണ് നമ്മൾ പരിശോധിച്ചുകൊണ്ടിരുന്നത്, നൈസാമലിയോട്, ഒരുപക്ഷേ മൈമൂനയോടും, മൊല്ലാക്ക ചെയ്ത ക്രൂരത നമ്മൾ മനസ്സിലാക്കിയല്ലോ..

മൈമൂനയുടെ നിക്കാഹിന്റന്നു ഖസാക്കും കൂമൻകാവും വിട്ടുപോയ നൈസാമലിയെ പിന്നീടൊരു വർഷത്തേയ്ക്ക് ആരുംതന്നെ കണ്ടിട്ടില്ല.

അലിയുടെ ബീഡിഫാക്ടറിയിലെ തൊഴിലാളികൾ ഒരാഴ്ച്ച മുതലാളിയെ കാത്തിരുന്നു, പിന്നീട് അതടച്ചുപൂട്ടി ഒരുവൻ അത്തരുടെ കമ്പനിയിലും മറ്റവൻ കള്ളുവാറ്റുന്ന ജോലിയിലും ചേർന്നു.

തെറുത്തുവച്ചിരുന്ന ബീഡിക്കൂമ്പാരം പീഡികയുടമസ്ഥൻ വാടകയിനത്തിൽ വരവുവച്ചു.

ഒരുവർഷത്തിനിപ്പുറം നീണ്ടു ജടപിടിച്ച മുടിയുമായി നൈസാമലി കൂമൻകാവിൽ പ്രത്യക്ഷപ്പെട്ടു. ഒന്നും സംഭവിക്കാത്തമാതിരി അത്തരുടെ അടുക്കൽ ചെന്നു

"നാൻ മറുപടിയും ഉങ്ക കമ്പനിയിൽ ശേരട്ടമാ?"

എന്നു തിരക്കി, അത്തരു ചോദിച്ച ഒരു ചോദ്യത്തിനും വ്യക്തമായ മറുപടി നൽകിയതുമില്ല.തൻ്റെ കമ്പനിക്കെതിരേ കമ്പനി തുടങ്ങി മതിലുകളിൽനിറഞ്ഞ പരസ്യങ്ങളിൽ ധാർഷ്ഠ്യംനിറഞ്ഞ ചിരിയോടെ ഇരുന്നവൻ ഇതാ കാൽക്കൽ.. ഇതിനപ്പുറം എന്ത് ആനന്ദമാണ് അത്തരിനു വേണ്ടത്? എന്നാലും സുഹറാ...

"മരിയാദയ്ക്ക് പണി ശെയ്തുക്കോ.. അന്ത ലൊട്ടുലൊടുക്ക് ബിശയം കളഞ്ചുക്കോ"

എന്ന താക്കീതോടെ അത്തര് നൈസാമലിയെ ജോലിക്ക് തിരികെച്ചേർത്തു. എന്നാലന്ന് വീട്ടിലെത്തിയ അത്തരെ വരവേറ്റത് സൊഹറാബിയുടെ സുഖകരമല്ലാത്ത ചോദ്യമായിരുന്നു

"അന്ത ചെക്കൻ തിരുമ്പി വന്തതാ?"

അത്തരുടെ നിലതെറ്റി

"ഥൂ.. ഇനക്കെന്നടീ അതി?"

എന്ന അട്ടഹാസത്തിൽ എല്ലാം ഉണ്ടായിരുന്നു.

അത്തരുടെ കമ്പനിയിൽ ബീഭത്സമായ ആവേശത്തോടെ ഒരു യന്ത്രംകണക്കെ അവൻ ബീഡിതെറുത്തുകൂട്ടി; അത്തരുടെ പക ആ ബീഡിക്കൂമ്പാരത്തിനുമുന്നിൽ അലിഞ്ഞുതുടങ്ങി. അപ്പോഴാണ് നൈസാമലിയുടെ താമസസ്ഥലത്ത് ആ ബോർഡ്ഡ് തൂങ്ങിയത് "കൂമൻകാവ് ബീഡിത്തൊഴിലാളി യൂണിയൻ"!

അത്തരിൻ്റെ 10 പണിക്കാരിൽ 7 പേരും യൂണിയനിൽ ചേർന്നു, പാലക്കാട്ടുനിന്നും എത്തിയ സഖാക്കൾ സ്റ്റഡിക്ലാസ്സെടുത്തു, ആ വർഷം ജനുവരി 28 നു യൂണിയൻ ലെനിൽ ദിനമാചരിച്ചപ്പോൾ നൈസാമലി മുഷ്ടിചുരുട്ടി വിളിച്ചു

"എല്ലാ രാജ്ജിയങ്ങളിലൈയ് ഒഷപ്പാളികളേ.. സങ്കടിക്കുവിൻ"!!!

യൂണിയനുമായുള്ള മൽപ്പിടുത്തം അത്തരിനു പുത്തരിയായിരുന്നില്ല, മതധ്വംസനമാണെന്ന് മുസ്ലീം ലേബർ യൂണിയനും, അട്ടിമറിയും വിദേശ നുഴഞ്ഞുകയറ്റവുമാണെന്ന് കോൺഗ്രസ്സുകാരും തീർത്തുപറഞ്ഞു.

എല്ലാം ഖസാക്കിലിരുന്ന് മൈമൂനയും അറിയുന്നുണ്ടായിരുന്നു, കൂമൻകാവിലേയ്ക്ക് ചക്കര കടത്തുന്ന തങ്കിയാണ് കഥകൾ എത്തിക്കുന്നത്..

"നൈസാമണ്ണൻ ജാഥകൾ നയിക്കുന്നു, കാവുപറമ്പിൽ ചേരാറുള്ള യോഗങ്ങളിൽ പ്രസംഗിക്കുന്നു, അതും മിക്ഷ്യൻ വെച്ച്ട്ടാണ്, വലിയ്ക്കനെ പറയിണ മിക്ഷ്യൻ"

ഒടുവിൽ അനിവാര്യമായത് സംഭവിച്ചു അത്തരുമുതലാളി നൈസാമലിയെ പിരിച്ചുവിട്ടു, അതോടെ പണിമുടക്കം ആരംഭിച്ചു. അതിൻ്റെ അലയൊലികൾ അങ്ങ് ഖസാക്കിലുമെത്തി, ഒരു ഖസാക്കുകാരൻ മറ്റൊരു ഖസാക്കുകാരനെതിരെ പോരാടുന്നത് അവരിൽ കൗതുകം ജനിപ്പിച്ചു.

വേവട പിടിപ്പിച്ച സ്റ്റാലൻ്റെ വർണ്ണപടവും ഖുറാനും പേറിക്കൊണ്ട് നൈസാമലി ഘോഷയാത്രകൾ നയിച്ചു, കൂമൻ കാവിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി

"ആങ്കളോ അമേരിക്കൻ ചൊരണ്ടൽ നസിക്കട്ടെ.. മര്തകൻ എം. അത്തര് മൂറതാബാത്.. ഇങ്കിലാ സിന്താബാത്"

പണിമുടക്കം അഞ്ചാംദിവസമായപ്പോൾ നിറംമാറി, അത്തര് ഒരു വാളണ്ടിയറെ തല്ലിപ്പരിക്കേൽപ്പിച്ചത് നീതിക്കും വ്യവസ്ഥയ്ക്കും വേണ്ടിയായിരുന്നു, അതിനു പോലീസെത്തി തന്നെ അഭിനന്ദിക്കുമെന്നയാൾ കരുതി. പക്ഷേ വർഗ്ഗബോധമില്ലാത്ത പോലീസുകാർ അത്തരിനേയും നൈസാമലിക്കൊപ്പം ആമം വച്ച് പാലക്കാട്ട് കൊണ്ടുപോയി ജയിലിലിട്ടു.

പാലക്കാട്ടെ വലിയൊരു ബീഡിക്കമ്പനിയായ "പൂനൈ എലി അമൈതി അതൃമാൻ ഫോട്ടോ" അതിൻ്റെ പിന്നിൽ കളിച്ചില്ലേ? എന്നു സംശയിക്കേണ്ടിയിരിക്കുന്നു, കാരണം അവർ അത്തരിൻ്റെ അസാന്നിദ്ധ്യം മുതലെടുത്ത് ഒരു ശാഖ കൂമൻകാവിൽ തുറന്നു. അതോടെ അത്തരിൻ്റെ കമ്പനി അവസാനിച്ചു ഒപ്പം പണിമുടക്കവും , ശ്വാസം നിലച്ചപ്പോൾ ഓടക്കുഴൽ താനേ നിലച്ചതുപോലെ!

പാലക്കാട്ടെ ജയിൽ മുറിയിൽ തല്ലുകൊണ്ടവശനായി കിടന്ന നൈസാമലിയെ കാത്തിരിക്കുന്നത് കനപ്പെട്ട കുറ്റങ്ങളുടെ വിചാരണയും ശിക്ഷയുമാണ്. രാഷ്ട്രത്തിനെതിരെ യുദ്ധപ്രഖ്യാപനം, ഹിംസാത്മകമായ മാർഗ്ഗത്തിലൂടെ ഭരണത്തെ അട്ടിമറിക്കുവാൻ ശ്രമം, കൊലപാതകത്തിനു പ്രേരണ, അങ്ങനെ പലതും. പേശികളിലും, സന്ധികളിലും എല്ലുകളിലും എല്ലാം സഹിക്കാൻ കഴിയാത്ത വേദന, എങ്കിലും ബോധം തെളിയുമ്പോൾ അലിയുടെ മനസ്സിൽ ആ ഒരു ചോദ്യമേയുണ്ടായിരുന്നുള്ളൂ

"അള്ളാപ്പിച്ചമൊല്ലാക്കയും താനുമായുള്ള യുദ്ധത്തിൽ പോലീസിനെന്തുകാര്യം?"

മൊല്ലാക്കയ്ക്കെതിരായി ചെയ്ത യുദ്ധം രാജ്യദ്രോഹത്തിലെത്തിയ കാര്യം ബോധമനസ്സിൽ നിറഞ്ഞപ്പൊൾ അലി നേരംപുലർന്നാദ്യം കണ്ട പോലീസുകാരനോടു പറഞ്ഞു

"ഇസ്പെറ്റരെജമാനോട് ഒന്ന് ശംശാരിക്കാൻണ്ട്"

ഇൻസ്പെക്ടറുടെ മുന്നിലെത്തിയ നൈസമലി പറഞ്ഞു

"എജമാ, ഞമ്മൾ ഇതീന്നൊക്കെ വ്ടാണ്"

ഇൻസ്പക്ടർ തടവുകാരൻ്റെ മുഖത്തു നോക്കി ചോദിച്ചു

"ഈ ബുദ്ധി നേർത്തെ തോന്നായിർന്നില്ലേ?"

അതിനു നൈസാമലി പറഞ്ഞ മറുപടി ഭൗതികവാദിയായ കമ്മ്യൂണിസ്റ്റുകാരൻ്റേതായിരുന്നില്ല, തികച്ചും ആത്മീയവാദിയുടേതായിരുന്നു.

"എല്ലാം മായയാക്ക് എജമാ, ഇന്നലെ രാത്രി ഞമ്മണ്ടട്ത്ത് മൂപ്പരു വന്നു"

ഇൻസ്പക്ടർ ഞെട്ടി

"മൂപ്പരോ? ലോക്കപ്പിലോ?"

"അതേ സെയ്യദ് മിയാൻ ശൈക്ക് തങ്ങള്"

അലി ഉത്തരം നൽകി.

ഇൻസ്പെക്ടർ ഹെഡ്കോൺസ്റ്റബിളിനോട് ചോദിച്ചു

"ആരാത് രാമൻ നായരേ, പാതിരാത്രി ഇതിനകത്ത് കയറിയത്?"

അതിനും മറുപടി പറഞ്ഞത് അലിയാണ്

"എജമാ, അതൊര് ജിന്നാക്കും, ഫ്രേതം"

ഇൻസ്പെക്ടർക്ക് ഏതാണ്ട് കാര്യം പിടികിട്ടി, അദ്ദേഹം ഏഡ്ഡങ്ങത്തെയോട് പറഞ്ഞു

"ഞാനിവന്മാരോട് എത്രപറഞ്ഞതാ, തലേലും വർമ്മത്തും തല്ലരുതെന്ന്! വർമ്മത്ത് തല്ലിയാൽ ചത്തുപോകും, തലേൽ തല്ലിയാൽ ഇതുപോലെ വട്ടാകും"

മാനസാന്തരം വന്ന അലിയെ കസേരയിലിരുത്തി, ഭരണഘടനയ്ക്ക് കീഴടങ്ങി നടന്നോളാമെന്നും, വിദേശശക്തികളുടെ ചട്ടുകമാവില്ലെന്നും ഒരു മാപ്പപേക്ഷ ഇൻസ്പക്ടർതന്നെ തയ്യാറാക്കി അലിക്ക് ഒപ്പിടാൻ നൽകി.

ഇടത്തെ പെരുവിരൽ പതിപ്പിച്ച അലി ഒന്നേ ആവശ്യപ്പെട്ടുള്ളൂ, പേരിൻ്റെ കൂടെ ഖാലീന്ന് കൂടി ചേർക്കണം. അതെന്തിനെന്ന ചോദ്യത്തിനു

"ഞമ്മൾ ഇന്നു പെലകാലം തൊട്ട് സെയ്യദ് മിയാൻ ശൈയ്ഖിൻ്റെ ഖാലിയാരാണ്, അതാണ് മൂപ്പരിൻ്റെ നിശോകം"

എന്ന മറുപടി നൽകി.

ആ നിയോഗം അങ്ങനെ ഖാലിയാരായി നൈസാമലി ഖസാക്കിലെത്തിച്ചു, ചെതലിയുടെ കൊടുമുടിയിൽ ജിന്നിനും ഇഫിരീത്തിനും, മലിക്കുകൾക്കുമൊപ്പം ഒന്നു പറന്നുനോക്കിയെങ്കിലും താഴേയ്ക്ക് പതിച്ച് കാല്മുട്ടിലും നെറ്റിയിലും വാരിയിലും പരുക്കേറ്റു.

രാത്രിയിലൂടെ മൂളിപ്പോകുന്ന അലൗകികസ്വരവുമായി ഷെയ്ഖുതമ്പുരാൻ്റെ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് നൈസമലി ഇരുളടഞ്ഞ രാജാവിൻ്റെ പള്ളിയിലേയ്ക്ക് നുഴഞ്ഞുകയറി. അതുകണ്ട ഖസാക്കിലെ കാരണവന്മാർ പരസ്പരം മന്ത്രിച്ചു

"നിശോകം"!

രാജാവിൻ്റെ പള്ളിയിൽ നിന്നും നൈസാമലി പുറത്തുവരുന്നത് ആരും കണ്ടിട്ടില്ല, ചതുപ്പിലെ മീസാൻ കല്ലുകൾക്കിടയിൽ ചിലപ്പോൾ മാത്രം ഒരു നിഴലുപോലെ അവനെ കണ്ടവരിൽ മൈമൂനയും ഉൾപ്പെടുന്നു.

പക്ഷേ ചതുപ്പിൻ്റെ അതിരോളം ചെല്ലാൻ അധികമാരും ധൈര്യപ്പെട്ടില്ല, ചെന്നവർ അവിടെ എരിഞ്ഞ ചന്ദനത്തിരിയുടെ അസംഖ്യം കുറ്റികളും, വിതറിയ മഞ്ഞൾപ്പൊടിയും, കണ്ണുചൂഴ്ന്നെടുത്ത പെരുച്ചാഴിത്തലകളും, വെടിമരുന്നുകത്തിക്കരിഞ്ഞ ചതുപ്പുമണ്ണും കണ്ട് ഭയാദരങ്ങളോടെ പറഞ്ഞു

"തൃഴ്ട്ടാന്തം".

ദൃഷ്ടാന്തം പലതും കണ്ടെങ്കിലും ഖാലിയാരെ ഖസാക്കുകാർ നേരിട്ടുകാണുന്നത് അള്ളാപ്പിച്ച മൊല്ലാക്ക ഏകാദ്ധ്യാപക വിദ്യാലയത്തിനെതിരെ പഞ്ചായത്ത് കൂട്ടിയ ദിവസമായിരുന്നു. നടുപ്പറമ്പിൽ നിലപാടുകൊണ്ട് അലി അറിയിച്ചു

"ഹോജരാജാവായ തമ്പുരാൻ്റെ ഉടയവനായ ഷൈയ്ഖ് തങ്ങളുടെ ഉപാസകനായി, ഖാലിയാരായി , ഞാനിതാ ഖസാക്കിലേയ്ക്കു തിരിച്ചു വന്നിരിക്കുന്നു"
അതു മൊല്ലാക്കായും ഖാലിയാരും തമ്മിലുള്ള നേർക്കുനേർ യുദ്ധത്തിനു വഴിതുറന്നു.

മൈലാഞ്ചിത്താടിക്കാരായ കാരണവന്മാർ ഇരുവരേയും കേട്ട് ആശയക്കുഴപ്പത്തിലായി.

ഖസാക്കിലെ കുട്ടികൾ കോണെഴുത്ത് പഠിക്കണമെന്ന് നൈസാമലിയും, കുട്ടികളെ സ്ക്കൂളിലേയ്ക്ക് അയക്കരുതെന്ന് മൊല്ലാക്കയും പറഞ്ഞു.

മൊല്ലാക്ക തിരക്കി

"ഇതൊക്കെപ്പറയാൻ നൈസാമലിക്ക് എന്തവകാശമാണുള്ളത്? അറബിക്കുളത്തിലെ പാതിരാക്കുളി, രാജാവിൻ്റെ പള്ളിയിൽ സർപ്പശയനം, ചതുപ്പിൽ കത്തിയെരിഞ്ഞ വെടിമരുന്നിൻ്റെ പാട്, വെളിമ്പുറങ്ങളിൽ രാത്രിയിലൂടെ മൂളിമൂളിക്കടന്നുപോകുന്ന പ്രവാചകസ്വരം. അവനോടെ സത്തിയം എന്നാ?"

മൊല്ലാക്ക നൈസാമലിയോട് ചോദിച്ചു

"നീ ഉണ്മയാ...... പൊയ്യാ?"

ഖാലിയാർ പറഞ്ഞു

"ഉണ്മൈ"

മൊല്ലാക്ക ഗൗളിയുടെ ചിലമ്പലിനായി ചെകിടോർത്തു, കാറ്റിനായി ചെകിടോർത്തു, അടയാളമില്ല. മൊല്ലാക്ക പറഞ്ഞു

"പൊയ്! നീ ശെയ്ക്കോടെ ആൽമ്മാവല്ലൈ, നീ പൂതമാക്കും!"

മൊല്ലാക്കാ ഒരുപിടി മണ്ണുവാരി ജപിച്ച് നൈസമലിയുടെ മുഖത്തേയ്ക്കെറിഞ്ഞു, പക്ഷേ ഏറിൻ്റെ ശക്തിയിൽ മൊല്ലാക്കയാണ് അടിതെറ്റിവീണത്. ആരൊക്കെയോ മൊല്ലാക്കയെ താങ്ങി ചായപ്പീടികയിൽ കിടത്തി.

ഖാലിയാർ വിജയിയുടെ ചിരിചിരിച്ചു.

കൊടുത്ത ചായ വെളിയിലേയ്ക്ക് തുപ്പി, അലിയാരോട് കയർത്ത്, ചായഗ്ലാസ്സ് എറിഞ്ഞുടച്ച് വിറച്ചുനിന്ന മൊല്ലാക്കയുടെ മുന്നിലേയ്ക്ക് കാലുകൾ കൊണ്ട് ബഞ്ചുകൾ നീക്കി ഖാലിയാരെത്തി.

ചടച്ചുയർന്നതെങ്കിലും ബലിഷ്ഠമായ ആ ശരീരം ഒരു നിഴലുപോലെ തൻ്റെ മുകളിൽ പന്തലിച്ചു നിൽക്കുന്നതായി മൊല്ലാക്കയ്ക്ക് തോന്നി, പതിഞ്ഞ ദൃഢസ്വരത്തിൽ നൈസാമലി പറഞ്ഞു

"അടങ്ങീ മൊല്ലാക്ക!"

ഖസാക്കുകാർ അന്യോന്യം ചോദിച്ചു,

"ആരാണ് സത്തിയം?"

കൺമുന്നിൽ കണ്ട ദൃഷ്ടാന്തം അവരോർത്തു.. ഖാലിയാരെ ജപിച്ചുമണ്ണുവാരിയെറിഞ്ഞ മൊല്ലായ്ക്കക്കാണു നിലതെറ്റിയത്! അപ്പോൾ ഖാലിയാർ

"ശെയ്ക്ക് തമ്പിരാനോടെ സത്തിയം"

വീണ്ടും ചോദ്യമുയർന്നു

"അപ്പടിയാന്നാൽ മൊല്ലാക്ക പൊയ്യാ?"

ചിലർ പറഞ്ഞു

"മൊല്ലാക്കയും സത്തിയം താൻ"

സംശയം നിലയ്ക്കുന്നില്ല

"അതെപ്പടി ശരിയായി വരും?"

ഏറെനേരത്തെ കൂടിയാലോചനകൾക്കൊടുവിൽ അവരാ പരമമായ സത്യം തിരിച്ചറിഞ്ഞു

"സത്തിയം പലത്"

നിയോഗങ്ങളും ദൃഷ്ടാന്തങ്ങളുമായി ആ തിരിച്ചറിവ് അവരെ അസ്വസ്ഥരാക്കി!!!